By Abdul Nazar
ചില അനുഭവങ്ങളുടെ തീവ്രത അത് അനുഭവിക്കാത്തിടത്തോളം കാലം കെട്ടുകഥയോ സങ്കൽപമോ ആയിരിക്കും.
മരണം ഒരു സത്യമാവുകയും മരണപ്പെട്ട ദേഹം മറ്റുള്ളവർക്ക് ഒരു ബാധ്യത ആവുകയും ചെയ്യുന്ന ദയനീയ ജീവിതങ്ങൾ എത്രയോ കണ്ടിരിക്കുന്നു അയാൾ. പക്ഷെ, ഇത്തരത്തിലൊരു അനുഭവം ആദ്യമായിരുന്നു..
ഇന്നലെ രാത്രിയാണ് അയാളുടെ സുഹൃത്തായ ഖോകൻ ഫോൺ ചെയ്യുന്നത്. അച്ഛന് അസുഖം കൂടിയിരിക്കുന്നു .അയാളുടനെ ഖോകൻറെ വീട്ടിലേക്ക് പോയി. വളരെ യധികം വർഷങ്ങളായി ഖോകൻറെ അച്ഛൻ കിടപ്പിലായിട്ട്. അയാൾ ആ നാട്ടിലെ പേരുകേട്ട ചിത്രകാരൻ ആയിരുന്നു. കൺമുന്നിൽ കാണുന്ന എന്തും അയാൾ അതുപോലെ പകർത്തി.
പെട്ടെന്നൊരുദിനം ശരീരം തളർന്ന് കിടപ്പിലായി.പിന്നെ എഴുന്നേറ്റതേ ഇല്ല.
പതിനാറു വർഷമായി കിടപ്പിലായിട്ടു , പലതരം ചികിത്സകൾ ചെയ്‌തെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല അയാൾ ചെന്നപ്പോൾ വീടിന് മുന്നിൽ ഖോകൻ നിൽക്കുന്നു. അയാളെ കണ്ടതും ഖോകൻ ധൃതിയിൽ അടുത്തേക്ക് വന്നു. അച്ഛന് തീരെ വയ്യ, ശ്വാസം കിട്ടുന്നില്ല.
അന്ന് പുലർച്ചെ അയാൾ മരണപ്പെട്ടു.
ഉച്ചയോടെ സംസ്കാരം നടത്താൻ തീരുമാനിക്കപ്പെട്ടു.പൊതു ശ്മശാനത്തിലേക്കുള്ള വിലാപയാത്രയിൽ പത്തിൽ താഴെ ആളുകളാണ് പങ്കെടുത്തത്. പാവങ്ങൾ മരണപ്പെട്ടാൽ ഇങ്ങനെയൊക്കെയാ… ഒരാൾ ആത്മഗതം പറഞ്ഞു. ചിതയൊരുക്കാൻ നേരം വിറക് തികയില്ല, മൃദദേഹം കിടത്തേണ്ടതിന് പകരം കാലുകൾ മടക്കി ഇരുത്തേണ്ടി വന്നു. ചിതകത്തി തുടങ്ങിയതും കൂടെ വന്നവർ യാത്ര പറയാൻ തുടങ്ങി. കർമങ്ങൾ ചെയ്യാൻ വന്ന ബ്രാഹ്മണനും സൗജന്യ സേവനം തുടരാൻ താൽപര്യപെടാതെ പതിയെ യാത്രയായ്.അസ്തമയ സൂര്യന്റെ ചുവപ്പിൽ അയാളും ഖോകനും മാത്രമായി. ശ്മശാനത്തിന് ചുറ്റും നടന്ന് വിറക് പെറുക്കി അയാൾ ചിതയിലെ തീ അണയാതെ നോക്കി. ഒരു വേള താൻ വന്ന വാഹനത്തിലെ പെട്രോൾ കുറച്ച് ഊറ്റിയെടുത്ത് അയാൾ ചിതയിലൊഴിച്ചു. തന്റെ അച്ഛന്റെ ചിതയിൽ വക്കാൻ വിറക് വാങ്ങാൻ പോലും പണം തികയാത്തതിന്റെ നിസ്സഹായത ഖോകൻറെ മുഖഭാവത്തിൽ നിറഞ്ഞു നിന്നു.
ചിതയുടെ പുറത്തേക്ക് നീണ്ടു നിൽകുന്ന കാലുകൾ ഭീതിയേക്കാൾ അയാളുടെ ഉള്ളിൽ സങ്കടമാണ് ഉണ്ടാക്കിയത്.
പുറത്തേക്ക് തള്ളിനിൽക്കുന്ന കാലുകൾ ഒരു കമ്പ് കൊണ്ട് അയാൾ പല തവണ മടക്കി തീയിലേക്ക് ചേർത്തു വച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ശരീരം കത്തി തീർന്നു.
ആചാരങ്ങളൊക്കെ എങ്ങനെ വേണമെന്ന് ഖോകന് ചെറിയ ധാരണ ഉണ്ടായിരുന്നു . അയാളും കൂടെ കൂടി .
നേരം ഇരുട്ടിയിരുന്നു. കത്തി തീർന്ന ചിതയിൽ ആചാരപ്രകാരം വെള്ളമൊഴിച്ച് കെടുത്തി അതിലെ ചാരമെടുത്ത് കുളത്തിലൊഴുക്കി .
ചിതയിലൊഴിക്കാൻ വെള്ളമെടുത്ത മൺകുടം പുറം തിരിഞ്ഞ് നിന്ന് തല്ലിയുടച്ച് പുറകിലേക്ക് നോക്കാതെ നടന്ന് നാൽപത്തി ഒന്നാം ചുവടിൽ കൈയിലുള്ള അരിമണികൾ വിതറി അയാളും ഖോകനും ശ്മശാനത്തിന് പുറത്തേക്ക് നടന്നു.
മൃതദേഹങ്ങൾ കത്തിത്തീരാനെടുക്കുന്ന മണിക്കൂറുകൾ കാത്തിരിക്കാനോ
മനുഷ്യ ദേഹം കത്തുന്നതിന്റെ മണവും ശബ്ദവും – അതേ ശബ്ദവും – പലരേയും ശ്മശാനത്തിൽ നിന്നും അകറ്റുന്നു . പിന്നെ ഒന്നുമില്ലാതെ മരിച്ചു പോയവന്റെ മൃതദേഹത്തിന് വേണ്ടി മണിക്കൂറുകൾ ചിലവഴിച്ചാലും ഇത്തിരി ഭക്ഷണപാനീയങ്ങൾ പോലും ആരും തരില്ല
പിന്നെന്തിന് വെറുതെ സമയം കളയണം.
ദിവസം മുഴുവൻ ജോലി ചെയ്തിട്ടും സ്വന്തം ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്ന മനുഷ്യർക്കിടയിൽ ജീവനില്ലാത്ത ഒരു ദേഹത്തിന് വലിയ വിലയൊന്നും ഇല്ല.
പ്രത്യേകിച്ച് മരണപ്പെട്ടത് ഒന്നും ഇല്ലാത്തവനാകുമ്പോൾ.
എത്ര തരം മനുഷ്യർ,
എത്ര തരം ചിന്തകൾ
nazargarshom@gmail.com