Montage

കഥ- ഒപ്പ്‌

കഥ- ഒപ്പ്‌

By തസ്മിൻ ഷിഹാബ്

എന്തേ അച്‌ഛാ … എന്നെമറന്നുപോയോ?
അച്ഛന്റെ അരികിൽ ചേർന്നിരുന്ന് അനു ചോദിച്ചു.
ഉത്തരമില്ലാതെ പകച്ചുനോക്കി അച്ഛൻ കട്ടിലിൽ അനങ്ങാതിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ.
ഇന്ന് താനൊരു കുട്ടിയായ്‌ മാറിയിരിക്കുന്നു. വലിചെറിയപ്പെട്ട ഓട്ടപാത്രങ്ങൾ ചവിട്ടി ചിളക്കാനല്ലാതെ പിന്നെന്തിനുകൊള്ളാം. ചിലരത്‌ ഓട്ടയറിയാത്തവിധം പൂപ്പാത്രങ്ങളാക്കും. ചിലർ മുക്കിലേക്കെടുത്തെറിയും… ഇതൊക്കെതന്നെ ജീവിതവും. ആദ്യം ആവുന്നത്ര ജോലിയൊക്കെ ചെയ്തു കൊടുത്തിരുന്നു. എന്നിട്ടും മരുമകനതങ്ങട്‌ ബോധിച്ചില്ല.. അതുപോട്ടെ, പോറ്റിവളർത്തിയ മകളുടെ മുഖത്ത്‌ നോക്കിയുള്ള അലർച്ച! സഹിക്കാൻ കഴിഞ്ഞില്ല. ഒരീസം ആരുമറിയാതങ്ങട്‌ എറങ്ങിപ്പോന്നു.. എവിടേക്കെന്നൊ എന്തിനെന്നോ അറിയില്ലായിരുന്നു.. ആയകാലത്ത്‌ നല്ലോണം അധ്വാനിച്ച്‌ കുടുംബം നോക്കീട്ട്ണ്ട്‌. ഒറ്റമോളേ ഉണ്ടായുള്ളൂ. ഞനും ദേവുവും മണ്ണാറശാലയിൽ ഉരുളികമഴ്ത്തി നേർച്ചേം കാഴ്ച്ചേം വച്ചുണ്ടായ സന്തതി. കൈവളരണോ കാൽ വളരണോ എന്ന് നോക്കി ആറ്റുനോറ്റ്‌ വളർത്തി .. എന്നിട്ടെന്തായി…
ഒന്നും കാണാനും കേൾക്കാനും നിക്കാതെ ദേവൂനെ അങ്ങട്‌ വിളിച്ചത്‌ നന്നായി ഈശ്വരന്മാരെ…
അച്ഛൻ എന്താ ആലോചിക്കണെ..? ഞാൻ വന്നതിഷ്ടായില്ലാച്ചാൽ ഞാൻ പോകാം. എന്താ..?
രാഘവൻ നായർ എവിടെയോ കണ്ണുപായിച്ച്‌ വാതുറക്കാതിരുന്നു. താൻ ആവീട്ടിൽ നിന്നും പോന്നിട്ട്‌ ഇന്നേക്ക്‌ ഒരുമാസം. ആരോ വഴിയരികിൽ കിടക്കുന്നത്‌ കണ്ടിട്ട്‌ ഈ വൃദ്ധ സദനത്തിൽ കൊണ്ടന്നാക്കിയതാണ് . അന്നുമുതൽ എന്റെ വീടും വീട്ടുകാരും ഇതാണ് . മകളെ എനിക്കറിയില്ല… നൊമ്പരം അമർത്തിപിടിച്ച്‌ മനസ്സിലയാൾ ഉരുവിട്ടു. ഒരുമാസത്തിനിടയ്ക്‌ ഒരിക്കൽപോലും അച്ഛൻ ജീവിച്ചിരിപ്പുണ്ടോ എന്നുതിരക്കാത്ത മകൾ.. ഇങ്ങനെ ഒരു മകൾക്കു വേണ്ടിയാണൊ ….. അയാളുടെ കണ്ണുകളിൽ തീക്ഷ്ണതയുടെ തിരപ്പാച്ചിൽ.. മക്കളെകണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന് കാരണകന്മാർ പറയാറുള്ളതെത്ര ശെരിയാണെന്ന് രാഘവൻ നായർ ഓർത്തു. ഇന്നെന്നെകൊണ്ട്‌ ഇവൾക്കെന്തോ നേടാനുണ്ട്‌. എത്ര ഓണം കൂടുതലുണ്ടതാ. ഊഹം തെറ്റിയില്ല. അനു ചുറ്റുപാടുകളിലൊന്ന് കണ്ണോടിച്ചിട്ട്‌ ബാഗ്‌ തുറന്ന് ഒരു മുദ്രപത്രം എടുത്ത്‌ അച്ഛന്റെ മുന്നിൽ വച്ചു. പണ്ട്‌ മിഠായിക്കുവേണ്ടി ശഠ്യം പിടിച്ചിരുന്ന അതേമുഖ ഭാവത്തോടെ.. അച്ഛന്റെ സ്വത്ത്‌ ഇനി അച്ഛനെന്തിനാ .. ഏട്ടനുകുറച്ച്‌ ബാധ്യതയുണ്ട്‌. ഇത്‌ വിറ്റിട്ട്‌ കുറച്ചുകൂടി സൗകര്യമുള്ളതൊന്ന് എടുക്കാം. അച്ഛനൊന്ന് ഒപ്പുവച്ചുതാ… അനു നയത്തിൽ കാര്യം പറഞ്ഞു. രാഘവൻ നായർ മിണ്ടിയില്ല. ഉള്ളിൽ തികട്ടിയതൊക്കെ കടിച്ചിറക്കിയിട്ട്‌ അയാൾ ഊറിച്ചിരിച്ചു. അനുവച്ചുനീട്ടിയ മുദ്രപത്രവും പേനയും കയ്യിലെടുത്തു.. അയാൾ അതിൽ വരച്ചു.. ഒരുചെറിയവീട്‌, കരിയില മൂടിയ അസ്ഥി തറ… അതിന്റെ അടിയിൽ ആർക്കും പകർത്താനാവാത്ത ജീവിതത്തിന്റെ കയ്യോപ്പും.

thasminka@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

fifteen − three =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top