Montage

ബ്രത്ത്…. !

ബ്രത്ത്…. !

സചിന്ത് പ്രഭ. പി

എങ്ങനെ അകത്തു കടന്നു എന്നതിൽ അയാൾക്കും വ്യക്തത ഇല്ലായിരുന്നു. ഓരോ മുറികളിലും വെളിച്ചം അണയുന്നതിന് അനുക്രമമായി വെട്ടമുള്ളിടത്തേക്ക് ഈയാംപാറ്റയെ പോലെ ചേക്കേറി ചേക്കേറി ഒടുക്കം അവസാന വെട്ടവുമണഞ്ഞപ്പോൾ, ചാരി നിന്ന ടെറസ് വാതിൽ – ഒരു പെരുമ്പാമ്പ് ഇരയെയെന്ന പോലെ വായ് മലർക്കെ തുറന്ന്- അയാളെ അകത്തേക്ക് വിഴുങ്ങുകയായിരുന്നു ! ജനൽ പാളികൾ ഇളക്കി മാറ്റാനോ സാക്ഷകൾ അടർത്താനോ ഉള്ള സാമാനങ്ങൾ ഒന്നും തന്നെ അയാൾ കയ്യിൽ കരുതിയിരുന്നില്ല. വിശപ്പ് മുറ്റിയ ഏതെങ്കിലും ഒരു മാത്രയിൽ ആ ഭീമാകാരമായ അന്നനാളം തന്നെയകത്തേക്കാവാഹിക്കുമെന്ന് മുമ്പേ ഉറപ്പുണ്ടായിരുന്ന പോലെ..!

അകത്തും പുറത്തും ഇരുട്ടിന് ഒരേ കനമാണ്. ജനാലപ്പുറം തുളച്ചെത്തിയ നേരിയ നിലാവെട്ടത്തിനു സമാന്തരമായി അയാൾ ലക്ഷ്യങ്ങൾ ചിട്ടപ്പെടുത്തി. അത്രമേൽ തന്നിലേക്കൊതുങ്ങി ഏറ്റം സാവധാനം -ഇരുട്ടിനിടയിലെ കനപ്പെട്ട ഇരുട്ടായി- അയാൾ മുന്നോട്ട് നടന്നു. മുകളിലെ നിലയിൽ ആകെ ഒറ്റ മുറിയാണ്. പാതി ചാരിയ മുറി..! അയാൾ പതിയെ അതിനടുത്തേക്ക് നടന്നു… ഗോവണിപ്പടി തിരഞ്ഞു പിടിച്ച് താഴെ നിലയിലേക്ക് പതുങ്ങി പതുകി ഇറങ്ങുക എന്നതാണ് പൊതു രീതി എങ്കിലും തികച്ചും അസ്വസ്ഥാവഹമായ ഒരു ശബ്ദം ആ മുറിക്കരികിലേക്ക് അയാളെ നയിച്ചു എന്നതാണ് ഒന്ന് കൂടി കൃത്യം..! എന്താണത് എന്നറിയാനുള്ള വ്യഗ്രത അയാളെ അക്ഷരാർഥത്തിൽ ഭരിച്ചു. താനാരാണ് എന്നത് ഒരു നിമിഷം വിസ്മരിച്ച് കയ്യിൽ കരുതിയ മെഴുകുതിരി കൊളുത്തി അയാൾ മുറിയിലേക്ക് നീട്ടി.

ഒരു പെൺകുട്ടി…ആറോ ഏഴോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി, ശ്വാസം കിട്ടാതെ പിടയുകയാണ് ! ശ്വാസകോശത്തിനും നാസികാഗ്രത്തിനും ഇടയിലുള്ള ഏതോ ഒരിടത്ത് ശ്വാസം സമരസങ്ങൾ ഇല്ലാത്ത സമരത്തിലാണ്. കടലാഴങ്ങളെക്കാൾ ആഗാധമായ ഉള്ളാഴങ്ങളിൽ ശ്വാസം ഒളിച്ചു പൊത്തുകയാണ്..!
അയാൾക്ക് അലറി വിളിക്കണമെന്ന് തോന്നി. “ഓടി വരണേ…” എന്നും “കുഞ്ഞിന് ശ്വാസം കിട്ടുന്നില്ല…” എന്നുമൊക്കെ വിളിച്ചു കൂവണം എന്ന് തോന്നി. തൊട്ടടുത്ത മാത്ര താനാരാണെന്നും എവിടെയാണെന്നുമുള്ള ബോധം കൊള്ളിയാനെന്ന പോലെ ആഞ്ഞടിച്ച് ആ ചിന്തകളെ കരിച്ചെറിഞ്ഞു..! എങ്കിലും മറ്റാരോ നയിക്കുന്നുവെന്ന പോലെ അയാൾ ആ മുറിയിലേക്ക് കടന്നു. മെഴുകുതിരി വെട്ടത്തിന്റെ പ്രഭയിൽ അലമാരയുടെ പടിഞ്ഞാറേ മൂലയിൽ പതുങ്ങിയ ഇൻഹേലർ തിരഞ്ഞു പിടിച്ചു. വെട്ടം ഓരത്ത് തറച്ച് , മുറിയുടെ ചുമരിൽ തൂങ്ങുന്ന “പിയേത്താ”യിൽ എന്ന പോലെ അവളെ ചേർത്തു വച്ച് ഇൻഹേലർ അഗ്രം മുലക്കണ്ണെന്ന പോലെ അവളിലേക്ക് അമർത്തി..!

പിടച്ചിൽ പതിയെ പതിയെ അടങ്ങി. കാറ്റടങ്ങിയ കടൽത്തീരം പോലെ അവളുടെ ഉൾത്തിരകൾ ഭ്രാന്തതാളം ത്യജിച്ചു. നിമിഷാർദ്ധത്തിൽ ഉച്ഛ്വാസവും നിശ്വാസവും പഴയ ഈണം തേടി..!

സ്വബോധത്തിന്റെ തൊട്ടടുത്ത മാത്രയിൽ അവൾ അയാളെ ആഴത്തിൽ നോക്കി…! ആ ആശ്ചര്യം അടുത്ത നിമിഷം നിലവിളിയിലേക്ക് പരിണമിക്കുമെന്ന ബോധം അയാളെ ജാഗരൂകനാക്കി…!

“…അപ്പയുടെ …ഫ്രണ്ട്…!!!മോളൂന്…മോളൂന് അങ്കിളിനെ ഓർമ ഇല്ലേ …”

ചോദ്യത്തിനും മുമ്പ് അയാൾ ഉത്തരം എറിഞ്ഞു…അറിയുമെന്നോ അറിയില്ലയെന്നോ ഉറപ്പിക്കുവാനാകാതെ അവൾ ഓർമ്മചിത്രങ്ങളിൽ ഉഴുതു മറിഞ്ഞു…

“…അങ്കിൾ ദാ ഇപ്പോഴാണ് എത്തിയത്..ട്രെയിൻ കൊറേ രാത്രി ആയി എത്താൻ.. മോളൂസ് ഉറങ്ങി എന്ന് അപ്പ പറഞ്ഞപ്പോ ഒന്ന് പൊറത്തൂന്ന് കണ്ടിട്ട് പോകാൻ വന്നതാ.അങ്ങനെ വന്നതാ…അതെ…!

ഉറപ്പുകളില്ലാത്ത ചില ഉറപ്പുകൾ സ്വയം പറഞ്ഞു വിശ്വസിപ്പിക്കുവാൻ എന്ന പോലെ അയാൾ വാക്കുകൾ ആവർത്തിച്ചു. അവൾ വളരെ സാവധാനം ചിരിച്ചു..!

“..അങ്കിൾ ന്റെ പേര്..!?”

“പേര്..!”

ആ ചുറ്റുവട്ടത്തെവിടെയോ പണ്ടൊരിക്കൽ പേര് നഷ്ടപ്പെട്ടവനെ പോലെ അയാൾ ഒരു നിമിഷം അവിടമെല്ലാം കണ്ണോടിച്ചു…

“ബ്രത്ത്…!!! പേര്… ബ്രത്ത്…”

അവൾ ചിരിച്ചു…അയാളും…!

“കഴിച്ചതാണോ…? ദൂരെ ന്ന് വന്നതല്ലേ …!”

“ഇല്ല. കൊറേ രാത്രിയായില്ലേ മോളൂ …എല്ലാരും ഉറക്ക ചടപ്പിൽ …!! ബുദ്ധിമുട്ടിക്കേണ്ടന്നു വച്ചു..”

“ദേ..ഈടെ എനക്ക് കഴിക്കാൻ കൊണ്ട് വച്ച ഫ്രൂട്സ് ഒക്കെ ഉണ്ട്. ഞാൻ വയ്യാത്തോണ്ട് ഒന്നും തിന്നാണ്ട് കെടന്നു..! ദാ.. എടുത്തോ…!!”

അയാൾ ഒരു നിമിഷം സ്തബ്ധനായി…അവൾ വച്ചു നീട്ടിയ പാത്രത്തിലെ പഴങ്ങൾ ഓരോന്നായി അയാൾ കഴിച്ചു…അയാളുടെ ഒട്ടിയ കവിളുകൾക്കിടയിൽ പഴച്ചീളുകൾ നിറഞ്ഞു വണ്ണം കൂടുന്നത് അവൾ കൗതുകത്തോടെ നോക്കി നോക്കി നിന്നു..!

ഭക്ഷണം മുഴുവനും തീർത്ത് അയാൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു… അയാളുടെ കണ്ണുകളിൽ ഈറൻ പാട കെട്ടിയിരുന്നു..!

“മോളു കെടന്നോളൂ. അങ്കിൾ താഴത്തെ മുറീല് പൊക്കോളാം.”

മുറിയുടെ ഓരത്ത് കുത്തി വച്ച മെഴുകുതിരി ഇളക്കിയെടുത്ത് അയാൾ പുറത്തേക്ക് നടന്നു.എന്തോ മറന്നു വച്ചവനെ പോലെ അയാൾ തിരിഞ്ഞു.

“മോൾടെ പേര്…മറന്നു. മറന്നു ഞാൻ.ഇവിടെ തുമ്പത്തുണ്ട്.എന്താ പ്പാ ??”

അയാൾ മറന്നവന്റെ ചേഷ്ടകൾ മുഖത്തു നിറയ്ക്കാൻ ആവതും ശ്രമിച്ചു.

“ഫുഡ്…”

“എന്ത്…??”

“പേര്…ഫുഡ്…!”

അവൾ ഗൂഢമായി ചിരിച്ചു..!

മുറിയുടെ വെളിയിൽ ടെറസിനോട് ചേർന്ന ഡൈനിങ് ടേബിളിനു പിറകിലെ ചുമരിൽ, “അവസാന അത്താഴത്തിന്റെ” ഛായചിത്രത്തിലെ ഈശോ അപ്പോഴും ശിഷ്യർക്കായി തന്റെ ശരീരവും രക്തവും പകുക്കുകയായിരുന്നു ..!

70

സചിന്ത് പ്രഭ. പി

സചിന്ത് – കണ്ണൂർ ആണ് സ്വദേശം. ഇപ്പോൾ IIT മദ്രാസ് ഇൽ രസതന്ത്രം ഗവേഷണ വിദ്യാർത്ഥി ആണ്.

View All Authors >>

70 thoughts on “ബ്രത്ത്…. !”

  1. നന്നായി ആസ്വദിച്ചു. അവസാനം വരെ പിടിച്ചിരുത്തുന്ന അവതരണം. നല്ല പ്രമേയം. ആശംസകൾ.. ഇഷ്ടം!

  2. മികച്ച വായനാനുഭവം. വാക്കുകളിലെ കൃത്യത, അർത്ഥതലങ്ങൾ ചലിക്കുന്ന ചിത്രങ്ങളായി വായനക്കാരെ മദിക്കുന്ന രചനാ രീതി. കാലികമായ വിഷയം. ചുരുക്കത്തിൽ, “വിശപ്പിനെ പരിഭാഷപ്പെടുത്തുന്നതെങ്ങിനെ!” ❤️-

  3. സംഭവം ക്ലാസ് ആയിട്ടുണ്ട് …പ്രമേയം സൂപ്പർ . zaitoonil നിന്നും ഒരു കട്ടൻ ചായ കുടിച്ച ഫീൽ ഉണ്ട്

    1. വിശപ്പും ശ്വാസവും
      ജീവിതത്തിൽ മനഃസമാധാനത്തിനു മുകളിലായ് ആവശ്യമായുള്ളതു ആഹാരവും ശ്വാസവും….. ചെറുകഥയില വലിയ കഥ

  4. ചുരുങ്ങിയ വാക്കിൽ ആശയങ്ങളുടെ ആകാശം തീർത്ത കഥ… നല്ല ഒഴുക്കുള്ള ഭാഷ.. ശൈലി..! എഴുത്ത് തുടരുക

  5. ശ്വാസം,വിശപ്പ്…രണ്ടും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്..സമൂഹത്തിലെ എല്ലാ മനുഷ്യനും ഇവയ്ക്ക് മുന്നില്‍ ഏകരാണ്. നല്ല ശൈലി..തുടരുക♥

  6. മോഷണം എന്നത് ഒരു വ്യക്തിയുടെ സ്വാർത്ഥവാസന എന്നതിനേക്കാൾ സമൂഹത്തിൽ കാലങ്ങളോളം തുടരുന്ന അസന്തുലനങ്ങളിൽ നിന്ന് രൂപം കൊണ്ട ഒരു അപനിർമ്മിതി ആയിത്തന്നെ കാണേണ്ടിയിരിക്കുന്നു. വിശപ്പും ഭയവും, തീർക്കുന്ന അരക്ഷിതത്വബോധത്താൽ ഒരാൾ ‘കള്ളനായി’ മാറുമ്പോഴും, ‘ഇരുട്ടിനിടയിലെ കനപ്പെട്ട ഇരുട്ടായി’ പരിണമിക്കുമ്പോഴും മനുഷ്യജീവന്റെയുള്ളിലെ സഹജമായ സഹാനുഭൂതിയുടെ ഒരു ചെറുതിരിവെട്ടം അയാളും കെടാതെ നിൽക്കുന്നുണ്ടാകും. കളങ്കമില്ലാത്ത ചില നേർത്ത ഉദ്ദീപനങ്ങളിൽ അയാളിലെ ആ ‘മനുഷ്യൻ’ അയാൾ പോലുമറിയാതെ പുറത്തുവരും. വായു കിട്ടാതെ പിടയുന്ന കുഞ്ഞിന് അയാൾ ‘ബ്രെത്’ ആകും; വിശന്നുപൊരിയുന്ന അയാൾക്ക് അവൾ ‘ഫുഡും’. ജീവിതങ്ങൾക്ക് മേലെ കാലം കൂട്ടിയിട്ട വീഴ്പ്പുകളെല്ലാം ഊരിയെറിഞ്ഞാൽ ബാക്കിയാവുക, പ്രായത്തിനും ബൗതികസാഹചര്യങ്ങൾക്കുമെല്ലാം അതീതമായ ഈ പാരസ്പര്യത്തിന്റെ ഉദാരസൗന്ദര്യം മാത്രമാകും.

    ഗംഭീരമായ പ്രമേയം, very much philosophical and relevant !

    ലളിതമായി, എവിടെയും മുഴച്ചുനിൽക്കാതെ കയ്യടക്കത്തോടെ അവതരിപ്പിച്ചു, സച്ചീ. ആവിഷ്കാരത്തിൽ പതിവുകൾ വിട്ട് വേറിട്ടൊരു സമീപനം നടത്തിയതായി തോന്നി, ഹൃദ്യം!
    ഇനിയുമിനിയും എഴുതൂ 🙂

  7. മലയാള സാഹിത്യത്തിൻറെ ഭാവി നിങ്ങളെ പോലെ ഉള്ള യുവാക്കളിൽ ഭദ്രം ആണ് എന്ന് തെളിയിച്ചു . നല്ല കഥ

  8. കഥ വായിച്ചു കഴിഞ്ഞു മനസ്സ് ഇപ്പോളും അസ്വസ്ഥം ആണ് .. സുഭാഷ് ചന്ദ്രന്റെ കഥ വായിച്ച ഒരു അനുഭവം ആണ് ഉണ്ടായത് . മലയാള സാഹിത്യത്തിൽ സച്ചിന് ഒരു കസേര ഉറപ്പാണ് . നല്ല കഥ മോനെ . നല്ല എഴുത്തു . ഒരായിരം ആശംസകൾ

  9. നിങ്ങള് വാക്കുകൾ കൊണ്ട് വേറെ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണല്ലോ sachind സാറേ ..👌👌👌👌

  10. Sadharana kettu pazhakiya kadhakalil vishakkappinte vili kond apakadangal varuthi vekkunna manushyare aana nammal kaanar.. Ithippo vishappadakkan poya ” Breathe ” , “food” n shvasam kodutha kadha…nalloru prameyam vyatyastamayi kaikaryam cheythirikkunnu… 👏👏

Leave a Reply

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top