Montage

സൈരന്ധ്രി

സൈരന്ധ്രി

Elaine A Sabu

കടൽക്കരയിൽ അവളുടെ മടിയിൽ തലചായ്ച്ചു അസ്തമയ കാണുമ്പോൾ അയാളുടെ മനസ്സ് അതീവ ആനന്ദത്താൽ നിറഞ്ഞിരുന്നു. സൈരന്ധ്രിയുടെ നീണ്ട വിരലുകൾ അയാളുടെ മുടിയിലൂടെ തലോടലായി ഒരു ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. സായാന്ഹത്തിലെ കടൽക്കാറ്റും അവരുടെ മൗനങ്ങളെ ആഘോഷിക്കുകയായിരുന്നു. ഇടയ്ക്കു എപ്പോഴോ അയാൾ തന്റെ കുട്ടിക്കാലത്തെ കഥകൾ അവൾക്കായി ഓർമ്മയിൽ നിന്നും പൊടി തട്ടിയെടുത്തു. അപ്പൂപ്പന്റെ കയ്യും പിടിച്ചു ഉഴുന്ന് പാടത്തു മിന്നാമിനുങ്ങളുടെ ഉയർത്തെഴുന്നേൽപ്പ്‌ കണ്ടത് അവൾക്കു എത്ര തവണ കേട്ടാലും മതിവരാത്ത കഥകളിൽ ഒന്നാണ്. കടൽകാറ്റ് അവളുടെ മുടിയിഴകളെ തമ്മിൽ തല്ലിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… പക്ഷെ അവളുടെ കണ്ണുകൾ അയാളുടെ വാക്കുകൾക്കൊപ്പം അങ്ങു അകലെയുള്ള ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത അയാളുടെ ഗ്രാമത്തിന്റെ ഓർമ്മ ചിത്രങ്ങളിലായിരുന്നു.

അവരുടെ മുൻപിലൂടെ കനകാംബരവും മുല്ലപ്പൂവും ചേർത്ത് മാല കെട്ടിയതുമായി വന്ന പെൺകുട്ടിയിൽ നിന്നും അവൾക്കായി അയാൾ ഏതാനും മുഴം പൂക്കൾ വാങ്ങി. പൂക്കളുടെ വില അവളെ ഏൽപ്പിക്കുമ്പോൾ അവളുടെ നിറഞ്ഞ പുഞ്ചിരിയിൽ അവരും ചേർന്നു. ഓർമ്മകളിൽ നിന്നും സ്വപ്നങ്ങളിലേക്ക് ആയി പിന്നീടുള്ള അവരുടെ യാത്ര. വാക്കുകൾക്ക് ഓട്ടപ്പാച്ചിലിൽ നേരം വൈകിയത് അറിയാതെ പോയി.
“അമ്മാ… നേരം ഇരുട്ടിടിച്ചു… വീട്ടുക്കു പൊങ്കോ…” പിന്നിൽ നിന്ന് ഒരു വിളി കേട്ടാണ് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കിയത്. സായാഹ്ന ഡ്യൂട്ടിക്ക് ഇറങ്ങിയ ഒരു പോലീസ്‌കാരനാണ് അവളെ വർത്തമാനകാലത്തേക്കു കൂട്ടിക്കൊണ്ടു വന്നത്. കുറച്ചു പ്രയാസപ്പെട്ടു അവൾ പൂഴി മണലിൽ നിന്ന് എഴുന്നേറ്റു… പതിയെ ചെരുപ്പിട്ടു കടൽക്കരയിൽ നിന്ന് തിരിഞ്ഞു നടക്കവേ ആ പോലീസ്‌കാരൻ ചോദിച്ചു: “യെൻ അമ്മാ… നീങ്ങാ ഇങ്കെ തനിയെ ഇന്ത നിലമേൽ വന്തത്… യരാവത് കൂടവേ ഇരുക്കവേണ്ട ടൈം താനേ…”

പിന്തിരിഞ്ഞു നടക്കവേ തികട്ടി വന്ന അവരുടെ ഓർമ്മകളെ ആ കടൽക്കരയിൽ അവള്കു ഉപേക്ഷിക്കാൻ കഴിയാതെ പോയി. ഓർമ്മകൾക്കൊപ്പം അയാൾ അവളുടെ ഉള്ളിൽ പുതുജീവൻ ആയി തുടിക്കുന്നുണ്ടായിരുന്നു. ഇന്ന് അയാൾ, അവളെ … കാണാതെ കണ്ട് … പറയാതെ കേട്ട്… തൊടാതെ തൊട്ടു.. ശ്വാസം കടം കൊടുത്തു … ഗന്ധങ്ങളുടെയും രസങ്ങളുടെയും ലോകത്തു നിന്ന് അവളെ നോക്കി കണ്ടു. അയാൾ എല്ലാം മുൻകൂട്ടി കണ്ടിരുന്നെന്നു അവൾക്കു തോന്നി. അതുകൊണ്ടു ആയിരിക്കാം അയാൾ പോയ ശേഷവും അയാളോട് മനസ്സിൽ അവൾ ഇങ്ങനെ കലഹിച്ചു പറഞ്ഞത്: നിനക്ക് എന്നെക്കാളും എന്നെ അറിയാമെന്നു ചില നിമിഷങ്ങളിൽ തോന്നി പോകുന്നു.

(ശുഭം)

2

Elaine A Sabu

എലൈൻ – സ്വദേശം കൊല്ലം, ഇപ്പോൾ ഗോവയിലുള്ള CSIR- NATIONAL INSTITUTE OF OCEANOGRAPHY യിൽ സമുദ്രശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഗവേഷണ വിദ്യാർത്ഥിയാണ്. മലയാളം ഇംഗ്ലീഷ് ഭാഷകളിൽ കഥകളും ലേഖനങ്ങളും ബ്ലോഗിൽ എഴുതാറുണ്ട്. എന്റെ പ്രണയകഥകൾ എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം ഇറങ്ങിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം, സാഹിത്യം സിനിമ എന്നിവയിൽ അഭിരുചി.

Blog: firespiritblog.wordpress.com; Instagram: @kanthaarii

View All Authors >>

2 thoughts on “സൈരന്ധ്രി”

Leave a Reply to Arun Cancel reply

Your email address will not be published. Required fields are marked *

eight − four =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top