Montage

കടലൊഴുക്ക്

കടലൊഴുക്ക്

Ardra V. S

അയാളെന്നെ
കടലു കാണാൻ കൊണ്ടുപോയി..
ഇതാണ് കടൽ,
ഇത് തിരമാല ,
ഇത് വളരേ നേർത്ത
ഉറുമ്പിൻകണ്ണിനോളം ചെറിയ
മണൽത്തരി.
ആ കാണുന്നത് ആകാശം..
ചുവപ്പും വെളുപ്പുമായി
വെറുങ്ങലിച്ചു നിൽക്കുന്നത്
ലൈറ്റ് ഹൗസാണ്..
ആ കാണുന്നത്
ഒരു കപ്പലാണ്…
അതിനുമപ്പുറത്ത് ആടിയുലഞ്ഞ്
വരുന്നത് ബോട്ടുകൾ..
ഞാനയാളെ തന്നെ നോക്കി നിന്നു.

അത് അസ്തമയ സൂര്യൻ ,
കടലിലേക്ക് സൂര്യൻ മുങ്ങിപ്പോകുന്നത്
നീ കണ്ടിട്ടില്ലല്ലോ!
എങ്ങനെ കാണാനാണ്.
നീ കടലു പോലും കണ്ടിട്ടില്ലല്ലോ!
അയാളുടെ കറുകറുത്ത മീശക്കു താഴെ
ചുണ്ടുകൾ വിറച്ചു.

നീ കടല കൊറിച്ചിങ്ങനെ
കടപ്പുറത്തിരുന്നിട്ടുണ്ടോ..
തിരമാലകളിലേക്കു നോക്കി
കിനാവു കണ്ടിട്ടുണ്ടോ..
നീയെന്തൊരു പാവമാണ് ..
അയാളെനിക്കു തലചായ്ക്കാൻ
വിരിഞ്ഞ ചുമലുകൾ നീട്ടി
താഴ്ന്നിരുന്നു..

തിരമാലകൾ വന്ന് കാലിൽ തൊടുമ്പോൾ
പ്രണയിക്കാൻ തോന്നും.
ആരുടേയും കണ്ണിൽപ്പെടാതെ
ഉമ്മ വെക്കാൻ
വിയർത്തു വിയർത്തിരുന്നതും
ഓർമ വരും..
നിനക്കിതൊന്നും
ആസ്വദിക്കാനായില്ലല്ലോ
എന്റെ പെൺകുട്ടി..
അയാളുടെ കൈകൾ
വിയർത്ത് കുതിർന്നിരിക്കുന്നു.

ഞാൻ കണ്ട കടലിന്
കടുത്ത നീല നിറമായിരുന്നു.
ഉപ്പുവെള്ളത്തിൽ മുങ്ങിക്കിടന്ന്
അമർത്തി ഉമ്മവക്കുമ്പോൾ
ചുണ്ടുകൾക്കെല്ലാം കടലിന്റെ
നിറമാവുമായിരുന്നു.
കൈകൾ തിരമാലകളോളം
വിടർത്തി കെട്ടിപ്പിടിച്ച്
ഉപ്പുരുചിക്കാനായിരുന്നു
എനിക്കേറ്റവുമിഷ്ടം.
മണലിൽ മലർന്നുകിടക്കുമ്പോൾ
മുടിയിൽ നിന്ന് കടലപ്പാടെ ഊർന്നു പോവും..
ലോകത്തിലെ എല്ലാ
കടലുകടെയും സംഗമസ്ഥാനം
ഞാനാണെന്ന്
എന്റെ കാമുകന്മാരിലൊരുവൻ പറയുമായിരുന്നു..
പിൻകഴുത്തിൽ
മൂക്കുരുമ്മിയിരുന്ന്
അവന്മാരൊക്കെയും
എന്റെ കടലിൽ മുങ്ങിപ്പോയി..
പാവങ്ങൾ..
ഞാൻ ചിരിച്ചു..
എനിക്കു ചാരിക്കിടക്കാൻ
താഴ്ന്നു നിൽക്കുന്ന ചുമലിൽ
മുഖമമർത്തി..

നിനക്ക് കടലിനെ പേടിയാണോ ?
അയാൾ വിറച്ചു.
അല്ല..
ഇഷ്ടമായോ ?
നിങ്ങളിഷ്ടപ്പെടും മുൻപേ
കടലുമായി ഞാൻ പ്രേമത്തിലാണ്…

32

ആർദ്ര .വി.എസ്

മലപ്പുറം മുണ്ടുപറമ്പ് സ്വദേശി. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ MA . Women Studies വിദ്യാർത്ഥി. ഡൽഹി അംബേദ്കർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതിവരുന്നു.

 

2015 ൽ ‘അമ്മ ഉറങ്ങാറില്ല’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. കോഴിക്കോട് റാസ്പ്ബെറി ബുക്ക്സ് ആണ് പ്രസാധകർ. ഇതിന് 2016 ലെ ഭീമ സ്വാതീകിരൺ പുരസ്കാരം ലഭിച്ചു.

 

അങ്കണം സംസ്കാരികവേദി പ്രസിദ്ധീകരിച്ച അങ്കണം കവിതകൾ എന്ന പുസ്തകത്തിൽ ഒരു കവിതയും ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കിയ ‘എന്നിട്ട് ‘ എന്ന കഥാസമാഹാരത്തിൽ ‘മഞ്ഞച്ചുമരുകൾക്കിടയിൽ ഒറ്റപ്പെട്ട ഒരു ചിത്രം’ എന്ന കഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

‘കുട്ടികളുണ്ടാക്കുന്ന യുറീക്ക ‘ പത്രാധിപസമിതി അംഗമായിരുന്നു.
2017ൽ ഭീമ സ്വാതീകിരൺ പുരസ്കാര നിർണയത്തിൽ കുട്ടികളുടെ ജൂറി അംഗമായിരുന്നു.

 

മറ്റ് അവാർഡുകൾ :
-അങ്കണം കവിതാ പുരസ്കാരം (2014)

-അങ്കണം കഥാ പുരസ്കാരം (2015)

-സൗഹൃദം-സ്കൈലൈൻക് കവിതാ പുരസ്കാരം (2014 )

-മുല്ലനേഴി വിദ്യാലയ കാവ്യ പ്രതിഭ പ്രത്യേക പുരസ്കാരം.( 2015 )

-പത്തനാപുരം ലൈബ്രറി ട്രസ്റ്റിന്റെ ആർ . വിശ്വനാഥൻ നായർ കവിത പുരസ്കാരം (2016)

-പച്ചമഷി മാസിക നടത്തിയ മത്സരത്തിൽ മികച്ച പത്ത് കഥകളിലും കവിതകളിലും ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ( 2015)

-ദേശാഭിമാനി കഥാ മത്സരത്തിൽ ‘മഞ്ഞച്ചുമരുകൾക്കിടയിൽ ഒറ്റപ്പെട്ട ഒരു ചിത്രം’ എന്ന കഥക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു (2017)

View All Authors >>

32 thoughts on “കടലൊഴുക്ക്”

  1. കടല്‍ എന്നും വിസ്മയമാണ്. മനുഷ്യമനസ്സും
    കടലില്‍ എപ്പോഴും നിലക്കാത്ത തിരയേറ്റങ്ങളാണ്. മനുഷ്യമനസ്സിലും
    അതുകൊണ്ടായിരിക്കാം കടലിനെ എത്ര കണ്ടാലും മനസ്സിന് മടുക്കാത്തത്, തൃപ്തി വരാത്തത്.
    പണ്ടേ കടലുമായി പ്രണയത്തിലായിരുന്ന ഒരു പെണ്‍കുട്ടിയിലൂടെ കടലിനേയും ജീവിതത്തിന്റെ വ്യത്യസ്ത അടരുകളേയും ആവിഷ്കരിച്ച ആര്‍ദ്രയ്ക്ക് ഭാവുകങ്ങള്‍

  2. ആർദ്രയുടെ കവിത ഇഷ്ടമായി.രണ്ട് വ്യക്തികൾ തമ്മിൽ കടലോളം ദൂരമുണ്ട് .എന്നിട്ടും കര കടലിൻ്റെ യാണെന്നും കടൽ കരയുടേതാണെന്നും വിശ്വസിക്കുന്നു.

  3. നീ കാണിച്ചുതരുന്നതല്ല
    കറുത്ത നീലനിറമുള്ളൊരു ആഴക്കടലിൻ്റെ അനുഭവമാണ് എൻ്റേത്.
    ആർദ്ര .. ആഴവും നനവുമുള്ള കവിത

  4. അയാൾ കാണിച്ചു തരുന്നതിനേക്കാൾ കടുത്ത നിറമുളള കടലിനെ അവൾ കണ്ടിരിക്കുന്നു. കടലിന്റെ നീല നിറമുളള പ്രണയവും അതിന്റെ ഉപ്പും അവൾ അറിയും. നീലക്കടലിന്റെ ആഴവും പരപ്പും മുടിയിലാവാഹിച്ചവൾ. ലോകത്തിലെ മുഴുവൻ കടലിന്റെയും സംഗമസ്ഥാനം അവളിൽ കണ്ട കാമുകന്മാർ ആ കടലാഴങ്ങളിൽ മുങ്ങിപ്പോയി. അതുകൊണ്ട് അവൾക്ക് നവകാമുകൻ താഴ്ത്തിയ ചുമലുകളിൽ മുഖമമർത്തി ചിരിക്കാനാവും.
    കാരണം അവൾ അയാൾക്കു മുമ്പേ കടലിനെ അറിയുകയും പ്രേമിക്കുകയും ചെയ്യുന്നവളാണ്.
    കടലൊഴുക്ക് കടലിന്റെ സിരകളിലെ ജൈവപ്രവാഹങ്ങളാണ്. കടലനക്കങ്ങൾക്ക് ഹേതു. കടലിന്റെ ബാഹ്യദൃശ്യങ്ങൾക്ക് അടിയിയിലെ നീരിളക്കങ്ങൾ.. പ്രണയക്കടലിന്റെ ആന്തരിക ധാരകൾ എന്നും പറയാം. പ്രണയത്തിന്റെ മഹാ സമുദ്രത്തെ ഒരു ആൺനോട്ടത്തിലൂടെയും ഒരു പെൺനോട്ടത്തിലൂടെയും വിശകലനം ചെയ്യുകയാണ് കവി. തീർച്ചയായും പ്രണയത്തിന്റെ കടലിനെ അവളറിയുംപോലെ അയാൾക്കറിയില്ല.

    ഒപ്പം തന്നെ,ആണിന്റെ അറിവുനാട്യങ്ങൾക്കും അധീശഭാവത്തിനും കാപട്യത്തിനും ന്കുന്ന ഷോക്ക് ആണ് ഈ കവിത എന്നും പറയണം. അയാൾ വിസ്തരിച്ചു കടലിനെ കാണിക്കുമ്പോൾ അവൾ അയാളെത്തന്നെയാണ് നോക്കിയത്. അയാളിലെ ജ്ഞാനിയുടെ അഹങ്കാരത്തെ.. കറുത്ത മീശയ്ക് താഴെ അവജ്ഞയുടെ ആണധികാരം വിറകൊള്ളുന്നു. കപടസാന്ത്വനത്തിന്റെ ചുമലുകൾ താഴ്ത്തി അയാൾ അവളുടെ പരാശ്രയത്വം ഓർമ്മിപ്പിച്ചു. വിയർത്തു കുതിർന്ന കൈകളിലൂടെ അയാൾ പ്രണയമെന്ന വ്യാജേന സ്വയം കാമമോഹിതനാവുകയും ചെയ്യുന്നു. പ്രണയം വാക്കുകളിലും ഭാവങ്ങളിലും ചാലിക്കുമ്പോഴും ആണത്തത്തിന്റെ ധാരാളിത്തം! അതിനെ അവസാന വരികളിലൂടെ അവൾ ചവിട്ടിയരച്ചു.
    നല്ല കവിത.
    ഭാവുകങ്ങൾ..

  5. ആർദ്ര…. കടലോളം ശാന്തത …. ആഴത്തെ അടയാളപ്പെടുത്തുമ്പോഴും .

  6. നിന്നിൽ നിന്നും എന്നിലേക്കുള്ള കടൽ ദൂരങ്ങൾ ….

    ആർദ്രക്കുട്ടീ …. സ്നേഹം …

  7. മനോഹരം, തിരമാലകൾ കാലിൽ തൊടുമ്പോൾ💘 പ്രണയംതോന്നും

  8. ഒറ്റക്കു കാണുന്ന കടലിനാണ് ആഴവും പരപ്പും കൂടുതൽ… ഉള്ളിലൊളിപ്പിച്ച കടലാഴങ്ങളെ തുറന്നിട്ട കവിതയോട് ഏറെയിഷ്ടം..❤️💖

  9. ആർദ്രയുടെ എഴുത്തും നോട്ടവും നന്നായിരിക്കുന്നു. അവൻ്റെ നോട്ടപ്പാടിൽ നിന്ന് അവളുടെ നോട്ടപ്പാടിലേക്കുള്ള മാറ്റത്തെ അനുഭവിപ്പിക്കുന്ന, സ്ത്രൈണഭാഷയുടെ മാജിക്കുള്ള കവിത.. !

  10. ഒറ്റക്കു കാണുന്ന കടലിനാണ് ആഴവും പരപ്പും കൂടുതൽ… ഉള്ളിലൊളിപ്പിച്ച കടലാഴങ്ങളെ തുറന്നിട്ട കവിതയോട് ഏറെയിഷ്ടം..

  11. ആർദ്രയുടെ എഴുത്തും നോട്ടവും നന്നായിരിക്കുന്നു. അവൻ്റെ നോട്ടപ്പാടിനെ തള്ളിമാറ്റി സ്വന്തം നോട്ടത്തെ ഉറപ്പിച്ചെടുക്കുന്ന സ്ത്രൈണഭാഷയുടെ മാജിക് അനുഭവിപ്പിക്കുന്ന കവിത..

  12. ആർദ്രാ …. കവിത …ആർദ്രം മനോഹരം!
    കടലോളം ശാന്തഗംഭീരം!

  13. കൈ നീട്ടുന്നു സാഗരം കരയോടെന്നും പ്രണയത്തിനായ് …..!

    ആർദ്രാ …, കവിത മനോഹരം!
    കടലോളം ശാന്തഗംഭീരം!

  14. പരന്ന് പരന്നങ്ങനെ കടലോളം പരപ്പുള്ളൊരു കവിത!
    കടലോളം ആഴമുള്ളൊരുവൾ!
    കവിത, മനോഹരം, ശക്തം!

  15. കവിത ഹൃദ്യമായിട്ടുണ്ട്. എല്ലാം സ്വന്തം കാഴ്ചപ്പാടിലൂടെ കാണണമെന്ന് ശഠിക്കുന്നവർക്ക് ഒരു തിരുത്ത്.കടലിനോളം ആഴവും പരപ്പുമുള്ള കവിത. ആർദ്രയുടെ മികച്ച കവിതകൾ വരാനിരിക്കുന്നതേയുള്ളൂ. കടൽ കാണാൻ പോന്ന കൗതുകത്തോടെ കാത്തിരിക്കുന്നു.

  16. നിങ്ങളിഷ്ടപ്പെടും മുമ്പേ ഞാൻ കടലുമായി പ്രേമത്തിലാണ്…
    തിരമാലകൾ വന്ന് കാലിൽ തൊടുമ്പോൾ പ്രണയിക്കാൻ തോന്നാത്തവർ ആരുണ്ട്..
    ♥️ ആർദ്ര

  17. കടലൊഴുക്കിൻ്റെ തിരയടിക്കൽ പോലെ തരംഗമായി അലയടിക്കൽ നിലയ്ക്കാതെ ഒഴുകട്ടെ ഈ കവിതയൊഴുക്കും… ആശംസകൾ മോളൂ….

  18. കടൽ കാണാൻ കൊണ്ടുപോയവൻ്റെ നോട്ടം – നന്നായിരിക്കുന്നു കവിത

  19. ആർദ്രാ …, കടലാഴമുള്ള വരികൾ…
    അഭിനന്ദനങ്ങൾ 👌

  20. ആർദ്ര,
    കവിത നന്നായി. എന്നല്ല മികച്ചതായി. കടലു കാണാൻ അയാൾ കൊണ്ടുപോയി എന്നാണ് തുടക്കം. അയാളുടെ കണ്ണിലൂടെ കടൽ കാണണെന്നത് എല്ലാ അയാളുമാരുടെയും നിർബന്ധമാണ്! എന്നാൽ അയാൾക്കു മുമ്പേ കടൽ കണ്ടവളും അയാളേക്കാൾ വലിയ കടൽ കണ്ടവളും അവൾ !

  21. ലോകത്തിലെ എല്ലാ കടലുകളുടേയും സംഗമസ്ഥാനമായി കാമുകിയെ കാണുന്ന കാമുകൻ.. വ്യത്യസ്തമായ കാഴ്ച… മനോഹരമായ കവിത..😍😍

  22. നിങ്ങളിഷ്ടപ്പെടും മുമ്പേ കടലുമായി ഞാൻ പ്രേമത്തിലാണ്.
    ഇഷ്ടം.
    മനോഹരമായ വരികൾ.
    ശക്തം.

Leave a Reply to vinod V Cancel reply

Your email address will not be published. Required fields are marked *

four × five =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top