Montage

കവിത- നീയൊരു നഷ്ടം!

കവിത- നീയൊരു നഷ്ടം!

By Tony Thomas

മുഖമിരുണ്ട ദിനങ്ങളിലെല്ലാം
മൂകമായ് ഞാൻ കേഴുന്നകേൾക്കേ,
സൂര്യനായ് നീ മുകളിൽ തെളിഞ്ഞു!
വീര്യമായി ഉയിരിൽ നിറഞ്ഞു!

സുഖമില്ലെന്ന കാരണമോതി
ഏകനായ്ഞാനിരിപ്പതു കാൺകെ,
കാര്യമറിയാൻ കാതുമായ് വന്നു,
ധൈര്യമേകി കൂടെ നീ നിന്നു!

നെഞ്ചിൽ പൂത്തൊരാനൊമ്പരപ്പൂക്കൾ
കൊഞ്ചലോടെ നീ വന്നിറുത്തു!
“നിന്റെ വാടിയിൽ ഞാനുണ്ടുപൂവായെ”-
ന്നെന്റെ കാതിൽ മധു നീ പകർന്നു!

നീറ്റലുള്ളിൽ നിറച്ച ചൂടിൽ
ചാറ്റൽമഴയായ് നീ വന്നണഞ്ഞു!
“നിന്റെ മാനത്തു ഞാനാണുമുകിലെ”-
ന്നെന്റെ മണ്ണിൽ മാരി ചൊരിഞ്ഞു!

അന്നുനാമൊരുമിച്ചാ തണലിലിരിക്കെ
ചൊന്നുനീ, ഇരുകരവും കവർന്ന്:
“കാതുകൾ രണ്ടുണ്ടെനിക്ക,തിലൊന്ന്
നിന്നെ കേൾക്കുവാൻ ഉള്ളതാണെ”ന്ന്!

“ധൈര്യമായ് പറയൂ, ശങ്കിക്കവേണ്ട!
തെറ്റുകളെങ്കിൽ തിരുത്താം ഞാനെ”ന്ന്!
“മൂടിവയ്ക്കേണ്ട, മടി കരുതേണ്ട,
എല്ലാം നിനക്കെന്നോടായ് പങ്കിടാമെ”ന്ന്!

ശ്രോതാവു സിദ്ധിച്ച ഭാഗ്യമറിഞ്ഞ്
വാചാലമായി എന്റെ മൗനങ്ങൾ!
തോന്നിത്തുടങ്ങി,യീ ഭൂവിലെനിക്ക്
അർത്ഥമെന്തേതോ കൈവരുന്നെന്ന്!

കാര്യമായി ഞാൻ പറഞ്ഞതിൽ പലതും
കളിയായേ നീ കരുതിയിട്ടുള്ളൂ!
കളിയായി ഞാൻ ചെയ്തവയെല്ലാം
കളിയാക്കിയേ കളഞ്ഞിട്ടുമുള്ളൂ!

അറിയില്ലെനിക്കിന്നും എന്തുകൊണ്ടെന്ന്
പൊടുന്നനെ നീയങ്ങനെ ചൊല്ലിയതെന്ന്!
അന്യൻ പടയ്ക്കുന്ന അപവാദവാതം
അനന്യയാം നിന്നെ ഉലച്ചതെന്തെന്ന്!

നിനക്കെന്നപോലെയീ ഭൂവിൽമറ്റാർക്കും
ഞാനെന്ന കള്ളം അറിവതില്ലല്ലോ!
കള്ളൻ ഞാൻ! എന്നോ ഉള്ളുതുറന്നതു
നിന്നോടൊ, രുകള്ളം തിരുത്തുവാനല്ലോ!

എന്നിട്ടുമെന്തിനോ പോയി നീ പാവം
എന്നെയെന്തിനോ തിരസ്ക്കരിച്ചേവം!
നിത്യമിത്രമെന്നുറച്ച വ്യക്തിയെ
സത്യമത്രമേൽ നോവിച്ചുവെന്നോ?

പകൽ പോയാൽ വരും പിന്നാലെ
പകയെന്നപോൽ രാവുനിശ്ചയം!
ഉയിർത്തിട്ടുവീണ്ടുമാദിത്യനെന്നപോൽ
തിരികേവരുമോ നമ്മുടെ വസന്തവും?

നഷ്ടമായെങ്കിലും സ്പഷ്ടമായ്ചൊല്ലാം ഞാൻ:
“നഷ്ടമേ, ഇന്നും ഇഷ്ടപ്പെടുന്നു ഞാൻ!”
നഷ്ടമായെങ്കിലും സ്പഷ്ടമായ്ചൊല്ലാം ഞാൻ:
“നഷ്ടമേ, എന്നും ഇഷ്ടപ്പെടുന്നു ഞാൻ!”

tonykkdl@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

fourteen − five =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top