Montage

ഒടുവിലത്തെ അത്താഴം

ഒടുവിലത്തെ അത്താഴം

Anju Shaji

‘മാറ്റമില്ലാത്ത കാഴ്ചപ്പാടുകൾ . ശൂന്യത നിറയുന്ന അർത്ഥതലങ്ങൾ’…

അയാൾ പിന്നെയും അത് തന്നെ പിറുപിറുത്തു . കേട്ടുകേട്ട് മടുത്ത അയാളുടെ പഴങ്കഥകൾ അയാൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ ഞാൻ തന്നെയാണ് മുൻകരുതൽ എടുത്തത് . അയാൾ പാതി വരച്ചു നിർത്തിയ ആ ചിത്രം അയാളുടെ മുമ്പിലേക്ക് തന്നെ നീട്ടി ഞാൻ അയാളെ ഉറ്റുനോക്കികൊണ്ടിരുന്നു.

‘എനിക്ക് വയ്യ, ഇനി ഒരിക്കൽ കൂടി എന്റെ വിരലുകൾ ഈ ചിത്രത്തിലൂടെ ചലിക്കാൻ പാടില്ല’.

രണ്ടുമൂന്ന് വരകൾ അങ്ങോട്ടും ഇങ്ങോട്ടും എന്നല്ലാതെ മറ്റൊന്നും ആ കടലാസ്സിൽ അയാൾ വരച്ചിരുന്നില്ല .. ഞാൻ അത് തലങ്ങും വിലങ്ങും പിടിച്ചു നോക്കി . എനിക്ക് പ്രത്യേകിച്ച് ഒന്നും മനസ്സിലായില്ല എന്നതായിരുന്നു സത്യം.

‘നിങ്ങൾക്ക് ഇത് പൂർത്തിയാക്കിക്കൂടെ . പറഞ്ഞറിയിക്കാനാവാത്ത ഒരു ആത്മബന്ധം നിറങ്ങളോട് ഉണ്ടെന്ന് നിങ്ങൾ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ടല്ലോ .. ഒരല്പ്പം സ്വസ്ഥത എങ്കിലും കിട്ടട്ടെ .. ഇത് പൂർത്തിയാക്കു’ ..

‘ഇല്ല’ ..

അയാളുടെ തീരുമാനം ഉറച്ചതായിരുന്നു . അയാളുടെ മേശയിൽ ഉരുണ്ടും മലർന്നും കിടന്നിരുന്ന ചായകുപ്പികളിൽ ഒന്നെടുത്ത് ഗ്ലാസ്സിലേയ്ക്ക് പകുത്ത് വായിലൊഴിക്കുകയാണോ എന്ന് തോന്നി പോയി, അയാൾ മരുന്ന് കുടിക്കുന്നത് കണ്ടപ്പോൾ …തൊണ്ടക്കുഴികൾ അടഞ്ഞുതുറന്ന് നാവു പുറത്തേയ്ക്ക് എടുത്ത് അയാൾ ഒരല്പം വെള്ളം കൂടി കുടിക്കുന്നത് കണ്ടപ്പോളാണ് മരുന്നിന്റെ കടുപ്പമേറിയ ചവർപ്പ് അയാളിൽ നിന്നും ഞാൻ വായിച്ചറിഞ്ഞത്.

പൊടിയും മാറാലയും പിടിച്ച ജനാലകൾ തുറന്ന് ശുദ്ധ വായുവിനെ മുറിക്കുള്ളിലെത്തിക്കാൻ ഞാൻ നന്നേ പണിപ്പെട്ടു.. ഉറുമ്പുകളും ചിതലുകളും എട്ടുകാലികളും നിറഞ്ഞ ആ മുറി ഒരു പ്രേതാലയം പോലെ തോന്നിച്ചു. മരുന്നിന്റെ മയക്കം ആവണം .. അയാൾ ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. അലക്കുകല്ലിൽ പിച്ചിച്ചീന്തപ്പെട്ട ഒരു പുതപ്പു പോലെ എന്തോ ഒന്ന് എന്ന് മാത്രമേ ഒറ്റ നോട്ടത്തിൽ ആ കട്ടിലിലേക്ക് നോക്കിയാൽ മനസ്സിലാകൂ ..
അയാൾ നന്നേ മെലിഞ്ഞ ക്ഷീണിച്ച ശരീര പ്രകൃതിയുള്ള പ്രായം ചെന്ന ഒരു മനുഷ്യനായിരുന്നു. എലുമ്പിച്ച വിരലുകളിൽ ബ്രഷ് പിടിച്ച് അയാൾ വരയ്ക്കുന്ന ചിത്രങ്ങൾക്ക് ജീവനും ഓജസുമുണ്ടായിരുന്നു. അയാൾ ഉറങ്ങി എന്ന് ബോധ്യപ്പെട്ടപ്പോൾ ഒരു ചൂലുമായി ശബ്ദമുണ്ടാക്കാതെ ആ മുറിയാകെ ഒന്നു വൃത്തിയാക്കാൻ ഞാൻ ആരംഭിച്ചു. വിചാരിച്ചതു പോലെ അത് അത്ര എളുപ്പമായിരുന്നില്ല.. നാലു നേരം പൊടിയും അഴുക്കും കുടിച്ചു ശീലിച്ച തറയും, മാറാലകൾ ഇണചേരുന്ന ഭിത്തികളും എനിക്ക് അത്ര വേഗം ഒന്നും വഴങ്ങി തരാൻ കൂട്ടാക്കിയില്ല..

അലമാര നിറയെ അയാൾ വരച്ച ചിത്രങ്ങളും ഒന്നു രണ്ടു ഡയറിയും കുറെ ചായക്കൂട്ടുകളും രണ്ടു മൂന്നു പുസ്തകങ്ങളും പിന്നെ അയാളുടെ മരുന്നുകളുമായിരുന്നു… നര വീണ ഒരു കമ്പിളി ഉടുപ്പ് അയാൾ ഇപ്പോഴും ധരിച്ചിരുന്നു … വെയിൽ മൂക്കുമ്പോൾ ചിലപ്പോഴൊക്കെ അയാൾ അതിനെ ഒരു കസേരയിൽ കിടത്തും .. എന്നിട്ട് അതിന്മേൽ ചാഞ്ഞിരുന്ന് എന്തൊക്കെയോ ചിന്തിക്കും…അയാൾ കിടന്നിരുന്ന കട്ടിലിനടിയിലായി സാമാന്യം വലുപ്പമുള്ള ഒരു തടി പെട്ടി ഇരിപ്പുണ്ടായിരുന്നു.. അയാൾ ഉണരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു ഞാൻ അത് പതുക്കെ നിരക്കിയെടുത്തു.. താഴിട്ടു പൂട്ടിയിരിക്കുകയായിരുന്നു അത് .. തെല്ലു നിരാശയോടെ പെട്ടിയുടെ പുറം ഭാഗം ഒരു തുണിയെടുത്ത് തൂത്ത് ഞാൻ അത് യഥാസ്ഥാനത്ത് തന്നെ വച്ചു.

ലീവിന് നാട്ടിൽ വരുമ്പോഴൊക്കെ അയാളെ സന്ദർശിക്കുക എന്റെ ശീലമായിരുന്നു.. ഒരു അയൽവാസി എന്നതിനപ്പുറം എനിക്ക് അയാളെ പരിചയമുണ്ടായിരുന്നില്ല… അയാൾ നന്നായി ചിത്രം വരയ്ക്കുമെന്ന് പറഞ്ഞു തന്നത് അച്ഛനാണ്.. ഇടവക പള്ളിയിലെ കന്യാസ്ത്രീകളും അയൽവക്കത്തുള്ള ചിലരുമാണ് അയാളെ അന്വേഷിച്ച് ആകെ ആ വീട്ടിൽ വരാറുള്ളത്. ഭക്ഷണവും മരുന്നും അയാൾക്ക് ആവശ്യമെന്ന് അവർക്ക് തോന്നുന്നതുമൊക്കെ നൽകി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് അവർ മടങ്ങി പോകും. ഉറക്കം കഴിഞ്ഞ് അയാൾ ഉണരാൻ തുടങ്ങുകയായിരുന്നു. കരി പിടിച്ച അടുക്കളയിൽ നിന്നും പോറലുകൾ വീണ ഒരു ചില്ലു ഗ്ലാസിൽ ഞാൻ കുറച്ചു കാപ്പി ഇട്ടുകൊണ്ട് വന്നു.

‘ഇതാ ഇതു കുടിക്കൂ … ഉറക്കക്ഷീണം പോകട്ടെ’ …

‘അത് അവിടെ വച്ചേക്കൂ’ ..

അയാൾ മേശയിലേയ്ക്ക് വിരലുകൾ ചൂണ്ടി ആംഗ്യം കാണിച്ചു.

കൈകാലുകൾ ഉയർത്തി മടക്കാൻ അയാൾ നന്നേ ക്ലേശിക്കുന്നുണ്ടായിരുന്നു. എല്ലുന്തിയ കൈകളിൽ സഹായിക്കാനെന്നോണം ഞാൻ പിടിക്കാൻ ശ്രമിച്ചെങ്കിലും അയാൾക്ക് അത് അത്ര രസിച്ചില്ല.എല്ലാം എനിക്ക് അറിയാം എന്നതായിരുന്നു അയാളുടെ ഭാവം. ആയിക്കോട്ടെ എന്ന് ഞാനും വച്ചു.. അല്ലെങ്കിലും ആരുടേയും ആത്മവിശ്വാസം കെടുത്താൻ ഞാനും ഇല്ല എന്ന ഭാവത്തിൽ ഞാൻ അയാളെ തന്നെ നോക്കികൊണ്ടും നിന്നു.
കാപ്പിയ്ക്ക് ചൂട് അധികമായിരുന്നു എന്ന് തോന്നി, അയാൾ അത് കുടിക്കാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.. ജനലഴികലിലൂടെ കയറി വന്ന സൂര്യപ്രകാശം അയാളെ നീരസപ്പെടുത്തി. മുറിയ്ക്ക് അകത്ത് ആകമാനം വന്ന മാറ്റം അയാൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു. അയാളുടെ പുരികങ്ങൾ ഉയർന്നു താണു.
അയാൾക്ക് ഒന്നും അത്ര കണ്ട് പിടിച്ചിട്ടുണ്ടായിരുന്നില്ല. കാപ്പി കുടിക്കുന്നത് മതിയാക്കി അയാൾ എന്നോട് നീരസത്തോടെ ചോദിച്ചു.

‘എന്താ നിന്റെ ഉദ്ദേശം… എന്തിനു നീ ഇതൊക്കെ ചെയ്തു’ …..

‘എനിക്ക് ഒരു ഉദ്ദേശവുമുണ്ടായിട്ടല്ല.. ഈ മുറിയ്ക്കുള്ളിൽ ഇരുന്നപ്പോൾ ആകെ ഒരു ബുദ്ധിമുട്ട്… നിങ്ങൾക്ക് ഒരു സഹായമാകട്ടെ എന്ന് മാത്രമേ ഞാൻ കരുതിയുള്ളൂ.’

‘എനിക്ക് എന്ത് സഹായമാകാൻ…. നിനക്ക് തരാൻ എന്റെ കൈയ്യിൽ പണമൊന്നും ഇരിപ്പില്ല’ …

‘ഞാൻ അതിന് ഒന്നും ആവശ്യപ്പെട്ടില്ലല്ലോ…. എനിക്ക് പണമൊന്നും വേണ്ട… എനിക്ക് വേണ്ടതിലുമധികം പണം ജോലി ചെയ്തു ഞാൻ സമ്പാദിക്കുന്നുണ്ട്.. നിങ്ങൾക്ക് ഇഷ്ടമായില്ലെങ്കിൽ ഇനി ഇതൊന്നും ഞാൻ ആവർത്തിക്കില്ല’ …..

എനിക്കും കുറച്ചു മുഷിച്ചിലു തോന്നി. ഒരു നല്ല കാര്യം ചെയ്തുകൊടുത്തതിന് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത് !!!!!

‘നീ ഒരു കൊച്ചുകുട്ടിയല്ലേ… വീട്ടുജോലി ഒന്നും നീ ചെയ്യേണ്ട … ഇവിടമൊക്കെ തൂത്തു വരാൻ ഒരു സ്ത്രീ വരാറുണ്ട് … അവർക്ക് എന്തെങ്കിലും ആവശ്യം വന്നുകാണും .. രണ്ട്‌ ആഴ്ചയായിട്ട് അവരെ ഇങ്ങോട്ട് കാണുന്നില്ല’ ..

‘പിന്നേ… വീടിന്റെ മട്ടും ഭാവവും ഒക്കെ കണ്ടിട്ട് ജോലിയ്ക്ക് നിയമിച്ചതിൽ പിന്നെ അവർ ഇങ്ങോട്ട് എത്തിനോക്കിയിട്ടില്ല എന്ന് തന്നെ കരുതേണ്ടി വരും’ ….

ഞാൻ പിറുപിറുത്തു.

‘നീ ആ ജനാല അടച്ചിടൂ .. പുറത്തെ വെളിച്ചം എനിക്ക് എന്തോ പോലെയാണ്’…

ഞാൻ അയാളെ അനുസരിച്ചു. കിടന്നിടത്തു നിന്നും അയാൾ എഴുന്നേറ്റു മാറിയിരുന്നപ്പോഴാണ് തലയിണയുടെ അടിയിൽ ഇരുന്ന പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ ഒന്ന് എന്റെ കണ്ണിൽപ്പെട്ടത്.

‘എന്താ അത്’ … ഞാൻ അയാളോട് ചോദിച്ചു.

“പ്രവാചകന്റെ വഴി”

‘എന്ത്’ …

അയാൾ പറഞ്ഞത് എന്തെന്ന് എനിക്ക് മനസ്സിലായില്ല. ആഴം കുറഞ്ഞ വെള്ളത്തിൽ പരാക്രമങ്ങളേതുമില്ലതെ നീന്തിത്തുടിക്കുന്ന ചെറുമീനുകളെ പോലെ തോന്നി അയാളുടെ കണ്ണുകളെ എനിക്ക്. അയാൾ ശ്രദ്ധാപൂർവ്വം ആ കടലാസ്സു പൊതി അഴിച്ചു.. അതൊരു പുസ്തകമായിരുന്നു. അതിന്റെ പുറം താളുകളിൽ എഴുതിയിരുന്നത് ഞാൻ വായിച്ചു.

“പ്രവാചകന്റെ വഴി, … ഒ. വി വിജയൻ”…’വായനയും വരയും’ ഇതുമാത്രമാണല്ലേ ഇപ്പോൾ നിങ്ങളുടെ ജീവിതം. ഇടയ്ക്ക് പുറത്തേയ്ക്ക് ഒന്ന് ഇറങ്ങിക്കൂടെ.. ഈ ചുമരുകളും അടച്ചിട്ട വായുവും ശ്വസിച്ച് എത്ര നാൾ എന്ന് വച്ചാണ്’.

‘എനിക്കായുള്ള കാഴ്ചകളൊക്കെയും അവസാനിച്ചതാണ്.ഇനിയുള്ള ജീവിതം ഈ ചുമരുകൾക്കുള്ളിൽ നിറങ്ങൾ ചാലിച്ചതാകട്ടെ’. അയാൾ പുഞ്ചിരിച്ചു.

തുരുമ്പെടുത്ത ജയിലറകളിൽ എന്തു നിറമുണ്ടാകാനാണ്.. നിങ്ങൾ നിങ്ങളുടെ മകളുടെ അടുത്തേയ്ക്ക് പോകൂ.. കുറേ കൂടി ഭേദപ്പെട്ട ഭക്ഷണവും വസ്ത്രവും മരുന്നും താമസ സൗകര്യവും നിങ്ങൾക്ക് ലഭിക്കും. മകളുടെയും പേരകുട്ടികളുടെയും കൂടെ കൂടെയുള്ള ജീവിതം നിങ്ങൾക്ക് പുതിയ ഒരു ഉണർവ് നല്‌കും. നിങ്ങളുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെടും’..

കസേരയിൽ കിടന്നിരുന്ന നിറം മങ്ങിയ ഒരു തോർത്ത് എടുത്ത് അയാൾ മുഖം തുടച്ചു.

‘നല്ല കടുപ്പമുള്ള മരുന്നാണ് എന്ന് തോന്നുന്നു.അത് കഴിച്ചു കഴിഞ്ഞാൽ പിന്നെ വിയർപ്പ് കൂടുതലാണ്’. അയാൾ പിറുപിറുത്തു.

‘അതെയതെ.. ഏതോ ആഫ്രിക്കൻ മലനിരകളിൽ നിന്നും ഉണ്ടാക്കിയെടുത്തതാകാം അവ. മാത്രവുമല്ല പാർശ്വഫലങ്ങളും കുറച്ചൊന്നുമല്ലല്ലോ ഉള്ളത്.’

‘അതെന്താ’ .. അയാൾ മുഖമുയർത്തി എന്നെ നോക്കി.

‘വിയർക്കുന്നത് നിങ്ങളുടെ കണ്ണുകൾ മാത്രമാണ്. മകളുടെ ഓർമകൾ കടിച്ചു കുടയുമ്പോൾ കണ്ണുകൾ വിയർക്കുന്നത് ഒരു രോഗം തന്നെയാണ്.അല്ലേ !!!!ദുഃഖമത്രയും ഏറ്റുവാങ്ങി നിങ്ങളെ ഒറ്റുകൊടുക്കുന്നത് കള്ളമെഴുതാത്ത ഈ കണ്ണുകളാണ് .. ശരിയല്ലേ’ !!!!

എന്റെ ചോദ്യശരങ്ങൾ എല്ലാം അയാളെ കടുത്ത മാനസിക സംഘർഷങ്ങളിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. അത്രയ്ക്ക് വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തന്നെ തോന്നി. പള്ളിയും പള്ളിക്കൂടവും പിന്നെ ചില ആൾക്കാരുമൊക്കെ അയാളുടെ ചിത്രങ്ങൾ വില കൊടുത്തു വാങ്ങുകയും പ്രദർശങ്ങളിൽ പങ്കുചേർക്കുകയും ചെയ്തിരുന്നു. ന്യായമായ വിലയും അയാൾക്ക്‌ കൊടുത്തിരുന്നു. ആ പണം അത്രയും അയാൾ ശേഖരിച്ചു വച്ചത് മകൾക്കായിട്ടാണ് എന്നാണ് നാട്ടു സംസാരം.
ഒരിക്കൽ നന്നായി വസ്ത്രം ധരിച്ച ഒരു യുവതി അയാളെ കാണാൻ വന്നിരുന്നു. അത് അയാളുടെ മകൾ ആയിരുന്നു എന്ന് പിന്നീട് അയാൾ പറഞ്ഞാണ് അയൽവാസികൾ അറിഞ്ഞത്. കണ്ടിട്ട് നല്ല ഒരു കുടുംബത്തിലെ സ്ത്രീ എന്ന് തോന്നുന്ന അവർക്ക് വേണ്ടി ഇപ്പോഴും പണം സൂക്ഷിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. മകൾക്ക് ഭർത്താവും രണ്ടു കുട്ടികളും ഉണ്ടെന്നാണ് അയാൾ പറഞ്ഞത്. മകളെ കുറിച്ച് ഇത്രയൊക്കെയേ നാട്ടുകാർക്ക് അറിയൂ

കട്ടിലിനടിയിൽ തുറക്കാൻ ശ്രമിച്ചു എന്നെ നിരാശപ്പെടുത്തിയ ആ തടി പെട്ടി അയാൾ നിരക്കിയെടുത്തു. മേശ വലിപ്പിൽ നിന്നും ഒരു താക്കോൽ എടുത്തു.

‘ഇതിനുള്ളിൽ എന്താണ്..എനിക്കും കാണാമോ’ ..

ഞാൻ അയാളുടെ അടുത്തേയ്ക്ക് മടിച്ചു ചെന്നു. നിറമുള്ളതും ഭംഗിയായി മടക്കി വച്ചിരുന്നതുമായ കുറച്ചു വസ്ത്രങ്ങൾ … പുറം ചട്ടകൾക്ക് കേടു വന്ന ഒരു ഡയറി .. കുറച്ചു കളിപ്പാട്ടങ്ങൾ ഇത്രയുമായിരുന്നു ആ പെട്ടിയിൽ ഉണ്ടായിരുന്നത്.

‘പേരക്കുട്ടികൾക്ക് വേണ്ടി ഉള്ളതായിരിക്കുമല്ലേ’…

ഉം .. ഇനി അവൾ വരുമ്പോൾ അവൾക്ക് കൊടുത്തുവിടാൻ വേണ്ടി ഉള്ളതാണ്. കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ’.

‘കൊള്ളാലോ, മകൾ ഇനി എന്നു വരും എന്നറിയുവോ.. കഴിഞ്ഞ തവണ വന്നപ്പോൾ എന്താ പറഞ്ഞത്’ !!!

‘അവൾ ഇനി വരില്ല. അവളെ ബുദ്ധിമുട്ടിക്കരുതെന്നാണ് അവസാനമായി അവൾ എന്നോട് പറഞ്ഞത്’ …

അയാൾ എന്നെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

‘ഞാൻ എങ്കിൽ പിന്നീട് ഒരു ദിവസം വരാം. നിങ്ങൾ വിശ്രമിക്കൂ’…

ഞാൻ അയാളോട് യാത്ര പറഞ്ഞ് ഇറങ്ങാൻ ഭാവിച്ചു. രാവിലെ ഇറങ്ങിയതാണ്. ഇപ്പോൾ ഉച്ച ആയിരിക്കുന്നു. വെയിൽ മൂക്കുന്നതിനു മുമ്പ് ഇറങ്ങുന്നതാകും നല്ലത്.

നിനക്ക് ചെന്നിട്ട് തിരക്കുണ്ടോ’ .. അയാൾ അന്വേഷിച്ചു.

‘തിരക്കൊന്നുമില്ല, വെയിലാകുന്നതിനു മുമ്പ് ഇറങ്ങാമെന്ന് കരുതിയാണ്’.

‘നിനക്ക് അത്യാവശ്യമാണെങ്കിൽ പൊയ്‌ക്കോളൂ .. തിരക്കൊന്നുമില്ലെങ്കിൽ കുറച്ചു നേരം കൂടി ഇവിടെ ഇരിക്കൂ’.

ഞാൻ അയാളെ അനുസരിച്ചു.

‘ഞാൻ ഒരു ചിത്രം പാതി വരച്ചു നിർത്തിയിരുന്നില്ലേ,,, നീ എന്നോട് മുഴുമിപ്പിക്കാൻ പറഞ്ഞ ഒന്ന്. അത് ഞാൻ പൂർത്തിയാക്കുവാൻ ആഗ്രഹിക്കുകയാണ്’.

‘ഞാൻ ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ അത് നിരസിച്ചതായിരുന്നില്ലേ.. ഇപ്പോൾ എന്താ ഇങ്ങനെ തോന്നാൻ’.!!!

‘നമ്മുടേത് എന്ന് പറഞ്ഞു പഠിപ്പിച്ച് നാം സ്വന്തമാക്കുന്നതെല്ലാം നമ്മുടേത് ആകുന്നുണ്ടോ ശരിക്കും? പ്രിയമുള്ളമുള്ളവർക്ക് നാം ആരുമല്ലാതായി തീർന്നു എന്ന് നാം തിരിച്ചറിയുന്ന ഒരു നാൾ സ്വന്തം കണ്ണുകളിൽ കുടിയേറുന്ന ഇരുളിനോട് വഴക്കടിച്ചും ഇണ ചേർന്നും പെറ്റുകൂട്ടുന്ന കണ്ണുനീരിനു മുമ്പിൽ രക്തം തണുത്തുറഞ്ഞ് കൈകാലുകൾ നിശ്ചലമാകും കുട്ടീ’ ….

ഞാൻ ചോദിച്ചത് എന്ത്, അയാൾ മറുപടി പറഞ്ഞത് എന്ത്, എന്നു മനസ്സിലാകാതെ ഞാൻ നിന്നു.

‘എനിക്ക് ആരെങ്കിലും ഒക്കെ ഉണ്ട് എന്ന് തോന്നുമ്പോൾ ഓരോന്നു ചെയ്യുവാൻ ഒരു താത്പര്യം തോന്നും.. ഞാൻ വരയ്ക്കുന്ന ചിത്രങ്ങളോട് പലർക്കും ഇഷ്ടം തോന്നിയിട്ടുണ്ട്. എന്നാൽ മകൾക്ക് പോലും വേണ്ടാത്ത ഈ അനാഥ ജന്മത്തോട് നീ ഒരിറ്റു കാരുണ്യം കാണിച്ചല്ലോ’..

‘അയാൾ ചിരിച്ചു; ഞാനും..

‘എനിക്ക് വായനയും സാഹിത്യവും ഒക്കെ നന്നേ കുറവാണ്. നിങ്ങൾ എന്താണ് വരയ്ക്കുന്നത് എന്ന് എനിക്ക് പറഞ്ഞു തരാമോ’ ..

ഞാൻ എന്റെ ബലഹീനത അയാൾക്ക് വെളിപ്പെടുത്തി അയാളുടെ വാക്കുകൾക്കായി കാതോർത്തു കൊണ്ട് അയാളുടെ വിരലുകളെ ശ്രദ്ധിച്ചു.

‘ഇത് ഒരു കുട്ടിയുടെ ചിത്രം പോലെ ഉണ്ടല്ലോ’. അയാൾ വരച്ചുകൊണ്ടിരുന്ന ചിത്രത്തെ സൂക്ഷ്മനിരീക്ഷണം ചെയ്തു കൊണ്ട് ഞാൻ പറഞ്ഞു.

‘അതെ, ഇത് ഒരു കുട്ടിയുടെ കൂടി ചിത്രമാണ്’.

‘നിനക്ക് അറിയുമോ… അവൾ എന്റെ ദത്തുപുത്രിയാണ്.

‘നിങ്ങൾ നിങ്ങളുടെ മകളുടെ കാര്യമാണോ അതോ ഈ ചിത്രത്തിലെ കുട്ടിയുടെ കാര്യമാണോ പറയുന്നത്’ !!

‘രണ്ടും ഒന്നു തന്നെ’… അയാൾ പറഞ്ഞു നിർത്തി.

അയാളുടെ ബ്രഷ് ചലിക്കുന്ന വേഗത്തിൽ അയാളും അയാളുടെ മകളും തമ്മിലുള്ള ബന്ധവും അയാൾ എനിക്ക് വെളിപ്പെടുത്തി തന്നു. കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ അയാളും ഭാര്യയും ചേർന്ന് ദത്തെടുത്തതാണത്രേ മകൾ എന്ന് പറഞ്ഞു ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ആ യുവതിയെ.

അനാഥത്വം പകർച്ച വ്യാധി പോലെ … ഞാൻ മനസ്സിൽ പറഞ്ഞു.

‘മകൾക്ക് അറിയുമോ ഇതൊക്കെ’?

‘ഇല്ല … അവൾ എന്റെ സ്വന്തമാണ് … അങ്ങനെയല്ലാതെ ഇന്നേ വരെ ഞാൻ അവളോട് പെരുമാറിയിട്ടില്ല. അവൾ ഒരിക്കലും അത്‌ അറിയണം എന്നും എനിക്കില്ല’.

………………………………………………………

അയാളുടെ ചിത്രം അതിന്റെ അവസാന മിനുക്കു പണികളിൽ ആയിരുന്നു. അയാൾ അത് എന്റെ നേരെ നീട്ടി.

ആകാശത്തേയ്ക്ക് വിരലുകൾ ചൂണ്ടി നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടി. ആകാശത്തെ നക്ഷത്രങ്ങളെ പറിച്ചെടുത്താണ് അവൾക്ക് കണ്ണുകൾ മെനഞ്ഞെടുത്തത് എന്ന് തോന്നി പോകും. അവളുടെ കൈകൾ ഒരുവന്റെ കുപ്പായത്തിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു.
ആ ഒരുവന് എന്റെ മുമ്പിൽ കാണുന്ന വൃദ്ധന്റെ മുഖച്ഛായ തോന്നിക്കുന്നുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു. ചുളിവുകളും ഉന്തിയ എല്ലുകളും കൊണ്ട് സമൃദ്ധമായ ഈ മുഖത്തിനു ചിത്രത്തിലെ രൂപം ചേരുന്നതായി എനിക്ക് അനുഭവപ്പെട്ടില്ല. ഒരുപക്ഷേ, യൗവനത്തിൽ ഇയാൾ ഇത് പോലെ ആയിരുന്നിരിക്കാം. ജീവിതം അതിന്റെ പക പോക്കലുകളിൽ അയാൾക്ക് നഷ്ടപ്പെടുത്തി കളഞ്ഞതായിരിക്കാം അയാളുടെ നല്ല ഭാവങ്ങളെ.

‘നന്നായിട്ടുണ്ടട്ടോ’ .. ഞാൻ അയാൾക്ക് അഭിനന്ദനങ്ങൾ നേർന്നു.

സത്യത്തിൽ എന്തു കാരണത്തിന്റെ പേരിലാണ് ഞാൻ അയാൾക്ക് ആശംസകൾ നേർന്നത് എന്ന് ഒരുമാത്ര ഞാൻ ആലോചിക്കാതിരുന്നില്ല. അയാളുടെ ബ്രഷ് പോലും പിടിക്കാനുള്ള യോഗ്യത എന്നിലില്ല. അങ്ങനെയിരിക്കെ എന്ത് അടിസ്ഥാനത്തിന്റെ പേരിലാണ് ഞാൻ അയാളെ അനുമോദിക്കുന്നത് ….

‘ഇത് നിങ്ങളും നിങ്ങളുടെ മകളുമാണല്ലേ … ഒരു കഴിഞ്ഞ കാല ചിത്രം’.

അയാൾ വെറുതെ ചിരിച്ചു; ഉത്തരം ഒന്നും നൽകാതെ തന്നെ.

‘ഇത് എന്റെ അവസാനത്തെ ചിത്രമാണ് എന്ന് മനസ്സ് പറയുന്നു….. നീ എന്റെ വിരലുകൾ കണ്ടില്ലേ.. വിറയലുകൾ ഇല്ലാതെ ഒരിക്കൽ കൂടി ഇനി ഈ ബ്രഷ് എനിക്ക് വഴങ്ങില്ല’… അയാൾ വിരലുകളെ അങ്ങുമിങ്ങും അനക്കികൊണ്ട് പറഞ്ഞു.

‘നിങ്ങൾ എന്ത് വരച്ചാലും അതിലൊരു ചിത്രമുണ്ടാകും.. ഇനിയും എത്രയോ രൂപരേഖകളാണ് നിങ്ങളിൽ നിറം പൂണ്ടു ജന്മമെടുക്കാനിരിക്കുന്നത്’.

‘എല്ലാം പൂർണ്ണമായതായിട്ടാണ് എന്റെ ഓർമ്മ. ഇനി ഒരുപക്ഷേ അടുത്ത ലീവിന് നീ നാട്ടിൽ വരുമ്പോൾ എന്റെ ഈ ചിത്രങ്ങൾ മാത്രമാകും അവശേഷിച്ചിട്ടുണ്ടാകുക’….

അയാൾ അടുക്കളയിൽ നിന്നും ഒരു പാത്രത്തിൽ എന്തോ എടുത്തുകൊണ്ടു വന്നു. എനിക്കു നേരെ അത് നീട്ടി കൊണ്ട് അയാൾ പറഞ്ഞു.

‘മകൾക്ക് ഇത് പണ്ട് ഒരുപാട് ഇഷ്ടമായിരുന്നു. അവൾ അടുത്ത് എന്നെങ്കിലും വരുമെന്ന് വിശ്വസിച്ച് അവൾക്ക് കൊടുക്കാൻ വേണ്ടി ഞാൻ കരുതി വച്ചിരുന്നതാണ്. അവൾ ഇനി വരില്ല. വരാൻ ഒരു സാധ്യതയുമില്ല.. വരേണ്ട കാര്യവുമില്ല’…ഞാൻ ആ പാത്രത്തിലേക്ക് നോക്കി. ഇരുണ്ട നിറം പൂണ്ട ഞാവൽ പഴങ്ങൾ …

‘മകൾക്ക് വേണ്ടി ആവുമല്ലേ’ .. ഞാൻ ചോദിച്ചു.

‘ആയിരുന്നു’ …. അയാൾ മറുപടി പറഞ്ഞു.

കണ്ണീരും സ്നേഹവും നിറഞ്ഞ ഒരച്ഛന്റെ മകൾക്കായിട്ടുള്ള ഉപഹാരം. അച്ഛന്റെ കൈയ്യിൽ നിന്നും കൊതി തീരെ ഞാവൽ പഴങ്ങൾ കഴിക്കാൻ മകൾ വീണ്ടുമൊരു ബാലികയായി രൂപാന്തരീകരണം നടത്താൻ തയാറാവില്ലന്ന് എന്നെക്കാളും നന്നായി അയാൾക്ക് അറിയാമായിരുന്നു. എങ്കിലും വെറുതെ ഒരു കാത്തിരിപ്പ്… എന്റെ കൈയ്യിൽ നിറയെ ഞാവൽ പഴങ്ങൾ വച്ചതിനു ശേഷം അയാൾ ന്റെ കൈവെള്ളയിൽ നിന്നും ഒരു പഴം എടുത്തു, അയാൾ തന്നെ വായിലിട്ടു. എന്തിനെന്ന് ഞാൻ ചോദിച്ചില്ല.. അയാൾ പറഞ്ഞുമില്ല. അയാളുടെ കണ്ണുകൾ നനഞ്ഞിരുന്നു. ഒരു പക്ഷേ, കുറച്ചു നിമിഷങ്ങളിലേയ്ക്ക് ഞാൻ അയാളുടെ മകളായി അയാൾക്ക് അനുഭവപ്പെട്ടിരിക്കാം. ഞാൻ അയാളുടെ വായിൽ ഒരു ഞാവൽ പഴം വച്ചുകൊടുത്തു. ഏതോ അമൃതം സേവിക്കുന്നത് പോലെ അയാളുടെ മുഖം കാണപ്പെട്ടു.

‘നിങ്ങൾ കരയുകയാണോ’ .. ഞാൻ ചോദിച്ചു.

‘അല്ല മകളെ’,…….

ഒട്ടു നേരത്തെ മൗനത്തിനു ശേഷം അയാൾ മറുപടി പറഞ്ഞു.

‘ഇത് എന്റെ ഒടുവിലത്തെ അത്താഴമാകട്ടെ എന്ന് പ്രാർത്ഥിക്കുകയായിരുന്നു ഞാൻ’.

‘അങ്ങനെ ഒന്നും പറയാതെ’… ഞാൻ അയാളെ തടഞ്ഞു .

അയാൾ പുഞ്ചിരിക്കുന്നത് പോലെ തോന്നി എനിക്ക്. ഞാൻ അയാളുടെ കൈകളിൽ പിടിച്ചു. എതിർപ്പൊന്നും അയാൾ പ്രകടിപ്പിച്ചില്ല…


ദിക്കുകൾ പൊട്ടുമാറ് ഇടിമുഴങ്ങുന്നുണ്ടായിരുന്നു. പ്രപഞ്ച രഹസ്യങ്ങളുടെ കിളിവാതിലുകൾ കൊട്ടിയടയ്ക്കപ്പെടുന്നതു പോലെ എനിക്ക് തോന്നി. ആകാശത്തെ വെട്ടിമുറിച്ചു വെള്ളിവെളിച്ചങ്ങൾ ഭൂമിയെ ചുംബിച്ചുകൊണ്ടേയിരുന്നു. ഇനി വരാനുള്ളത് ഭൂമിയുടെ രോദനമാണ്. മണ്മറഞ്ഞു പോയ മനുഷ്യാത്മാക്കളുടെ സഫലീകരിക്കപ്പെടാത്ത സ്വപ്നങ്ങളുടെ പേറ്റുനോവുകൾ ഇനി കണ്ണുനീരായി മണ്ണിനെ ചുട്ടുപൊള്ളിച്ചു തുടങ്ങും. ദാഹം തീരാത്ത ഭൂമിയ്ക്ക് ആ കണ്ണുനീരത്രയും പോഷകമാവും. ഒരു വലിയ മഴയെ പ്രതീക്ഷിച്ചു കൊണ്ട് തന്നെ എന്റെ കാലടികൾ മുമ്പോട്ടു നടന്നു. സമയം ഏറെ പിന്നിട്ടിരുന്നു .. ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു…അയാൾ വീട്ടുവാതിൽക്കൽ ഞാൻ പോകുന്നത് നോക്കി നിൽക്കുന്നത് ഇടയ്ക്കിടെ തിരിഞ്ഞു നോക്കുമ്പോഴൊക്കെയും ഞാൻ കാണുന്നുണ്ടായിരുന്നു. അയാളിൽ നിന്നും ഏറെ ദൂരം പിന്നിട്ടതിനു ശേഷം ഞാൻ എന്റെ കൈവെള്ളകൾ തുറന്നു. .. ഞാവൽ പഴങ്ങൾ!!!!! ….

കണ്ണിലൂടെ ഉതിർന്നു വീണ വെള്ളത്തുള്ളികൾക്ക് ഉപ്പുചുവയായിരുന്നു. കൊതി തീരെ വായിലൂടെ ഉതീരേണ്ട ഉമിനീരത്രയും എന്റെ കൺകോണുകളിൽ കുമിഞ്ഞുകൂടുകയായിരുന്നു. മരിച്ച രക്തത്തിന്റെ നിറം പോലെ ആ പഴങ്ങളുടെ കറ എന്റെ കൈവെള്ളയിൽ ആകമാനം നിറഞ്ഞിരുന്നു. മഴമേഘങ്ങൾ പെയ്തു തുടങ്ങിയിരുന്നു. ആരുടെയോ വിതുമ്പലുകൾ പോലെ …. ഞാൻ മുമ്പോട്ടു നടന്നു. ഓരോരോ ജീവിതങ്ങൾ .. കാഴ്ചപ്പാടുകൾ … ഞാൻ ഒന്ന് നിശ്വസിച്ചു..
എന്റെ വീട്ടു മുറ്റത്തും ഒരാൾ കാത്തുനിൽപ്പുണ്ടായിരുന്നു. നാടു തെണ്ടൽ കഴിഞ്ഞ് ഇത് വരെയും കൂടണയാത്ത ഈ എന്നെ കാത്തു ഒരു അച്ഛൻ കിളി .

10

Anju Shaji

Anju is a student pursuing MA in English Literature.

View All Authors >>

10 thoughts on “ഒടുവിലത്തെ അത്താഴം”

Leave a Reply

Your email address will not be published. Required fields are marked *

2 × one =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top