Montage

കുംഭത്തിൽ വിരിഞ്ഞ തുമ്പപ്പൂവ്

കുംഭത്തിൽ വിരിഞ്ഞ തുമ്പപ്പൂവ്

“അച്ഛാ ഞാനും വരട്ടേച്ഛാ ”

രണ്ടു വയസ്സ് കഴിഞ്ഞപ്പോൾ മുതൽ ചോദിക്കുന്ന ചോദ്യമാണിത്. പുതിയ ഡ്രസ്സുമിട്ട് യാത്രക്കൊരുങ്ങുമ്പോൾ അവൾക്കറിയാം. ഇന്ന് വിവാഹമോ അല്ലങ്കിൽ അതുപോലെയുള്ള എന്തെങ്കിലും കാര്യത്തിന് പോവുകയാണെന്ന്. ഓഫീസിൽ പോകുന്ന വേഷവും അവൾക്ക് തിരിച്ചറിയാം. ” അച്ഛാ ഞാനും വരട്ടേച്ഛാ” എന്നുള്ള ചോദ്യം വീണ്ടും ഉയരുമ്പോൾ അയാൾ പറയും. ” എന്റെ മുത്ത് ഇന്നു വരണ്ട അച്ഛൻ ഒത്തിരി ദൂരയാ പോണേ, ഞാനും മോളും അമ്മയും കൂടി ഞായറാഴ്ച ഒരിടത്തു പോകുന്നുണ്ട്. എന്താ മതിയല്ലോ … അൽപ്പനേരം അവൾ എന്തോ ചിന്തിച്ചിരിക്കും. പിന്നെ പൂവ് വിടരുന്ന ഭംഗിയോടെ പുഞ്ചിരിച്ചു കൊണ്ട് ഓടിച്ചെന്നയാളെ കെട്ടിപ്പിടിക്കും. ഓക്കെ സമ്മതിച്ചു. അവൾ പറയും. അയാൾ ബൈക്ക് സ്റ്റാർട്ടാക്കുമ്പോൾ അവൾ ഓടി വീടിന്റെ മുൻവശത്തു വരും. ഒരു ചെറിയ ചടങ്ങുണ്ട്. ഗേറ്റ് കടക്കുന്നതിന് മുൻപ് അയാൾ ബൈക്ക് നിർത്തി തിരിഞ്ഞു നോക്കും . അവളപ്പോൾ സിറ്റൗട്ടിൽ നിന്നു കൊണ്ട് കൈയുയർത്തി റ്റാ..റ്റാ… കാണിക്കും. അയാൾ തിരിച്ചും. ബൈക്ക് ഗേറ്റു കടക്കുമ്പോൾ സ്വർണ്ണപാദസര കിലുക്കത്തോടെ അകത്തേക്കോടും. ഈ പതിവ് തെറ്റിക്കാറില്ല.

വിവാഹം കഴിഞ്ഞ് നാലു വർഷമായിട്ടും ആ വീട്ടിൽ ഒരു പിഞ്ചു പാദസ്പർശമുണ്ടായില്ല. ഒരുപാട് ഡോക്ടർമാരെ കണ്ടു. ധാരാളം മരുന്നും അതിനു പുറമേ അറിയാവുന്ന ക്ഷേത്രങ്ങളിലെല്ലാം വഴിപാടുകളും നേർന്നു. ഈ കാര്യത്തിൽ പക്ഷേ നിരാശ മാത്രമായിരുന്നു ഫലം. ഒരു ദിവസം ഉറങ്ങാൻ കിടന്നപ്പോൾ ലതികയ്ക്ക് ( ലതിക എന്നാണ് ഭാര്യയുടെ പേര്. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു പാവം പെണ്ണ്. ഒന്നുറക്കെ സംസാരിച്ചാൽ അവളുടെ കണ്ണ് നിറയും. അത്ര സ്നേഹമാണ്) തന്നോടെന്തോ പറയാനുള്ളതുപോലെ തോന്നി. കട്ടിലിൽ ഓരം ചേർന്നു കിടക്കുന്ന അവളുടെ ദീർഘനിശ്വാസം ഇടയ്ക്കിടെ കേൾക്കാം. എന്താണങ്കിലും പറയുന്നങ്കിൽ പറയട്ടെ ചോദിക്കുന്നില്ല അയാൾ തീരുമാനിച്ചു. ഒരു വശത്ത് കിടന്ന അവൾ വലതുകാൽ അയാളുടെ കാലുകളിലേക്ക് കയറ്റി വെച്ച് വലതു കൈപ്പടം ആ നെഞ്ചിലേക്കു വെച്ചു. കണ്ണടച്ചു കിടന്ന അയാൾ കണ്ണുകൾ തുറന്നില്ല. “ഉറങ്ങിയോ ഇത്ര വേഗം ” എന്നു ചോദിച്ചു കൊണ്ട് അവൾ അയാളുടെ മൂക്കിൽശക്തിയായ് പിടിച്ച് തിരുമ്മി. നല്ലതുപോലെ വേദനിച്ചുവെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ തലയണ കണ്ണുനീരിനാൽ കുതിരും വരെ അവൾ കരയുമെന്നറിയാവുന്നതുകൊണ്ട് ” ഇല്ല” എന്ന് മറുപടി പറഞ്ഞ് കണ്ണുകൾ തുറന്നു. ” ഞാനൊരു കാര്യം പറയട്ടേ എന്നോട് ദേഷ്യപ്പെടുമോ ” അവൾ ചോദിച്ചു. “ആദ്യം കാര്യം കേൾക്കട്ടെ പിന്നെ തീരുമാനിക്കാം ദേഷ്യപ്പെടണോ വേണ്ടയോ എന്ന് ” അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ” എന്നാ വേണ്ടാ ” അവൾ പിണങ്ങിത്തിരിഞ്ഞു കിടന്നു. കിടക്കയിൽ എഴുന്നേറ്റിരുന്നു കൊണ്ട് അവളെ ബലമായിപ്പിടിച്ച് തിരിച്ചു കിടത്തി. ” പറ ദേഷ്യപ്പെടില്ല” എന്നു പറഞ്ഞു. “വർഷം നാല് കഴിഞ്ഞു നമ്മുടെ വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ ഒരു കുഞ്ഞിനെ തരാൻ എനിക്ക് പറ്റിയില്ല .എല്ലാ ഡോക്ടേഴ്സും പറഞ്ഞത് എനിക്കാണ് കുഴപ്പം മരുന്നു കഴിച്ചാൽ മാറുന്ന ചെറിയ കുഴപ്പമേ ഉള്ളുവെന്നാണ്. എത്ര കാലം കൊണ്ട് ഈ ഗുളിക തിന്നുകയാ… മടുത്തു. ഈ ജന്മം ഒരമ്മയാകാൻ എനിക്കു സാധിക്കുമോ എന്നൊരു ഭയം. ഇവളെന്താണ് പറഞ്ഞു വരുന്നതെന്ന് അയാൾക്ക് ഒരൂഹവും കിട്ടിയില്ല ” അതു കൊണ്ട്?” അയാൾ ഇടയ്ക്കു കയറിച്ചോദിച്ചു. തുളുമ്പിയ കണ്ണുനീർ പുതപ്പിന്റെ തുമ്പു കൊണ്ട് തുടച്ച് വിതുമ്പലോടെ അവൾ പറഞ്ഞു . ” ഒരു പാപജന്മമാണ് എന്റേത് ഞാൻ സന്തോഷത്തോടെ ഒഴിഞ്ഞു തരാം ഒരു പരിഭവവും പരാതിയുമില്ലാതെ. അതു കൊണ്ട് വിനോദേട്ടൻ വേറൊരു വിവാഹം കഴിക്കണം” അവൾ പൊട്ടിക്കരഞ്ഞുപോയി. ക്ഷമയുടെ പരമാണു വരെ പൊട്ടിത്തകർന്നു പോയി. നെഞ്ചിലാരോ കൊടുവാൾ കുത്തിയിറക്കുന്നു. എല്ലാം മറന്ന നിമിഷം. സകല ശക്തിയുമെടുത്ത് കൈ വീശി ഒറ്റയടി. അടി വാങ്ങിയ അവൾ ഒന്നു ഞെട്ടി. പക്ഷേ കരഞ്ഞില്ല . അയാളുടെ കണ്ണുകളിലേക്ക് ഒരു വല്ലാത്ത നോട്ടം നോക്കി അവൾ തിരിഞ്ഞു കിടന്ന് ഏങ്ങലടിച്ചു. ഭാഗ്യം എന്നല്ല മഹാഭാഗ്യം . അടക്കാനാവാത്ത കോപത്തോടെ അടിച്ച അടി അവളുടെ തോളത്താണ് കൊണ്ടത്. കവിളത്തായിരുന്നങ്കിൽ കവിളെല്ല് തകർന്നേനേ എന്നുറപ്പ്. മിനിട്ടുകളുടെ മൗനം അവർക്കിടയിൽ നിന്ന് യാത്ര പറഞ്ഞപ്പോൾ അയാൾ അവളുടെ കവിളിലൂടെ വിരലുകളോടിച്ചു. അവളുടെ മുഖം പിടിച്ച് തിരിച്ച് ആ കഴുത്തിനിടയിലേക്ക് മുഖം ചേർത്തു. “ക്ഷമിക്ക് പറ്റിപ്പോയി.. നമുക്കാരും വേണ്ടാ… ദൈവങ്ങൾ പോലും കൈയ്യൊഴിഞ്ഞ നമ്മൾക്ക് നമ്മൾ മാത്രം മതി. ” കഴുത്തിനിടയിൽ ചൂടുള്ള നനവ് തട്ടിയപ്പോൾ ഏങ്ങിക്കരഞ്ഞുകൊണ്ട് കൈകളാൽ അയാളെ വരിഞ്ഞു കെട്ടി അവൾ.

ഒരു ദിവസം അമ്മാവൻ വീട്ടിൽ വന്നു. അമ്മയുടെ ഒരേ ഒരു സഹോദരൻ. അവിവാഹിതനാണ്. യാത്രകളും തീർത്ഥയാത്രകളുമായി കാലം കഴിക്കുന്നു. ഒരു പോക്കു പോയാൽ ആറു മാസവും ചിലപ്പോൾ ഒരു വർഷവും വരെ എടുക്കും തിരിച്ച് നാട്ടിലെത്താൻ .അമ്മാവന്റെ പേരിൽ ഒരു നല്ല വീടും ഒരേക്കർ സ്ഥലവുമുണ്ട് നാട്ടിൽ. കാടുകയറി കിടക്കുകയാണ്. വല്ലപ്പോഴും അമ്മ പണിക്കാരെ വിട്ട് കാടെല്ലാം വെട്ടിത്തെളിപ്പിക്കും. വെറുമൊരു ഭിക്ഷാംദേഹിയല്ല അമ്മാവൻ. ബി. എ വരെ പഠിച്ചതാണ്. നല്ല അറിവുമുണ്ട്. എങ്ങനെയോ ഇങ്ങനെയായിപ്പോയി. അമ്മാവനോട് അമ്മ ഈ കാര്യം അവതരിപ്പിച്ചു. .വിനോദും ലതികയും മാത്രമല്ല കുട്ടികളില്ലാത്തതിൽ ഇവിടെ എല്ലാവരും ദുഖിതരാണന്നും മരുന്നും മന്ത്രവും ഒക്കെ പരീക്ഷിച്ചിട്ട് ഫലമില്ലന്നും ഒക്കെ വിശദമായിത്തന്നെ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ അദ്ദേഹം പറഞ്ഞു. “നമുക്കൊരു അസുഖം വന്നാൽ നമ്മൾ വൈദ്യന്റെ അടുത്തു പോയി മരുന്ന് മേടിക്കും. വൈദ്യൻ തരുന്ന മരുന്നു കഴിക്കും മുൻപ് ഇത് കഴിച്ചാൽ രോഗം ഭേദമാകുമോ എന്ന് ചിന്തിച്ചു കൊണ്ട് മരുന്നു സേവ തുടങ്ങിയാൽ ആ മരുന്നു കൊണ്ട് അസുഖം ഭേദമാകില്ല. വൈദ്യനിലും മരുന്നിലും പൂർണ്ണ വിശ്വാസമർപ്പിച്ചാൽ രോഗശമനമുണ്ടാകും തീർച്ച” എല്ലാവരും അമ്മാവന്റെ വാക്കുകൾ ശ്രദ്ധിക്കുകയാണ്. അദ്ദേഹം തുടർന്നു. ” അതു കൊണ്ട് വിശ്വാസമുണ്ടെങ്കിൽ ഞാൻ പറയുന്നതു പോലെ ചെയ്യുക. ഇവിടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ മുടങ്ങാതെ ഒരു മാസം കുളിച്ച് തൊഴുത് വഴിപാടുകൾ കഴിക്കുക. എല്ലാ ദിവസവും പോകണമെന്നില്ല. തിങ്കളും ശനിയും പോയാൽ മതിയാകും. പോകുന്ന ദിവസം രണ്ടാളും ഓരോ കൂവള മാല ആ നടയ്ക്കൽ സമർപ്പിക്കണം. ഒന്നും ആവശ്യപ്പെടേണ്ട. അറിഞ്ഞു തന്നു കൊള്ളും”. ഇലയിട്ട് അമ്മാവന് ചോറ് വിളമ്പി. അമ്മാവന് വേണ്ടി അമ്മയെന്തൊക്കയോ കറികൾ പ്രത്യേകമുണ്ടാക്കിയിട്ടുണ്ട്. ഇലത്തുമ്പിൽ പച്ചടി വിളമ്പാൻ തുടങ്ങിയ അമ്മയെ അമ്മാവൻ കൈയെടുത്ത് വിലക്കി വേണ്ടാ എന്ന അർത്ഥത്തിൽ. “മോര് ഇരിപ്പുണ്ടങ്കിൽ ലേശം വേണം എന്തെങ്കിലും അച്ചാറും ” മറ്റു കറികളൊന്നും അദ്ദേഹം വാങ്ങിയില്ല. “ഇതൊക്കെപ്പിന്നെ ആർക്കുണ്ടാക്കിയതാ” അമ്മയുടെ പരിഭവം കേട്ട് പുഞ്ചിരിച്ചു കൊണ്ട് അമ്മാവൻ പറഞ്ഞു. ” ആഹാരം കൂടിയാൽ ശരീരവും ധനം കൂടിയാൽ മനസ്സും അഹങ്കരിക്കും”. വിളമ്പിയ ചോറിൽ നിന്ന് ഒരു നുള്ള് വാരി രണ്ടു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചിട്ട് ആ ചോറ് ഇലയുടെ വലത്തേക്കോണിലേക്ക് മാറ്റി വെച്ചു. എന്നിട്ട് ഞങ്ങളെ നോക്കിപ്പറഞ്ഞു. ” അന്നം ദൈവമാണ്. അത് തന്ന അന്നദാന പ്രഭുവിന് വന്ദനം. ഭക്ഷണം കഴിക്കാൻ ഭാഗ്യമുള്ള എല്ലാ മനുഷ്യരും തന്റെ വീതത്തിൽ നിന്ന് ഇതുപോലെ ഒരു നുള്ള് വറ്റ് മാറ്റി വെച്ചാൽ ഈ ലോകത്തെ പട്ടിണി കിടക്കുന്നവന്റെ വിശപ്പ് മാറും. ഇലക്കോണിലല്ല വിശക്കുന്നവന്റെ കൈകളിൽ! മോരും മാങ്ങാ അച്ചാറും കൂട്ടി ഭക്ഷണം കഴിച്ച് അല്പനേരം കഴിഞ്ഞ് അമ്മാവൻ പോകാനിറങ്ങി. ഇനിയെങ്ങോട്ടാ എന്ന് അമ്മ ചോദിച്ചപ്പോൾ “മുൻപോട്ട് നടക്കുമ്പോൾ മനസ്സ് ദിക്ക് പറഞ്ഞു തരും. അവിടേക്ക് പോകും എന്ന് പറഞ്ഞ് പടിയിറങ്ങുന്ന സഹോദരനെ നോക്കി അമ്മ നേര്യതു കൊണ്ട് കണ്ണ് തുടയ്ക്കുന്നത് കണ്ടില്ലന്ന് നടിച്ചു.

ദിവ്യാവതാരമൊന്നുമല്ലെങ്കിലും അമ്മാവന്റെ വാക്കുകൾ ഫലിച്ചു. ഇന്ന് ദയമോളുടെ പേരിടീൽ ചടങ്ങാണ്. ശ്രീ പരമേശ്വരന്റെ ദയയായി കിട്ടിയതാണീ മുത്ത് എന്ന് എല്ലാവരും വിശ്വസിച്ചു. അതു കൊണ്ട് വളരെ അപൂർവ്വമായ ഒരു പേരാണവൾക്കിട്ടത്.
ശിവദയ
ഉണങ്ങിക്കരിഞ്ഞ ഉദ്യാനത്തിൽ പൊടുന്നനെ വർണ്ണ മഴ പെയ്തു. ഭൂമിയുടെ ഗർഭപാത്രത്തിലൊളിച്ചിരുന്ന പൂക്കളും സസ്യങ്ങളും മണ്ണിന്റെ പുറംതോട് മാറ്റി സൂര്യ രശ്മിയെ നോക്കി പുഞ്ചിരിച്ചു. വിനോദും ലതികയും ദയമോളുമുള്ള ആ വീട്ടിൽ നിന്ന് എപ്പോഴും പൊട്ടിച്ചിരിയും കൊഞ്ചലും കേൾക്കാം.. ബാങ്കിൽ കാഷ്യറായ വിനോദ് ജോലി കഴിഞ്ഞാലുടൻ വീട്ടിലെത്തും. ഡ്രസ്സ് മാറുന്നതിന് മുൻപ് അയാൾ ദയമോളെ എടുത്ത് വട്ടം കറക്കി ഉമ്മകൾ കൊണ്ട് പൊതിയും. ” പ്രസവിച്ചത് ഞാനാ , പക്ഷേ അച്ഛനോടാ അവൾക്ക് കുടുതൽ സ്നേഹം ” ലതിക തമാശയായി പറയുന്ന പരിഭവമാണിത്.
അഞ്ചാമത്തെ വയസ്സിൽ ദയയെ സ്കൂളിൽ ചേർത്തു. രാവിലെ ഒൻപതേ കാലിന് സ്കൂൾ ബസ്സ് വരും. വൈകിട്ട് നാല് മണി മുതൽ ഗേറ്റിൽ കാവലാണ് ലതിക, സ്കൂൾ വണ്ടി നോക്കി. വന്നു കഴിഞ്ഞാലുടൻ അവൾ തന്നെ ഷൂസും സോക്സു മൂരി മാറ്റും. ചില ദിവസം ലാൻഡ് ഫോണിനരികിലേക്കോടി ഓഫീസിലുള്ള അച്ഛനെ വിളിച്ച് വൈകിട്ടു വരുമ്പോൾ കൊണ്ടുവരേണ്ടതിന്റെ ലിസ്റ്റ് പറയും. അപ്പോഴേക്കും ലതിക അടുക്കളയിൽ നിന്നും നല്ലവണ്ണം മധുരമിട്ട ഒരു ഗ്ലാസ്സ് പാലുമായി വരും. ഗ്ലാസ്സ് കാലിയാകും വരെ അടുത്തിരുന്ന് കുടിപ്പിക്കും.

ഓളങ്ങളില്ലാതെ ഒഴുകുന്ന പുഴയിൽ ഓർക്കാപ്പുറത്ത് ഉരുൾപൊട്ടി വെള്ളം വന്ന് കലങ്ങിമറിയും. അഗാധമായ ചുഴികൾ ഉണ്ടായി കിട്ടുന്നതൊക്കെ ആ ഗർത്തത്തിലേക്ക് വലിച്ചു താഴ്ത്തും. ഈശ്വരൻ പോലും അസൂയ എന്ന വികാരത്തിനടിമയാണന്ന് തോന്നിക്കുന്ന പല യാഥാർത്ഥ്യങ്ങളും കൺമുന്നിൽ തെളിയുമ്പോൾ അങ്ങനെ വിചാരിക്കുന്നതിൽ തെറ്റൊന്നുമില്ലന്ന് തോന്നും.
വിനോദ് ബാങ്കിലെത്തിയതേയുള്ളു. പാന്റിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ശബ്ദമുണ്ടാക്കുന്നത് കേട്ട് അതെടുത്ത് ഡിസ്പ്ളേയിലേക്ക് നോക്കി. ലതികയാണ്. ഫോൺ കാതോട് ചേർത്തു. ആദ്യം കേട്ടത് ഒരു പൊട്ടിക്കരച്ചിലാണ്. പിന്നീട് മുറിഞ്ഞു മുറിഞ്ഞുള്ള വാക്കുകൾ. ചേട്ടാ.. മോളുടെ സ്കൂൾ ബസ്സ് അപകടത്തിൽ പെട്ടു. ഞാൻ ജില്ലാ ഹോസ്പിറ്റലിലേക്ക് പോവ്വാ.. വേഗം വാ ” കൈയിലിരുന്ന ഫോൺ വിറച്ച് താഴെ വീഴാൻ പോയപ്പോൾ എങ്ങനെയോ എത്തിപ്പിടിച്ചു. കാലുകൾക്ക് ബലമില്ലാത്തതു പോലെ ശരീരം കുഴയുന്നു…

ജില്ലാ ഹോസ്പിറ്റൽ
അപകട വാർത്തയറിഞ്ഞ് പത്രക്കാരും ചാനലുകാരും നാട്ടുകാരുമൊക്കെയായി വലിയ ആൾക്കൂട്ടം.. ആരൊക്കയോ അലമുറയിടുന്നു.
സ്കൂൾ അധികൃതരും എത്തിയിട്ടുണ്ട്. മൂന്ന് കുട്ടികൾക്ക് സീരിയസ്സാണ്. അമിത വേഗതയിൽ വന്ന ഒരു സൂപ്പർ ഫാസ്റ്റ് നിയന്ത്രണം വിട്ട് വന്ന് ഇടിക്കുകയായിരുന്നു. മുൻപിലിരുന്ന മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. ഒരു മൂലയിൽ തൂണും ചാരിയിരിക്കുന്ന വിനോദിന്റെ തോളിൽ തല ചായ്ച്ച് ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിൽ ഇരിക്കുന്നു ലതിക. കണ്ണടച്ചിരിക്കുന്ന അവൾ അറിയാവുന്ന ദൈവങ്ങൾക്കെല്ലാം നേർച്ച നേരുകയാണ്… ദയമോൾ ചിരിച്ചു കൊണ്ടുവരുന്ന വരവ് കാണാൻ. ഒരു മണിക്കൂറിന് ശേഷം ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽക്കൽ ഒരു നഴ്സിന്റെ തല പ്രത്യക്ഷപ്പെട്ടു. “സ്കൂളിന്റെ ഉത്തരവാദിത്വപ്പെട്ടവർ ആരെങ്കിലും വന്നിട്ടുണ്ടോ ” അവർ ചോദിച്ചു. ” ഉണ്ട് എന്ന് പറഞ്ഞ് പ്രിൻസിപ്പൽ നഴ്സിനരികിലേക്ക് ചെന്നു. അൻപത് വയസ്സോടടുത്ത പ്രൗഢയായ ഒരു സ്ത്രീയാണ് പ്രിൻസിപ്പൽ. അവരേയും കൂട്ടി നഴ്സ് അകത്തേക്ക് പോയി. പതിനഞ്ച് മിനിട്ടിനു ശേഷം പ്രിൻസിപ്പൽ തിയേറ്ററിന്റെ വാതിൽ തുറന്ന് പുറത്തു വന്നു. അവിടവിടെയായി തളർന്നിരിക്കുന്ന മാതാപിതാക്കൾ വിവരമറിയാൻ അവർക്കു ചുറ്റും കൂടി. എല്ലാവരേയുമൊന്നു നോക്കിയിട്ട് അവർ പറഞ്ഞു. “ആരും സംയമനം കൈവിടരുത്. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുക. ഇത് ഒരു ഹോസ്പിറ്റലാണന്ന് മറക്കാതിരിക്കുക ” അവർ പുറകിൽ പിടിച്ചിരുന്ന … കുട്ടികൾ വള്ളിയിൽ കോർത്ത് കഴുത്തിലണിയുന്ന രണ്ടു തിരിച്ചറിയൽ കാർഡെടുത്തു. ”രണ്ടു കുട്ടികൾ നമ്മളെ വിട്ടു പോയി. ആദ്യത്തെ പേരിതാണ്. “ശിവദയ വിനോദ് . രണ്ടാമത്തേത്……. രണ്ടാമത്തെ പേരു വായിക്കുന്നതിന് മുൻപ് ഹോസ്പിറ്റൽ നടുക്കി ഒരലർച്ച മുഴങ്ങി. നെഞ്ച് പൊത്തി മാർബിൾത്തറയിലേക്ക് മുഖമടിച്ച് വീഴാൻ പോയ വിനോദിനെ ആരൊക്കയോ ചേർന്ന് താങ്ങിപ്പിടിച്ചു.

ഇന്ന് ദയമോൾ മരിച്ചിട്ട് ഒരു വർഷം തികയുന്ന ദിവസമാണ്. ലതിക വളരെ നിർബന്ധിച്ചിട്ടാണ് തന്റെ ഒപ്പം ക്ഷേത്രത്തിൽ വരാൻ വിനോദ് സമ്മതിച്ചത്. സംഹാരമൂർത്തിക്കു മുൻപിൽ കണ്ണടച്ച് കൈകൂപ്പി നിൽക്കുമ്പോൾ കവിളുകളിലെ നനവ് താഴോട്ടൊലിച്ചിറങ്ങി. ഒന്നിനും പരാതിയില്ല എനിക്ക്. അവിടുന്ന് തന്നത് അവിടുന്ന് തന്നെ തിരിച്ചെടുത്തു. പക്ഷേ ഒരു ചോദ്യം മാത്രം ബാക്കിയുണ്ടീ മനസ്സിൽ…. ഇത്ര പെട്ടന്ന് വേണമായിരുന്നോ..?
വിനോദ് നേരത്തെ തൊഴുതിറങ്ങി. ശനിയാഴ്ചയായതിനാൽ വലിയ തിരക്ക്. അയാൾ കാറിനരികിൽ കാത്ത് നിൽക്കുകയാണ്. ഇലച്ചീന്തിൽ നിന്ന് അൽപം ഭസ്മമെടുത്ത് അയാളുടെ നെറ്റിയിൽ തൊടുവിച്ചപ്പോൾ കണ്ടു ആ കണ്ണുകൾ ഇപ്പോൾ പെയ്യുമെന്ന്. വാഹനങ്ങളുടേയും ഭക്തജനങ്ങളുടേയും തിരക്കിനിടയിലൂടെ കാർ മുൻപോട്ടെടുക്കാൻ തുടങ്ങിയപ്പോൾ കാറിനകത്തേക്ക് കറുത്തുമെല്ലിച്ച ഒരു കൈ നീണ്ടു വന്നു. ദയമോളിന്നുണ്ടായിരുന്നങ്കിൽ ഏകദേശം ഈ പ്രായം കാണുമായിരുന്നു. എണ്ണക്കറുപ്പുള്ള ഒരു പെൺകുട്ടി. എണ്ണമയമില്ലാത്ത മുടി ഒരു ചെറിയ റിബൺ കൊണ്ട് ഉച്ചിയിൽ കെട്ടിവെച്ചിരിക്കുന്നു. പിഞ്ഞിക്കീറിയ ഒരു മഞ്ഞബ്ളൗസും ഒരു പഴകിയ പാവാടയും. കുറച്ച മുൻപ് കരഞ്ഞതിന്റെ പാടുകൾ അഴുക്കുപുരണ്ട കവിളിൽ വ്യക്തമായിക്കാണാം.പക്ഷേ കണ്ണുകൾക്ക് വല്ലാത്ത തിളക്കം. അവൾ കൈ നീട്ടി നിൽക്കുകയാണ്. അയാൾ ലതികയെ നോക്കി. എന്തെങ്കിലും കൊടുക്കു എന്ന് അവൾ മുഖം കൊണ്ട് ആഗ്യം കാണിച്ചു. അയാൾ പേഴ്സിൽ നിന്നും ഒരു നൂറിന്റെ നോട്ടെടുത്ത് അവൾക്കു നേരേ നീട്ടി. കാറിനകത്തേക്ക് നീട്ടിയിരുന്ന കൈകൾ അവൾ പെട്ടെന്ന് പിൻവലിച്ചു. എന്നിട്ട് എന്തോ കണ്ട് ഭയന്ന ഭാവത്തോടെ അയാൾക്കു നേരെ നോക്കി. ഭിക്ഷയെടുക്കാൻ തുടങ്ങിയതിൽപ്പിന്നെ തനിക്കു നേരെ നീളുന്ന ഏറ്റവും വലിയ തുകയാണിത്. അതാണ് ആ ഭയത്തിന് കാരണം. “വാങ്ങിച്ചോളൂ കുട്ടി” അവളുടെ ഭാവമാറ്റം ശ്രദ്ധിച്ച ലതിക പറഞ്ഞു. അവൾ വിറയ്ക്കുന്ന മെല്ലിച്ച കൈകൾ നീട്ടി ആ നോട്ടു വാങ്ങിയ ശേഷം കൈകൾ കൂപ്പി അവരെ തൊഴുതു. വിനോദിന് പക്ഷേ അത് അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. കാറിന്റെ ചക്രങ്ങൾ പതുക്കെ മുൻപോട്ട് ഉരുണ്ടു. പെട്ടെന്നു തന്നെ വിനോദ് സഡൻ ബ്രേക്ക് ചെയ്തു. കാര്യം മനസ്സിലാവാതെ അയാളുടെ മുഖത്തേക്ക് നോക്കിയ ലതിക അമ്പരന്നു പോയി. വല്ലാത്തൊരു ഭാവമാറ്റം. എന്തു പറ്റി എന്ന അവളുടെ ചോദ്യം അയാൾ കേട്ടില്ല. ഇരുന്ന ഇരുപ്പിൽ അയാൾ വീണ്ടുമൊന്നു ഞെട്ടി. വെപ്രാളത്തോടെ ഡോർ തുറന്ന് വെളിയിലിറങ്ങി തിരക്കിനിടയിലേക്ക് നോക്കി. അവളെവിടെ..? അൽപം മുൻപുകണ്ട ആ കറുത്തു മെല്ലിച്ച പെൺകുട്ടി….. ഇത്ര വേഗം അവൾ എവിടെ മാഞ്ഞു പോയി.? താൻ വ്യക്തമായി കേട്ടതാണ് ആ ശബ്ദം. ഒന്നല്ല രണ്ടു പ്രാവശ്യം
” അച്ഛാ ഞാനും വരട്ടേച്ഛാ…
താലികെട്ടിയ നിമിഷം മുതൽ അയാളുടെ ഹൃദയതാളം കൃത്യമായി മനസ്സിലാക്കിയ സ്നേഹനിധിയായ അവൾ ആശ്വസിപ്പിക്കും മട്ടിൽ കാറിൽ നിന്നിറങ്ങി അയാളുടെ കൈകകളിൽ ബലമായി പിടിച്ചു.

വീട്ടിലെത്തി. കാറിൽ നിന്ന് പ്രസാദവും എടുത്ത് ഡോർ തുറന്ന് ലതിക വീട്ടിലേക്ക് കയറി . അയാളും ഇറങ്ങി. മനസ്സിനെന്തോ വലിയ ഭാരം പോലെ. ആ പെൺകുട്ടി ആരായിരുന്നു.. അയാൾ പതുക്കെ വീടിന്റെ തെക്കുഭാഗത്തേക്ക് നടന്നു. അവിടെ ഒരു വർഷം പ്രായമുള്ള ഒരു കുഞ്ഞു തെങ്ങ്. ദയമോളുറങ്ങുന്ന സ്ഥലം. പുലരി സൂര്യന്റെ കനക പ്രഭയിൽ പ്രഭാതത്തിലെ ഇളം കാറ്റേറ്റ് അതിന്റെ ഓലകൾ ചാഞ്ചാടി മുത്തം വെയ്ക്കുന്നു.
“കൂയ്…. അച്ഛാ ഞാനിവിടുണ്ടേ….. എന്നാണോ അവ പറയുന്നത് ? തൈത്തെങ്ങിലേക്ക് മാത്രം നോക്കിക്കൊണ്ട് അയാൾ അതിനടുത്തേക്ക് നടന്നു. രക്തയോട്ടം കൂടി ഹൃദയ ഞരമ്പുകൾ ഇപ്പോൾ പൊട്ടുമെന്നു തോന്നി. മേലാസകലം ചുട്ടുപൊള്ളുന്നു. കാറ്റിലാടുന്ന തെങ്ങോലകളിലൊന്നിൽ തലോടി അയാളത് നെഞ്ചോട് ചേർത്തു. സ്വപ്നമല്ല സത്യം. ആ കുരുന്നോലകളും അയാളോട് ചോദിച്ചത് ഒന്നു മാത്രം.

‘അച്ഛാ ഞാനും വരട്ടേച്ഛാ…’

1

സന്ധ്യ ജലേഷ്

sandhyajalesh@gmail.com View All Authors >>

One thought on “കുംഭത്തിൽ വിരിഞ്ഞ തുമ്പപ്പൂവ്”

Leave a Reply

Your email address will not be published. Required fields are marked *

one × 3 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top