അഫ്സൽ പി.കെ മങ്ങാട്ടുപുലം
“ഹതോ വാ പ്യാപ്സ്യസി സ്വർഗ്ഗം ജിതോ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൌന്തേയ..”
അടുത്ത മുറിയിൽ നിന്നും വല്ല്യച്ഛൻ ജപിക്കുന്ന ഗീതാ ശ്ലോകങ്ങൾ അരിച്ചുവന്ന് കർണ്ണപുടങ്ങളെ കൊത്തിയപ്പോഴാണ് ഞാൻ അനങ്ങിയത്. വല്ല്യച്ഛന്റെ വിളക്കുതിരിയിൽ നൃത്തം ചെയ്യുന്ന പ്രകാശകിരണങ്ങൾ മാത്രമേ കതക് കടന്നിട്ടൊള്ളൂ. തലേന്നത്തെ യാത്രാക്ഷീണത്തിന്റെ ഭാരത്താൽ മുകളിലെ കണ്ണിമ താഴേതിൽ വന്നുപതിച്ചു. പിന്നെ ഹയർ സെക്കന്ഡറി കഴിഞ്ഞുനിന്ന ഒഴിവുകാലത്ത് എന്നേയും അമ്മയേയും കൂട്ടി അച്ഛൻ കൊൽക്കത്തയിലേക്ക് പറന്നതും പല്ലിറുമ്മി തള്ളിനീക്കിയ മൂന്നു വർഷത്തെ പ്രസിഡൻസി സർവ്വകലാശാലയിലെ ബി. എസ്സി പഠനവും നഗരജീവിതവും അടങ്ങുന്ന ജീവിതഖണ്ഡംപോലെ നീണ്ടൊരു യാത്ര. രണ്ടിലും ഹൈസ്കൂൾ കാലത്ത് ഒരിക്കൽ മാത്രം സംസാരിച്ച കമലയായിരുന്നു മുഖ്യാപാത്രം.
അന്ന് ആ നട്ടുച്ചയ്ക്ക് അസാധാരണമായ എന്തോ ഒന്നുണ്ടായിരുന്നു. വേനല്‍മഴയുടെ കരവലയത്തിൽ നിന്നും മോചിതമാക്കാത്ത അന്തരീക്ഷം. ഭക്ഷണം കഴിക്കുകയായിരുന്നപ്പോൾ പതിവായുള്ള അവളുടെ നോട്ടം. ഇടക്കണ്ണോടെയും അല്ലാതെയുമായുള്ള എന്റെ സഹകരണത്തിനിടയിൽ ഭക്ഷണകാര്യം അപ്രസക്തമായി. അവളുടേത് തീർന്നിട്ടും എന്റേത് പകുതി ബാക്കി. പക്ഷെ ഞാൻ എണീക്കുംവരെ അവൾ അനങ്ങാതെ ഇരുന്നതിൽ ഞാനെന്തോ അപകടം മണത്തു. ഒടുവിൽ ഏതോ പ്രണയദേവത വിരിച്ച വലയിൽ ഞാൻ പെട്ടുവെന്ന് പറയാം. കുനിഞ്ഞുനിന്ന് പാത്രം കഴുകുകയായിരുന്നപ്പോൾ അരികെ വന്ന് സത്യസായിബാബയെ പോലെ മായാജാലം കാട്ടി അവൾ ഉടുപ്പിൽ നിന്നൊരു കുറിപ്പെടുത്ത് എന്റെ കുപ്പായക്കീശയിലേക്ക് തിരുകി. ആശ്ചര്യവും ചോദ്യവും സംയോജിതമായൊരു നോട്ടം ഞാൻ വെച്ചുകൊടുത്തപ്പോൾ ഒരു കണ്ണ് ചിമ്മിയുള്ള അവളുടെ മറുപടി. ഇതികർത്തവ്യതാമൂഢനായ എന്നെ ദേവത മൂത്രപ്പുരയിലേക്കാണ് വഴി നടത്തിയത്. ആളൊഴിഞ്ഞ തക്കത്തിൽ തുണ്ടെടുത്ത് നിവർത്തി.
“സർവ്വശക്തരായ ദൈവങ്ങളെത്ര നിസ്വാര്ത്ഥരാണ്. സ്വർഗ്ഗം വേണമെങ്കിൽ പിന്തുടരേണ്ട ദൈവത്തെ കാണിച്ചുതന്ന ദേവത മുഖം കാണിക്കാതെ പോയ്മറഞ്ഞു. പക്ഷെ ദൈവം എന്റെ മുമ്പിലുണ്ട്. സ്വർഗ്ഗവും, ഐ ലവ് യു
എന്ന ഒരു വാക്കിനപ്പുറം.” വയലറ്റ് നിറത്തിലുള്ള ഹൃദ്യമായ ആ കയ്യെഴുത്തു ചങ്ങല എന്റെ മസ്തിഷ്കത്തെ ബന്ധിയാക്കി. അത് കടത്തിവിട്ട ലഹരിയുടെ വിദ്യുച്ഛക്തിയിൽ ഞാൻ പരലോകം കണ്ടു.
അന്ന് സ്കൂൾ വിടും നേരത്ത് ജനസാന്ദ്രമായ വാതിൽപടിയിൽ നിന്ന് അവളുടെ ചെവിയിൽ “ഐ ലവ് യു” എന്ന് മന്ത്രിച്ചു. അതെല്ലാതെ ഞങ്ങളുടെ വാക്കുകൾ പരസ്പരം കെട്ടിപ്പിണഞ്ഞിട്ടില്ല.
“സോനൂ… റിസൾട്ട് വന്ന്ണ്ട്.. പാസ്സായിട്ട്ണ്ട് ടാ..” എന്നും പറഞ്ഞ് അച്ഛൻ കാൽ ചവിട്ടിയിളക്കി വിളിച്ചപ്പോഴാണ് ഞാൻ എണീറ്റ് ഇരുന്നത്. സ്വേദമിറ്റി ഈറനായ വിരിപ്പ്. കണ്ണ് തിരുമ്മി പുറത്തേക്ക് നോക്കിയപ്പോൾ പടിഞ്ഞാറേക്ക് ചെരിഞ്ഞ സൂര്യൻ.
കമലയെ പോയിക്കാണാൻ മനസ്സ് തിടുക്കംകൂട്ടി. തൂവാല എടുത്ത് കുളിപ്പുരയിലേക്ക് ഉളരിയപ്പോൾ പൂമുഖത്ത് എന്റെ ഭാവിയെ കുറിച്ചുള്ള അച്ഛന്റെയും വല്ല്യച്ഛന്റെയും വല്ല്യമ്മയുടെയും കൂടിയാലോചന. മേനി നനച്ച് ഊണിന് ഇരുന്നപ്പോഴും തകൃതിയായി മുന്നേറുന്നു ആ നർമ്മഭാഷണം. അസഹനീയമായപ്പോൾ തീറ്റ നിർത്തി, കമലയ്ക്കായി കൊൽക്കത്തയിൽ നിന്നും വാങ്ങിയ രണ്ട് മിഠായിയും കീശയിൽ തിരുകി വീട് വിട്ടു. അയൽപക്കത്തെ ബിനീഷിന്റെ സ്കൂട്ടർ വാങ്ങി വലിയങ്ങാടിയിലെ കോളനിയിലേക്ക് പറന്നു. മൂന്നുവർഷം കൊണ്ട് സംഭവിച്ച മാറ്റങ്ങളൊക്കെ വിരളമായേ മനസ്സിൽ പ്രവേശിച്ചൊള്ളൂ.
കോളനിക്ക് മുമ്പിൽ സൈക്കിൾ ചവിട്ടി കളിക്കുകയായിരുന്ന ഒരു പയ്യനെ അടുത്ത് വിളിച്ച് ചോദിച്ചു: “മോന് കമലയുടെ വീടറിയാവോ?”
ചോദ്യം കേട്ട ക്ഷണത്തിൽ മുഖഭാവം മാറിയ ആ പയ്യൻ തിരിച്ചുചോദിച്ചു: “ഏട്ടൻ? സുനിലാണോ?”
“ഉം-ം” എന്ന് മൂളിക്കഴിയുമ്പോഴേക്കും അവൻ സൈക്കിളും ചവിട്ടി ഇടവഴികളിലേതിലോ കയറി അപ്രത്യക്ഷമായിരുന്നു. സംഗതി ഗ്രഹിക്കാനാകാതെ ശങ്കിച്ചു നില്പായി ഞാൻ. അടുത്തൊരു തല കാണാൻ കൊതിച്ചപ്പൊഴേക്കും സൈക്കിളിന്റെ മണിനാദം. ദ്രുതഗതിയിൽ അടുത്തുവരുന്നു. ഇടവഴിയിൽ നിന്നും സ്വതന്ത്രമായപ്പോൾ, അത് ആദ്യത്തെ കുട്ടിയും സൈക്കിളും തന്നെ. പല്ലുകൾക്കിടയിൽ ഒരു നോട്ടുപുസ്തകം മടങ്ങിക്കിടപ്പുണ്ടെന്ന് മാത്രം. എല്ലുകഷ്ണം വായയിലിട്ട് ഔടുന്ന പട്ടിക്കുട്ടിയെ പോലെ അവനെന്റെ മുന്നിലെത്തി. സൈക്കിൾ നിറുത്താതെ ഒരു കൈകൊണ്ട് നോട്ടു പുസ്തകം എന്റെ നേരെ നീട്ടി അവൻ പറഞ്ഞു: “ചേച്ചി പോയി.”
പുസ്തകം സ്വീകരിക്കലിനോട് അനുഗമിച്ച “എങ്ങട്ട്? ” എന്ന എന്റെ മറുചോദ്യത്തിൽ അവൻ സൈക്കിൾ നിർത്തി. പുസ്തകം മറിച്ചുനോക്കുന്നതിനിടക്ക് ഹയർ സെക്കന്ഡറി കാലത്ത് കാണാതായൊരു ഫോട്ടോ, എന്നെ നോക്കി പരിഹസിച്ചങ്ങനെ കിടക്കുന്നു.
“ഒരു കൊല്ലൊക്കെ ആയിക്കാണും.. കാൻസറൈനു.. എന്നും ഇതിലങ്ങനെ എഴുതിന്നെറക്കും.. മരിക്ക്ണീന്റ രണ്ടീസം മുമ്പ് ‘എന്റ സുനില് ബന്നാ ഏല്പിക്കണം’ ന്നും പർഞ്ഞ് എന്റേക്ക തന്നതാ.” പുസ്തകം നോക്കി അവൻ പറഞ്ഞുതീർത്തു. ചേച്ചിയുടെ തിരുശേഷിപ്പ് കൈവിട്ട് പോകുമ്പോൾ അച്ചിലിട്ടുറപ്പിച്ച മനോദുഃഖം ഉരുകിയൊലിക്കുന്നത് പ്രകടമാക്കുന്ന നോട്ടം. ഗദ്ഗദത്തോടെയുള്ള അവന്റെ വാക്കുകൾ അറ്റുവെന്നായപ്പോൾ പുസ്തകത്തിൽ നിന്നും കണ്ണെടുത്ത് ഞാൻ ചോദിച്ചു: “മോന്റ പേര്?”
“കുമാരൻ” എന്ന് പറഞ്ഞ് സൈക്കിൾ ചവിട്ടാൻ തുടങ്ങിയ അവനെ തടുത്തുനിർത്തി, കമലക്കായി കരുതിയ മിഠായി നൽകി. കൂടെ പുസ്തകത്തിൽ ചുരുണ്ട് കിടന്നിരുന്ന ഹൈസ്കൂൾ കാലത്തെ ഒരു ക്ലാസ്ഫോട്ടോയും.
നിന്നനില്പിൽ ആദ്യ താളൊന്ന് വായിച്ചു നോക്കി.
“കാതങ്ങളോളം തൊട്ടുരുമ്മിക്കിടന്നിട്ടും
കടിലിനു കരയിലോ
പർവ്വതങ്ങൾക്കു കാറ്റിലോ ലയിക്കാനായില്ലെങ്കിൽ
ഞങ്ങളെപ്പോലെ കാണാമറയത്താകുന്നതാ ഭേദം.”
പുസ്തകം പല്ലിനിടയിൽ വെച്ച് വീട്ടിലേക്ക് മടങ്ങും വഴി ചിരിച്ചുമടങ്ങിയ കുമാരൻ കാർമേഘംപോലെ മനസ്സിൽ മൂടിക്കെട്ടി. ആ പിൻഭാഗവും ചിരിയും ഉത്സാഹവും കുമാരന്റെതായിരുന്നോ? അത് കമലയുടേതല്ലേ? ഈ നോട്ടു പുസ്തകവും കടിച്ച് കുതിക്കുന്നത് സുനിലാണോ? ഈ വിരഹവേദന കുമാരന്റേതല്ലേ?
ലളിതമായ ശൈലി… മനസ്സിൽ നിൽക്കത്തക്ക പ്രാപ്തമായ വരികൾ