By ജോയ് തമലം
പനയോലകളില്‍ നിരത്തിയത് പകുതി.
പിന്നൊരു പകുതി പാപ്പിറസ്സിലും
ചിന്നിച്ചിതറി മിച്ചം വന്നവ കൊണ്ട്
കമ്പ്യൂട്ടർ സ്ക്രീനില്‍
കവടി നിരത്തി.
മുച്ചീട്ടുക്കളിക്കാരന്‍റെ
മകള്‍
ഒളിച്ചോടി..
കാലിനുമന്തുള്ളവൻ
മലയിലേക്ക്
കല്ലുരുട്ടി..
വായ്പ്പുണ്ണുവന്ന കാക്കകള്‍
ബലിയുണ്ണാതെ
ആകാശത്തേക്ക് പറന്നു..
കാഴ്ച്ചനശിച്ച
തുന്നല്‍ക്കാരൻ
സൂചിക്കഴുത്തില്‍ നൂലുകോർക്കാൻ
ദിവസക്കൂലിക്ക്
ആരാച്ചാരെ നിയമിച്ചു..
അക്ഷരങ്ങള്‍ കടം കൊണ്ട്
വാക്കുനെയ്തു.
കനപ്പെട്ട വാക്കുകള്‍ പകർത്തി
കടം ഇരട്ടിച്ചപ്പോള്‍
അഗ്നി ശുദ്ധിവരുത്താൻ
അക്ഷരങ്ങള്‍
കൂട്ട ആത്മഹത്യ ചെയ്തു.
ആറടി മണ്ണിനു മുകളില്‍
കവിതയുടെ
ലില്ലിപ്പൂവ്
വിടർന്നു..
joysreedhar@gmail.com











അക്ഷരപ്പൂക്കളത്തില്‍ കടം എന്ന കവിത ഉള്‍പ്പെടുത്തിയതില്‍ സന്തോഷം..