Montage

കവിത- വിധവയാകുമ്പോൾ

കവിത- വിധവയാകുമ്പോൾ

By Remya Sanjeev

അങ്ങനെയിരിക്കുമ്പോൾ
പെട്ടെന്ന് അവനങ്ങ് പോയീന്ന് കരുതുക .
അഞ്ചാറ് ദിവസം
കണ്ണീരിനൊപ്പം ‘ശ്ലോ ‘ന്ന് ഒഴുകിപ്പോവും .
പുറകേ വരുന്ന ഒരാഴ്ച്ച
ആത്യന്തികമെന്ന് തോന്നിപ്പിക്കുന്ന മരവിപ്പിന് വിട്ടുകൊടുക്കും .

”ഇങ്ങനെ ഇരുന്നാലെങ്ങനെ ?”
ശരിയാണ് .ഇങ്ങനെ ഇരുന്നാലെങ്ങനെ !!

പുനരാരംഭിക്കും
(അവനില്ലാതെ )
പുലർച്ച നടത്തം
അടുക്കളഭരണം
ഓഫീസ് യാത്ര
ഫെയ്സ്ബുക്കിങ്ങ്
വാട്സ് ആപ്പിങ്ങ്
നാനാ ജാതി പ്രണയങ്ങൾ
സ്വയംഭോഗം .

ഒറ്റയായി / ഇരട്ടയായി / പൂജ്യമായി
പിന്നേം
ഒറ്റയായി / ഇരട്ടയായി / പൂജ്യമായി
ഞാനെന്നെ ദിവസങ്ങൾക്ക് ഭാഗിച്ച് കൊടുക്കും .

അതിലൊരു ദിവസം
പഴയ ജീവിതം നീലയിൽ പൂക്കളുള്ള പുതിയ ലുങ്കി ചുറ്റി
അകത്തേയ്ക്ക് കയറും .
അത്ഭുതമെന്ന് പറയാം …
മേശപ്പുറത്തിരുന്ന ലാപ് പാസ്വേഡ് ഫ്രീയാവുകയും
സൈലന്റ് മോഡിലിരുന്ന ഫോണ്‍ ”തും ഹി ഹോ ന്ന് പാട്ടാവുകയും ചെയ്യും .

അടഞ്ഞ് കിടന്നിരുന്ന വാതിലുകളോരോന്നും
‘അകത്തൊന്നുമില്ലേന്ന് ‘വിളിച്ച് കൂവും .
അടുക്കള ,കുളിമുറി എന്നിങ്ങനെ വഴി തെളിച്ച് മടുത്ത ചുവരുകൾ
വിള്ളലുകളിലേക്ക് ചുരുങ്ങി
അടർന്നു വീഴാൻ പദ്ധതിയൊരുക്കും .

പഴയ ജീവിതം പഴയതെന്ന് തോന്നിപ്പിക്കാൻ
പഴയൊരു മുണ്ടെടുത്തുടുത്ത് കസേരയിൽ ഇരുപ്പുറപ്പിക്കും .
ഞാനാവട്ടെ
രഹസ്യങ്ങൾ ഇനിയും ഏറെയുണ്ടെന്ന് ഉറക്കെ പറഞ്ഞ്കൊണ്ടേയിരിക്കും .

തുറന്ന വാതിലിന് പിന്നിൽ തൊണ്ട നീറിയിരിക്കുമ്പോൾ
അവനോടോന്ന് നീരസപ്പെട്ടേക്കാം ..
കുറ്റീം കൊളുത്തും വേണ്ടാത്തൊരിടത്തിങ്ങനെ
ഒറ്റയ്ക്ക് നിർത്തീട്ട്
പേരിന്റെ വാലറ്റോം കൊണ്ടങ്ങ് പോയതിന് …

About Remya Sanjeev..  രമ്യ സഞ്ജീവ്

1

One thought on “കവിത- വിധവയാകുമ്പോൾ”

  1. പിന്നീട് ആ നീരസപ്പെടലുമായി സമരസപ്പെട്ട്…. ജീവിതത്തിനു നിര്‍വചനമേയില്ല.

Leave a Reply to ജിന്ന് Cancel reply

Your email address will not be published. Required fields are marked *

eighteen + ten =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top