Montage

അവധിയില്ലാ കലണ്ടർ

അവധിയില്ലാ കലണ്ടർ

അൽത്താഫ് പതിനാറുങ്ങൽ

കൊല്ലം തീർന്ന
അടുക്കള ഭിത്തിയിലെ കലണ്ടെറെടുത്ത്
അടുപ്പിലെറിഞ്ഞപ്പോഴാണ് കണ്ടത്
കള്ളികളിൽ മുഴുക്കെ
അമ്മ വരച്ച കവിതകളായിരുന്നെന്ന്.

പ്രഖ്യാപിത ഹർത്താലിലും
മിന്നൽ പണിമുടക്കിലും
അടുക്കളക്ക് ലീവില്ലാത്തതിനാൽ
അമ്മയുടെ കലണ്ടറിൽ
പുകക്കരിപിടിച്ചേ
അക്കങ്ങൾ കാണാറൊള്ളു.

ജയന്തിയും സമാധിയും
ഓണവും പെരുന്നാളും
ചുവന്നയക്കങ്ങളിൽ
അവധി പറയുന്നെന്നാലും
ഇന്ന് അമ്മ അവധി“യെന്ന്
ഒരു കള്ളിയിലും കണ്ടതേയില്ല.

ഗ്യാസു തീർന്നത്
പാലു വന്നത്
അച്ഛന്റെ ശമ്പളം കിട്ടിയത്
മോന്റെ ട്യൂഷൻ ഫീസടച്ചത്
വാടക കൊടുത്തത്
ബീനാ സ്റ്റോറിലെ പറ്റു തീർത്തത്
അമ്മിണിപ്പശുവിനെ ചെന ചവിട്ടിച്ചത്
കറുമ്പിപ്പിടക്കോഴി മുട്ടയിട്ടത്….
അടുക്കളക്കലണ്ടറിലെ
കവിത
വൃത്തമില്ലാതെയങ്ങനെ….

എന്റെ പിറന്നാളിന്റെ
സുവിശേഷയക്കത്തിൽ പോലും
അമ്മക്കവിതയിൽ
അമ്മിണിപ്പശുവിന്റെ
ചാപ്പിള്ളക്കണ്ണീരായിരുന്നു
നനഞ്ഞു കുതിർന്നിരുന്നത്.

കലണ്ടർ കള്ളികൾ
അമ്മയുടെ തുരുമ്പിച്ചു ദ്രവിച്ച
തുന്നൽ സൂചിയുടെ
സൂക്ഷിപ്പു നിലങ്ങൾ കൂടിയാണ്.

0

അൽതാഫ് പതിനാറുങ്ങൽ

HSA മലയാളം തഅലീം ഹൈസ്കൂൾ പരപ്പനങ്ങാടി

മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാധ്യമം ആഴ്ചപ്പതിപ്പ്, മാതൃഭൂമി വാരാന്തപ്പതിപ്പ്, വാരാദ്യ മാധ്യമം, ദേശാഭിമാനി വാരിക, രിസാല വാരിക, യുവധാര മാസിക, സ്റ്റുഡന്റ് മാസിക, ചന്ദ്രിക ആഴ്ചപ്പതിപ്പ്… ആനുകാലികങ്ങളിൽ എഴുതി വരുന്നു.

കടമ്മനിട്ട സ്മാരക കവിതാ പുരസ്കാരം 2014
കുട്ടേട്ടൻ കവിതാ പുരസ്കാരം 2012
പൂന്താനം യുവ കവിത സമ്മാനം 2019
പ്രഭാവതി ടീച്ചർ സ്മാരക കവിത പുരസ്കാരം 2011
എം.കെ കുമാരൻ സ്മാരക പരസ്പരം കവിതാ പുരസ്കാരം 2011
എഴുത്തോല കവിതാ പുരസ്കാരം 2019
സഖാവ് അനീഷ് രാജൻ സ്മാരക കവിതാ പുരസ്കാരം 2019
ഔവർ സാഹിത്യ പുരസ്‌കാരം 2014
സാഹിത്യ സമീക്ഷ പുരസ്കാരം 2011
നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം 2019
ഗ്രന്ഥപ്പുര മാസിക ഹ്ര്വസ്വ കഥ-കവിത പുരസ്‌കാരം 2013
ഭാഷാ ബുക്സ് സംസ്ഥാനതല കവിതാ മത്സരത്തിൽ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം 2020

View All Authors >>

Leave a Reply

Your email address will not be published. Required fields are marked *

eighteen − fifteen =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top