By ജാഫർ തലപ്പുഴ
നോക്കൂ…
നമ്മൾ സങ്കരയിനങ്ങളാണ്….
സങ്കരയിനം
ശാസ്ത്രനിർമ്മിതിയാണ്….
ചിലതാകട്ടെ,
അന്തക വിത്തുകളും….
സ്വാർത്ഥതയാണ്
സങ്കരപ്പിറവികളുടെ
പിതാവെന്നത്
പുറത്ത്
പറയരുത്!!!
‘വെളുത്ത കുപ്പായക്കാർ’
വോട്ടു കറന്നെടുക്കാൻ
ഇടവേളകളിൽ
ചുരം കയറും….
പച്ചയും നീലയും
ചുവപ്പും
കൊടിയേന്തി
നാം മൊത്തം ചുരത്തും….
പാട്ടത്തുകയുമായി
ജന്മികൾ
ചുരമിറങ്ങും….
സുഹൃത്തേ…
പുകയിലക്കായി
സ്വപ്നങ്ങൾ
പണയം വെച്ചവരുടെ
പിന്മുറക്കാരാണ്
നാം…
കരിന്തണ്ടനെ
വെറുതെ പോലും
ഓർമിക്കാത്തവർ…
ചുരത്തിന്റെ
നീണ്ട വാഹനനിരയുടെ
പിറകെ….
നമുക്കാരെങ്കിലും
രോഗിയായി
എത്തണം!!!
അല്ലെങ്കിൽ
ചുരത്തിനു കീഴെ
ചോര മരിക്കണം….
അതു വരെ
നാം ഇൻക്വിലാബ്
വിളിച്ചു കൊണ്ടേയിരിക്കും…..
വോട്ടുകൾ
അളന്നു കൊടുത്തു കൊണ്ടേയിരിക്കും…
നമ്മൾ
വയനാട്ടുകാരാണ്….
ഒന്നും വാങ്ങാതെ
എല്ലാം കൊടുത്തവരുടെ
പിന്മുറക്കാർ
jafferthalappuzha46@gmail.com










