Montage

കവിത- സീതായനം

കവിത- സീതായനം

By ഇന്ദിരാബാലൻ

ഋതുരാഗം ചൂടി വന്നെത്തി
നിൽക്കുന്നിതാ രാമായണക്കാറ്റുകൾ
ഉറക്കച്ചടവു ചൂടിയ മിഴി തുറക്കുന്നു പൂവാംകുരുന്നിലകളും
ഇടവഴികളിൽ ഈടുവെയ്പ്പുകളായ് നിറയുന്നു ദശപുഷ്പങ്ങൾ
വിരഹപല്ലവി മൂളിയടുക്കുന്നു
ആടിമാസ സന്ധ്യകളും
കർക്കിടകയാമങ്ങളിൽ
പൂത്തുലയുന്നു രാമശീലുകൾ
ചികുരഭരയായ് വിരഹാതുരയായ്
പിടയുന്നു പെണ്ണിൻ വ്യഥകളും
തണലേകുമീ മഹാവൃക്ഷത്തിൻ
വിടപങ്ങളും മൂകരായ്
ചതുരശ്രയേകതാളത്തിൽ
ചുവടുകൾ വെച്ചു നീങ്ങുന്നു നമ്രശിരസ്ക്കരായ്……
ഉത്തരങ്ങളില്ലാതെ നിറയുന്നിവിടെ
ചോദ്യശരങ്ങൾ തൻ ആവനാഴികൾ
പകലുകളുമണിയുന്നു ലജ്ജ തൻ ശിരോവസ്ത്രങ്ങൾ
പെയ്തിറങ്ങുന്നു ശലഭമഴകൾ ,
പകർന്നാടുന്നു ഋതുസന്ധ്യകൾ
ഏതുമേയറിയാതെ ശില പോൽ നിശ്ചലമമരുന്നു
രാവിൻ ചുരുൾമുടികൾ
നിവരുമ്പോഴുമീ ഭൂമിപുത്രി….
രാമകഥയിൽ മുഴുകുമ്പോൾ
മറക്കുന്നുവോ കിളിമകളെ
നീയീ ഭൂമി പെറ്റ ഉഴവുചാലിൽ
വേപഥുക്കളും……
തിരസ്ക്കാരത്തിൻ തീക്കനലൂതി
പതം വരുത്തി ഈറൻ സന്ധ്യകളെ
അപ്പോഴുമുയരുന്നു
അധികാരത്തിൻ ശാസനകളായ്
ചെങ്കോലിൻ ഹുങ്കാരങ്ങൾ
ശലഭമഴയല്ലിവൾക്കിത് തീമഴയായ് പെയ്യുന്നുള്ളുരുക്കങ്ങളിൽ
തുറക്കുക രാഘവാ
മോചനത്തിൻ വെളിച്ചം
തൂവും വഴികളെ
പാടുക കിളിമകളെ നീയാ രാജനീതികൾക്കൊപ്പം
തപിച്ചുരുകും സ്ത്രീ ചിത്തത്തിൻ
നോവേറ്റിയ സീതായനങ്ങളും
പകർന്നാട്ടങ്ങൾ കഴിഞ്ഞു
മടങ്ങട്ടെ ഈറൻ സന്ധ്യകളും
തുയിലുണരട്ടെ രാവണൻ കോട്ടകൾ തകർത്ത
ഭൂമി മാതാവിൻ വീര ചരിതങ്ങളും!

ndira.indeevaram@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

7 − 2 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top