Montage

അച്ഛൻറെ അലമാര

അച്ഛൻറെ അലമാര

ഗണേഷ് പുത്തൂർ

ഓടിട്ട ഒറ്റമുറിവീട്ടിലെ ചോരാത്ത മൂലയിൽ
പച്ച നിറത്തിൽ വലിയ ഒരു ലോകമുണ്ട്.
മുഷിഞ്ഞ മുണ്ടുടുത്ത എൻറെ അച്ഛൻ
ആ ലോകത്തേക്കുള്ള
വാതിൽ വലിച്ചുതുറക്കുമ്പോഴൊക്കെ
പുതിയ ഇടങ്ങൾ, കാടുകൾ, സങ്കൽപ്പമനുഷ്യർ
അങ്ങനെ പലതും തുരുമ്പെടുത്തു വളഞ്ഞ
ഇരുമ്പുതട്ടിൽ കയറി ദീർഘമായ
മൗനത്തിലേയ്ക്ക് കണ്ണുകളടയ്ക്കും.

പക്ഷെ പലപ്പോഴും
അച്ഛൻ അവരോടു സംസാരിക്കാറുണ്ട്,
ഇടയ്‌ക്കെന്നോടും പറയും
അവർക്ക് അപരിചിതനാവരുതെന്ന്.
അച്ഛൻറെ ലോകത്ത് കൃഷ്ണനും മാർക്സും
പ്രത്യയശാസ്ത്രമോ കഥകളോ പറഞ്ഞ് അടികൂടാതെ
എന്നോ പിരിഞ്ഞുപോയ പറവകൾ
ഒരേ മരക്കൊമ്പിൽ വീണ്ടും കണ്ടുമുട്ടിയത്
പോലെ തൊട്ടുരുമ്മി ഇരിക്കുന്നു.

കീശ പോലെ തന്നെ ശോഷിച്ചതാണ്
അച്ഛൻറെ രാത്രികളും.
അരണ്ടവെളിച്ചത്തിൽ ഒറ്റയ്ക്ക്
ഭിത്തിയിലെ വിടവുകൾ നോക്കി
കഴിഞ്ഞു പോയ കാലത്തിൻറെ ശൂന്യതയെക്കുറിച്ച്
അച്ഛൻ ഓർക്കാറുണ്ടെന്നത് തീർച്ചയാണ്,
അപ്പോഴൊക്ക മായാലോകത്തു നിന്ന് ബാവുൽ സംഗീതം
മധുരിതമായ കാറ്റിനൊപ്പം ഒഴുകിയെത്തും
നേരം പുലരുവോളം അദൃശ്യനായ ആ ഗായകൻറെ
ശബ്ദത്തിൽ അച്ഛൻറെ ഹൃദയം മിടിച്ചുകൊണ്ടേയിരിക്കും.

അച്ഛൻ ഒരിക്കൽ എന്നോട് വിവരിച്ചിരുന്നു,
ഈ അലമാരയും വാങ്ങി
പടി കയറിവന്നപ്പോൾ കാരണവന്മാർ
വീട് മുടിക്കുന്നവനെ ശപിച്ച കഥ.
അലമാരയുടെ ചില്ലിനപ്പുറം എത്രെയോ നിറങ്ങൾ
പല ഭാഷകളിലായി ചിതറിക്കിടക്കുന്നു.
അച്ഛൻറെ വിരലുകളിൽ നിറയെ മുറിവാണ്
അതിൽ നിന്ന് സ്വപ്‌നങ്ങൾ വാർന്നൊലിച്ച്
മങ്ങിയ ഈ മുറി നിറഞ്ഞു തുളുമ്പുന്നു
ആ തുള്ളികൾ പെരുങ്കടലായി എൻറെ തീരത്തേയ്ക്കടുക്കുന്നു.

ഒരു കോണിലെ അലമാരയ്ക്കും
മറ്റൊരു കോണിൽ നിൽക്കുന്ന എനിക്കുമിടയിലൂടെ
ചുക്കിച്ചുളിഞ്ഞ പഴയ നോട്ടുകളുമെണ്ണി
ഇതുവരെ കണ്ടെത്താനാവാത്ത പുസ്തകശാലകൾ തേടി
ഘടികാര സൂചികൾക്കുമീതെ അച്ഛൻ നടത്തം തുടരുകയാണ്……..

0

ഗണേഷ് പുത്തൂർ

വൈക്കം സ്വദേശി. ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം, ഹൈദരാബാദ് സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. മാമ്പൂ സാഹിത്യ പുരസ്ക്കാരം, എ.കെ.ജി.സി.ടി സംഘ ശബ്ദം കവിതാ പുരസ്ക്കാരം, 2020 മാതൃഭൂമി വിഷുപ്പതിപ്പ് കവിതാ മത്സരത്തിൽ പ്രോത്സാഹന സമ്മാനം, എം.കെ. കുമാരൻ സ്മാര കവിതാ പുരസ്ക്കാരം തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

9 + nine =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top