മുൻപെ പോകുന്നവർ പിറകെ വരുന്നവരോട് ദേഷ്യപ്പെട്ടു, വാശി പിടിപ്പിച്ചു, നിര തെറ്റിക്കുന്നവരെ താക്കീത് ചെയ്തു.
ദശാംബ്ദങ്ങൾക്ക് മുൻപ് ഒരു മഹാത്മാവ് തന്റെ അണികളെ നയിച്ചു കൊണ്ട് കടപ്പുറത്തേക്ക് ഒരു ജാഥ നടത്തിയിരുന്നു. അത് ഉപ്പിനു വേണ്ടിയായിരുന്നു. അതിക്രമിച്ചു വന്നു കയറിയവർ കവർന്നെടുത്ത സ്വാതന്ത്ര്യം തിരിച്ചു പിടിക്കാനായിരുന്നു. പ്രായത്തിന്റെ തളർച്ചയോ അലച്ചിലോ ഒന്നും ആ മുന്നേറ്റത്തിൽ കണ്ടില്ലായിരുന്നു. കാരണം ആ യാത്രയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവല്ലോ… ശക്തവും വ്യക്തവും ആയ ലക്ഷ്യം.
ഇന്ന് മുന്നോട്ട് പോവുന്ന ഇവർക്കും ഉണ്ട് ലക്ഷ്യം. തൊട്ടപ്പുറത്തെ മുറിയിൽ അവരുടെ ലക്ഷ്യം അവരെ കാത്ത് കിടക്കുന്നു. അറിയാൻ കുറച്ചു വൈകി. ഒരു രാത്രിയെങ്കിലും കഴിഞ്ഞിരിക്കണം. ലക്ഷ്യങ്ങൾ ഒന്നല്ലല്ലോ എപ്പോഴും… അതാവാം അറിയാൻ വൈകിയത്.
മഹാത്മാവ് അദ്ദേഹത്തിന്റെ ലക്ഷ്യം നേടിയോ ? നേടിയെന്ന് എല്ലാവരും പറയുന്നു.സ്വാതന്ത്ര്യം ലഭിച്ചുവത്രെ..ഒരു പാതിരായ്ക്ക്.അത് സന്തോഷം തന്നെ.സ്വതത്രരായല്ലോ എല്ലാവരും.എല്ലാവർക്കും സ്വന്തം ജീവിതം സ്വയം തീരുമാനിക്കാം.ചോദ്യം ചെയ്യാനോ തടവിൽ വയ്ക്കാനോ ആരുമില്ല.
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം എന്നല്ലേ കവി പാടിയത്..
എന്നിട്ടും എന്തെ ഈ വീട്ടിലെ അമ്മയ്ക്ക് മാത്രം ആ സ്വാതന്ത്ര്യം ഇല്ലാതെ പോയത്? ആരുടേം തടവിൽ അല്ലായിരുന്നുവല്ലോ? എവിടെ വേണേലും പോവാമായിരുന്നുവല്ലോ ?പക്ഷെ, ആ അമ്മ പോയില്ല എങ്ങോട്ടും..ആരും വന്നുമില്ല അന്വേഷിച്ചും..കാത്തിരുന്നു കാത്തിരുന്നു മടുത്തിട്ടുണ്ടാവും.പാരതന്ത്ര്യത്തേക്കാൾ ഭയാനകം ഒറ്റപ്പെടലാണെന്നു ആ അമ്മ ആയിരം വട്ടമെങ്കിലും പറഞ്ഞു കാണണം.
കാക്കി യൂണിഫോമിട്ട പോലീസുകാർ മൈക്കുമായെത്തിയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു…24മണിക്കൂർ കഴിഞ്ഞിട്ടില്ല കാരണം ഉറുമ്പുകൾ അരിച്ചരിച്ചു നീങ്ങുന്നുണ്ട്.