Montage

കഥ- അച്ഛനെ ആയിരുന്നെനിക്കിഷ്ടം…

കഥ- അച്ഛനെ ആയിരുന്നെനിക്കിഷ്ടം…

By Vishnu

പാലസ് റോഡിൽ സാഹിത്യ അക്കാദമി യുടെ എതിർവശത്തുള്ള ഹോട്ടലിൽ നിന്ന് നല്ല ചിക്കൻ പെരട്ടും പൊറോട്ടയും കഴിക്കുന്നതിനടയിലാണ് , പരിചയപ്പെട്ട് ആറു മാസത്തിനിടെ അവളാദ്യമായി എന്റെ അച്ഛനെ പറ്റി ചോദിച്ചത്. അമ്മ, അനിയൻ എന്നല്ലാതെ ഞാനെന്റെ ഫാമിലിയിലെ ആരെപ്പറ്റിയും കക്ഷിയോട് വാചാലനായിട്ടില്ല. പൊതുവിൽ ആൺകുട്ടികളേക്കാൾ രഹസ്യം സൂക്ഷിക്കാൻ മിടുക്ക് പെൺകുട്ടികൾക്കാണെങ്കിലും, ഒരു രഹസ്യം അറിയാൻ കാത്തിരിക്കാനുള്ള ക്ഷമ ആൺകുട്ടിളോളം സ്ത്രീ രത്നങ്ങൾക്കില്ല.

എന്തായാലും അവൾ ചോദിച്ചു…

“ഹേയ് വികെ…. തന്റെ അച്ഛനെന്തു ചെയ്യുന്നു ? വിദേശത്താണോ? നിങ്ങളുടെ ഒപ്പമല്ലേ അദ്ദേഹം ?

ഒട്ടും രസനീയമല്ലാത്ത ഒരു ചോദ്യം കേട്ട ഭാവത്തിൽ ഞാനവളേ പെട്ടെന്ന് നോക്കിയിരിക്കണം. ചോദ്യത്തിന് ന്യായമായി തോന്നാവുന്ന ഒരു വിശദീകരണം കൂടി അതോടെ അവളെനിക്ക് നൽകി.

“അല്ല… ഇതുവരെ അച്ഛനെ പറ്റി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. സോ.. അടക്കാൻ വയ്യാത്ത ഒരു ആകാംക്ഷ കൊണ്ട് ചോദിച്ചതാ…”

അത് ഓക്കേ.. എന്നാലും ഭക്ഷണം കഴിച്ചു കഴിഞ്ഞ് പറയാനുള്ള ഒരു സാവകാശം ഉണ്ടന്ന് കരുതട്ടെ… ?

സമ്മതം എന്ന അർത്ഥം സ്ഫുരിക്കുന്ന ഒരു പുഞ്ചിരി.

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തന്നെ അവള് ചോദിച്ചു തുടങ്ങി.

അപ്പോ പറയൂ.. അച്ഛനെ..

മുഴുമിപ്പിക്കുന്നത് മുൻപേ ഞാൻ ഇടക്ക് കയറി പറഞ്ഞു…

ലളിത കലാ അക്കാദമി ഹാളിൽ ഒരു പെയിന്റിങ്ങ് എക്സിബിഷൻ നടക്കുന്നുണ്ട്, നമുക്കത് കണ്ടുകൊണ്ട് സംസാരിക്കാം..

അവൾക്കെന്തും സമ്മതമായിരുന്നപ്പോൾ..

തിയേറ്റർ വഴി ലളിത കലാ അക്കാദമി യിലേക്ക് നടന്നുകൊണ്ടിരിക്കെ ഞാൻ എന്റെ അച്ഛനെ പറ്റി പറഞ്ഞു തുടങ്ങി.

‘കുട്ടികൾ ആയിരിക്കുമ്പോ നമ്മുടെയൊക്കെ ആദ്യത്തെ ഹീറോ സങ്കല്പത്തിന് അടിത്തറ ഇടുന്നത് അച്ഛൻ എന്ന ഇമേജ് ആണ്. ഇവിടെയും സംഗതി ഭിന്നമല്ല.. കൂട്ടുകാരുടെയൊക്കെ കുടവയറൻ അപ്പന്മാരിൽ നിന്ന് എന്റെ അച്ഛൻ വ്യത്യസ്തനായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളി ആയിരുന്ന അദ്ദേഹം ഒരു മിനി സിൽവസ്റ്റർ സ്റ്റാലൻ തന്നെ ആയിരുന്നു.’

അവളൊന്നു ചിരിച്ചു. ഞങ്ങളപ്പോൾ ഹാളിന്റെ പടി കയറി തുടങ്ങിയിരുന്നു. ഞാൻ തുടർന്നു…

‘പാലക്കാട് ആണ് ഞങ്ങളിപ്പോൾ താമസിക്കുന്നതെങ്കിലും, എന്റെ അച്ഛന്റെ സ്വദേശം വയനാടാണ്. ഓരോ അവധിക്കാലത്തും അങ്ങോട്ടുള്ള യാത്രകൾ വിനോദയാത്രകൾ തന്നെ ആയിരുന്നു’.

ഞാനൊന്നു നിർത്തി.

എന്താ നിർത്തിക്കളഞ്ഞത് ? എന്റെ ശ്രോതാവ് അക്ഷമ പ്രകടിപ്പിച്ചു. ആദ്യത്തെ പെയിന്റിങ്ങ് സൂക്ഷ്മം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഞാൻ പറഞ്ഞു…

‘ ഇതൊരു ഹാപ്പി എൻഡിങ് സ്റ്റോറി ആയിരിക്കില്ല. ഒരു കാലത്ത് എന്റെ ഹീറോ ആയിരുന്ന ഒരാളുടെ പതനം ആണ് ഈ വിവരണത്തിനാധാരം. അച്ഛനെ ഇഷ്ടമാണെനിക്ക് എന്നുള്ളതിന് പകരം ഇഷ്ടം ആയിരുന്നു എന്നായിരിക്കും അവസാനം. ഇത് കേൾക്കേണ്ടിയിരുന്നില്ല എന്ന് പിന്നെ തോന്നരുത്’.

ആശങ്കകൾ ആ മുഖത്ത് അങ്ങിങ്ങായ് കാണാമായിരുന്നെങ്കിലും അവൾ ശരിയെന്ന് തലയാട്ടി.

‘എൽ പി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഇഷ്ടമുള്ള പലഹാരങ്ങളും കളിക്കോപ്പുകളും വാങ്ങിത്തന്നിരുന്ന അച്ഛന്റെ സ്നേഹത്തെ കൂടുതൽ മധുരമാക്കിത്തന്നത് ഇഷ്ടത്തോടെ വായിക്കാൻ ഒരുപാട് പുസ്തകങ്ങൾ വാങ്ങി തന്നതാണ്. കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് അടുത്തുള്ള ബേക്കറിയിൽ നിന്ന് ഇഷ്ടപ്രകാരം പുസ്തകങ്ങൾ വാങ്ങിക്കാനുള്ള ഒരു സ്‌പെഷ്യൽ അക്കൗണ്ട് അച്ഛനെനിക്ക് ഉണ്ടാക്കി തന്നിരുന്നു. ബേക്കറിയിൽ നിന്ന് പുസ്തകങ്ങളോ എന്നാലോചിക്കണ്ട നോവലുകളുടെയും ഇതിഹാസങ്ങളുടെയും കാര്യമൊന്നുമല്ല ഞാൻ പറഞ്ഞത്.. ബാലരമ, അമർ ചിത്രകഥ, പൂമ്പാറ്റ, ബാലമംഗളം, ഫാന്റം, മാൻഡ്രേക്ക് തുടങ്ങിയവയാണ്. അക്കാലത്ത് ഇവയൊക്കെ ചെറുകിട ബേക്കറികളിൽ സുലഭമായി കിട്ടിയിരുന്നു’.

കേൾവിക്കാരിയിൽ നിന്ന് അത്ഭുത പൂർവ്വം ഒരു ഓഹോ മറുപടിയായി ഉണ്ടായി… ചിത്രങ്ങൾ കണ്ട് മുന്നോട്ട് നടക്കവേ ഞാൻ തുടർന്നു…

‘മറ്റു കൂട്ടുകാർക്ക് ലഭിക്കാത്ത പല സൗഭാഗ്യങ്ങളും എനിക്കുണ്ടായിരുന്നു. അർണോൾഡ് ഷ്വാസ്‌നെഗറിന്റെയും ബാബു ആന്റണിയുടെയും സിനിമകൾ അവരൊക്കെ കാണും മുന്നേ ഞാൻ കണ്ടിരുന്നു. അച്ഛൻ പക്ഷെ എപ്പോഴും സൗമ്യനായ ഒരു വ്യക്തിയായിരുന്നില്ല എന്നു നിസ്സംശയം പറയാമായിരുന്നു. കാരണം ഒരേ സമയം സ്നേഹത്തിന്റെ അറ്റം വരെ കാണിച്ചു തരുന്നയാൾ ഇടക്കൊക്കെ നിസ്സാരമായ കാര്യങ്ങളിൽ ബീഭത്സ ഭാവം പൂണ്ടു. എനിക്ക് അച്ഛന്റെ കൈയ്യിൽ നിന്നാദ്യമായി തല്ലു കിട്ടുന്നത് അച്ചാറിടാൻ കൊണ്ടു വന്ന മാങ്ങാകുല പൊട്ടിച്ച് മാങ്ങാച്ചുണ കണ്ണിലായപ്പോഴാണ്. കണ്ണു നീറി കരയുന്ന എന്നെ നല്ല നാലു തല്ലു തന്നതിന് ശേഷമേ മുഖവും കണ്ണും കഴുകി തന്നൊള്ളു. തൊട്ടടുത്ത ദിവസം സ്കൂളിൽ ഉച്ചയ്ക്ക് പ്രത്യക്ഷപ്പെട്ട അദ്ദേഹം എനിക്കും കൂട്ടുകാർക്കും കിറ്റ് കേറ്റ് റെസ്റ്റോറന്റിൽ നിന്ന് പൊറോട്ടയും ചില്ലി ചിക്കനും വാങ്ങി തന്നത് ഓർമ്മയിൽ തന്നെ ഉണ്ട്’.

അവളൊന്നു ചിരിച്ചു. ഉം എന്നു മൂളി…

‘ഒക്കേഷണലി മദ്യപിക്കുമായിരുന്ന അച്ഛൻ പക്ഷേ വീട്ടിൽ അതിന്റെയൊന്നും ഒരു പ്രത്യാഘാതകങ്ങളും ഉണ്ടാകുമായിരുന്നില്ല. എനിക്ക് അനിയനുണ്ടാകുന്നത് ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്. എന്റെ അമ്മയെ ഏൽപ്പിച്ചാലെ ഈ കുട്ടിക്ക് മറ്റു കുട്ടികളെ പോലെ തന്നെ വളരാനാവൂ എന്ന് ഭഗവാൻ കരുതിയത് കൊണ്ടാവണം അവനെനിക്ക് അനിയനായത്.. വളർച്ച കുറവായിരുന്നവനെ കൊണ്ട് എത്രയോ കാലങ്ങൾ ആശുപത്രികളിൽ കയറിയിറങ്ങിരുന്നത് ഞാൻ ഓർക്കുന്നുണ്ട്. ഇനിയാണ് കഥയിലെ ടെണിങ്ങ് പോയിന്റ് ..

ശ്രോതാവിന്റെ മുഖത്ത് ഗൗരവം ഉരുണ്ടുകൂടുന്നു…

‘ മദ്യപാനം അച്ഛനെ കീഴ്പ്പെടുത്തുന്നത് ഇതിനു ശേഷമാണ്. അതിന്റെ, ആ ശീലത്തിന്റെ പല പ്രത്യാഘാതങ്ങളും വീട്ടിൽ അനുഭവപ്പെടാനാരംഭിച്ചു. അമ്മ ശരിക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നു. ഒന്നും അറിയാത്ത അനിയനേയും അറിഞ്ഞു തുടങ്ങിയ എന്നെയും വളർത്തി കൊണ്ടു വരാൻ അവർ ഒരുപാട് കഷ്ടപ്പെട്ടു. ദി ഷൈനിങ് എന്ന സിനിമയിൽ ഒരു ഫേമസ് രംഗമുണ്ട് മഴു കൊണ്ട് ഭാര്യയെയും കുഞ്ഞിനേയും കൊല്ലാൻ ശ്രമിക്കുന്ന ജാക്ക് നിക്കോൾസണിന്റെ ക്യാരക്ടർ “ഹിയർ ഈസ്‌ ജോണി” എന്ന് ഭ്രാന്തമായ ഒരാവേശത്തിൽ ആക്രോശിക്കുന്നത്. ഇതു പോലുള്ള സീനൊക്കെ നേരിട്ടു കാണുന്ന 12 വയസ്സുകാരന്റെ മാനസികാവസ്ഥ നിനക്കൂഹിക്കാനാവില്ലെന്ന് തോന്നുന്നു’.

നായിക കണ്ണും മിഴിച്ചെന്നെ നോക്കുന്ന കാഴ്ച്ച രസകരമായിരുന്നു.

‘മണലു പണിയെടുത്ത് പ്ലസ്ടു പഠിക്കുന്ന സമയത്ത് ആണ് വീട്ടിൽ കാണിക്കുന്ന പരാക്രമങ്ങളെ പറ്റി ഞാൻ എന്റെ അച്ഛനെ ആദ്യമായി ചോദ്യം ചെയ്യുന്നത്. മദ്യപാനത്തിൽ ആസക്തി നിൽക്കാതെ ഇടുക്കി ഗോൾഡിൽ വരെ എത്തി നിൽക്കുന്ന അദ്ദേഹം എൻ്റെ വാക്കിനൊന്നും ഒരു പ്രാധാന്യവും തന്നില്ല. എന്നാൽ വീട് വിട്ട് ഇറങ്ങി പോകാൻ ഒരു ഉത്സാഹം കാണിച്ചു. ഒരു മാസത്തിനു ശേഷം വീണ്ടും വീട്ടിലേക്ക് കയറി വന്നു ., സഹി കെട്ടിരുന്നിരിക്കണം പരാക്രമങ്ങളെ ഇത്തവണ ചോദ്യം ചെയ്തത് അമ്മയാണ്.. അതിനുള്ള മറുപടി ആയി മർദ്ദന മുറകൾ പുറത്തെടുത്തപ്പോൾ ഞാനും… ഓകെ… നിങ്ങളൊക്കെ ഇവിടെ നേരാവണ്ണം ജീവിക്കുന്നത് എനിക്കൊന്ന് കാണണം എന്ന് ഭീഷണി മുഴക്കി വീട് വിട്ട അദ്ദേഹത്തെ പിന്നെ ഞാൻ കണ്ടില്ല കുറെ കാലത്തേക്..,’

അവസാന ചിത്രവും കണ്ട് സ്റ്റെപ്പുകൾ ഇറങ്ങുന്നതിനിടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി .. ഇതൊന്നും ചോദിക്കേണ്ടിയിരുന്നില്ല .. എന്നാ മുഖം പറഞ്ഞു..

‘എന്റെ അനിയന് ഫിറ്റ്‌സ് ഒക്കെ വന്ന് രോഗം അധികമായ സമയം അശ്വനി ഹോസ്പിറ്റലിൽ എന്റെയും അമ്മയുടെയും കൂടെ അച്ഛനെയും ഞാൻ കണ്ടില്ല, ഒരു ബന്ധുക്കളെയും ഞാൻ കണ്ടില്ല… കൂട്ടുകാര് മാത്രം ഉണ്ടായി.. അല്ല എന്നും കൂട്ടുകാര് മാത്രമേ ഉണ്ടായിട്ടൊള്ളു എന്നതാണ് സത്യം…

പ്രകാശം ഒട്ടും ഇല്ലാത്ത ഒരു പുഞ്ചിരിക്കൊപ്പം അവള് ചോദിച്ചു…

‘അനിയൻ മരണപ്പെട്ടിട്ട് രണ്ടു വർഷം ആവുന്നു എന്നു പറഞ്ഞതായാണ് ഓർമ്മ.. അപ്പോഴും അച്ഛൻ വന്നില്ലേ..?

“പിന്നെന്താ … തീർച്ചായയും.. ദഹനം കഴിഞ്ഞ് വീട്ടിലെത്തിയതും തിരിച്ച് വീട്ടിൽ കയറാനും മറ്റും ബഹളം വെക്കുന്ന റോൾ ചെയ്യാൻ മറ്റാരുണ്ട്.. ഇനി ഇപ്പോ ഇത്രയൊക്കെ ആയില്ലേ ഒക്കെ മറന്നേക്ക് എന്ന് പറഞ്ഞ് അച്ഛനു വേണ്ടി വാദിക്കാൻ വന്ന ഒരുപാട് ബന്ധുജനങ്ങളെ ഞാൻ ഓർമ്മിക്കുന്നു..”

വാട്ട് ദി ഫ്.. സ്ഥലകലബോധത്തെ തുടർന്ന് അവള് പറയാൻ വന്നത് നിർത്തി…

‘കഴിഞ്ഞില്ല കുട്ടി… മരണ സദ്യ നടത്തണം.. കാരണവന്മാരെ മദ്യത്തിൽ കുളിപ്പിക്കണം എന്നു പറഞ്ഞ്.. അനിയന്റെ ചടങ്ങിൽ വേറൊരു വഴക്കും എന്റെ പിതാവിന്റെ പേരിൽ ചേർക്കാനുണ്ട്..
വീട്ടിലേക്ക് ഇനി ഒരു പ്രവേശനം ഉണ്ടാവില്ലെന്ന് ഉറപ്പായതോടെ അച്ഛൻ എന്റടുത്ത് ഒരു ഡയലോഗ് പറഞ്ഞിട്ടുണ്ട്… “ഇനി അച്ഛനുണ്ടെന്ന് കരുതണ്ട എന്ന്”… ഞാൻ അതിനൊരു മറുപടിയും പറഞ്ഞു… ,’അങ്ങനെ ഒരിക്കലും കരുത്തിയിട്ടും ഇല്ലെന്ന്’… ഇതായിരുന്നു ഞങ്ങൾ തമ്മിലുണ്ടായ അവസാന സംഭാഷണം…

മുഖം തീർത്തും ഇരുണ്ടു പോയി കഴിഞ്ഞ എന്റെ ശ്രോതാവ് ഇപ്രകാരം പറഞ്ഞു… ഞാനിന്നത്തെ ദിവസം നശിപ്പിച്ചു അല്ലെ…?

നെവർ… അച്ഛനെയാണെനിക്കിഷ്ടം എന്നു എല്ലാവരും പറയുമ്പോൾ .. അച്ഛനെ ഇഷ്ടം ആയിരുന്നു.. എന്ന് ഞാൻ തിരുത്തേണ്ടി വരുന്നതിന്റെ കാരണം നീ അറിഞ്ഞത് നന്നായെന്ന് എനിക്ക് തോന്നുന്നു..

vishnu.k45@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

3 × one =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top