Montage

കുറുമ്പ

കുറുമ്പ

കെ മണികണ്ഠന്‍

‘ഈ ജനാധിപത്യ രാജ്യത്ത് നടക്കുന്ന ഓരോ സമരങ്ങളും മനുഷ്യനു വേണ്ടിയുള്ളതാണ്. അവന്റെ നിലനില്‍പ്പിനുവേണ്ടിയുള്ളതാണ്. നാളെ നടക്കാന്‍ പോകുന്ന സമരവും അങ്ങനെത്തന്നെയാണ്. നീതികിട്ടാതെ ജീവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടിയാണ് നാം പോരാടേണ്ടത്. അവിടെ ജാതിയോ മതമോ വര്‍ഗമോ വര്‍ണ്ണമോ എന്നതിലുപരി മനുഷ്യന്‍ എന്നതിനാണ് നാം വില കല്‍പ്പിക്കേണ്ടത്. അതു കഴിഞ്ഞേ മറ്റെന്തിനെക്കുറിച്ചും ചിന്തിച്ചു കൂടൂ. നിങ്ങള്‍ക്ക് എന്താവശ്യമുണ്ടെങ്കിലും പാര്‍ട്ടിയോട് പറയാം. പാര്‍ട്ടിയുണ്ട് കൂടെ.’
നേതാവിന്റെ ആ വാക്കുകള്‍ അണികളില്‍ ആവേശം നിറച്ചു. അവര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. കൂട്ടത്തില്‍ കുറുമ്പയുടെ ആവേശം വേറിട്ടു കാണാമായിരുന്നു. കുറുമ്പയുടെ അച്ഛന്‍ പാര്‍ട്ടിയ്ക്കു വേണ്ടി ജീവന്‍ വെടിഞ്ഞതാണ്. അമ്മയും നേരത്തേ മരിച്ചു. കാലം കടന്നു പോകുന്നതൊന്നും കുറുമ്പ അറിഞ്ഞിരുന്നില്ല. ആരും അറിയിച്ചതുമില്ല. കല്ല്യാണം കഴിച്ചിട്ടില്ല. ബന്ധുക്കളാരൊക്കെയെന്ന് തേടിപ്പോയിട്ടുമില്ല. വയസ്സ് അറുപത്തിയെട്ടായി. ഇപ്പഴും ഒറ്റയ്ക്കാണ്. പാര്‍ട്ടീന്നു വെച്ചാ ജീവനാണ്. അതിന്റെ പ്രസരിപ്പും ധൈര്യവും ഒന്ന് വേറിട്ടുതന്നെ കാണാം ആ മുഖത്ത്. നേതാവിന്റെ വാക്കുകള്‍ മറ്റുള്ളവരിലേക്കാള്‍ ആഴത്തില്‍ തറച്ചത് കുറുമ്പയുടെ കാതുകളിലായിരുന്നു. കാരണം കുറുമ്പയ്ക്ക് ഒരാവശ്യമുണ്ട്. തന്റെ കൂരയൊന്നു പുതുക്കിപ്പണിയണം. മഴപെയ്താല്‍ ഓലക്കൂര ചോര്‍ന്നൊലിക്കും. നല്ലൊരു കാറ്റ് വീശിയാല്‍ കൂപ്പുകുത്തും. വീടുപണിയാന്‍ പഞ്ചായത്തീന്ന് സഹായം കിട്ടുമെന്ന് കുറുമ്പയോട് ആരോ പറഞ്ഞിട്ടുണ്ട്.
പിറ്റേന്ന് സമരത്തിന് മുമ്പന്തിയിലുണ്ടായിരുന്നു കുറുമ്പ. കത്തുന്ന പൊരിവെയിലത്ത് സൂര്യനെ വെല്ലുവിളിച്ചുകൊണ്ട്, മറ്റുള്ള ചെറുപ്പക്കാര്‍ക്കുപോലും ആവേശം പകര്‍ന്നുകൊണ്ട് അവര്‍ മുദ്രാവാക്യം വിളിക്കുന്നു. സൂര്യന്‍ മറഞ്ഞു തുടങ്ങിയതും സമരം തത്കാലത്തേയ്ക്ക് അവസാനിപ്പിച്ചു എല്ലാവരും പിരിഞ്ഞു.
അടുത്ത ദിവസം രാവിലെ തന്നെ കുറുമ്പ നേതാവിന്റെ വീട്ടിലെത്തി.
”ന്താ കുറുമ്പേ”? നേതാവിന്റെ ചോദ്യം.
”ന്റെ കൂരയൊന്നു മാറ്റിപ്പണിയാന്‍ പഞ്ചായത്തീന്നു വല്ലതും കിട്ടാന്‍…”
അതൊക്കെ ഇനി വേണോ, ഇപ്പോഴുള്ളതു മാറ്റി മേഞ്ഞാപ്പോരേ..?
”പോര, മേയണ കാശും പഞ്ചായത്തീന്നുള്ളതും കൂടി കിട്ട്യാ വാര്‍ക്കാം”
”പഞ്ചായത്തില്‍ പോയി അപേക്ഷിയ്ക്ക്, ഞാന്‍ നോക്കാം.”
നേതാവ് പറഞ്ഞതനുസരിച്ച് കുറുമ്പ പഞ്ചായത്തിലേയ്ക്കു നടന്നു.
‘അപേക്ഷ വാങ്ങിക്കണ ആള് അന്ന് ലീവാത്രേ. രണ്ടീസം കഴിഞ്ഞുവരാന്‍. ഇവര്‍ടെ രണ്ടീസം എത്രയാണാവോ.’ പിറുപിറുത്തുകൊണ്ട് തിരിച്ചു പോന്നു.
രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ചെന്നു.
”ആളെത്തീര്‍ക്കണ്. അപേക്ഷ വാങ്ങി. ഇനിപ്പോ പൂരിപ്പിക്കണം. സ്‌കൂളില്‍ പോയില്ലാത്തോണ്ട് അതൊരെടേങ്ങേറായി.’ കുറുമ്പ മനസ്സില്‍ പറഞ്ഞു.
കുട്ട്യേ ഇതൊന്ന് പൂരിപ്പിച്ചേര്യോ?
ഏതോ ഒരു കുട്ടി. കണ്ടാ വല്ല്യ പഠിപ്പുള്ള ആളാന്നറിയാം.
കുട്ടി പറഞ്ഞു” ഇങ്ങള് ആ ഇരിക്കണ ചേച്ചീന്റെടുത്ത് കൊടുത്തോളീന്‍. പത്തുര്‍പ്യ കൊടുത്താല്‍ പൂരിപ്പിച്ചേരും. കാശു വേണേല്‍ ഞാന്‍ തരാ.”
കുറുമ്പ തന്റെ മടിക്കുത്തില്‍ നിന്നും പത്തിന്റെ നോട്ടെടുത്ത് അയാളെ ഒന്ന് കാണിച്ച് അങ്ങോട്ട് നടന്നു.
മോളേ ഇതൊന്ന് പൂരിപ്പിച്ചേര്യോ?
അവരതു വാങ്ങി പൂരിപ്പിച്ച് കൊടുത്തു. പത്തു രൂപയും വാങ്ങി.
ദിവസങ്ങള്‍ കഴിഞ്ഞു. ഒരുപാട് സമരങ്ങളും പ്രതിഷേധങ്ങളും കടന്നു പോയി. ഒരു ദിവസം പോസ്റ്റ്മാന്‍ വീട്ടില്‍ ചെന്ന് ആയിരത്തഞ്ഞൂറ് രൂപയും കൊടുത്ത് തള്ളവിരലു കൊണ്ട് ഒരു സീലും വെപ്പിച്ചു. ജീവിതത്തില്‍ ആദ്യായിട്ടാണ് കുറുമ്പയ്ക്ക് ഇത്രയും രൂപ ഒന്നിച്ച് കിട്ടുന്നത്.
”ഇതെന്ത് കായ്യ്യാ ആപ്പീസറേ. പൊരയ്ക്കുള്ളതാ..”
”അല്ല, വാര്‍ദ്ധക്യ പെന്‍ഷനാ…”
” ഉം ശരിയാ ഇത് പണ്ടെങ്ങോ ഞാന്‍ ഒരു യോഗത്തീന്ന് ഒപ്പിട്ടു കൊടുത്തതാ…”
”ഇതൊക്കെ ഇങ്ങനെയാണ് വന്നാ വന്നു. ഇപ്പ കിട്ടീത് നിങ്ങടെ ഭാഗ്യം. ഇല്ലെങ്കില്‍ ഇനി ഇലക്ഷന്‍ കഴിഞ്ഞാലേ കിട്ടൂ”
കുറുമ്പ തലയാട്ടിക്കൊണ്ട് അതില്‍ നിന്നും ഇരുപതു രൂപയെടുത്ത് പോസ്റ്റ്മാന് കൊടുത്തു. അയാള്‍ ആദ്യം വാങ്ങാന്‍ കൂട്ടാക്കിയില്ലെങ്കിലും ഒരു മാമൂലു പോലെ അതും വാങ്ങി പോക്കറ്റിലിട്ടു.
എന്നാല്‍ വീടിന്റെ കാര്യത്തില്‍ യാതൊരു നടപടിയുമായില്ല. കുറുമ്പ പഞ്ചായത്താഫീസ് കയറിയിറങ്ങി.
മറുപടിയുണ്ടായിരുന്നു.
‘പെട്ടന്നു തന്നെ ശരിയാകും.’
കാലവര്‍ഷം വന്നു. മഴ ആര്‍ത്തലച്ചു പെയ്തു. കൂര ചോര്‍ന്നൊലിച്ചു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഒരു മൂലയില്‍, ഉറങ്ങാതെ, മേയാനുള്ള കാശും മുറുകെപ്പിടിച്ച് മഴ തോരുന്നതും കാത്ത് കുറുമ്പ തണുത്തു വിറച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയൊന്നുമായില്ല. കുറുമ്പ വീണ്ടും നേതാവിന്റെ വീട്ടില്‍ ചെന്നു.

”ന്താ കുറുമ്പേ,?”
”ന്റെ വീട് വാര്‍ക്കണ കാര്യം ഒന്നും ആയില്ലാ…”
”ഞാന്‍ വിളിച്ചു പറയാം. പെട്ടെന്ന് ശരിയാവും… ആ പിന്നെ അടുത്ത തിങ്കളാഴ്ച ഒരു പ്രതിഷേധമുണ്ട്. കുറുമ്പ വരണം.”
”ശരി നേതാവേ…
പൊരിവെയിലത്ത് വീണ്ടും ഒരുപാട് മുദ്രാവാക്യങ്ങള്‍ വിളിച്ചു. ഇലക്ഷനില്‍ പാര്‍ട്ടിതന്നെ വീണ്ടും അധികാരത്തില്‍ വന്നു.
അടുത്ത കാലവര്‍ഷം മുരണ്ടു തുടങ്ങി. ഇനി എത്ര ഉറക്കമില്ലാത്ത രാത്രികളാണ് കാത്തിരിക്കുന്നതെന്ന് യാതൊരു പിടിയുമില്ല. ഒരു ദിവസം പഞ്ചായത്തു മെമ്പര്‍ നേരിട്ടുവന്ന് അറിയിച്ചു,
”കുറുമ്പേ വീടിനുള്ള തുക പാസ്സായിരിക്കുന്നു.”
അതു കേട്ടതും അവര്‍ അല്‍പ്പസമയം ഒന്നും മിണ്ടാതെനിന്നു. പിന്നീട് ഉച്ചത്തില്‍ മുദ്രാവാക്യം നീട്ടി വിളിച്ചു.
”ഇടി മുരളുന്നുണ്ട്. നല്ല മഴക്കോളുണ്ടിന്ന് ഞാനിറങ്ങട്ടെ. ആ..അടുത്തദിവസം തന്നെ ബാങ്കില്‍ പോയി ആദ്യഘടു കൈപ്പറ്റണം.” എന്നും പറഞ്ഞ് മെമ്പര്‍ ഇറങ്ങി.
‘ഇനി എത്ര വേണേലും പെയ്‌തോട്ടേ. ചോര്‍ന്നത്രയൊന്നും ഇനി ചോരില്ലല്ലോ.’കുറുമ്പ പിറുപിറുത്തു. സന്ധ്യയായപ്പോഴേയ്ക്കും ഇടി വട്ടംകൂട്ടി. മിന്നലിന്റെ ശക്തി വര്‍ദ്ധിച്ചു. ഒന്നിരുട്ടിയപ്പോഴേയ്ക്കും മഴ ആര്‍ത്തിരമ്പി പെയ്തു. കുറുമ്പ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ഒരു മൂലയില്‍, മേയാനുള്ള കാശും മുറുകെപ്പിടിച്ച് മഴ തോരുന്നതും കാത്ത് തണുത്തു വിറച്ചിരുന്നു.
മഴ എപ്പോഴാണ് തോര്‍ന്നതെന്ന് ഒരു പിടിയുമില്ല. നേരം വെളുത്തു.
കുറുമ്പയുടെ വീടുനുചുറ്റും ആളുകള്‍ കൂട്ടംകൂടിയിരിക്കുന്നു. ആ കൂര നിലംപൊത്തിക്കിടക്കുന്നു. പാര്‍ട്ടിക്കാരും നാട്ടുകാരും പോലീസും എല്ലാവരുമുണ്ട്. ചിതലരിച്ച നനഞ്ഞ ഓലച്ചുരുളുകള്‍ക്കിടയില്‍ നിന്ന് പ്രായമായ ആ ശരീരം പുറത്തെടുക്കുമ്പോള്‍ ചുരുട്ടിക്കൂട്ടിയ കുറച്ചു പഴയനോട്ടുകളും പാര്‍ട്ടി പതാകയും അവര്‍ അപ്പോഴും മുറുക്കി പിടിച്ചിരുന്നു …

6

കെ മണികണ്ഠന്‍

മലപ്പുറം ജില്ലയിലെ എടപ്പാള്‍ കാലടിയില്‍ 1987-ല്‍ ജനനം. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് സൈബര്‍ ലോയില്‍ നിന്നും ഡിപ്ലോമ ഇന്‍ സൈബര്‍ ലോ, തൃശ്ശൂര്‍ ഭവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍& ജേര്‍ണലിസത്തില്‍ നിന്നും പി ജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം എന്നിവ പൂര്‍ത്തിയാക്കി. അമൃത ടിവി യില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി കരിയറില്‍ തുടക്കം. ആനുകാലികങ്ങളിലും പത്രങ്ങളിലും പതിവായായി എഴുതിക്കൊണ്ടിരിക്കുന്നു. വിധിയെതോല്‍പ്പിച്ച വിസ്മയങ്ങള്‍, മഞ്ഞ് മഴ ജീവിതം എന്നീ രണ്ട് യാത്രാവിവരണ പുസ്തകങ്ങളുടെ കര്‍ത്താവാണ്.

View All Authors >>

6 thoughts on “കുറുമ്പ”

  1. ഹൃദയമുലക്കുന്ന കഥ. കുറുമ്പമാരെ മറക്കുകയും മറക്കാതിരിക്കുകയും ചെയ്യുന്നതിൻ്റെ സൂചനകയിലുണ്ട്. അഭിനന്ദനങ്ങൾ

  2. Excellent….strong thought in simple language…keep going…waiting more such works from you…happy to know there is still hope in our young writers 👍🏻👍🏻👍🏻

  3. ഇതുമാതിരി ഉള്ള ഒരുപാടു ആളുകൾ ഇന്നും സമൂഹത്തിലുണ്ട്. ഇക്കാലത്തു പ്രസക്തമായ കഥ..

  4. ആദര്‍ശരാഷ്ട്രീയവും പ്രായോഗികരാഷ്ട്രീയവും തുറന്ന് കാണിക്കുന്ന രചന….

Leave a Reply

Your email address will not be published. Required fields are marked *

three + 8 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top