By Vivek Venugopal
അത് തീരുമാനിച്ചുറപ്പിച്ചാണ് ഇന്ന് ജോലി കഴിഞ്ഞിറങ്ങിയത്.വഴിയോര വാണിഭങ്ങളുടെ ആഴ്ച്ചാവസാനം.
ബഹളം വച്ച് ഒഴുകികൊണ്ടിരുന്ന റോഡിൽ നല്ല തിരക്കുണ്ടായിരുന്നു.കൈമുട്ടുവരെ ഊർന്നിറങ്ങിയ ബാഗും വലിച്ചുകയറ്റി നടക്കുന്നതിനിടയിൽ അമ്മയുടെ കാൾ,പിന്നാലെ അനിയനും.എടുക്കാൻ തോന്നിയില്ല.
ജീവിതത്തിലെ ചോദ്യചിഹ്നങ്ങളെ മായ്ച്ചു കളയാൻ ശ്രമിക്കുകയായിരുന്നു മനസ്സപ്പോൾ.
വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞാൽ സ്നേഹമെന്നത് വെറും നാടകം മാത്രമാണെന്നും,എല്ലാമറിഞ്ഞുകൊണ്ട് കോമാളിവേഷം ആടിക്കൊണ്ടിരിക്കുന്നവളാണ് താനെന്നും ചിലരെങ്കിലും തിരിച്ചറിയണം.മറ്റൊരു സ്ത്രീയുടെ ഗന്ധം വഹിക്കുന്ന ആ ശരീരത്തെ തന്റെ നെറുകയിൽനിന്ന് കുടിയിറക്കണം.
ആർത്തിരമ്പി വന്നൊരു തിരമാല ബാക്കിയാക്കിപ്പോയ ശംഖുപോലെ അവൾ നഗരരൗദ്രതയിൽ നിന്ന് വീട്ടുമുറ്റത്തേക്കെത്തപ്പെട്ടു.അമ്മയെ കണ്ട് ഉണ്ണിക്കുട്ടൻ ഓടിവന്നു കൈപിടിച്ചു .അവന്റെ നെറ്റിയിൽ ഒരു മുറിവ്. അവനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മവച്ച്, മെയ് തലോടി ഉറക്കുമ്പോൾ എന്റെ ദുഖങ്ങളുടെ ഉറവ വറ്റിപ്പോയെന്ന് തോന്നിയിരുന്നു.വയ്യ,ഇവനെ പിരിയുകവയ്യ.
തിരക്കുകളൊഴിഞ്ഞ് അമ്മയെ ഫോൺ വിളിച്ചു.രാത്രി ഏറെആയിരിക്കുന്നു,ഒന്നും പറയാൻ സാധിച്ചില്ല.മൗനം പൂത്തുലഞ്ഞ ആ നിമിഷങ്ങളിൽ രാത്രി എന്നെ നിദ്രയുടെ കരിമ്പടം പുതപ്പിച്ചു.
പുലർന്നപ്പോഴേ ഉമ്മറത്ത് ആ സംസാരം കേട്ടു,പൊട്ടിച്ചിരി കേട്ടു.
ചൂടുള്ള ചായ കൊടുക്കണം.ബാഗ് തുറന്ന് അടുക്കളയിലേക്ക് നടന്നു.ധൃതി വയ്ക്കാതെ തിളച്ചു പൊന്തിയ പാൽ.മധുരം ആവശ്യത്തിൽ അധികം ആകാം.വലിയ ശുശ്രൂഷയ്ക്ക് വലിയ ഒരുക്കങ്ങൾ ആവശ്യമാണ്.
ഉമ്മറത്തിണ്ണയിൽ ആവിപറക്കുന്ന ചായ സ്ഥാനം പിടിച്ചു.ആ മുഖത്തേക്കൊന്നു നോക്കാൻ തോന്നിയില്ല.
മുറിയിലെത്തി ഉറങ്ങിക്കിടക്കുന്ന ഉണ്ണികുട്ടന്റെ ഓമന മുഖവും നോക്കി കയ്യിൽ കിട്ടിയ ഒരു പുസ്തകം എടുത്തു താളുകൾ മറിച്ചു.
“അങ്ങയുടെ മുറിവുകളിൽ എന്നെ മറക്കേണമേ,അങ്ങയിൽ നിന്ന് ഞാൻ ഒരിക്കലും വേർപ്പെടാതിരിക്കട്ടെ,ദുഷ്ടനിൽ നിന്ന് എന്നെ സംരക്ഷിക്കേണമേ,മരണ സമയത്ത് എന്നെ വിളിക്കേണമേ,അങ്ങയുടെ വിശുദ്ധരോടൊപ്പം ഞാൻ അങ്ങേയും വാഴ്ത്തി പാടട്ടെ”
ഉമ്മറത്ത് ഒരു ഗ്ലാസ് നിലത്തു വീണു തകരുന്ന ശബ്ദം.ആരോടും പറയാതെ താൻ ഒളിപ്പിച്ചുവച്ച സങ്കടങ്ങൾ ഉടഞ്ഞവസാനിക്കുകയാണ്.പങ്കുവെക്കപ്പെട്ട ആ ഹൃദയത്തിൽ നിന്നും എന്റെ വിശുദ്ധ പ്രണയം നിർഗളിക്കട്ടെ.ഞാൻ ഫോൺ എടുത്ത് അമ്മയെ വിളിച്ചു..
“അമ്മേ,ഗിരിയേട്ടൻ…….എന്തിനാണെന്നെനിക്കറിയില്ലമ്മേ,ചായയിൽ,… ചേർത്ത് ..”
ബാഗിൽ ഒളിപ്പിച്ച കുപ്പിയെടുത്ത് ഞാൻ പുറത്തേക്ക് നടന്നു.
പറമ്പിന്റെ അതിരിലെ മാലിന്യത്തിലെറിയണം,
ചായയിൽ ചേർത്ത് ഗിരിയേട്ടനെ ഊട്ടിയതിന്റെ ബാക്കി.
തൊടിയിലേക്ക് നടക്കുമ്പോൾ പുറകിൽ നിന്നും ഉണ്ണിക്കുട്ടൻ വിളിച്ചു,
“അമ്മേ”
പരസ്പര ബന്ധമില്ലാത്ത വാക്കുകൾ അടുക്കിവച്ച തന്റെ സംസാരം പോലെ ഈ ജീവിതവും ഒന്നിനും ഒരു പൂർണ്ണത ഇല്ലാതായിരിക്കുന്നു.മറ്റൊന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഇന്നലെ ജോലി കഴിഞ്ഞിറങ്ങിയത്.പക്ഷെ ഉണ്ണിക്കുട്ടന്റെ ഈ വിളികേൾക്കുമ്പോൾ…..
vivekvenugopalpv@gmail.com
പുതുമയൊന്നുമില്ല