ഒരു മരം നട്ട്
ഇലകൾക്കുവേണ്ടി
കാത്തിരുന്നിട്ടുണ്ടോ
പുതിയ ഇലയെ സ്വപ്നം കണ്ടിട്ടുണ്ടോ
അതിന്റെ ഇളം നിറത്തെ
സങ്കൽപ്പിച്ച് ഒരു ചിത്രം
വരച്ചിട്ടുണ്ടോ
തളിരിലകൾക്കായുള്ള
കാത്തിരിപ്പിന്റെ
മധുരം നുണഞ്ഞിട്ടുണ്ടോ
കിളിർത്തുപൊന്തിയ
പുതിയ നാമ്പിന്റെ കുറുകൽ
കേട്ടിട്ടുണ്ടോ
ഏറ്റവും ഭംഗിയുള്ള ചിലതിനെ
പുഴുക്കൾ തിന്നുകളയും
ഇഷ്ടം കൂടുമ്പോഴാണത്
പിറ്റേന്ന് നോക്കുമ്പോൾ
ആറ്റുനോറ്റുണ്ടായ
തളിരിലകളിൽ നിറയെ
വെളിച്ചമായിരിക്കും
പുഴുവിന്റെ പാടുകൾ.
അന്നേരത്തെ ആ ഒരു നീറ്റലുണ്ടല്ലോ
അത് നിങ്ങളനുഭവിച്ചിട്ടുണ്ടോ
ഞാനിതെല്ലാം അറിഞ്ഞവനാണ്
ഇലകൾക്കുവേണ്ടി
കാത്തിരുന്നവനാണ്
എന്നിട്ടും
അവളിന്നലെ എന്നോട്
പറഞ്ഞുകളഞ്ഞു
എനിക്ക് സ്നേഹിക്കാൻ അറിയില്ലെന്ന്
ഞാനൊരു മുരടനാണെന്ന്.
ശരിയാണ്
അവൾക്ക് ഞാനൊരിക്കലും
ഇലകൾക്ക് കൊടുക്കാറുള്ളപോലെ
ഉമ്മ കൊടുത്തിട്ടില്ല
കാത്തിരുന്നിട്ടില്ല
സ്വപ്നം കണ്ടിട്ടില്ല
ഇലകളെ പോലെ
ഞാൻ മറ്റാരേയും സ്നേഹിച്ചിട്ടുമില്ല.










