Montage

വെളിച്ചം മനസ്സിനെ തഴുകുമ്പോൾ

വെളിച്ചം മനസ്സിനെ തഴുകുമ്പോൾ

ഇന്ദു.പി. കെ.
തൃശ്ശൂർ

അവൾ പാർവ്വതി… രാമവാര്യരുടേയും രുഗ്മിണി വാരസ്യാരുടേയും ഒരേ ഒരു മകൾ… ഡിഗ്രി കഴിഞ്ഞുള്ള ഒരു വേനൽക്കാല അവധിക്കാലം…

സന്ധ്യക്ക് അമ്പലത്തിൽ പോയി വന്നതിനു ശേഷം അവൾ, അവളുടേതു മാത്രമായ പുസ്തകങ്ങളുടെ ലോകത്തിലേക്ക് യാത്രയായി… അപ്പോഴേക്കും ആണ്, അമ്മ വിളിച്ചത്…

മോളേ, വന്ന് മാല കെട്ടൂ… അച്ഛന് മാലകെട്ടാൻ പറ്റില്ലെന്ന് മറന്നോ? ഇത്രയധികം മാല തനിയെ കെട്ടാൻ എന്നെക്കൊണ്ട് വയ്യ, ട്ടോ, കുട്ട്യേ…

ഓ… അച്ഛന് പുല കഴിഞ്ഞിട്ടില്ലെന്ന് ഞാൻ മറന്നു, ട്ടോ, അമ്മേ… ദാ വരുണൂ… ഈ അദ്ധ്യായം ഒന്നു മുഴുവൻ ആക്കിക്കോട്ടെ…

അവൾ വേഗം വായിച്ചു തീർത്തിട്ട് അമ്മയുടെ അടുത്ത് വന്ന് മാല കെട്ടാനിരുന്നു… നിറച്ചും പൂക്കൾ… തെച്ചി, തുളസി, നന്ദ്യാർവട്ടം, കരവീരകം, കൂവളം… അവൾക്ക് സന്തോഷമായി… നാളെ മുപ്പട്ടു തിങ്കളാഴ്ചയാണല്ലോ… ശിവനും പാർവ്വതിക്കും മാല കെട്ടണം… ഇഷ്ട വരനെ ലഭിക്കാൻ തിങ്കളാഴ്ച വ്രതം എടുത്താൽ മതി എന്ന്, മുത്തശ്ശി പറയാറുള്ളതോർത്തു…

വൈകുന്നേരത്തെ കുളി കഴിഞ്ഞ് എത്തിയ രാമവാര്യർ കോലായിലെ ചാരുകസേരയിൽ ഇരുന്നു… അവർ മൂന്നു പേരും എപ്പോഴും അങ്ങനെയാണ്… സന്ധ്യ കഴിഞ്ഞാൽ കുറച്ച് നേരം ഒരുമിച്ചിരിക്കും…

അച്ഛൻ പറഞ്ഞു, നാളെ മുതൽ എനിക്കും മാല കെട്ടാലോ… അച്ഛന്റെ മുഖത്ത് സന്തോഷം നിറഞ്ഞു…

അപ്പോൾ, ഇന്ന് കൂടി, അച്ഛന്റെ കൂട്ടുകാരൻ ,നരസിംഹമൂർത്തിയുടെ മാല ഞാൻ കെട്ടണം, ല്ലേ?
അച്ഛൻ ഒരു കള്ളച്ചിരിയോടെ തല കുലുക്കി…

കുറച്ച് കഴിഞ്ഞപ്പോൾ, അച്ഛൻ പതിവ് പല്ലവി തുടങ്ങി… അയ്യോ, എനിക്ക് വയ്യല്ലോ… എന്നെ അങ്ങോട്ട് എടുത്തോളണേ…
‘അവൾക്ക് പെട്ടെന്ന് വല്ലാതെ ദേഷ്യം വന്നു… അച്ഛന്, ഇപ്പോൾ എന്താ, വയ്യായ്ക?
എത്രയോ പേർ മാരകമായ അസുഖങ്ങൾ വന്നു, കിടക്കുമ്പോഴാണ്, അച്ഛന്റെ ഓരോ വേണ്ടാത്ത സംസാരം… വെറുതെ ഇരിക്കുമ്പോൾ ഓരോന്ന് തോന്നും…

അച്ഛൻ ആവലാതിപ്പെട്ടു,
ഇങ്ങനെയൊക്കെ പറഞ്ഞാലേ എനിക്ക് ഉറക്കം വരുള്ളൂ, അമ്മൂ… നാളെ ഈ സമയം ആകുമ്പോഴേക്കും, എനിക്കും മാല കെട്ടാലോ…

അവൾ ഒന്നും പറയാതെ മാല കെട്ടാൻ തുടങ്ങി…
എന്റെ കൃഷ്ണാ, വേഗം നാളെയാകട്ടെ… എന്തായാലും മാല കെട്ടുമ്പോൾ അച്ഛൻ വേണ്ടാത്ത വർത്തമാനം പറയില്ലല്ലോ…

അമ്മ പറഞ്ഞു, എത്ര തിരക്കുണ്ടായാലും സന്ധ്യക്ക് മാല കെട്ടുന്നത് ഒരു സന്തോഷം തരുന്നുണ്ട്, ല്ലേ,എല്ലാർക്കും… അത് ഈശ്വരാനുഗ്രഹം…

ആ, എന്റെ അച്ഛനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ…
വളരെ മാന്യനായ ഒരു വ്യക്തി… സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷൻ, നല്ല മകൻ,നല്ല ഭർത്താവ്, എല്ലാറ്റിനും ഉപരി, നല്ലൊരച്ഛനും…

പക്ഷേ , പാർവ്വതിക്ക് അച്ഛന്റെ ഒരു സ്വഭാവം മാത്രം ഇഷ്ടമായിരുന്നില്ല… പണത്തിന്റെ കാര്യത്തിൽ അച്ഛന് കുറച്ച് സ്വാർത്ഥ താത്പര്യങ്ങൾ ഉണ്ടായിരുന്നു… സ്വതവേ, കുറച്ച് പിശുക്കുള്ള അച്ഛൻ , പലർക്കും സഹായം ചെയ്യുമെങ്കിലും, വരവ് ചെലവ് കണക്കുകൾ എല്ലാം എഴുതി വച്ച്, അതിനെ കുറിച്ച് പലപ്പോഴും പറയുന്നതു കേൾക്കാം… അത് കേൾക്കുന്നത് അവൾക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു…

അച്ഛൻ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു… പാർവതിക്കും അച്ഛന്റെ സ്വഭാവം തന്നെ… നിറയെ സംസാരിക്കും… അമ്മ നല്ല ഒരു കേൾവിക്കാരിയും… അവൾ, ഒരു കൊച്ചു കുട്ടി, മുത്തശ്ശന്റെ കഥ കേൾക്കുന്ന കൗതുകത്തിൽ എല്ലാം കേട്ടിരുന്നു… ഇടക്കൊക്കെ, ഓരോ കുസൃതി ചോദ്യങ്ങളുമായി…

അവരുടെ അന്നത്തെ സംസാരം കുറെപഴയ കാല അനുഭവങ്ങളിലേക്കുള്ള എത്തിനോട്ടം ആയിരുന്നു…

പണ്ട് അച്ഛൻ വീമ്പിലെ അമ്പലത്തിൽ കഴകത്തിന് പോയിരുന്ന കാലം… അമ്പലത്തിൽ നമ്പൂതിരിമാർക്ക് അടുപ്പ് പൂട്ടി കൊടുക്കുന്നത് കഴകക്കാർ ആണ്‌… അച്ഛനാണെങ്കിൽ പണ്ടേ ഒരു കുസൃതി ഉള്ള ആൾ ആയിരുന്നു… വിറകിന്റെ ക്ഷാമം കാരണം അടുത്ത തമിഴ് ബ്രാഹ്മണരുടെ പറമ്പിലെ വേലിയിൽ നിന്നും ഓരോ ചുള്ളിക്കമ്പ് ആരും കാണാതെ എടുത്ത് അമ്പലത്തിലെ തിടപ്പള്ളിയിൽ കൊണ്ട് വക്കും… കഴകം കഴിഞ്ഞ് നിവേദ്യച്ചോറുമായി വീട്ടിലേക്ക് നടക്കും… അതാണ് കാലത്തെ ഭക്ഷണം.. എന്നിട്ട് വേണം സ്കൂളിലേക്ക് പോകാൻ…

45 മിനിട്ടോളം നടക്കണം വീട്ടിൽ എത്താൻ… ഒരു ദിവസം വീട്ടിലേക്ക് വരുന്ന വഴിയിൽ പുറകിൽ നിന്നൊരു വിളി കേട്ടു…

തമ്പ്രാ, ഒന്ന് നിക്കണേ… അച്ഛൻ തിരിഞ്ഞുനോക്കി… ആരാ ഇപ്പോൾ ഈ നേരത്ത് വിളിക്കുന്നെ…

അച്ഛന് ആളെ മനസ്സിലായി…മാനസിക അസ്വാസ്ഥ്യം ഉള്ള ഒരു സ്ത്രീ.. ചക്കി എന്നായിരുന്നു അവരുടെ പേര്‌… അച്ഛൻ എന്നും നിവേദ്യച്ചോറുമായി പോകുന്നത് അവർ ദൂരെ നിന്നും നോക്കി നിൽക്കാറുണ്ട്….

അടിയന് കുറച്ച് ചോറ് തരുമോ, തമ്പ്രാനേ
എന്ന് ചോദിച്ച്, ഒരു ഇല വഴിയരികിൽ വെച്ച് കുറേ ദൂരെ മാറി നിന്നു… അച്ഛൻ മറ്റൊന്നും ആലോചിക്കാതെ ,ചെമ്പിലെ ചോറ് അവർക്ക് കൊടുത്തു… പിന്നെ എല്ലാ ദിവസവും അവർ വഴിയരികിൽ കാത്തുനില്ക്കും, അച്ഛൻ വരുന്നതും കാത്ത്… അച്ഛന്റെ നേദ്യച്ചോറിനായി… അതിനു ശേഷം ശൂന്യമായ ചെമ്പുമായാണ് അച്ഛൻ എന്നും വീട്ടിൽ എത്താറ്…

അച്ഛന്റെ പഴയ കാല അനുഭവം കേട്ട പാർവ്വതി വാ പൊളിച്ചിരുന്നു പോയി… ഒന്നും സംസാരിക്കാതെ അവൾ മാല മുഴുവൻ കെട്ടി തീർത്തു…

രാത്രി മൂന്നു പേരും കൂടി ഊണുകഴിച്ചു… അവൾ കാര്യമായൊന്നും സംസാരിച്ചില്ല… പിന്നീട് എന്തോ, വായിക്കാനും അവൾക്ക് ഒരു ഉന്മേഷവും തോന്നിയില്ല…

ഉറങ്ങാൻ കിടന്ന അവൾക്ക് , അച്ഛനെ കുറിച്ച് മാത്രം ആയിരുന്നു, ചിന്ത… കൊടും ദാരിദ്ര്യത്തിനിടയിലും അവനവന്റെ ഭക്ഷണം ദാനം ചെയ്തിരുന്ന മനുഷ്യൻ…

അവൾ മനസ്സിൽ ഓർത്തു, എന്റെ ഈശ്വരന്മാരേ, ഇത്രയും നന്മ നിറഞ്ഞ അച്ഛനെ കുറിച്ചാണല്ലോ, ഒരുപാട് മോശമായി ഞാൻ മനസ്സിൽ ചിത്രീകരിച്ചിരുന്നത് …
ജീവിതത്തിൽ കടന്നു വന്ന ഓരോ വ്യക്തികളേയും മനസ്സിലാക്കി കഴിഞ്ഞു എന്ന അവളുടെ അഹങ്കാരത്തിനും, ഈ അനുഭവത്തോടെ ഒരു ശമനം വന്നു… എപ്പോഴും കാണുന്ന അച്ഛനെപ്പോലും മനസ്സിലാക്കാൻ സാധിക്കാത്ത ഞാൻ മറ്റുള്ളവരെ എങ്ങനെ മനസ്സിലാക്കാൻ??

ഇതോടെ ഒരു ചെറിയ കാര്യം അവൾ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കി… എല്ലാ മനുഷ്യരും ജനിച്ചു വീഴുന്നത് കളങ്കമില്ലാത്ത മനസ്സോടെ ആണ്… സാഹചര്യങ്ങൾ ഓരോ വ്യക്തിയെയും പല തരത്തിൽ സ്വാധീനിക്കുന്നു… പക്ഷേ, അതും കുറച്ച് സമയത്തേക്ക് മാത്രം… പിന്നീട് ഒരു ദിവസം, നാം നമ്മുടെ ദൗർബല്യങ്ങളെ തിരിച്ചറിയുമ്പോൾ, നമ്മെ തിരിച്ചറിയുമ്പോൾ, നാം വീണ്ടും നിഷ്കളങ്കരായി മാറുന്നു… അതാണ് നമ്മുടെ പുനർജന്മം… അതോടെ ഒരു പുതിയ ഊർജ്ജം നമ്മിൽ വന്നു നിറയുന്നു…. ആ ശക്തി, അത് നമ്മളിൽ തന്നെ ഉണ്ട്… ഈ അറിവ് നമ്മളിൽ ഉണ്ടായാൽ, ഒരു വ്യക്തിക്കും, നമ്മളെ തോല്പിക്കാനാകില്ല…

പാർവ്വതി ഓർത്തു, എന്റെ അച്ഛൻ എനിക്ക് പറയാതെ പറഞ്ഞു തന്ന പാഠം…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

അമ്മയുടെ സുകൃതം കൊണ്ട് അച്ഛനെ കൂട്ടുകാരനായി കിട്ടിയതുപോലെ, എനിക്കും അതുപോലൊരു കൂട്ടുകാരനെ കിട്ടണേ എന്ന പ്രാർത്ഥനയുമായി, അവൾ പതുക്കെ മയക്കത്തിലേക്ക് വഴുതി വീണു…

5

ഇന്ദു.പി. കെ.

 

ഞാൻ ഇന്ദു…

 

സ്വദേശം തൃശ്ശൂർ…

 

കേന്ദ്ര ഗവൺമന്റ് ഉദ്യോഗസ്ഥ…

 

Inspector ( Examiner) of Customs

View All Authors >>

5 thoughts on “വെളിച്ചം മനസ്സിനെ തഴുകുമ്പോൾ”

Leave a Reply to Sabil das Cancel reply

Your email address will not be published. Required fields are marked *

9 − 7 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top