മനു മുരളി
ബഹളങ്ങൾക്കിടയിൽ നിശ്ശബ്ദതയെ കെട്ടിപ്പുണർന്നു നില്ക്കുന്നത് ഇത് ആദ്യമായല്ല. അവസാനമായാണ്, എന്നും കരുതുന്നില്ല. വർഷങ്ങൾക്കു ശേഷം തറവാട്ടിലേക്കുള്ള മടങ്ങിവരവാണ്. അതിഥികളാൽ നിറഞ്ഞിരിക്കുന്ന സ്വീകരണമുറിയെ പോലെ, മനസ്സും നിറയേണ്ടതാണ്.എന്നാൽ മനസ്സിന് ഏകാന്തതയാണ് കൂട്ടായി ഉണ്ടായിരുന്നത്. അത് ഏകാന്തതയോടുള്ള അതിപ്രിയം കൊണ്ടാണെന്നു പറയുവാൻ സാധിക്കില്ല. ബന്ധങ്ങളുടെ ആഴം, ഒരു ചിരി എന്ന ഔപചാരികതയിലേക്കു ചുരുങ്ങിയപ്പോൾ മനസ്സ് സ്വയം തിരഞ്ഞെടുത്ത കൂട്ടായിരുന്നു അത്. ആ കൂട്ടിനോടുള്ള കുശലം പറച്ചിലുകളായിരുന്നു, അവന്റെ നാവിലെ മൗനം.
“ഓടൊക്കെ സ്പെയിനിൽ നിന്നും ഇംപോർട്ട് ചെയ്തതാ……. എല്ലാം അവൾടെ ഡിസൈനാ. കല്ല്യാണത്തിന് വീട് പുതുക്കി പണിയണംന്ന് പറഞ്ഞ് വാശിപിടിച്ചാ കേൾക്കാതിരിക്കാൻ പറ്റ്വോ? കല്ല്യാണപ്പെണ്ണായിപ്പോയില്ലേ !!! “
സ്വീകരണമുറിയിലെ ഒരു ആന്റിക് കസേരയിൽ ഇരുന്ന് കൊണ്ട് വല്ല്യച്ഛൻ, സോഫകളിൽ ഇരുന്നിരുന്ന അവൻ ഉൾപ്പെടുന്ന സംഘത്തിനോടു, തെല്ലൊരു അഭിമാനത്തോടു കൂടി പറഞ്ഞു പൊട്ടിച്ചിരിച്ചു.
അഭിമാനിക്കാം. തെറ്റൊന്നും പറയുവാൻ സാധിക്കില്ല.പ്രഗത്ഭയായ ഒരു ഡിസൈനറായി മാറിയ മകളെ ആർഭാഢപൂർവ്വം വിവാഹം ചെയ്തു കൊടുക്കുവാൻ പോവുകയാണ്. അല്പം ഗർവ്വിനുള്ള ഇടവുമുണ്ട്!
അവൻ അവിടെ നിന്നും സാവധാനം എഴുന്നേറ്റു പൂമുഖത്തേക്കു നടക്കുവാൻ തുടങ്ങി.
അവിടെ ആൾക്കാർ താരതമ്യേന കുറവായിരുന്നു.
എകാന്തതയ്ക്കൊരു ഗുണമുണ്ട്.അടഞ്ഞുകിടക്കുന്ന മനസ്സിന്റെ പല ജനാലകളും അത് തള്ളി തുറക്കും. അവന്റെയുള്ളിൽ സാവധാനം ആ പഴയ നാലു കെട്ടിന്റെ രൂപം ഉയരുവാൻ തുടങ്ങി. ഹ്രസ്വമായ ഒരു ഓർമ്മയായിരുന്നെങ്കിലും, ഇപ്പോഴും അത് പളുങ്കുപാത്രം പോലെ തിളങ്ങുന്നു.സർവ്വതും മാറിയിരിക്കുന്നു. ചാന്ത് പൂശിയിരുന്ന നിലത്തെ, ഇറ്റാലിയൻ മാർബിളുകൾ കൈയടക്കിയിരിക്കുന്നു. നല്ല അസ്സൽ കരി വീട്ടിയുടെ തൂണുകൾ, ഇപ്പോൾ വെറും ‘വുഡ് ഫിനിഷു’കൾ ആയി മാറിയിരിക്കുന്നു. മേൽക്കൂരയാണെങ്കിൽ ഒരു ചെറിയ സ്പാനിഷ് കോളണിയായി മാറിക്കഴിഞ്ഞു.ചെത്തിയും, ചെമ്പരത്തിയും, മുക്കുറ്റിയും തുമ്പയും നിറഞ്ഞു നിന്നിരുന്ന, മഴയുടെ നനവ് ഒരു പരവതാനിപോലെ വിരിച്ചിട്ടിരുന്ന മുറ്റം, ടൈലുകൾ വിരിച്ച് ‘ബൃഹത്താ’ക്കിയിരിക്കുന്നു. ഹരിതാഭ കൂട്ടുന്നതിന്റെ ഭാഗമായി ഗ്രീൻ ലോണുകൾ മുറ്റത്തിനെ ചുറ്റി ഒരുക്കിയിരിക്കുന്നു. സ്പ്രിൻക്ലറുകൾ അവയ്ക്ക് വെള്ളം തളിച്ചു കൊണ്ടേയിരിക്കുന്നു.
അകത്തു നിന്നുമുള്ള സംസാരങ്ങളും ആരവങ്ങളും അവിടെങ്ങും നിറഞ്ഞിരുന്നു. തറവാട്ടിൽ മാറാത്തതായി രണ്ടു കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് സംഭാഷണങ്ങൾക്കായുള്ള വേദികൾ;പൂമുഖവും സ്വീകരണമുറിയും പുരുഷൻമാർക്ക്, അടുക്കളപ്പുറവും കിടപ്പുമുറികളും സ്ത്രീകൾക്ക് !
രണ്ടാമത്തേത്, തറവാടിനു വടക്കുകിഴക്കായി നിന്നിരുന്ന കരിങ്കുട്ടിയുടെ തറ.
പുരോഗമനത്തിന്റെ പാതയിൽ ബഹുദൂരം സഞ്ചരിച്ച വല്ല്യച്ഛൻ, കരിങ്കുട്ടിയെയും മോഡേണാക്കാൻ ഒരു കൈ നോക്കിയതാണ്. എന്നാൽ പ്രശ്നം വെച്ചു നോക്കിയപ്പോൾ, തറയെ തൊട്ടാൽ പ്രശ്നമാണെന്നാണ് തെളിഞ്ഞത്. കരിങ്കുട്ടി പ്രശ്നക്കാരനാണെന്ന് പണ്ടേ ഒരു കേട്ടുകേൾവിയുള്ളതാണല്ലോ!
അതുകൊണ്ട് തന്നെ പുരോഗമനം കരിങ്കുട്ടിയുടെ തറയുടെ അതിരുവരെ എത്തി പകച്ചു നിന്നു പോയി!
”നീ പോയി കരിങ്കുട്ടീടെ തറേല് വിളക്ക് കൊളുത്ത്. സന്ധ്യമയങ്ങിയിരിക്കുണു. വേഗം ചെല്ല്……. “
അച്ഛച്ചന്റെ ഗാംഭീര്യത നിറഞ്ഞ ശബ്ദം അവന്റെയുള്ളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു.
” ഇന്ന് നേരത്തെ ഇരുട്ടായിരിക്കുണു.” അച്ഛമ്മ പറഞ്ഞു.” കണ്ണ് കാണില്ല. വഴിയാകെ കാട് പിടിച്ച് കിടക്കാ…… ഇന്നലേം കൂടി നാണി പറഞ്ഞതേ ഉള്ളൂ ആ ഭാഗത്ത് പാമ്പിനെ കണ്ടൂന്ന്. ഞാൻ പൊക്കോളാം…….”
“സർപ്പങ്ങൾ തറവാടിന്റെ രക്ഷയ്ക്കുള്ളതാ. അവര് നമ്മളെ ഉപദ്രവിക്കില്ല്യ. ഇവൻ വല്ല്യേ കുട്ടിയായില്ലേ?ഇനിയൊക്കെ ഒറ്റയ്ക്ക് പോവാം…….”
അതൊരു തീരുമാനമായിരുന്നു. അച്ഛച്ചന്റെ വാക്കുകൾ കൂടുതലും അങ്ങനെയായിരുന്നു. ആശയങ്ങളും, അഭിപ്രായങ്ങളുമല്ല,അവ സദാ തീരുമാനങ്ങളായിരുന്നു.
അവൻ പൂമുഖത്തിൽ നിന്നും ഇറങ്ങി, കരിങ്കുട്ടിയുടെ തറയെ ലക്ഷ്യം വെച്ച് നടക്കുവാൻ തുടങ്ങി. നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. പറമ്പിലേക്കിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് അച്ഛമ്മ എപ്പോഴും പറയാറുണ്ട്. പ്രത്യേകിച്ചും സന്ധ്യ കഴിഞ്ഞാൽ.
” സൂക്ഷിക്കണട്ടോ……. താഴത്ത് നോക്കി പോവണേ…….” അച്ഛമ്മ ഇപ്പോഴും പറയുന്നു.
പറമ്പും, അതിൽ ഇഴഞ്ഞു നടക്കുന്ന പാമ്പുകളും പഴങ്കഥകളായി മാറിയെങ്കിലും, താഴത്തേക്കു തന്നെ നോക്കി നടക്കുവാൻ തോന്നി.
ഇളം കാറ്റിന്റെ അകമ്പടിയോടുകൂടി, തല കുനിച്ച്, പ്രകൃതിയുടെ കൊട്ടാരത്തിലേക്ക് ഒരു യാത്ര!
തറയുടെ മുന്നിൽ ഏകനായി, നിശ്ശബ്ദനായി നില്ക്കുമ്പോൾ, കല്ല്യാണവീട്ടിലെ ബഹളങ്ങൾക്ക് തറയുടെ ഏഴടി അപ്പുറത്തായി പ്രകൃതി അതിർവരമ്പ് നിശ്ചയിച്ചതായി തോന്നി.
ഏകാന്തതയ്ക്ക് സിരകളിൽ പടർന്നു കയറുന്ന ലഹരിയായി മാറുവാനുള്ള കഴിവുമുണ്ടെന്ന് അവൻ തിരിച്ചറിയുകയായിരുന്നു.
ആ ലഹരി ശിരസ്സിനെ ഉന്മാദത്തിലാക്കും തോറും,തറയ്ക്കു മുന്നിലുള്ള കൽവിളക്കിൽ ഒരു തിരി കത്തിക്കുവാനുള്ള മോഹം തീക്ഷ്ണമായിക്കൊണ്ടേയിരുന്നു.
ഇരുട്ടിൽ വേർതിരിച്ചറിയാനാവാത്ത വിധം കറുത്തിരിക്കുന്ന കൽവിളക്കിലേക്ക് അവൻ കണ്ണുകൾ പായിച്ചു. പാതി കത്തിത്തീർന്ന ഒരു തിരി അതിൽ അവശേഷിച്ചിരുന്നു.
തുമ്പിൽ കരിപിടിച്ചിരിക്കുന്ന, ശേഷിച്ച ഭാഗത്ത് വിളക്കെണ്ണയുടെ മഞ്ഞഛായം പടർന്നു പിടിച്ചിരിക്കുന്ന, ഒറ്റത്തിരി.
അവൻ ആ തിരിയുടെ അറ്റത്ത് പിടിച്ചമർത്തി, കരിപിടിച്ച ഭാഗം അടർത്തി മാറ്റി. കൈയിൽ പുരണ്ട കരി അവൻ തലയിൽ തേച്ചു.
കൽവിളക്കിന്റെ സമീപത്തായി വെച്ചിരുന്ന, കരിയും എണ്ണയും പടർന്നിരിക്കുന്ന ഒരു തീപ്പെട്ടിക്കൂട് അവൻ കൈയിൽ എടുത്തു. അതിൽ നിന്നും ഒരു തീപ്പെട്ടിക്കൊള്ളി എടുത്ത് അവൻ കൂടിൽ ഉരസ്സി നോക്കി. എണ്ണമയം ഉള്ളതുകൊണ്ട് തീ പടരുവാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു.അവൻ ധൃതിയിൽ വീണ്ടും വീണ്ടും ഉരസ്സുവാൻ തുടങ്ങി.
“വെപ്രാളപ്പെട്ട് എടുത്ത് ഉരയ്ക്കല്ലേ……. കൊള്ളി ഒടിഞ്ഞു പോവും…….”
അച്ഛമ്മയുടെ നിർദ്ദേശം ഉയർന്നു.
തെല്ലിട കഴിഞ്ഞ്, ഒരു ചെറുപുഞ്ചിരിയോടെ സാവധാനം അവൻ തീ കത്തിക്കുവാൻ ശ്രമിച്ചു തുടങ്ങി.
രണ്ടു മൂന്ന് പരിശ്രമങ്ങൾക്കൊടുവിൽ തീപ്പെട്ടിക്കൊള്ളിയിൽ തീ പടർന്നു പിടിച്ചു.
അതിനെ അപഹരിക്കുവാൻ തക്കം പാത്തു നില്ക്കുകയായിരുന്ന കാറ്റിൽ നിന്നും, ഒരു കൈ കൊണ്ടു സംരക്ഷിച്ചു നിർത്തി, സാവധാനം അവൻ അഗ്നിയെ ആ ഒറ്റത്തിരിയുടെ കൈകളിൽ ഭദ്രമായി ഏല്പിച്ചു. സന്തോഷത്തോടെ അഗ്നിയെ, ഒറ്റത്തിരി തന്റെ കരവലയത്തിൽ അമർത്തി.
ഇരുട്ടിൽ അഗ്നിയുടെ പ്രകാശം പടർന്നു പിടിച്ചു. ആ പ്രകാശത്തിൽ അവൻ പ്രകൃതിയുടെ കൊട്ടാരത്തെ കണ്ടു.
തറയുടെ നടുവിൽ തലയുയർത്തി നില്കുന്ന ആര്യവേപ്പിന്റെ മരം. മരത്തിന്റെ ഉയർന്ന ചില്ലകളിൽ കൂടു കൂട്ടിയിരിക്കുന്ന പക്ഷിക്കൂട്ടങ്ങൾ.ചില്ലകളിൽ കെട്ടിപ്പിണഞ്ഞു കിടക്കുന്ന സർപ്പങ്ങൾ. ഒരു കൊമ്പിൽനിന്നും മറ്റു കൊമ്പിലേക്കു ചാടി കളിക്കുന്ന അണ്ണാറക്കണ്ണന്മാർ. തലകീഴായി തൂങ്ങിക്കിടക്കുന്ന വവ്വാലുകൾ. ആര്യവേപ്പിന്റെ കടയ്ക്കലായി മുളച്ചു നില്ക്കുന്ന തുമ്പയും മുക്കുറ്റിയും. തറയിൽ പടർന്നിരിക്കുന്ന പായലുകൾ. തറയ്ക്കു ചുറ്റും വളർന്നിരിക്കുന്ന ചെത്തിയും ചെമ്പരത്തിയും.
അഭൗമമായൊരു സൗന്ദര്യം ആ കൊട്ടാരത്തിനുണ്ടായിരുന്നു. ആ മാസ്മരികതയിൽ അവന്റെ കണ്ണുകൾ പ്രകാശിച്ചു.കാഴ്ച എന്നത് ഒരു അനുഭൂതി ആയി മാറിയ നിമിഷം. അവൻ തറവാട് നില്ക്കുന്നിടത്തേക്കു തല തിരിച്ചു. സ്പാനിഷ് കോളണിയെയും, ഇറ്റാലിയൻ അധിനിവേശത്തിനെയും, വുഡൻഫിനിഷുകളെയുമൊക്കെ തകർത്തു മാറ്റി അവിടെ അവന്റെ തറവാട് പുനർജ്ജനിക്കുന്നതായി അവൻ കണ്ടു. പൂമുഖത്തായി അവൻ തിരിച്ചവരുന്നതും നോക്കി അച്ഛമ്മ കാത്തു നില്ക്കുന്നു.
“തിരിച്ചു പോകുവാൻ സാധിക്കുമോ?” അവൻ ആരാഞ്ഞു.
” വന്ന വഴി മറന്നിട്ടില്ലെങ്കിൽ, തിരിഞ്ഞു നടക്കുവാൻ തയ്യാറാണെങ്കിൽ, തീർച്ചയായും.”
”വഴിതെറ്റിയാലോ?”
”ബന്ധനങ്ങളിൽ നിന്നും സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ വഴി തെറ്റുന്നത് എങ്ങനെയാണ് ?”
അവൻ കൊട്ടാരത്തെ നോക്കി ഒന്നു പുഞ്ചിരിച്ചു.ചുറ്റിലും ഇരുട്ട് വ്യാപിച്ചിരിക്കുന്നു. ഒറ്റത്തിരിയിൽ നിന്നും ലഭിച്ച അഗ്നിയുടെ പ്രകാശം നയിച്ച വഴിയിലൂടെ അവൻ നടന്നു.
സ്വത്വത്തിലേക്ക്………..
Very nice
Appu…nice one,,:)
Manu…Very Nice 👌