Montage

കവിത- ചിന്താവിഷ്ടയായ പശു

കവിത- ചിന്താവിഷ്ടയായ പശു

By പീതാംബരൻ നായർ, കൽക്കത്ത

നനുത്ത പച്ചപ്പുല്ലും തിന്നു, കാടിയും മോന്തി,
കനത്ത വയറുമാ,യല്പമാലസ്യത്തോടേ;

തൊഴുത്തിൽക്കിടന്നയവിറക്കേ രാവിൽ,പ്പയ്യേ-
യിഴഞ്ഞു വന്നൂ പയ്യിൻ മാനസേ പല ചിന്ത;

ഉച്ചയ്ക്കു മൂരിക്കുട്ടൻ പാടത്തു മേയുന്നേര-
ത്തുച്ചത്തിൽ വിളിച്ചോതീ,”യറിഞ്ഞോയമ്മേ, നമ്മേ;

പാടില്ല മേലിൽ വില്ക്കാൻ, വാങ്ങുവാൻ, കശാപ്പിന്നായ്
നാടൻ ചന്തയിൽ, സർക്കാരുത്തരവായീ പോലും;

തന്നത്താൻ ദീനത്താലെച്ചത്തിടും വരേയിനി
നന്നായ് ജീവിക്കാനൊക്കും നമുക്കിപ്പാരിലമ്മേ”;

ഉച്ചനേരത്തു കത്തും വെയിലിൽ മേയുമ്പോഴും
പച്ചവെള്ളത്തിൻ സമം മാനസം കുളിർന്നുപോയ്;

സന്തോഷത്താലേയിറ്റു കണ്ണുനീരു നേത്രത്തി,-
ലന്തികത്തു മേഞ്ഞീടും മറ്റു പൈക്കൾ പാർത്തത്തത്രേ!

ഗാഢമായിപ്പോൾപ്പുനരാലോചിക്കവേ കാര്യം,
ഗൂഢമാം മറുവശം ഭീതിയോടവൾ കണ്ടു;

പാലു വിൽക്കുമ്പോൾ തീറ്റിപ്പോറ്റുവാൻ ചിലവാകും
മേലെ കിട്ടുന്നൂ പണം, ലാഭമുണ്ടതിലോർത്താൽ;

കിട്ടും ചാണകത്തിനും ചില്ലറ വല്ലപ്പോഴും,
പെട്ടിടും തുക വമ്പൻ പിന്നെ വിറ്റീടുമ്പോഴും;

കഴിയെക്കുറച്ചു നാൾ കറവ വറ്റീടുമ്പോൾ,
കഴിയില്ലയോ കാര്യം, പിന്നെയെന്തുണ്ടാം പ്രീതി?

വൃദ്ധരാം മാതാപിതാക്കളെപ്പോറ്റീടാ മർത്ത്യർ
വാർദ്ധകത്തിൽഗ്ഗോവിനെപ്പരിപാലിച്ചീടുമോ?

പുല്ലും വെള്ളവും നൽകാതാകില്ലെ പയ്യെപ്പയ്യെ,
എല്ലുപൊന്തിച്ചാവാലീയാകയില്ലേ പയ്യെല്ലാം?

‘അമ്മിണീ’യെന്നു വിളിച്ചാരോമനിക്കും പിന്നെ,-
യിമ്മിണി സ്നേഹത്തോടെയാർ തലോടും നെറ്റിയിൽ?

കിടത്തിത്തോട്ടിൽ,ത്തേച്ചു കുളിപ്പിച്ചിടുമാരു,-
മടി കൂടാതെത്തന്നെത്തടവിത്താലോലിക്കും?

ഒരു നാൾ കയറൂരിപ്പതിയേ വിട്ടീടില്ലേ,
തെരുവിൽത്തെണ്ടിത്തിന്നാ,നഭ്രമാവില്ലേ ഭക്ഷ്യം?

മരണം സുനിശ്ചിതം ധരയിൽ ജനിച്ചീടി,-
ലൊരു ജന്തുവിന്നുമില്ലതിൽനിന്നു മോചനം;

ഒറ്റ വെട്ടിനു രണ്ടു തുണ്ടമായ് മരണത്തെ
ചെറ്റെന്നു വരിക്കുവാനായാലതല്ലേ നല്ലൂ?

അലഞ്ഞു, തിരിഞ്ഞാഹരിക്കുവാനൊന്നും കിട്ടാ-
തുലകിൽപ്പഷ്ണി കിടന്നൊടുവിൽച്ചത്തു മണ്ണിൽ;

അടിയുന്നതേക്കാളുമെത്രയോ ഭേദം മാംസം
കൊടുക്കാൻ കഴിഞ്ഞെന്നാൽ മനുജന്നു ഭക്ഷിപ്പാൻ?

ഇരയല്ലയോ മറ്റു ജന്തുക്കൾക്കന്യജീവി,-
യിരുകാലിയാണേലും മൃഗമല്ലയോ നരൻ?

യാതൊരു പദാർത്ഥവും സമ്പത്തും ജന്തൂജനം
ഭൂതലേ വൃഥാ കളയായ്കിലെത്രയോ നല്ലൂ?

വന്നിടും തലമുറക്കായി വിട്ടീടേണ്ടയോ
എന്നും വല്ലതും പാരിൽ ബോധമുള്ളോരാം നരർ?

ചിന്താവിഷ്ടയായിത്ഥ,മെപ്പോഴെന്നറിഞ്ഞീല,
മന്ദമന്ദമാ ധേനു നിദ്രയിലാഴ്ന്നാഴ്ന്നു പോയ്.

nairkp60@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

2 × four =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top