By നിധിൻ.വി.എൻ
കരയിലെ,
ഏറ്റവും വലിയ മൃഗമാകണമെന്ന്
കരുതിയിട്ടില്ല.
ശരീരം അതിന്റെ ഇച്ഛകൾകൊത്ത്
വളർന്നതാണ്.
*പുരുഷയൂട്ടുകൾക്ക് നിന്നുതരാൻ
ഇഷ്ടം കൂറിയിട്ടല്ല,
ഗതികേടുകൊണ്ടാണ്.
കറുത്തിരിക്കുന്ന
വെറുമൊരു മൃഗമായതിനാലാകാം
നിന്റെ അക്കൗണ്ട്സിൽ
അസറ്റായതും,
പുരുഷാരവങ്ങൾ തിമിർക്കുന്ന
ഭാരങ്ങളിലേക്ക് ആനയിക്കുന്നതും,
മുറിപ്പെടുന്നതും.
വ്രണങ്ങളിൽ ചങ്ങലയുരയുന്നു.
വേദനകൊണ്ട് കാട് മറക്കുന്നു,
ആജ്ഞകൾക്കെല്ലാം
തലകുമ്പിട്ട്,എല്ലാം ശീലമാക്കുന്നു.
തളയ്ക്കപ്പെട്ട ആലിൽ
കാക്ക വന്നിരിക്കുന്നു.
നിന്റെ എച്ചിലല്ല,
അതതിന്റെ അന്നമാണ്
കൊത്തിയെടുത്തത്.
എന്നിട്ടും, ആട്ടിയോടിക്കപ്പെടുന്നു.
ഇപ്പോൾ,
തീർച്ചയുണ്ട്
ക്രൂരതയിൽ നിന്നെ ജയിക്കാനാവില്ലെന്ന്.
……….
* കരി – കറുപ്പ് ,ആന
* പുരുഷയൂട്ട് – ആനയൂട്ട്
nidhinvn51@gmail.com











Thanks Jyothiji
നന്നായിട്ടുണ്ട്…..