Montage

അനുഭവം- പരമ ഹംസ സന്നിധിയിൽ

അനുഭവം- പരമ ഹംസ സന്നിധിയിൽ

By ആർ .എസ് .കുറുപ്

ഞാൻ ശ്രീരാമകൃഷ്ണ വചനാമൃതമോ വിവേകാനന്ദ സാഹിത്യമോ വായിച്ചിട്ടില്ല. അത്ര ചെറുതല്ലാത്ത എന്റെ പുസ്തക ശേഖരത്തിൽ ഈ രണ്ടു പുസ്തകങ്ങളും ഇല്ല. അതിനെ ക്കുറിച്ച് ഞാൻ പൊടുന്നനെ ബോധവാനായത് ഇന്നലെയാണ്. തെക്കൻ കാലിഫോർണിയയിലെ രാമകൃഷ്ണാശ്രമം സന്ദർശിച്ചപ്പോൾ. നഗരങ്ങളൾ ക്കും ജനപദങ്ങൾക്കുമപ്പുറം കാടിൻറെ നിർജ്ജനതയിൽ പർണ്ണ കുടീരങ്ങൾ നിർമ്മിച്ചിരുന്നില്ലേ പണ്ട് നമ്മുടെ സത്യാന്വേഷികൾ. അവയെ അനുസ്മരിപ്പിക്കുന്നു ഈ ആശ്രമം. നഗരവാരിധികളിൽ നിന്നെല്ലാം അകലെ വിജനമായ കുന്നിന്പുറത്ത്. നമ്മുടെ സന്യാസി മഠങ്ങളുടെയോ മഹാക്ഷേത്രങ്ങളുടെയോ ആ ഡംബരങ്ങളോ ആലഭാരങ്ങളോ ജനത്തിരക്കോ ഇല്ലാതെ. കഷ്ടിച്ച് രണ്ടു കാറുകൾക്ക് കടന്നു പോകാവുന്ന ടാർ റോഡിലൂടെ ഒരു നാഴികയോളം കുന്നു കയറിച്ചെന്നാൽ ആശ്രമമായി. അങ്ങിങ്ങു പരന്നു കിടക്കുന്ന ചെറിയ ഒറ്റനില ക്കെട്ടിടങ്ങൾ. ശാന്തമായ അന്തരീക്ഷം. ആൾപാർപ്പിന്റെ ലക്ഷണമായി അങ്ങിങ് ചിലപ്പോൾ സംസാരം കേൾക്കാം. മണിയടിച്ചിട്ടു വേണം സമുച്ചയത്തിലേക്ക് കടക്കാൻ. അതു മാത്രമാണ് അവിടെ കണ്ട ഒരു നിർദ്ദേശം. കാവൽക്കാരില്ല നിയന്ത്രകരില്ല നിർദ്ദേശങ്ങളെഴുതിയ പലകകളുമില്ല. നേരെ ചെന്നാൽ വിവേകാനന്ദ പ്രതിമ. ഒരു ചെറിയ തടാകത്തിലാണതു സ്ഥാപിച്ചിരിക്കുന്നത്. തടാകം നിറയെ മീനുകൾ ചുറ്റും കാട്ടു ചെടികൾ പൂത്തു നിൽക്കുന്നു. വിശക്കുന്നവന്റെ മുമ്പിൽ ദൈവം ഭക്ഷണത്തിന്റെ രൂപത്തിലെ പ്രത്യക്ഷപ്പെടു എന്ന് പറഞ്ഞ, മനുഷ്യൻ മനുഷ്യനെ തീണ്ടാപ്പാടകലെ നിർത്തുന്നവരുടെ നാട് ഭ്രാന്താലയമാണെന്നു പ്രഖ്യാപിച്ച യുവ സന്യാസി. വിഗ്രഹം ഒരാശയം അതിൽ പ്രതിഷ്‌ഠി തമാവുമ്പോൾ പ്രതിഷ്‌ഠയും, ആ ആശയവുമായി സാധകന് സംവേദനം നടത്താനുള്ള മാദ്ധ്യമവുമാവുന്നു. ഉപാധികളില്ലാതെ സാധന സാദ്ധ്യമാവുന്നിടത്തോളമേ വിഗ്രഹത്തിനു പ്രസക്തിയുള്ളൂ. ആചാര്യ സ്വാമികൾ പറഞ്ഞതാണ് ഹിന്ദു വിഗ്രഹാരാധകനാണ് എന്ന് പറഞ്ഞവർക്കു മറുപടിയായ. ഞാൻ വിവേകാനന്ദന്റെ വിഗ്രഹത്തിനഭിമുഖമായി ഏറെ നേരം നിന്നു. അദ്ദേഹത്തിന്റേതായി എന്റെ മനസ്സിലുണ്ടായിരുന്ന ആശയങ്ങൾ അയവിറക്കി കൊണ്ട് .അദ്ദേഹത്തിന്റെ കൃതികൾ വായിക്കാതിരുന്നത് ഒരു കുറവായി എനിക്ക് തോന്നിയതേയില്ല. ഇടത്തോട്ടു പടികൾ കയറി ചെന്നാൽ കോൺഫറൻസ് ഹാൾ ആണ്‌ .ഇടക്കൊക്കെ സമ്മേളങ്ങൾ ഉണ്ടാവും. അതിന്റെ സമയ ക്രമങ്ങളൊക്കെ നോട്ടീസ് ബോർഡിലുണ്ട്. ആശ്രമത്തിന്റെയും അതിന്റെ ഉടമസ്ഥാവകാശമുള്ള വേദാന്ത സൊസൈറ്റിയുടെയും ചരിത്രം പറയുന്ന ലഘുലേഖയും അവിടെ വെച്ചിട്ടുണ്ട്. എന്താണു വേദാന്തം എന്ന ചെറിയ ഒരു കുറിപ്പും. തൊട്ടപ്പുറത്താണ് ലൈബ്രറി. വളരെ വലിയതൊന്നുമല്ല ..അന്തേവാസികൾക്ക് വന്നിരുന്നു വായിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു തോന്നുന്നു. ധാരാളം ഇരിപ്പിടങ്ങളുണ്ട്. കീര്ക്കീഗാറിന്റെയും മറ്റും പുസ്തകങ്ങൾ ഞാനവിടെ കണ്ടു. മേല്നോട്ടക്കാരില്ല. ‘പുക വലിക്കരുത് ‘നിശബ്ദത പാലിക്കുക’ എന്നിങ്ങനെയുള്ള വിളമ്പരങ്ങളില്ല. അതിനടുത്ത കെട്ടിടമാണ് അവിടത്തെ അമ്പലം. പരമ ഹംസരുടെ ചിത്രമാണ് പ്രതിഷ്ഠ. കൽക്കത്തക്കടുത്തുള്ള കുമാർ പുക്കുറിൽ വയലിലൂടെ ചോളം കൊറിച്ചു നടന്ന എട്ടു വയസ്സുകാരൻ ഗദാധരൻ കാറു മുടിയ ആകാശത്തിലൂടെ വെളുത്ത കൊക്കുകൾ പറന്നു പോകുന്നതു കണ്ടു ബോധം കെ ട്ടു വീണു. അതീന്ദ്രിയാനുഭവങ്ങളുടെ പരമ്പരയിൽ ആദ്യത്തേതായിരുന്നു അത്. ആ അനുഭവങ്ങളിലൂടെ അദ്ദേഹം പരമ ഹംസ പദവിയിലെത്തി. തന്റെ മുമ്പിലിരുന്നു ചോദ്യങ്ങൾ ചോദിച്ച ബിരുദ ധാരിയും യുക്തിവാദിയുമായ ചെറുപ്പക്കാരനോടു പറഞ്ഞു ‘നിന്നെക്കാണുന്നതിലും വ്യക്തമായി ഞാൻ ദൈവത്തെ കാണുന്നു “വെന്ന്. താനും ഈ മഹാപ്രപഞ്ചവും തമ്മിലുള്ള അഭേദത്വം അപരോക്ഷാനുഭൂതിയായി ഉൾക്കൊണ്ട ഗദാധരന്റെ ചിത്രം ഏതു സത്യാന്വേഷിക്കാണ്‌ പ്രതിഷ്‌ഠ യും പ്രചോദകവും ആവാത്തത്. ക്ഷേത്രത്തിലേക്കു കടക്കാൻ ചെരിപ്പഴിച്ചു വെക്കേണ്ടതുണ്ട്. പിന്നെയുമുണ്ട് നിർദ്ദേശങ്ങൾ: ശ്രീകോവിലിലേക്ക് കടന്നിരിക്കരുത്; പ്രതിഷ്‌ഠ ക്കു മുമ്പിൽ ഒരു സമയം ഒരാളെ ഇരിക്കാവൂ. ഉയർന്ന പീഠത്തിലെ പരമ ഹംസരുടെ ചിത്രത്തിലേക്ക് വെളിച്ചം വീഴുന്നു. ചുറ്റും മങ്ങിയ വെളിച്ചത്തിൽ നിലത്ത് വിരിച്ച കമ്പളങ്ങളിൽ ഭക്തർക്കിരിക്കാനുള്ള കുഷനുകൾ. പുജാരിയില്ല മന്ത്രോച്ചാരണങ്ങളില്ല. സംപൂർണ്ണ നിശ്ശബ്ദത. കണ്മുന്നിൽ ഗദാധരന്റെ വിശ്രുതമായ ആർദ്ര മന്ദഹാസം, ചന്ദനപ്പൊട്ട്. ഞാൻ ആ മന്ദഹാസത്തിലേക്കും ചന്ദനക്കുറിയിലേക്കും അതിലൂടെ അനന്തതയിലേക്കും നോക്കി. എന്നെങ്കിലും ഞാൻ തന്നെയെന്ന് എനിക്ക് ബോദ്ധ്യമായേക്കാവുന്ന മഹാപ്രപഞ്ച ചൈതന്യം. അക്ഷരങ്ങളും അസ്തിത്വം തന്നെയും അപ്രസക്തമാവുന്നു. നിത്യാനിത്യ വിവേകിയല്ലാത്ത ലൗകികന് പ്രാരബ്ധങ്ങളിലേക്കു. മടങ്ങിയല്ലേ മതിയാവു. കീഴടക്കപ്പെട്ട അമേരിക്കൻ ആദിവാസിയുടെ ഭൂമിയിലൂടെ തിരികെ പോരുമ്പോൾ എനിക്ക് വായിക്കാത്തവയെ ക്കുറിച്ചുള്ള ദുഖവും വായിച്ചതിനെ ക്കുറിച്ചുള്ള ഗർവ്വും ഇല്ലാതായിട്ടുണ്ട് എന്ന് തോന്നി. പുസ്തകങ്ങളല്ല ഇങ്ങിനെ ചില ധന്യ നിമിഷങ്ങളാണ് പ്രധാനം.

(ദക്ഷിണ കാലിഫോർണിയയിലെ രാമകൃഷ്ണാശ്രമം സന്ദര്ശിച്ചതിനു ശേഷം എഴുതിയത്.ആശ്രമത്തിന്റെ മേൽവിലാസംVedanta Society Of Southern California: Ramakrishna Monastery 19961 Live Oak Canyon Rd, Trabuco Canyon, CA 92679 Phone: (949) 858-0342)

rskurup1@gmail.com

1

One thought on “അനുഭവം- പരമ ഹംസ സന്നിധിയിൽ”

Leave a Reply

Your email address will not be published. Required fields are marked *

one × 3 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top