Montage

ദി ഗ്രേറ്റ് ഡിപ്രഷൻ

ദി ഗ്രേറ്റ് ഡിപ്രഷൻ

മനുശങ്കർ എം.

അങ്ങനെ രവിയുടെ അമ്മ അവസാനത്തെ ഗ്ളാസ്സ് അരിയും ഇട്ടു. കല്ലും നെല്ലൊന്നും കളയാൻ നിന്നില്ല. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യം ആണെന്നാണ് ന്യൂസിൽ പറയുന്നത്. കഴിഞ്ഞൊന്നൊന്നര മാസമായി ജോലിയില്ലാതിരിക്കുകയാണ് രവി. മുപ്പത്തിരണ്ടാമത്തെ വയസ്സിലയാൾക്ക് ജോലി നഷ്ടപ്പെട്ടു. ജോലി കളഞ്ഞതല്ല പോയതാണ്. സാധാരണ കളയാറാണ് പതിവ്. ഓരോ തവണ കമ്പനി മാറുമ്പോളും പതിനായിരങ്ങൾ കൂട്ടി വാങ്ങുന്ന കക്ഷിയാണ്. ചില കമ്പനികൾ പറയുന്നത് കൊടുത്ത് അവിടത്തന്നെ പിടിച്ച് നിർത്തും. അയാൾ ‘വർത്തി’ ആണ്. മാനേജർമ്മാർ പറയും. കൊടുക്കുന്ന പ്രൊജക്ടുകൾ രണ്ട് ദിവസം മുമ്പേ സമർപ്പിക്കുന്നതങ്ങേർക്കൊരു ഹരമാണ്. അതിനു വേണ്ടി രാപ്പകൽ പണിയെടുക്കുന്ന എഞ്ചിനീയറിംഗ് തൊഴിലാളികൾ അയാൾക്കുണ്ടായിരുന്നു. പലരും എഞ്ചിനീയറിങ് പാസ്സാകാത്തവർ ആണ് സർട്ടിഫിക്കറ്റ് ഉള്ളവരും ഉണ്ട്. എന്തായാലും ആദ്യം ജോലി തെറിച്ചത് രവിയുടേതാണ്. പിന്നീടുള്ളവരുടെ കാര്യം പാലാരിവട്ടം പാലം പോലെ ആയിരുന്നു ജോലി ഉണ്ടെങ്കിലും ഉപയോഗപ്രദമല്ല, ശമ്പളമില്ല.

അമേരിക്കയിൽ പ്രൊജക്ടുകളില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അമേരിക്കയിൽ മാത്രമല്ല പലയിടത്തും പ്രൊജക്ടുകളില്ല. ആർക്കും ജോലിയില്ല ജോലിയുള്ളവർക്ക് വരുമാനമില്ല. ദുബായിലും ഗൾഫിലും ഖത്തറിലുമുള്ള മലയാളികൾ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ കാഴ്ചകൾ ഒന്ന് കാണണം തൃശ്ശൂർ പൂരത്തിനിത്ര ആൾക്കാരില്ല അജിന്റെ അമ്മ അയൽക്കാരോട് പറഞ്ഞു. കൃത്യം ഒന്നരാഴ്ച്ചകൊണ്ട് ഉടുത്തിരുന്ന കൈലിയുമായി അജിൻ കാനഡായിൽനിന്നും വന്നിറങ്ങി. അന്നും നെടുമ്പാശ്ശേരിയിൽ തൃശ്ശൂർപ്പൂരമാണ്. അമേരിക്കയിൽനിന്നും, കാനഡയിൽനിന്നും, ആസ്ത്രേലിയയിൽ നിന്നും, യൂറോപ്പിൽ നിന്നും, ആഫ്രിക്കയിൽ നിന്നും എന്തിന് വെനസ്വേലയിൽ നിന്ന് വരെ കൃസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീംങ്ങളും മതേതര വാദികളും വന്നിറങ്ങി. അപ്പോഴേക്കും കാര്യങ്ങളൊക്കെ കൈവിട്ട് പോയിരുന്നു. മിക്ക വീടുകളിലും എട്ടും പത്തും ആളുകൾ.

രവിയുടെ വീട്ടിൽ മൂന്ന് പേരാണ് രവിയെക്കൂടാതെ ഗർഭിണിയായ ഭാര്യ, അമ്മ. ഇനിയെന്തു ചെയ്യും രവിയാകെ വിയർത്തു. കുറച്ചു ദിവസം കൂടി ഇതൊക്കെ തന്നെയാകും അവസ്ഥ. എന്തെങ്കിലും വാങ്ങാനയാൾ പുറത്തേക്കിറങ്ങി. ഫോർച്യൂണർ കാറിന്റെ ഡിസ്പ്ളെയിൽ പെട്രോൾ കുറവാണെന്ന് തെളിഞ്ഞു. ബുളളെറ്റ്, വെസ്പ്പ, ആർ എകസ് ഹണ്ട്രഡ് എന്നീ തന്റെ വാഹനങ്ങളിൽ നിന്നെല്ലാം അയാൾ പെട്രോൾ ചുരത്തി.

റോഡുകളിലെല്ലാം അടഞ്ഞകെട്ടിടങ്ങൾ. മിക്ക ബാങ്കുകളുടെ ചുറ്റും ആളുകൾ. അവരുടെ നിൽപ്പുകണ്ടാൽ ഇതൊക്കെ ഇപ്പൊത്തന്നെ കുത്തി തുറക്കപ്പെടും എന്നു തോന്നും. വലിയ വലിയ ബസ്സുകളിലും ട്രക്കുകളിലും വന്നിറങ്ങുന്ന പോലീസുകാരും ആർമ്മിക്കാരും. രവി ആന്റണി സാറിന്റെ വീട്ടിലേക്ക് കയറി അവിടെയും നിറച്ചാൾക്കാരാണ്. കാർ ഇടാൻ പോലും സ്ഥലമില്ല. ആന്റണി സാറൊന്നുമല്ല. പഴയ കച്ചവടക്കാരൻ, എയർപോർട്ട് വന്നതിന് ശേഷം എയർപോർട്ടിനോട് ചേർന്നു കിടക്കുന്ന ഗവർമെന്റെ എടുക്കാത്ത ഏക്കറുകണക്കിന് സ്ഥലം വിറ്റ് കോടീശ്വരനായതാണയാൾ. അയാൾക്ക് എയർപ്പോർട്ടിൽ ഷെയർ ഉണ്ടെന്നും ഒരു വർത്താനം നാട്ടിലുണ്ട്. അതിന് തെളിവാണ് അയാളുടെ വീട്ടിലെ സോളാർ സിസ്റ്റം എന്നും പറയുന്നവർ ഉണ്ട്. ആന്റണിക്കൊരു ഗോഡൗണുണ്ട് അരിയും മറ്റ് സാധനങ്ങളും പൂഴ്തിവക്കുന്ന ഒരു ഗോഡൗൺ ഇത് രവിക്കറിയാം ആക്റ്റ്വലി രവിക്കല്ല രവിയുടെ ഭാര്യ രമ്യക്കറിയാം അവൾ ആന്റണിയുടെ അക്കൗണ്ട്സൊക്കെ നോക്കുന്ന സിഎക്കാരി ആണ്. പതിനാറാമത്തെ വട്ടം സിഎ ഫൈനൽസ് എഴുതാൻ നിക്കുമ്പോളാണ് രവി പണി പറ്റിക്കുന്നതും അവൾ ഗർഭിണി ആകുന്നതും. ആന്റണിയെ കണ്ടാൽ, വിഷമം പറഞ്ഞാൽ കുറച്ച് അരി കിട്ടും എന്ന് രമ്യ പറഞ്ഞിരുന്നു. അയാളൊരു കച്ചവടക്കാരനാണ്, സൂത്രശാലിയാണ് ചിലപ്പോൾ പ്രതിഭലം ചോദിച്ചെന്നും വരാം രവി മുൻകരുതൽ എടുത്തു. വേണ്ടി വന്നാൽ ഒരു ചാക്കരിക്ക് തന്റെ കാർ അവിടെ വച്ചിട്ടു വരാനും അയാൾ തയ്യാറാണ്. പക്ഷേ അരി എങ്ങനെ കൊണ്ടുപോകും. ചുമന്നു കൊണ്ട് പോകാൻ കഴിയില്ല. കഴിയാത്തതല്ല. എല്ലാവരും കാണും കണ്ടാൽ, തന്നെ അക്രമിച്ച് ചാക്കോടെ നഷ്ടപ്പെടാനും സാധ്യതയുണ്ട് അയാൾ ഓർത്തു.

ആന്റണിയുടെ വീടിന്റെ അകത്തുനിന്നാകെ ബഹളം കുറച്ചാളുകളെ പോലീസ് തള്ളി കൊണ്ടുവന്ന് പുറത്തിട്ടു. ഫുൾ മെറ്റൽ ജാക്കെറ്റ്സ് ഇട്ട ആർമ്മിക്കാർ തോക്കുമായി അവിടേക്കെത്തി. പ്രായമായ ആളുകൾ പരിഭ്രാന്തരായി ഓടി സ്ത്രീകൾ വീടുകളിലേക്ക് കയറി അവരുടെ മക്കളെയും ഭർത്താക്കൻമ്മാരെയും നോക്കിയിരുന്നു രവി കാറെടുത്തു. കാറിനു നീങ്ങാൻ സ്ഥലമില്ലാത്ത രീതിയിൽ റോട്ടിൽ യുവാക്കളുടെ സംഘം നിരന്നിരുന്നു. അവരുടെ കൈകളിൽ കൊടികളില്ലായിരുന്നു. നെറ്റിയിൽ കുറിതൊട്ടവരുണ്ട്, താടി നീട്ടിവളർത്തിയവരുണ്ട്, കൊന്ത അണിഞ്ഞവർ ഉണ്ട്, മുണ്ട് ഇടത്തോട്ടും വലത്തോട്ടും ഉടുത്തവരുണ്ട്, ട്രൗസർ ധരിച്ചിരുന്ന യുവതികളുണ്ട്. അവരിൽ ചിലരെ പോലീസ് വെടിവച്ച് വീഴ്ത്തി.

പോലീസും ആർമ്മിയും മറ്റും നിങ്ങളുടെ രക്ഷക്കാണ് വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചാനലുകളിൽ സ്യൂട്ടിട്ട് പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് കരഞ്ഞുകൊണ്ട് ധനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതും, യു എ.ൻ ഹെലികോപ്ടറിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടിടുന്നതും അതിലെ ബണ്ണിനായി തല്ലു കൂടുന്നവരെയും കടിപിടികൂടുന്നവരെയും ടി വി യിൽ കാണിച്ചുകൊണ്ടേ ഇരുന്നു. രവി കാർ അവിടത്തന്നെ ഉപേക്ഷിച്ച് വീട്ടിലേക്കോടി.

തൃശ്ശൂർ കാഴ്ച ബംഗ്ളാവിലേക്കാളുകൾ അതിക്രമിച്ച് കയറി മൃഗങ്ങളെ മുഴുവൻ കശാപ്പു ചെയ്തു. ലോകം മുഴുവനിതാണ് സംഭവിക്കുന്നത്. കൃഷിക്കാരും പട്ടിണിപ്പാവങ്ങളും ആദിവാസികളും സഹിച്ചു. അവർക്കിത് ശീലമാണ്. പക്ഷേ അവരേയും ആക്രമിച്ച് അവരുടെ ധാന്യശേഖരങ്ങളും ആഹാരങ്ങളും പച്ചക്കറികളും വളർത്തു മൃഗങ്ങളേയും പോലീസുകാരും രാഷ്ട്രീയക്കാരും കോടീശ്വരൻമ്മാരും പിടിച്ചടക്കി. സ്ത്രീകളിൽ പലരും പ്രോസ്റ്റിറ്റൂഷനിലേക്ക് കടന്നിരുന്നു. ഈ നിറവയറും വച്ച് എന്നെക്കൊണ്ടൊന്നും കഴിയില്ലല്ലോ എന്നോർത്ത് രവിയുടെ ഭാര്യ ഉറക്കെ കരഞ്ഞു. രവി അതൊന്നും ശ്രദ്ധിച്ചിരുന്നില്ല അയാളുടെ മാനസിക നില പൂർണ്ണമായി തെറ്റിയിരുന്നു. നടക്കുന്നതും ഇരിക്കുന്നതുമൊക്കെ അയാൾ അവസാനം ചെയ്ത പ്രൊജക്ടിലെ റോബോട്ടിനെപ്പോലെ.

പുറത്ത് മതിലിന് സമീപമായി ഒരു കപ്പക്ക മരം നിൽപ്പുണ്ടെന്നമ്മ പറഞ്ഞതും അയാളവിടേക്കോടി. അപ്പുറത്തെ വീട്ടിലെ രമേഷ് ഒരു കോലുകൊണ്ട് കപ്പക്കപൊട്ടിക്കുന്നത് കണ്ടുകൊണ്ടാണ് രവി ഓടി വന്നത്. രവിയെക്കണ്ടതും അയാൾ പരിഭ്രാന്തനായി. ‘വീട്ടിൽ കയറി കക്കുന്നോടാ നായിന്റെ മോനേ’ എന്നും പറഞ്ഞയാൾ രമേഷിനെ ചവിട്ടി വീഴ്ത്തി. രമേഷ് കള്ളനല്ല ബാല്യകാല സുഹൃത്താണ് തീപ്പട്ടിപടം കളിച്ചു തുടങ്ങുന്ന കാലത്തു മുതലുള്ള പരിചയം. കുറച്ചു കാലങ്ങളായി കാണാറില്ല ജർമ്മനിയിൽ ജോലിയുള്ള ഒരു പെണ്ണിനെയും കെട്ടി അവിടായിരുന്നു അയാൾ. രമേഷ് അവനെ തിരിഞ്ഞു നോക്കാതെ ഓടി. പോകുന്ന പോക്കിന് ഒരു കപ്പക്കയും കൊണ്ടാണയാൾ ഓടിയത്. രവി തീർത്തും ഒരു മൃഗമായി മാറിയിരുന്നു രമേഷിനെ ഇപ്പൊ കിട്ടിയാൽ അയാൾ കടിച്ചു പറിച്ചേനെ.

മൃഗങ്ങളേക്കാൾ ക്രൂരനായ മനുഷ്യരാണ് ചുറ്റും. പെരുമ്പാവൂരിൽ ഫാം ഉള്ള വർഗ്ഗീസിനെ പോലീസിന്റെ സഹായത്തോടെ കൊന്ന് പശുക്കളെയും പോത്തുകളെയും കടത്തി. റോഡുകളിലും, നാട്ടുവഴികളിലും, കാടുകളിലും മനുഷ്യർ കയറി. വളർത്തുനായ്ക്കളും, പേപ്പട്ടികളും, മരപ്പട്ടികളും എന്തിന് ചാവാലിപ്പട്ടികൾ വരെ ആഹാരമായി. വെള്ളപ്പൊക്കക്കാലത്തപോലും അന്ന്യ ജാതിക്കാർ ഉണ്ടാക്കിയത് കഴിക്കാത്ത ആലുവയിലേ ഏതോ മനക്കലെ ഭട്ടതിരിപ്പാട് പൂച്ചയെ ചുട്ടുതിന്നു എന്നും കേൾക്കുന്നുണ്ട്. ചക്കയുടെയും മാങ്ങയുടെയും സീസണല്ല. ആയിരുന്നേൽ ഇല്ലങ്ങളായ ഇല്ലങ്ങൾ മുഴുവൻ തിന്നു മടുത്തേനെ. പല പ്ളാവുകളുടെയും ചുവട്ടിൽ ഇപ്പോഴും ചീഞ്ഞ കുറേ ചക്കക്കുരുക്കൾ കിടപ്പുണ്ട് പലരും അത് ചുട്ടുതിന്നുന്നുണ്ട്. കാർന്നവനൻമ്മാരായി വച്ചതാണതൊക്കെ.

രവിയുടെ മുറ്റത്തതൊന്നും ഇല്ല. അച്ഛന്റെ കാലത്തോളമുണ്ടായിരുന്നു അച്ഛനോടൊപ്പം അതും പോയി. അവസാനമുണ്ടായിരുന്ന പ്ളാവിൽ തീർത്ത കട്ടിലിലാണ് അയാളും ഭാര്യയും കെട്ടിപ്പിടിച്ചുറങ്ങാറ്. ഒരു പുല്ലുപോലും പൊട്ടി മുളക്കാത്ത രീതിയിലായിരുന്നു മുറ്റം പണിതീർത്തത് ചുവപ്പും കറുപ്പും നിറമുള്ള സിമന്റുകട്ടകൾ നിരത്തി സ്കെയില് പോലെ എന്തോ വച്ചാണ് നേരെയാക്കിയത്. വെള്ളപ്പൊക്കത്തിൽ പോലും വെള്ളം കെട്ടിനിൽക്കാത്ത ഡിസൈൻ അയാൾ പൊങ്ങച്ചം പറഞ്ഞിരുന്നു. ചില റിയാലിറ്റി ഷോകളിൽ കാണിക്കുന്ന വില്ലകളുടെ പരസ്യം പോലെയാണയാളുടെ വീട് സുന്ദരമാണ്, മുമ്പിൽ നിന്ന് സെൽഫി എടുക്കാം.

അയാൾ കിട്ടിയ കപ്പക്കയുമായി വീട്ടിലേക്ക് കയറി കയറുന്നതിന് മുമ്പ് ഗെയിറ്റ് പൂട്ടി. ഭാര്യക്ക് പ്രസവ വേദന കൂടി തുടങ്ങി. എവിടന്നെങ്കിലും ഒരു നെഴ്സിനെ കിട്ടുമോ അമ്മ ചോദിച്ചു. രവി പേ പിടിച്ച ഒരു പട്ടിയെപോലെ അമ്മയേ നോക്കി.

ഇതേ സമയം കൊച്ചിയിലും കുമ്പളങ്ങിയിലും ചെറായിയിലും ചാവക്കാടും പരപ്പനങ്ങാടിയിലുമൊക്കെ മീൻ പിടുത്തക്കാർ ബാർട്ടർ സിസ്റ്റം ആരംഭിച്ചു. അതവിടുത്തെ ആളുകളെ സമാധാനിപ്പിച്ചു. ഇതറിഞ്ഞ് മറ്റു നാടുകളിൽ നിന്നും ആളുകൾ ഇവിടെ എത്തി. മീൻ പിടുത്തക്കാർ നേരിട്ട് ആളുകൾക്ക് മത്സ്യങ്ങളെ കൊടുത്തു പകരം അവരുടെ കയ്യിലുള്ളത് എന്താണെന്ന് വച്ചാൽ അരിയോ പഞ്ചസാരയോ എണ്ണയോ വെളിച്ചെണ്ണയോ മെഴുകുതിരികൾ വരെ സ്വീകരിച്ചു. നാളെയോ മറ്റന്നാളോ ആയി ഇലക്ട്രിസിറ്റി നഷ്ടപ്പെടുമെന്ന് അവർക്കറിയാം. ബംഗാൾ വഴി ചില ഇന്ത്യക്കാർ ബംഗ്ളാദേശിലേക്കും മലയാളികൾ ലക്ഷദ്വീപിലേക്കും കുടിയേറി. കടലോരങ്ങളിൾ മനുഷ്യർ തിങ്ങി നിന്നും. കടലിലെ ജീവികൾ ഇവർക്ക് തികയുമോ സംശയമായി.

ചില സാമ്പത്തിക വിദഗ്ധർ ഇരിക്കുന്ന ചാനൽ ചർച്ചയിൽ പല പൊട്ടി പൊളിഞ്ഞ ബാങ്കുകളുടെയും മാനേജർമ്മാർ ഇരുന്നിരുന്നു. ചിലരിതൊക്കെ മുൻകൂട്ടി കണ്ടിരുന്നു എന്ന് വേണം കരുതാൻ. വിദഗ്ധൻമ്മാർ ‘ദി ബിഗ് ഷോർട്ടി’ നെ കുറിച്ചും ‘ദി ഗ്രേറ്റ് ഡിപ്രഷനെ’ക്കുറിച്ചും സംസാരിച്ചു. ചർച്ച ചെയ്തു. മാനേജർമ്മാർ ലോണെടുത്തും സ്ഥലം വിറ്റും വീട് പണിത് കെട്ടിപ്പൊക്കിയവരെ നോക്കി ഉള്ളിൽ പുഞ്ചിരിച്ചു. ചിലർ ഗാന്ധിയെക്കുറിച്ചും ഗ്രാമസ്വരാജിനെക്കുറിച്ചും ഗാന്ധിജികണ്ട സ്വപ്നത്തെക്കുറിച്ചും സംസാരിച്ചു. ‘സ്വയംപര്യാപ്തരായവർ സർവൈവ് ചെയ്യും’ അതിലൊരാൾ ഉറപ്പിച്ചു പറഞ്ഞു.

രവി എന്തോ തീരുമാനം എടുത്ത പോലെ ടി വി ഓഫ് ചെയ്തു. മുറിയിൽ നിന്നും പ്രസവവേദനയുടെ ശംബ്ദം കേൾക്കാം. അയാൾ ഒരു കോടാലിയും മൺവെട്ടിയുമായി മുറ്റത്തേക്കിറങ്ങി. മൺവെട്ടി തുരുമ്പ് പിടിച്ച് ഒടിയാറായിരിക്കുന്നു. അച്ഛന്റെ കാലത്ത് ഉപയോഗിച്ചിരുന്നതാണ്. അതിന്റെ തുമ്പത്തായി ഒരു എട്ടുകാലിയുടെ കുടുമ്പം ഉണ്ടെന്നു തോന്നുന്നു. അയാളതു നോക്കി. ഗർഭിണിയായ മുഴുത്ത ഒരു എട്ടുകാലി. അതെങ്ങാനും പ്രസവിച്ചാൽ അവർക്ക് വേറൊരു വീട് വേണ്ടേ, താമസിക്കാൻ സ്ഥലം വേണ്ടേ, അയാളൊരു കുട്ടിയേപ്പോലാലോചിച്ച് പരിഭ്രാന്തനായി. എന്നിട്ട് മൺവെട്ടിയെടുത്ത് നിലത്തൊന്നുമുട്ടി. ആദ്യത്തെ മുട്ടിന് എട്ടുകാലി നിലത്തുവീണു. രണ്ടാമത്തെ മുട്ടിനത് പ്രസവിച്ചു. ഒരായിരം കുഞ്ഞുങ്ങൾ അടുത്ത മുട്ടിന് ചതഞ്ഞരഞ്ഞു. അയാൾ നിർത്തിയില്ല. ലോണെടുത്ത് കെട്ടിയ വെള്ളപ്പൊക്കത്തിന് പോലും വെള്ളം കെട്ടാത്ത മുറ്റം അയാൾ കുത്തി പൊളിച്ചു. തെങ്ങ് നടാനാണെന്ന് തോന്നിക്കത്തക്ക ആഴത്തിൽ അയാൾ കിളച്ചു കൊണ്ടിരുന്നു. അകത്തുനിന്ന് പ്രസവവേദനയുടെ കരച്ചിൽ കേൾക്കാം. അയാൾ നീളത്തിലൊരു കുഴി കുഴിച്ചു. അയാൾക്ക് കുഴിയെടുക്കാനറിയില്ല വ്യക്തം. അളവൊന്നും കൃത്യമല്ല നീളവും വീതിയും ശെരിയല്ല ആകൃതിയും ഒരേപോലല്ല. ഇടക്കാ ഭ്രാന്തൻ കിടന്നു നോക്കി അളവെടുത്തു. മൂന്നാമത്തെ കുഴികുഴിക്കുമ്പോഴേക്കും അയാൾ വിയർത്തൊലിഞ്ഞ് അവശനായിരുന്നു. ഇപ്പൊ രവിയെ കണ്ടാൽ അച്ഛന്റെ ഛായ ഉണ്ട്. മൂന്നാമത്തെ കുഴി തീരാറായപ്പോൾ അകത്തുനിന്നൊരു കരച്ചിൽ കേട്ടു ജനിച്ചു വീണ കുട്ടിയുടെ കരച്ചിൽ. അയാൾ കുലുങ്ങിയില്ല നാലാമതൊരു കുഴികൂടി കുഴിച്ചു ഒരു കൊച്ചു കുഴി.

28

മനുശങ്കർ എം

Manu is from Ernakulam, Kerala. He is an Engineering Diploma holder. He is involved in Short film making and Script writing.

View All Authors >>

28 thoughts on “ദി ഗ്രേറ്റ് ഡിപ്രഷൻ”

  1. കഥയും യാഥാർഥ്യവും ആയ പ്രമേയം. ചരിത്രം പരിശോധിച്ചാൽ ഈ കഥയിലെ പല സംഭവങ്ങളും അതിശയോക്തിപരമല്ലെന്ന് കാണാം. കരുതിയിരിക്കാം. ഇനിയും വൈകിയിട്ടില്ല. എല്ലാ ഭാവുകങ്ങളും

  2. കഥയുടെ സമകാലിനീമായ ഉറവിടം ഏറെ നല്ലത്. “സ്വയം പര്യാപ്തരായവർ സർവൈവ് ചെയ്യും “…എന്നെ ഏറെ ചിന്തിപ്പിച്ച വാക്കുകൾ. ചിന്തിക്കേണ്ട വിഷയങ്ങളെ തിരഞ്ഞു കണ്ടുപിടിച്ചെഴുതിയ എഴുത്തുകാരന് അഭിവാദ്യങ്ങൾ.

        1. Heart touching story. verbally exposed the many injustices that exist in society today. A good story that shows that caste, religion and politics are nothing in the face of poverty.

Leave a Reply

Your email address will not be published. Required fields are marked *

14 + 7 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top