Montage

പുഷ്പാഞ്ജലി

പുഷ്പാഞ്ജലി

ക്ഷേത്രത്തില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു . പതിവില്ലാതെ എന്നെ കണ്ടതും തിരുമേനി ചോദിക്കുകയുണ്ടായി . ”എന്താപ്പോ ഇങ്കടൊന്നും കാണാറില്ലല്ലോ ഇശ്ശി കാലായല്ലോ .തന്നെയിങ്കട് കണ്ട്ടിട്ട് ..ദൈവവിശ്വാസം ഒന്നുല്ല്യല്ലേ .”

”അങ്ങനെയൊന്നും നിരീച്ചട്ടല്ല ..എവിടെയായാലും മനസ്സിലങ്കട് ഉണ്ടായാപോരെ ,അതിപ്പോ ഇവിടെ വന്ന് മൂന്നുനേരം തൊഴുതാലേ കിട്ടൂന്നൊന്നൂല്ല്യ ല്ലോ ചെലരൊക്കെ എന്നും വരും എന്നുവച്ച് അവര്‍ക്കെയുള്ളു ദൈവവിശ്വാസം എന്നങ്കട് കരുത്യാലോ …….”
”ഏയ് തര്‍ക്കിക്കാനൊന്നും പറഞ്ഞതല്ലാട്ടൊ ..കാണാറില്ല ..അല്ല വീട്ടീന്നും ഇങ്കടൊന്നും കാണണില്ല …. അമ്മയ്ക്കൊക്കെ സുഖാണോ …ഇശ്ശി കാലായിരിക്കണൂ കണ്ടിട്ട് …”
”’വയസ്സായില്ലേ പൊറത്തൊന്നും പോവാറില്ല ..
..ഒരീസം ഒന്നങ്കട് വീണു ..”
”ശിവശിവാ വല്ലോം പറ്റ്യോ ..എനിക്കങ്കട് ഒന്ന് കാണണം ന്ന് ണ്ട് ..വിവരങ്ങളൊന്നും ആരും അങ്കട് പറഞ്ഞൂല്ല്യ ..”
”ഒന്നു രണ്ടുമാസം കൊറച്ച് പ്രയാസായിരുന്നു , ഇപ്പൊ അതൊക്കെ മാറി ന്നാലും പൊറത്തൊന്നും പോവാറില്ല ..”

”ഉം എന്താ ചെയ്യാ ..ഒക്കെ ശര്യാവും ……
പിന്നെ താനെന്തൊക്കെയൊ ഒരൂട്ടം എഴുതുണൂന്നൊക്കെ കേട്ടല്ലോ ..
സാഹിത്യം ല്ലേ …”
”അങ്ങനൊന്നുംല്ല്യ ഒരു രസത്തിന് .”
”ഒരു രസം എപ്പഴും നല്ലതാ ..ഇന്നാള് എന്തോ പത്ര ത്തിലൊക്കെ പടം കണ്ടല്ലൊ ..നങ്ങേമക്കുട്ടി കാണിയ്ക്കേണ്ടായേ …അവള്‍ക്കുംണ്ടേ തന്നെപ്പോലെ ഒരു രസം ”

”ഓ നങ്ങേമക്കുട്ടി ഇപ്പോ ഏത് സ്ക്കൂളിലാ …
ഒരുമിച്ച് പഠിച്ചതാ ”
”അവള് ഇപ്പോ ഇല്ലത്തുണ്ട് ഇബടുന്നാ പോയിവരണേ …ആറുമാസായി ..ഇങ്കട് മാറ്റായിട്ട് ..പിന്നെന്നെച്ചാല് ജോലിയ്ക്കു പോവുമ്പോ എളേ കുട്ടീനെ നോക്കാനും ഒരാളു വേണ്ടേ ഇബട്യാച്ചാല് സാവിത്രീണ്ടല്ലൊ ”
”അതു നന്നായി ”
”അല്ലാ ചോദിക്കാന്‍ വിട്ടു ..എവിട്യാ ഇപ്പോ ഉദ്യോഗം ”
”തൃശ്ശൂരാ ”
”അത്യോ വടക്കുനാഥന്‍റെ മണ്ണില് ..നന്നായി ”

”പിന്നെ തിരുമേനി എനിക്കൊരു വഴിപാട് കഴിക്കണം ”
”ആവാലോ .പറഞ്ഞോളൂ .”
”ഒരു പുഷ്പാഞ്ജലി ”
”കഴിക്കാം ആരുടെ പേര്‍ക്കാ …… നാളും പേരും പറഞ്ഞോളൂ ”
”നാള് മകം പേര് …………..”
”ങ്ങേ…..” പേരുകേട്ടതും തിരുമേനി എന്നെയൊന്നു സൂക്ഷിച്ചു നോക്കി
”ആരാ ഈ ……….. അതും അന്യമതത്തിലുള്ള … നമ്മടെ അമ്പലത്തിലിങ്ങനെ ആദ്യായിട്ടാ ..അതു വേണോ ”
”അതെന്താ തിരുമേനി അങ്ങനെ ചോദിച്ചേ എന്താ അന്യ മതസ്ഥരുടെ പേര്‍ക്ക് പുഷ്പാഞ്ജലി കഴിക്കണോണ്ട് കൊഴപ്പം ”
”അല്ല ചോദിച്ചൂന്നേളു ആരാ ഈ ……”
”അതെനിക്ക് വേണ്ടപ്പെട്ട ഒരാളാണ് . ഞാനെനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാറില്ല ഇതിപ്പോ എനിക്കങ്ങട് തോന്നീ .ഒരുപാടു വേദനിക്കുന്ന കഷ്ടപ്പെടുന്ന ഒരാള് ..എന്തൊക്കെയോ അസുഖങ്ങളും അവര്‍ക്കുണ്ട്…അവരെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല ..ഫോണിലൂടെ മാത്രം കേട്ടറിഞ്ഞതാണ് …അവരുടെ വേദനകള്‍ കേട്ടപ്പോള്‍ എനിക്കങ്കട് തോന്നീ ..പ്രാര്‍ത്ഥിക്കാനും ഒരു പുഷ്പാഞ്ജലി കഴിക്കാനും ….”

”അതിശയായിരിക്കണൂ …”
”അവര് പറഞ്ഞീട്ടൊന്നുമല്ല പുഷ്പാഞ്ജലി കഴിക്കണേ ..പിന്നെ ഈ ജാതീം മതോം നമ്മള് തന്ന്യല്ലേ ഇണ്ടാക്കീത് ചോരേടെ നിറം ഒന്നുതന്ന്യല്ലേ ……”
”ശര്യാ താന്‍ പറഞ്ഞെ …എഴുതുംന്ന് കേട്ടെങ്കിലും ഇത്രയ്ക്കങ്ങട് നോം കരുതീല്ല്യ ….”
”ആര്‍ക്കും എവിടേം പോയി പ്രാര്‍ത്ഥിക്കാം വഴിപാടും കഴിക്കാം ദൈവമെന്നതു ഒരു ശക്തിയാണ് രുപമൊക്കെ നാം തന്നെ ഇണ്ടാക്കീത് …ഓരോരുത്തര് അവരോരുടെ താല്പര്യംപോലെ ഓരോരോ ദൈവങ്ങളേയും മതങ്ങളേയും ഇണ്ടാക്കീ . ഭൂമീല് ആദ്യമായ് വല്ല മതോ ജാത്യോ ഉണ്ടായിരുന്നോ …..”
”ആയ് …ഇത്രയ്ക്കങ്ങട് …കരുതീല്ല്യ …ഒന്നും കരുതണ്ടാട്ടോ …താന്‍ പോയി തൊഴണംന്നു ണ്ടെങ്കി…തൊഴുതോളു …പ്രാര്‍ത്ഥിക്കണം ന്നുണ്ടെങ്കി ചെയ്തോളു …ആ കുട്ടിയ്ക്കുവേണ്ടി ഞാനങ്ങട് കഴിച്ചോളാം ..പ്രത്യേകം തന്നെ ”
തിരുമേനി ശ്രികോവിലേയ്ക്കു പോയതും ഞാന്‍ നടയ്ക്കല്‍ നിന്ന് വളരെകാലത്തിനു ശേഷം അന്നാദ്യമായ് അവര്‍ക്കുവേണ്ടി തൊഴുതു പ്രാര്‍ത്ഥിച്ചു .ശ്രീകോവിലിനകത്തു മാത്രം കുടിയിരിക്കപ്പെട്ട ദൈവത്തെയായിരുന്നില്ല മനസ്സില്‍ കുടിയിരിക്കപ്പെട്ട ദൈവമായിരുന്നു രുപമില്ലാത്ത ആ ദൈവം വിളികേട്ടിരിക്കുമെന്ന വിശ്വാസത്തില്‍ മുന്നു പ്രദക്ഷിണവും വച്ച് നടയ്ക്കല്‍ എത്തിയതും തിരുമേനി പുഷ്പാഞ്ജലി കഴിച്ച പൂവും പസാദവുമായി പുഞ്ചിരിച്ചു നില്‍ക്കുന്നു .ഇലക്കീറില്‍ നല്‍കിയപ്രസാദം വാങ്ങി തിരുമേനിയ്ക്കു ദക്ഷിണ കൊടുത്തപ്പോള്‍ തിരുമേനി പറഞ്ഞു
”ഈ പ്രസാദവും പൂവൂം അയച്ചുകൊടുക്കു ആ കുട്ടിയ്ക്കുവേണ്ടി പ്രത്യേകം തന്നെ കഴിച്ചിട്ടുണ്ട് നന്നായി വരട്ടെ ”’

തിരുമേനിയോടു വരട്ടെയെന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ നിന്നും പോരുമ്പോള്‍ മനസ്സിനു വല്ലാത്തൊരാശ്വാസം തോന്നി .

അന്നത്തെ സ്പീഡ്പോസ്റ്റില്‍ തന്നെ അവര്‍ക്കിതു അയച്ചുകൊടുക്കണമെന്നു കരുതി ഞാന്‍ പോസ്റ്റോഫിസിലേയ്ക്കു വേഗത്തില്‍ നടന്നു ….
ഒരാഴ്ചയ്ക്കുശേഷം മേല്‍വിലാസക്കാരനെ തേടിനടന്നു കാണാതെ ആ കവര്‍ തിരിച്ചെന്നില്‍ തന്നെ വന്നു ചേര്‍ന്നപ്പോള്‍ അതിനുള്ളിലെ പുഷ്പാഞ്ജലിയുടെ പൂവും പ്രസാദവും ഉണങ്ങികരിഞ്ഞുപോയിരുന്നു ….

1

കൃഷ്ണകുമാര്‍ മാപ്രാണം

tvkrishnakumar123@gmail.com View All Authors >>

One thought on “പുഷ്പാഞ്ജലി”

Leave a Reply to Gopan Palakkad, Kolkata Cancel reply

Your email address will not be published. Required fields are marked *

5 − 1 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top