By Rahul T O
ഒരു കോപ്പേല് ഉപ്പിലിട്ട മാങ്ങെയെടുത്ത്
എരുവുള്ള പച്ചപ്പറങ്കി ഒടച്ചു…
മറ്റൊന്നില് ഉപ്പും പുളീം ചോന്ന പറങ്കീം
ലേശം വെളിച്ചെണ്ണേം ഉറ്റിച്ചു..
അതും കൂട്ടീറ്റ് കഞ്ഞി കുടിക്കുമ്പോ
ചാണകം തേച്ച അടുക്കളേല്
അമ്മമ്മേന്റൊപ്പരം ചമ്മണം
പടിഞ്ഞിരുന്ന് കുളുത്ത് കുടിച്ച
കാലത്തേക്ക് മാത്രല്ലാ പോയേ….
എറിഞ്ഞും കൊക്കയെടുത്തും
പാഞ്ഞു കയറിയും പറിച്ച
ഉപ്പു കണ്ണീരണിഞ്ഞ ഈ മാങ്ങയുടെ
ശൂന്യമാം മാവിന്റെ ചുവട്ടിലേക്കും
പിന്നെയാ ഡയറിയുടെ പേജിൽ
എഴുതാകഥയുടെ ക്രമനമ്പറുകൾക്കിടയിൽ
ജീവിതം കാത്തുകഴിഞ്ഞ ”ദൃക്സാക്ഷി”
പുളി മരത്തിന്റെ കണ്ണീരിലേക്കും പോയി..
ഇനി എത്തിപ്പെടാനാവില്ലെന്നറിയുമ്പോൾ
കൊതിച്ച കാലം ഭൂമിയിലേക്ക്
എത്തിയവരോടും ടോക്കണെടുത്തു
കാത്തിരിക്കുന്നവരോടും കഥയായ്
പറേണ്ടി വരുമെന്ന് ഒടഞ്ഞ മാങ്ങയും പുളിയും
അവരോട് പറയാനാ വാക്കുകൾ ഞാനും
പഠിച്ചു വയ്ക്കുന്നു….
”ആടയൊരു മാവും ഇടയോരു പുളീം ഇണ്ടേനും മക്കളേ……..”
രാഹുൽ ടി.ഒ
rahul1992rto@gmail.com











ഇസ്തം 💙
മൺമറഞ്ഞു പോയ ഓർമകൾ വാക്കുകളുടെ രൂപത്തിൽ ഒരു കവിതയായി പുനർജനിച്ചപ്പോൾ ഞാനും ആ കാലമൊന്നു തിരികെ വന്നെങ്കിലെന്നു കൊതിച്ചുപോകുന്നു…