Montage

കവിത- ഓടിയെത്താത്ത ഇടങ്ങൾ

കവിത- ഓടിയെത്താത്ത ഇടങ്ങൾ

By Mahendar

പലതുണ്ട് നിങ്ങളുടെ ജീവിതത്തിൽ
നിങ്ങൾ എത്താത്ത ഇടങ്ങൾ

വീട്ടിനകത്ത്
അടുക്കള ഊണ്മുറി കിടപ്പറ കുളിമുറിയിലെ
ഒരുപാട് മൂലകളിൽ
മച്ചിൻ പുറ ഇടുക്കുകളിൽ
പുറത്തെ ഓടിന്മുകളിലെയോ  ടെറസ്സിലെയോ
പരുപരുത്ത ചൂടുകളിൽ

മുറ്റം തൊടി വേലി മതിൽ
മരത്തണൽ
നിങ്ങൾ എത്തുന്നേയില്ല എന്ന്
പരാതി പറയുന്ന
കിണർ പരിസരങ്ങൾ

നാട്ടിലെ
സ്ഥിരം ഇടവഴികൾ മാറി
തണൽ വിരിച്ചു കിടക്കുന്ന
നൂറുനൂറു കുട്ടിയിടവഴികൾ

സ്ഥിരം ബസ്സു കാത്തു നില്ക്കുന്നയിടത്തെ
മരത്തണൽ , ഒതുക്കു കല്ലുകൾ
ചുറ്റിനും ചിതറിക്കിടക്കുന്ന
നിങ്ങളുടെ ആയുസ്സിനെക്കാളും പഴക്കമുള്ള
പരിസരങ്ങൾ
ബസ്സിനകത്തെ നിങ്ങളെത്താത്ത സീറ്റുകൾ
നഗരത്തിലെ നിങ്ങളെത്താത്ത തെരുവുകൾ
നിങ്ങൾ എത്തിയിട്ടും
നിങ്ങൾ കാണാതെ പോകുന്ന
ഒരു പാട് ജീവിതങ്ങൾ
വഴിയോരക്കാഴ്ചകൾ

വല്ലപ്പോഴും വഴി തെറ്റി
അടുത്തു ചെല്ലുമ്പോൾ
അപ്പോൾ മാത്രം
ശ്രദ്ധ കൊടുത്താൽ മാത്രം
കേൾക്കാനാവുന്ന
അവയുടെ പരിഭവങ്ങൾ നിങ്ങൾ
ഒരിക്കലും കേട്ടുകാണില്ല

നിങ്ങളുടെ ശരീരമെത്താത്ത
കണ്ണുകൾ എത്താത്ത
ചെവികൾ എത്താത്ത
ഒരുപാടിടങ്ങൾ

പുതുപുതു ഇടങ്ങൾ
ഉല്ലാസയാത്ര നടത്തി
നിങ്ങൾ കണ്ണുകൾ വിടർത്തി
മനസ്സുകൾ വിടർത്തി
അറിയുന്നു രോമാഞ്ചപ്പെടുന്നു

തൊട്ടടുത്തു
വീട്ടുതൊടിയിൽ
ദിവസേന വന്നു പോകുന്ന
ഒരു വെട്ടുകിളിയുടെ
ആഹ്ലാദം
നിങ്ങളിലേയ്ക്ക് എത്തുന്നതേയില്ല

ആരുമില്ലാതെ
തിരക്കുകളില്ലാതെ
ചില സ്ഥലങ്ങളിൽ ഏകാന്തത കുടിക്കുമ്പോൾ
നിങ്ങളിൽ എന്തോ വന്നു നിറയുന്നില്ലേ?

നിങ്ങൾ മറന്നു വച്ചയിടങ്ങൾ
ഒരു പരിഭവവുമില്ലാതെ
നിങ്ങളിൽ വന്നു നിറയുന്ന
ചുരുക്കം നിമിഷങ്ങളാണവ

ഏകാന്തത എന്ന് നിങ്ങൾ  അതിനെ  വിളിക്കുന്നു
വാസ്തവത്തിൽ അതൊരു
ആൾക്കൂട്ട നിവേദനമാണെന്ന്
നിങ്ങൾ  അറിയാതെ പോകുന്നു.
——————-
മഹേന്ദർ

1

One thought on “കവിത- ഓടിയെത്താത്ത ഇടങ്ങൾ”

  1. ഓടിയെത്താത്ത ഇടങ്ങള്‍—- എപ്പോഴും ഓടിയെത്തുന്ന ഇടങ്ങളിലെ ,കണ്ടിട്ടും കാണാത്ത ഇടങ്ങളെ ഇപ്പോഴാണ് കണ്ടത്. ഏകാന്തതക്ക് ഇതിലും നല്ലൊരു തിരിച്ചറിവ് വേറെയില്ല.

Leave a Reply

Your email address will not be published. Required fields are marked *

nine − four =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top