Montage

കഥ- ജീര്‍ണ്ണതയ്ക്കൊപ്പം അര്‍ബുദവും

കഥ- ജീര്‍ണ്ണതയ്ക്കൊപ്പം അര്‍ബുദവും

By സൂരജ് തണ്ടാശ്ശേരി

വിളവെടുക്കാറായ കരിമ്പുചെടികള്‍ക്കിടയിലൂടെ നിര്‍മ്മല്‍ പ്രതാപ്‌സിംഗ് മൊന്തയില്‍ വെള്ളവുമായി നടന്നു. ബോധിച്ച സ്ഥലം കണ്ടെത്തി കുന്തിച്ചിരുന്നു. നീണ്ടു നില്‍ക്കുന്ന ഒരു ഇലതുമ്പ് പൊട്ടിച്ച് വായിലിട്ട് ചവച്ചു. പൊടിമണ്ണ് പാറിച്ചു റോസയിലേക്ക് പോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ അയാള്‍ കേട്ടു. നാഷണല്‍ ഹൈവേക്കും അപ്പുറം റോസയിലെ വൈദ്യുതനിലയത്തില്‍നിന്നും പുറത്തുവരുന്ന കട്ടിയുള്ള കറുത്ത പുക ഒരു നൂലുപോലെ മുകളിലേക്ക് ഉയര്‍ന്നുപോകുന്നതും അയാള്‍ കണ്ടു. തലേന്നത്തെ പരിപ്പും ഉരുളക്കിഴങ്ങും ചീരയും ചെറിയ ശബ്ദഘോഷങ്ങളോടെ പുറത്തുവരുമ്പോള്‍ അയാളുടെ മുഖത്ത് സംതൃപ്തി നിറഞ്ഞു. സുഖകരമായ ഏതോ ചിന്തകളില്‍ അയാള്‍ മുഴുകി.

അപ്പോഴാണ്‌ അയാളുടെ മൊബൈല്‍ ശബ്ദിച്ചത്. ഗ്രാമത്തില്‍ നിന്നും വെല്യച്ഛനാണ്. ‘ജയ് റാംജി കി’ പറഞ്ഞ് അയാള്‍ ഭയഭക്തിയോടെ സംസാരിച്ചു. ഒപ്പം വിസര്‍ജനവും തുടര്‍ന്നു. അല്‍പ്പനേരം കഴിഞ്ഞ് സംഭാഷണം അവസാനിപ്പിച്ച്, ചന്തി ശുദ്ധി വരുത്തിയതിനുശേഷം മൊന്തയുമായി അയാള്‍ തിരിച്ചുനടന്നു. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങള്‍ക്കു നടുവില്‍ ഒരു ചെറിയ രണ്ടുമുറി മണ്‍വീട് ഒറ്റപ്പെട്ടു നിന്നിരുന്നു. അയാള്‍ അതിനകത്തേക്ക് കയറി.

ഉദ്ദേശം ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നാല് തടിയന്മാര്‍ ഒരു തുറന്ന ജീപ്പില്‍ ആ വീടിനു മുന്നിലേക്ക് എത്തിച്ചേര്‍ന്നു. അവരെ കാത്തിരുന്നപോലെ നിര്‍മല്‍ സിംഗ് ഉടനെ വാതില്‍ തുറന്ന് പുറത്തിറങ്ങി. കയ്യിലുള്ള താക്കോലെടുത്ത് പൂട്ടിയിട്ടിരുന്ന രണ്ടാമത്തെ മുറി അയാള്‍ തുറന്നു. തടിയന്മാര്‍ അകത്തേക്ക് കയറിപ്പോയി. ഏതാനും നിമിഷങ്ങള്‍ക്കകം അവര്‍ സുനിതയെയും യദുകൃഷ്ണനെയും പിടിച്ചുവലിച്ച് പുറത്തേക്കിട്ടു. അവര്‍ക്ക് ചുറ്റും പൊടിമണ്ണിന്റെ പടലങ്ങളുയര്‍ന്നു.

നിര്‍മല്‍ സിംഗ് സുനിതയോട് പറഞ്ഞു,” ദീദി ക്ഷമിക്കണം. കുടുംബത്തെ ചതിച്ചുകൊണ്ട് നിങ്ങളുടെ ബന്ധത്തിന് കൂട്ടുനില്‍ക്കാന്‍ എനിക്കാവില്ല. ഈ തലമുറ വരുത്തുന്ന ചീത്തപ്പേര് നലുതലമുറ കഴിഞ്ഞാലും മാഞ്ഞെന്നു വരില്ല. ഇത് നടക്കാന്‍ പാടില്ല.”

യദുകൃഷ്ണന്‍ അമ്പരപ്പോടെ അയാളുടെ മുഖത്തേക്ക് നോക്കി.” യോഗിജിയുടെ സമ്മേളനങ്ങള്‍ക്ക് അങ്ങയോടൊപ്പം മുദ്രാവാക്യം മുഴക്കാന്‍ ഞാനുമുണ്ടായില്ലേ? ഭായ് ഭായ് എന്ന് വിളിച്ച് അങ്ങല്ലേ എന്നെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം തന്നത്? ഹിന്ദു സോദരരുടെ ഐക്യത്തിനായി എന്നോടൊപ്പം തോള്‍ചേര്‍ന്ന് പ്രവര്‍ത്തിച്ച അങ്ങ്, അങ്ങിപ്പോള്‍ ഞങ്ങളെ ചതിക്കുകയാണോ?

“എടാ മദ്രാസി, പട്ടിയുടെ സ്ഥാനം എന്നും വീട്ടിനുവെളിയിലാണ്. നിന്നെകൊണ്ട് ഗുണമുണ്ടായിരുന്നപ്പോള്‍ അല്‍പ്പം സ്നേഹം കാണിച്ചെന്നുകരുതി കുടുംബത്തിനു മാനക്കേടുണ്ടാക്കാന്‍ ശ്രമിക്കുന്നോ? നിന്റെ ജാതി ഏതെന്നു എനിക്കറിയാം. നിന്നെ ഒരിക്കല്‍പോലും വീടിന്റെ അകത്തേക്ക് കയറ്റിയിട്ടില്ലല്ലോ, ഇപ്പോള്‍ കാരണം മനസ്സിലായോ? ക്ഷുദ്ര ജന്തു, അവസരം മുതലാക്കി പെണ്ണുങ്ങളെയും കൊണ്ട് നാടുവിടാന്‍ ശ്രമിക്കുന്നു. ചൌതെരയിലെ ഒരു പുല്‍ക്കൊടി പോലും നിനക്ക് ഞാന്‍ വിട്ടുതരില്ലെടാ.”

നിര്‍മല്‍ സിംഗ് യദുകൃഷ്ണന്റെ നെഞ്ചില്‍ ഊക്കോടെ തൊഴിച്ചു. തടിയന്മാര്‍ ചുറ്റും നിന്ന് യദുകൃഷ്ണനെ ചവിട്ടിക്കൂട്ടി. കരഞ്ഞുകൊണ്ട്, അവരെ തടയാന്‍ ശ്രമിച്ച സുനിതയെ നിര്‍മല്‍ സിംഗ് പിടിച്ചുമാറ്റി. പിന്നെ അവളെയും വലിച്ചിഴച്ചു അയാള്‍ കരിമ്പുചെടികള്‍ക്കിടയിലൂടെ നടന്നു. സുനിത തിരിഞ്ഞുനോക്കിക്കൊണ്ട് ഉറക്കെ കരഞ്ഞു. അവളെ മുന്നിലേക്ക് വലിച്ചിട്ട്, നിര്‍മല്‍ സിംഗ് അവളുടെ ചെകിട്ടത്ത് ആഞ്ഞടിച്ചു. അവളുടെ വായില്‍നിന്നും കട്ടച്ചോര പുറത്തേക്കൊഴുകി. സുനിതയെ മലര്‍ത്തിക്കിടത്തി അയാള്‍ അവളുടെ മുകളില്‍ കയറിയിരുന്നു. എന്നിട്ട് അവളോട്‌ പറഞ്ഞു, “രണ്ടിനെയും കത്തിച്ചുകളയാനാണ് വെല്യച്ഛന്‍റെ കല്‍പ്പന.” ശേഷം ഒരു ചെറുചിരിയോടെ അയാള്‍ തുടര്‍ന്നു,” പഴുത്ത മാങ്ങകള്‍ രുചിച്ചുനോക്കാതെ വലിച്ചെറിയുന്നത് മണ്ടത്തരമാണ്.” അയാള്‍ തന്‍റെ കഴുത്തില്‍കിടന്നിരുന്ന തോര്‍ത്തെടുത്ത് അവളുടെ വായില്‍ തിരുകി. അവളുടെ പാവാടച്ചരടിലേക്ക് അയാളുടെ കൈവിരലുകള്‍ നീണ്ടുചെന്നു. കുറച്ചപ്പുറത്തായി നിര്‍മല്‍ സിംഗിന്റെ ചൂടുമാറാത്ത തീട്ടത്തില്‍ ഈച്ചകള്‍ ആര്‍ത്തുപൊതിഞ്ഞു.

str6073@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

eighteen − 14 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top