Montage

കയറ്റിറക്കങ്ങളുടെ കാട്

കയറ്റിറക്കങ്ങളുടെ കാട്

ശ്രീജയ.സിഎം

കാടു കയറുന്നതു സൂക്ഷിച്ചുവേണം
കാടു കയറുമ്പോൾ
ഈറ്റ വെട്ടാൻ കാടുകയറിയ
പെണ്ണുങ്ങളെയാണോർമ്മ വന്നത്.
വഴുക്കലിൽ പെരുവിരലൂന്നിനടന്ന
അവരുടെ കത്തിയുടെ മുനമ്പുപിടിച്ചാണ്
ഞാനാ വഴുക്കൻ പാടം നടന്നുതീർത്തത്.
നിങ്ങൾ കരുതും പോലെ കാടു പച്ചയല്ല
നിശബ്ദത താങ്ങിത്തളർന്ന ഇരുട്ട്.
ചെറിയ_വലിയ മഴക്കൂടാരങ്ങളുമല്ല
താഴെ നിന്നും മുകളിലേക്കുനോക്കുമ്പോൾ
വളർന്നുപന്തലിച്ചുനിൽക്കുന്ന പേടി.
ഒരു കീറാകാശം കാണുമ്പോഴുള്ള ആശ്വാസം.
പിന്നെ, വഴികളാണ്, ഇടവഴികൾ
അകത്തേക്കോ പുറത്തേക്കോ നീട്ടമെന്നു തിരിച്ചറിയാനാകാത്തവ.
പല ശബ്ദങ്ങൾക്കിടയിലും
നിശബ്ദത ചൂഴ്ന്നുള്ള
ചില കണങ്കാൽ കഴച്ചുള്ള നില്പുകൾ.
മൊത്തിക്കുടിച്ചവെള്ളത്തിന്
ദാഹത്തിന്റെ രുചി.
ഒടുവിൽ കാടിറങ്ങുമ്പോൾ
പച്ച,മരക്കൂടാരങ്ങൾ,
ഉള്ളിലേക്കു നീണ്ടിറങ്ങുന്ന വഴികൾ,
ശാന്തമായ നിശബ്ദത
വൈരുദ്ധ്യങ്ങളുടെ ഒടുങ്ങാത്ത
കാടു പറച്ചിലിങ്ങനെ തീരുന്നതല്ല.
നമ്മുടെയീ കയറ്റിറക്കങ്ങളുടെ
ഇടയിലെവിടെയോ ആണ്
കണ്ടുതീരുമ്പോഴേക്കും
പറഞ്ഞുതീരുമ്പോഴേക്കും
തീയെരിക്കുന്ന ശരിക്കും കാട്.

0

ശ്രീജയ.സിഎം

ശ്രീജയ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിനിയാണ്. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. ഇപ്പോൾചെറുപുഴ നവജ്യോതി ആർട്സ് ആന്റ് സയൻസ് കോളേജിൽ മലയാളം അസി.പ്രൊഫസറായി ജോലിചെയ്യുന്നു.

View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

five + 17 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top