Montage

സുഹൃത്ത്

സുഹൃത്ത്

ബസ്സ് ഒരു ഹംപ് കടന്നുപോയപ്പോളുണ്ടായ ചാഞ്ചാട്ടത്തിൽ മയക്കത്തിലായിരുന്ന സതീഷ് ഞെട്ടിയുണർന്നു .കണ്ണുകൾ തിരുമ്മിക്കൊണ്ടവൻ ബസ്സിന്റെ സൈഡിലൂടെ പുറത്തേക്കു നോക്കിയെങ്കിലും എങ്ങും കട്ടപിടിച്ച ഇരുട്ട് മാത്രമേ കാണാൻ കഴിഞ്ഞുള്ളു. വേഗം ഇടത്തേ കൈകൊണ്ടു മുഖം തുടച്ചിട്ടവൻ സീറ്റിലേക്ക് ഒന്നുകൂടിയിളകിയിരുന്നു. മടിയിൽ വച്ചിരുന്ന ബാഗ് അപ്പോഴേക്കും ഊർന്ന് തറയിൽ വീണിരുന്നു അതെടുത്ത് മടിയിലേക്ക് വച്ചിട്ട്‌ തിരിഞ്ഞു കണ്ടക്ടറിനെ നോക്കി സതീഷിന്റെ നോട്ടം തന്റെ നേരെ കണ്ട കണ്ടക്ടർ സതീഷിനോടായി വിളിച്ചു പറഞ്ഞു “ചേട്ടാ സ്ഥലമായില്ല ഇനിയും അരമണിക്കൂർ കൂടി യാത്രയുണ്ട്, പേടിക്കേണ്ട എത്തുമ്പോൾ ഞാൻ പറയാം”. കണ്ടക്ടറിന്റെ വാക്കുകൾക്ക് ചെറിയൊരു ചിരി സമ്മാനിച്ചിട്ട് സതീഷ് വീണ്ടും സീറ്റിലേക്ക് ചാരിയിരുന്ന്‌ കണ്ണുകൾ അടച്ചു. സതീഷിന്റെ മനസ്സിൽ ഒരു കടലിരമ്പുന്നുണ്ട്. നീണ്ട 4വർഷങ്ങൾക്കു ശേഷമാണു സുഹൃത്തായ രഘുവിനെ കാണുവാനായി പോകുന്നത്. കൊല്ലങ്ങളക്ക്മുൻമ്പ് അവൻ രഘുവുമായി പിരിഞ്ഞതിനു ശേഷം തമ്മിൽ ഒരു രീതിയിലുള്ള ബന്ധവും ഉണ്ടായിട്ടില്ലായിരുന്നു. ഒരുമിച്ചുണ്ടായിരുന്ന സമയത്ത് രഘു അവന്റെ നാടിനെപ്പറ്റി പറഞ്ഞ വർണ്ണനകളിൽ നിന്നുള്ള ചെറിയ ഓർമ്മകൾ മാത്രമാണ് ഇ യാത്രയിൽ സതീഷിന് കൂട്ടായുള്ളത്.ഒരു പക്ഷേ ഇന്നു രാത്രിയിൽ രഘു തന്നെ കാണുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നത് സതീഷ് എത്രത്തോളം സ്വന്തം മനസ്സിലിട്ട് കൂട്ടി കിഴിച്ചിട്ടും മനസ്സിലാക്കിയെടുക്കുവാൻ കഴിയുന്നില്ലായിരുന്നു.

“ചേട്ടാ ചേട്ടൻ പറഞ്ഞ സ്ഥലമെത്തി”… കണ്ടക്ടറുടെ കൈകൾ മെല്ലെ തോളിൽ സ്പർശിച്ചപ്പോൾ സതീഷ് കണ്ണുകൾ തുറന്നു.വേഗം തന്നെ ഒരു കൈയിൽ ബാഗും തൂക്കിയെടുത്തുകൊണ്ടവൻ ബസ്സിൽ നിന്നും പുറത്തേക്കിറങ്ങി.ഡബിൾ ബെൽ മുഴങ്ങിയപ്പോൾ ബസ്സ് അവനെയും കടന്ന് ഇരമ്പിക്കൊണ്ട് മുന്നോട്ടു പോയി. ആ രാത്രിയിൽ അപരിചിതമായ സ്ഥലത്ത് അവൻ ഏകനായി. കൂട്ടിനായി ചുറ്റും കരിപുരണ്ട കൂരിരുട്ട് മാത്രം. ഇവിടെ നിന്നും ഇനി എങ്ങോട്ടാണ് പോകേണ്ടതെന്ന് അവനുമറിയില്ല. ഭയപ്പെടുത്തുന്ന കറുപ്പിനെ തുളച്ചുകൊണ്ടവൻ കണ്ണുകൾ പലഭാഗത്തേക്കും ചലിപ്പിച്ചു . കുറച്ചു ദൂരെ ഒരു പോസ്റ്റിറ്റിൽ മിന്നാമിന്നിയെ പോലെ പ്രകാശം തെളിയിച്ചു കൊണ്ട് ഒരു ബൾബ് മിന്നുന്നു. ആ മിന്നുന്ന വെളിച്ചത്തിന്റെ ഭംഗിയിൽ അൽപായുസ്സുകളായ ഇയാംപാറ്റകൾ ആനന്ദ നൃത്തം ചെയുന്നുണ്ട്.പോസ്റ്റിനടുത്തായി ഒരു സ്ത്രീരൂപം നിൽക്കുന്നു.ആ രാത്രിയിൽ ഒരു മനുഷ്യജീവിയെ കണ്ടപ്പോൾ സതീഷിന് അല്പം ആശ്വാസംതോന്നി. അവൻ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു. അലക്ഷ്യമായി വാരിച്ചുറ്റിയിരിക്കുന്ന നിറം മങ്ങിയ ഒരു സാരിയായിരുന്നു അവൾ ദരിച്ചിരുന്നത് . വാരിപിന്നിയിട്ട പോലെ പാറി കിടക്കുന്ന തലമുടി. കഴുത്തിൽ നേർത്ത ഒരു സ്വർണ്ണമാല, കാതിൽ പ്ലാസ്റ്റികിന്റെ കമ്മലുകൾ, കൈകൾ രണ്ടും മെഴുകു പുരട്ടിയപോലെ ശൂന്യമാണ്. ഇടുപ്പിൽ ഒരു മൊബൈൽ ഫോൺ തിരുകി വച്ചിരിക്കുന്നു.ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്ന ഭാവമായിരുന്നു മുഖത്ത്.

“അതേ പെങ്ങളെ ഇവിടെ അടുത്തുള്ള ഒരു രഘുവിനെ അറിയാവോ”…..അവൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു.

“ഏത് രഘു രണ്ടു,മൂന്നു രഘുമാർ ഇ പരിസരത്ത് താമസിക്കുന്നുണ്ട്”…സംസാരിക്കാൻ ഒട്ടും താല്പര്യമില്ലാത്ത മറുപടി പറഞ്ഞിട്ട് അവൾ ഉത്കണ്ഠയോടുകൂടി റോഡിന്റെ അങ്ങേ തലയിലേക്ക് നോക്കി നിന്നു…..

“ഞാൻ പറയുന്ന രഘുവിന്റെ വലത്തേ കണ്ണിന്റെ തഴെയായി ഒരു കറുത്തപാടുണ്ട്”….. അവൻ വീണ്ടും പറഞ്ഞു.

“ആ…. അറിയാം എന്താ കാര്യം”…. ചുമച്ചു കൊണ്ടവൾ ചോദിച്ചു.

സതീഷിന് മറുപടി പറയാൻ അവസരം കിട്ടിയില്ല.ദൂരെ നിന്നും വരുന്ന ഒരു വണ്ടിയുടെ വെളിച്ചം കണ്ടപ്പോഴേക്കും അവൾ പോസ്റ്റിനടുത്തുനിന്നും റോഡിലേക്ക് നടന്നിരുന്നു. അത് കൊണ്ട് തന്നെ അവളുടെ ചോദ്യത്തിന് മറുപടിപറയാനായി പുറത്തേക്കെടുത്ത വാക്കുകൾ അവൻ തൊണ്ടയിൽ പിടിച്ചു നിർത്തി. ആ വാഹനം അവളെയും കടന്ന് അല്പം മുന്നിലായി ബ്രേക്ക് ചെയ്തു . അവൾ ഓടി അതിനടുത്തേക്ക് ചെന്നുകൊണ്ട് ഡ്രൈവറോട് അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു… “അഞ്ചു മിനിറ്റെന്നും പറഞ്ഞു പോയിട്ടേ ഇപ്പൊ അരമണിക്കൂർ ആകുന്നു… നീ എവിടെ പോയി തുലഞ്ഞതാടാ പട്ടീ ..” ഡ്രൈവർ വല്ലാത്തൊരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.. “പിണങ്ങല്ലേടി മുത്തേ … ജംങ്ഷനിൽ പോലീസ് ചെക്കിങ് ഉണ്ടായിരുന്നു”.. എന്ന് പറഞ്ഞിട്ട് അയാൾ അഞ്ഞൂറിന്റ രണ്ടു നോട്ടെടുത്തു അവൾക്ക് നേരെ നീട്ടി. അത് പ്രതീക്ഷിച്ചു നിന്നപോലെ അവൾ വേഗം അതുവാങ്ങി ചുരുട്ടി ഇടുപ്പിലേക്ക് തിരുകി വച്ചു. ഡ്രൈവർ അപ്പോഴാണ് മാറി നിൽക്കുന്ന സതീഷിനെകണ്ടത്. “ആരാടി!! പുതിയൊരുത്തൻ ഞാൻ അറിയാതെ നീ കച്ചോടം തുടങ്ങിയാ”?….
“ചീ അത് ഒരു വഴിപോക്കനാ'” അവൾ ചുണ്ടുകൾ കോട്ടി കൊണ്ട് ഒരു മയമില്ലാത്ത മട്ടിൽ മറുപടി പറഞ്ഞു..

“മ് പാതിരായ്ക്ക് അല്ലേ വഴിപോക്കൻ പരിപാടി നടക്കട്ടെ…. സാറേ ഇവളെക്കാളും നല്ല സാധനം എന്റെ കൈയിൽ ഉണ്ട് വേണേൽ പറയണേ….. എന്റെ നമ്പർ അവളേൽ ഉണ്ട് വാങ്ങി വിളിച്ചാൽ മതി “.. ഒരു വഷളൻ ചിരിയോടുകൂടി ഇത്രയും പറഞ്ഞിട്ട് ഡ്രൈവർ വണ്ടിയുമായി കടന്ന് പോയി….

നടന്നു തുടങ്ങിയ അവളോടൊപ്പം ആ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അവനും നടന്നു. പോകുന്ന വഴിയിലൊന്നും വെളിച്ചമില്ലാത്തതു കാരണം തറയിൽ കിടക്കുന്ന ഉരുളൻ കല്ലുകളിൽ ചവിട്ടുമ്പോൾ അവന് ഇടയ്ക്കിടയ്ക്ക് ബാലൻസ് തെറ്റുന്നുണ്ട്.നടത്തിനിടയൽ അവർക്കിടയിൽ ഉണ്ടായിരുന്ന മൗനം ഭേദിച്ചുകൊണ്ട് അവൾ ചോദിച്ചു… “രഘുവിനെ കാണേണ്ട കാര്യമെന്താണ്… പറഞ്ഞില്ലല്ലോ”….

“പ്രേത്യേകിച്ചു കാര്യമൊന്നുമില്ല ഞാൻ രഘുവിന്റെ കൂട്ടുകാരനാ”…. ഇത് പറയുമ്പോൾ അവൻ മനസ്സിൽ ചിന്തിച്ചു… ഒരു തെരുവ്‌വേശ്യക്ക് എന്തെല്ലാം അറിയണും..

” പ്ഫാ കൂട്ടുകാരൻ” ……… ഒരു ആട്ട് ആട്ടിയിട്ട് അവൾ തുടർന്നു .. “പണ്ട് ആ പാവത്തിന്റെ കാശുമുഴുവൻ ഇതുപോലെ കൂട്ടുകാരൻ എന്ന് പറയുന്ന ഏതോ ഒരുത്തൻ പറ്റിച്ചതാ…. രാജാവിനെ പോലെ ജീവിച്ച ആ കുടുംബത്തിനെ തെരുവിലേക്ക് ഇറക്കിയത്”….

അവളുടെ ആ വാക്കുകൾ സതീഷിന്റെ ഉള്ളിൽ ഒരു സ്ഫോടനം നടത്തി ..അവനു കാലുകൾ തളരുന്നപോലെ തോന്നി…മനസ്സിലാകെ വല്ലാത്തൊരു ഭാരം അനുഭപ്പെട്ടു… ഈശ്വര തന്നെ കാരണം രഘു….. അവൻ കൈയിലിരുന്ന ബാഗിലെ പിടുത്തം ഒന്നുകൂടി മുറുക്കി പിടിച്ചു. സ്വന്തം നിലനിൽപ്പിനു വേണ്ടി ഒരു കൂടപ്പിറപ്പിനെ പോലെ തന്നെ വിശ്വസിച്ച രഘുവിന്റെ മുഴുവൻ സമ്പാദ്യവും കൊണ്ട് താൻ കടന്നുകളഞ്ഞിട്ടും, കടക്കെണിയിലേക്ക് അവനും കുടുംബവും വഴുതിവീണിട്ടും, തനിക്കെതിരെ ഒരു പരാതിപോലും കൊടുക്കാതിരിക്കണമെങ്കിൽ രഘു തന്നെ എത്രമാത്രം സ്നേഹിച്ചിരുന്നുകാണണും, അങ്ങനെയുള്ള അവനെയാണല്ലോ ഭഗവാനെ താൻ ചതിച്ചതു….. ഇ നിമിഷം വരെ താൻ കരുതിയത് അവൻ സുഖമായി ജീവിക്കുന്നുണ്ടെനാണല്ലോ ഭഗവാനെ !!!. കുറ്റബോധം അവന്റെ മനസ്സിനെ വരിഞ്ഞു മുറുക്കി അറിയാതെ തന്നെ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരായി ഒലിച്ചിറങ്ങി.. ഇരുട്ടിന്റെ കറുപ്പിൽ ആ കണ്ണുനീരും ലയിച്ചു ചേർന്നു…

“ദാ അതാണ് വീട്..” അവൾ ഒരു വീടിനെ ചൂണ്ടി പറഞ്ഞു….”

“മ്… വളരെനന്ദി”… എന്ന് പറഞ്ഞിട്ട് അവൻ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റ ഒരു നോട്ടെടുത്ത് അവൾക്ക് നേരെ നീട്ടി.

“വേണ്ട സാറെ പണിയെടുക്കാതെ കിട്ടുന്ന പൈസ വാങ്ങി തിന്നാലെ അത് ദഹിക്കില്ല..” ഇതും പറഞ്ഞു അവൾ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു. കേവലം 100രൂപയ്ക്ക് വേണ്ടി കണ്ടവന്റെ മുന്നിൽ തുണിയുരിയുന്ന വേശ്യക്ക് പോലും ഇത്രമാത്രം അഭിമാനമുണ്ടെന്നു ചിന്തിച്ചപ്പോൾ അവൻ സ്വയം ചെറുതായിപോകുന്നതുപോലെ തോന്നി. നിയന്ത്രിക്കുവാൻ കഴിയാത്ത ഹൃദയമിടിപ്പോടുകൂടി അവൻ അ വീടിനു മുറ്റത്തേക്ക് കയറി. പണിപൂർത്തിയാകാത്ത വീട്…. ചുടുകല്ലുകളിൽ പറ്റിയിരിക്കുന്ന പായൽ കാലപഴകത്തെ വിളിച്ചറിയിക്കുന്നു. മുന്നിൽ ആർക്കോ വേണ്ടി ഒരു സിറോവാൾട് ബൾബ് എരിഞ്ഞു കൊണ്ടിരിക്കുന്നു.അതിനു ചുറ്റാകെ പലതരം പ്രാണികൾ വട്ടമിട്ട് പറക്കുന്നു.അവസരം കിട്ടുമ്പോൾ ആ പ്രാണികളെ പിടിച്ച് വിശപ്പടക്കുവാൻ വേണ്ടി തയ്യാറായി ഒരു പല്ലി ചുമരിൽ പറ്റി ഇരിക്കുന്നു. അവൻ വ്യക്തമായി ഓർക്കുന്നു രഘുവിന്റെ വീടിന്റെ പണി നടക്കുമ്പോൾ ആണ് താൻ പണവും കട്ടുകൊണ്ട് പോകുന്നത്. ഇപ്പോൾ ഇ കാണുന്ന വീട് തന്റെ ചതിയുടെ ഒരു സ്‌മാരകം പോലെ അവനെ നോക്കി ഉച്ചത്തിൽ പൊട്ടി ചിരിക്കുന്നപോലെ തോന്നി. തലയ്ക്കുള്ളിലിരുന്ന് ആരോ മൂളുന്നുണ്ടായിരുന്നു.. ചതിയനാണ് നീ കൊടും ചതിയൻ.!!

ഒന്ന് രണ്ടു പ്രാവശ്യം വാതിലിൽ മുട്ടിയപ്പോൾ പന്ത്രണ്ടു വയസ്സോളം പ്രായം തോന്നിപ്പിക്കുന്ന ഒരു ആൺകുട്ടി വാതിൽ തുറന്നു പുറത്തേക്കു വന്നു. വാതിൽ തുറന്നപ്പോളുണ്ടായ എണ്ണയിടാത്ത വിജാഗിരിയുടെ കിർ കിർ ശബ്ദവും നീ ചതിയനാണ് കൊടും ചതിയൻ!! എന്ന് പറയുന്നതായി അവനു തോന്നി.

“ആരാ” ആ കുട്ടി ചോദിച്ചു..” രഘുവിന്റെ വീടല്ലേ..”.. അവൻ ചോദിച്ചു… അതേ എന്ന് പറയുന്നതിനോടൊപ്പം തന്നെ ആ പയ്യൻ വിളിച്ചു പറയുന്നുണ്ട് “അമ്മേ അച്ഛനെ തിരക്കി ആരോ വന്നിരിക്കുന്നു.”

“കയറി ഇരിക്കാൻ പറ ഞാൻ ദാ വരണ് “അകത്തു നിന്നും ഒരു സ്ത്രീശബ്ദം കേട്ടു….. പാതിരായ്ക്ക് ആരാ വന്നതെന്ന് നോക്കാതെ കയറി ഇരിക്കാനോ.. ഇനി എന്റെ വരവ് ഇവർ മുൻകൂട്ടി കണ്ടിരുന്നോ?അവൻ മനസ്സിൽ ചിന്തിച്ചുകൊണ്ട് വീടിനകത്തേക്ക് കയറി.പെട്ടന്നാണ് അവന്റെ കണ്ണുകൾ ഭിത്തിയിൽ മാലയിട്ട് തൂക്കിയിരിക്കുന്ന രഘുവിന്റെ വലിയ ഫോട്ടോയിൽ ഉടക്കിയത്.അവന് കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി, വീഴാതിരിക്കാൻ അടുത്തു കിടന്ന കസേരയിലേക്കവൻ കൈയെത്തി പിടിച്ചു. മറുകൈയിൽ ഉണ്ടായിരുന്ന ബാഗ് പിടുത്തം വിട്ട് നിലത്തേക്ക് വീണു…. അപ്പോഴേക്കും “ചേട്ടനെ കണ്ടില്ലേ”..എന്ന് ചോദിച്ചുകൊണ്ട് അകത്തു നിന്നും ഒരു സ്ത്രീ അങ്ങോട്ട് കടന്ന് വന്നു. അവളുടെ മുഖം കണ്ടതും ഏതോ ശക്തി പിടിച്ചിരിത്തിയപോലെ അവൻ കസേരയിലേക്ക് ഇരുന്നു പോയി….അവനെ റോഡിൽ നിന്നും ഇതുവരെ കൊണ്ടുവന്നാക്കിയ വേശ്യയായിരുന്നു ആ സ്ത്രീ… .

“നിങ്ങളാണ് എന്റെ ചേട്ടന്റെ പഴയ ആത്മാർത്ഥ കൂട്ടുകാരനെന്ന് റോഡിൽ വച്ചേ രഘുവിന്റെ വീട് ചോദിച്ചപ്പോൾ എനിക്ക് മനസ്സിലായി കാരണം മറ്റൊന്നുമല്ല …. നിങ്ങൾ എന്നായാലും കൈയിൽ ഒരു ബാഗുമായി ഇവിടെ വരുമെന്ന് അദ്ദേഹം പറയുമായിരുന്നു…. പാവം എന്റെ ചേട്ടൻ ഒരിക്കൽ പോലും പോയ പണത്തെ കുറിച്ച് ഓർത്ത് നീറിയിട്ടില്ല ….പക്ഷേ ആത്മാർത്ഥ സ്നേഹിതൻ ചെയ്ത ചതി അത് അദ്ദേഹത്തിനെ ഒന്നാകെ ഉലച്ചു കളഞ്ഞു… ഓരോ ദിവസവും അതിനെകുറിച്ചോർത്ത് ആ പാവം നീറി, നീറിയാണ് മരണം വരിച്ചത്”..അവൾ കണ്ണുകൾ തുടച്ചു …. ആ വാക്കുകൾ കേട്ട് സതീഷിനു ഇ ലോകം മുഴുവൻ തനിക്കു ചുറ്റും കറങ്ങുന്നതുപോലെ തോന്നി. അവൻ ഇരുകൈകളും കൊണ്ട് വീഴാതിരിക്കുവാൻ കസേരയിൽ മുറുകെ പിടിച്ചു……

“ഇ നിമിഷം നിങ്ങളെ ഇവിടെ വച്ച് തീർത്തുകളയണുമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്…. പക്ഷേ അദ്ദേഹം പറഞ്ഞിട്ടുള്ളത് ഒരു പക്ഷേ ഞാൻ ഇല്ലാത്ത സമയത്താണ് അവൻ ഇവിടെ വരുന്നെതെങ്കിൽ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോപോലും ഒരിക്കലും നീയവനെ വിഷമിപ്പിക്കരുതെന്നാണ്….. അത്രയ്ക്ക് ആത്മാർത്ഥയുള്ള സ്നേഹമായിരുന്നു എന്റെ ചേട്ടന് നിങ്ങളോട് ഉണ്ടായിരുന്നത് പക്ഷേ നിങ്ങൾക്കോ”? … .അവൾ നിയന്ത്രിക്കുവാൻ കഴിയാതെ പൊട്ടി കരഞ്ഞുപോയി. ആ പൊട്ടിക്കരച്ചിലിനു മുന്നിൽ… ഭൂമിയിലെ തന്നെ വൃത്തികെട്ട ജീവിയായ തീട്ടം തിന്നുന്ന പന്നിയേക്കാളും വിലകുറഞ്ഞവനായി മാറി അവൻ. കരയുവാൻ പോലും കഴിയാതെ തളർന്നിരുന്നു. താൻകൊണ്ട് വന്ന ബാഗിൽ പണ്ട് രഘുവിന്റെ കൈയിൽ നിന്നും മോഷ്ടിച്ചതിനെക്കാൾ ഇരട്ടി തുകയുണ്ടെങ്കിലും അതൊന്നും ചെയ്തു പോയ തെറ്റിനുള്ള പരിഹാരമല്ലെന്നു അവനു ബോധ്യമായി. ബാഗിനുള്ളിലെ വിയർപ്പിന്റെ ഗന്ധം പുരളാത്ത പണം മുഴുവൻ ഇപ്പോൾ അവനെ നോക്കി അട്ടഹസിച്ചു കൊണ്ട് ചതിയൻ കൊടുംചതിയൻ!!!! എന്നു വിളിക്കുന്നതുപോലെ അവനു തോന്നി. ഒന്നും മിണ്ടാതെ തകർന്നടിഞ്ഞ മനസ്സുമായി അവൻ അവിടെ നിന്നും ഇറങ്ങി… ആ ബാഗ് ഒരു ചെകുത്താനെ പോലെ ആ വീട്ടിനുള്ളിൽ ഇരുന്നു ഉഗ്രമായി അട്ടഹസിച്ചു….ആ കൂരിരുട്ടിൽ ഒരു യന്ത്രം കണക്കെ അവൻ നടന്നുപോകുമ്പോൾ പ്രകൃതിപോലും ഉറങ്ങാതെ ഉണർന്നിരുന്നു അവനെ നോക്കി ഉച്ചത്തിൽ അലറി വിളിച്ചു പറയുന്നുണ്ട്….. പണത്തിനു വേണ്ടി ആത്മാർത്ഥ കൂട്ടുകാരന പറ്റിച്ച നീ ചതിയനാണ് കൊടും ചതിയൻ!!!!!!!…. .

0

ഡിനുരാജ് വാമനപുരം

dinurajvpm154@gmail.com

View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

12 − five =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top