Montage

രാമേശ്വരം സന്ധ്യകൾ

രാമേശ്വരം സന്ധ്യകൾ

തനിച്ചിരിക്കാൻ തോന്നുന്ന പ്രിയപ്പെട്ട ഏകാന്തതകളുടെ അവസാനമെപ്പോഴും രാമേശ്വരം ഓർമ്മകളിൽ ഓടിവരുന്നത് എന്റെ മാത്രം അനുഭവമാവാം..... 
 രാമനാഥസ്വാമി ക്ഷേത്രത്തിൻെറ ഇടനാഴികളിലെ കൽതൂണുകളിൽ ചേർന്നിരിക്കുമ്പോൾ ശരീരത്തിലേയ്ക്ക് അരിച്ചരിച്ചിറങ്ങുന്ന തണുപ്പ് ആത്മാവിലെവിടെയോ തളംകെട്ടിനിർത്തപ്പെടുന്നു... യുഗങ്ങളായി ആ കല്ലിൽ കൊത്തിവെക്കപ്പെട്ടൊരു ശില്പംപോലെ സ്വയം പരിണമിക്കപ്പെടുന്നു... 
 ഒത്തിരി ഒത്തിരി വ്യാഴവട്ടങ്ങൾക്കപ്പുറം ഒന്നിലധികം മനുഷ്യജന്മങ്ങളുടെ കരസ്പർശത്താൽ കൽത്തൂണുകളായി പരിണാമം പ്രാപിച്ച ആയിരത്തിലധികം കൂറ്റന്‍ കൃഷ്ണശിലകൾ... 
 ഇടനാഴിയിലെ കൽപാതകളിലൂടെ നഗ്നപാദരായി നടക്കുമ്പോള്‍ "ഇതാണ് ഭാരത്തിലെ ഏറ്റവും വലിയക്ഷേത്ര ഇടനാഴിയെന്ന വസ്തുത" പാടെ നാം വിസ്മരിച്ചുപോകുന്നത് , 
"കാൽപാദങ്ങളിൽ നിന്ന് രക്തകൂപങ്ങളിലൂടെ പ്രജ്ഞയിലേയ്ക്ക് വന്നുനിറയുന്ന കൽത്തണുപ്പിൻെറ മാന്ത്രികതയ്ക്കൊപ്പം തെല്ലും മടുപ്പുതീണ്ടാത്ത ആശ്ഛര്യവും വന്നുനിറയുന്നതുകൊണ്ടാവാം ".
 ശിലയിൽ കൊത്തിവെക്കപ്പെട്ട ശില്പങ്ങളും ബിംബങ്ങളും മച്ചിലും, ഇടനാഴികളിലും, സ്തംഭങ്ങളിലും ജീവൻതുടിക്കുന്ന കാളിദാസകാവ്യംപോലെ നിറഞ്ഞുനിൽക്കുന്നു... ദ്രാവിഡ ശില്പകലകളുടെ അവർണനീയ സൗന്ദര്യമായി...
 ആത്മീയതയും ഭക്തിയും തെല്ലുതൊടാതെ വെറുമൊരു സഞ്ചാരിക്ക് സാധ്യമാകുന്ന ഇത്തരം അനുഭവങ്ങളുടെ സങ്കേതംകൂടിയാണ് രാമേശ്വരം.. 
 ആത്മീയന്വോക്ഷകരെ സംബന്ധിച്ച് പറയുമ്പോള്‍
" ദക്ഷിണ വാരണാസി" എന്നൊരുപേരുകൂടി രാമേശ്വരം കുണ്ഡലമായി അലങ്കരിക്കുന്നു.. 
 ആദ്യ യാത്രകൾക്കു ശേഷമുള്ള രാമേശ്വരം യാത്രകളിൽ ഞാന്‍ ഒരു സഞ്ചാരി മാത്രമായിരുന്നു... അതുകൊണ്ടുതന്നെയാവാം വിത്യസ്തമായിങ്ങനെ എനിക്കനുഭവപ്പെടുന്നത്..
 സപ്തസ്വരങ്ങൾ നിർഗമിക്കുന്ന മനോഹരമായ സപ്തസ്വരമണ്ഡപം.. കോടിതേജസ്വിൽ പ്രഭചൊരിയുന്ന ശ്രീ കോവിലിലെ ബിംബം.. 
കടലില്‍ മുങ്ങിനിവരുന്ന
" അഗ്നിതീർഥം" മുതല്‍ അകത്തളങ്ങളിൽ ഈറനണിയുന്ന "കോടിതീർഥം" വരെ, ഇഹലോക പാപം കഴുകികളയുന്നു എന്ന വിശ്വാസത്തിൻെറ ഇരുപത്തിരണ്ട് പുണ്യതീർഥങ്ങൾ.. അങ്ങനെ അങ്ങനെ ദക്ഷിണ വാരണാസി ആയി ഭക്തമനസ്സുകളിലും ഇവിടം നിലകൊള്ളുന്നു.. 
 സദാവീശിയടിക്കുന്ന തണുത്ത ഈറൻ കാറ്റാണ് രാമേശ്വരം രാത്രികളുടെ മറ്റൊരു സവിശേഷത.. 
ഹോട്ടല്‍ 'ഷൺമുഖാ പാരഡൈസിലെ' ടെറസ്സിലുള്ള ചെറിയ മുറി താമസിക്കാന്‍ ചോദിച്ചു വാങ്ങുന്നത്... രാത്രിയിലെ രാമേശ്വരത്തിൻെറ ഭംഗിയിൽ സ്വയം അലിയാൻ മാത്രമാണ്‌.. 
പാണ്ഡ്യ ചോള നിർമ്മിതിയുടെ സവിശേഷമായ ഉയര്‍ന്ന മകുടത്തോടു കൂടിയ രാമനാഥക്ഷേത്രത്തിൻെറ സ്വർണ പ്രഭ ചൊരിയുന്ന ദീപാലംകൃതമായ നിശാകാഴ്ച... ധനുഷ്കോടിയിലെ വലംപിരിശംഖുകളെ ചുംബിച്ചെത്തുന്ന കാറ്റ്.... രാത്രികള്‍ ഇത്രയും മനോഹരമായി മനസ്സില്‍ നിൽക്കുന്നത് ഇവിടത്തെ മാത്രം പ്രത്യേകത... 
 രാമേശ്വരത്തേക്കുള്ള പാമ്പൻ പാലം മനുഷ്യന്റെ മറ്റൊരു എഞ്ചിനീയറിങ്ങ് വിസ്മയം... അല്പ്പം അഹങ്കരിക്കാം നമുക്ക് ഇതിലൂടെ കടന്നു പോകുമ്പോള്‍ പക്ഷേ അത് ധനുഷ്കോടി എന്ന മുനമ്പിലെത്തുമ്പോൾ അവസാനിക്കുന്നു 'മനുഷ്യന്‍ എന്ന നിസ്സാര ജന്മങ്ങളെ ഓർത്ത്'..
 ഒരിക്കലെങ്കിലും പോകണം ഈ ജന്മത്തിൽ..... ഇവിടെ ഈ കൽത്തൂണുകളിൽ കൈവിരലോടിക്കാൻ.. ആ ഇടനാഴികളിൽ നിശബ്ദം നടക്കാന്‍ ...നിശ്വാസത്തെ ആ കാറ്റിലലിയിക്കുവാൻ.... ഒരിക്കലെങ്കിലും..
1

രതീഷ് രാജു എം ആർ

rmrkadumeni@gmail.com View All Authors >>

One thought on “രാമേശ്വരം സന്ധ്യകൾ”

Leave a Reply

Your email address will not be published. Required fields are marked *

five × four =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top