Montage

കഥ- അകാശത്തിലേക്കൊരു ഏണി..

കഥ- അകാശത്തിലേക്കൊരു ഏണി..

By അബ്ബാസ്. ഒഎം

ഇന്നലെ സ്വപ്നത്തിൽ എനിക്കൊരു ഏണി കിട്ടി.. ആകാശത്തേക്ക് കയറി പോകാനുള്ളോരേണി.അതാരു കൊണ്ട് വന്നതാണെന്നോ, അതെവിടെയാണ് ചാരി വച്ചെക്കുന്നതെന്നൊ,അതിനെത്ര നീളമുണ്ടായിരുന്നെന്നോ എന്നൊന്നും എനിക്കോർമയില്ല. അല്ലെങ്കിൽ അതൊന്നും നോക്കേണ്ട കാര്യം എനിക്കില്ലായിരുന്നു.

നിസാര ഭാഗ്യമാണോ വന്നുചേർന്നേക്കുന്നതു?ആകാശത്തിലേക്ക് അങ്ങിനെ കയറി പോവല്ലേ…ഒന്നുമാലോചിക്കാതെ ഞാനാ ഏണിയിൽ ചാടി കയറി.രണ്ടു പടി കയറിയതേ ഉള്ളൂ കമ്പനിയിലെ സേഫ്റ്റി ഓഫീസർ അതാ എന്തോ വിളിച്ചു പറയുന്നു..
അബ്ബാസ്‌ .സേഫ്റ്റി ഫസ്റ്റ് ..സേഫ്റ്റി ഫസ്റ്റ് ..
കോപ്പ് — ഒരു മൈഡ് ഇൻ ചൈന ഹെൽമെറ്റ്‌ ഇടുന്നതാണ് അയാളുടെ സേഫ്റ്റി , അകാശതീന്നു താഴെക്കെങ്ങാനും വീണാൽ അയാൾടെ ഹെൽമെറ്റ്‌ കൊണ്ട് എന്ത് ഉപകാരം.. ചുമ്മാ ഓരോ പ്രഹസനങ്ങൾ .. ഞാൻ മൈൻഡ് ചെയ്തില്ല.

കുറച്ചു മുകളിലേക്ക് കയറിയപ്പോൾ കമ്പനിയിൽ പുറത്തു ജോലി ചെയ്യുന്നവർ ഒരു പൊട്ടു പോലെ തോന്നിച്ചു.ചില പുള്ളി കുത്തുകൾ.ജീവിതത്തിലെ പുള്ളികുത്തുകൾ മായിച്ചു കളയാൻ കഷ്ട്ടപെടുന്നവർ.
കുറച്ചു കൂടി കയറി താഴേക്കു നോക്കിയപ്പോൾ കമ്പനി നിന്ന സ്ഥലത്ത് കുറെ കൂണുകൾ മുളച്ച പോലെ!!

ഞാൻ വീണ്ടും വീണ്ടും ആകാശം ലക്ഷ്യമാക്കി കയറികൊണ്ടേയിരുന്നു. ഇപ്പോൾ ഭൂമിയിലെ കാഴ്ചകൾ എനിക്കന്യമായി തുടങ്ങി.ഭൂമിയെ കുറിച്ചുള്ള ചിന്തകളും………………
നേരത്ത മഞ്ഞിന്റെ തണുപ്പ് എന്നെ പൊതിയാൻ തുടങ്ങി.പിന്നെ പിന്നെ മേഘപാളികൾ എന്നെ ഉമ്മ വെക്കാൻ ആരംഭിച്ചു..

ദേ വിവിധ രാജ്യങ്ങളുടെ സാറ്റലൈറ്റ് എനിക്ക് ചുറ്റും തുമ്പികളെ പോലെ പാറി നടക്കുന്നു.അയ്യോ നമുടെ ഇന്ത്യയുടെ പതാക വരച്ചു വെച്ച ഒരു സാറ്റലൈറ്റും ഉണ്ട്.തണുപ്പിലും എന്റെ കൈകളിലെ രോമം എണീറ്റ്‌ നിന്നു. ഒരു കൈകൊണ്ടു ഏണിയിൽ മുറുകെ പിടിച്ചു മറുകൈകൊണ്ട്‌ ഞാനാ സാറ്റലൈറ്റിനൊരു സല്യുട്ട് അടിച്ചു..

കുറെ മുകളിലെത്തിയപ്പോഴേക്കും രാത്രിയായിരുന്നു,അതുകൊണ്ട് തന്നെ സൂര്യൻ ചേട്ടനെ കാണാൻ പറ്റിയില്ല.പുള്ളി അമേരിക്കകാർക്ക് വെളിച്ചം നൽകാൻ പോയിരിക്കുന്നു.
അമ്പിളി മാമൻ ചിരിച്ചുകൊണ്ടെനിക്ക് സ്വാഗതമോതി.കൈഫൽ ഹാൽ എങ്ങാനും ചോദിച്ചാൽ പറയാനുള്ള മറുപടിയും തയ്യാറാക്കി ഞാൻ അമ്പിളിമാമനെ നോക്കി പുഞ്ചിരിച്ചു..
എന്റെ ലുങ്കി കണ്ടിട്ടാണെന്ന് തോന്നുന്നു മലയാളത്തിലാണ് മാമൻ സംസാരിച്ചത്.

സുഖമല്ലേ നിനക്ക്?
അതെ അമ്പിളി മാമാ..
എന്തെ ഈ വഴിക്കൊക്കെ?
ഒരു ഏണി കിട്ടി , അപ്പൊ കയറി പോന്നതാ..
നന്നായി ..ഇപ്പൊ തന്നെ തിരിച്ചു പോകോ?
ആ പോകണം..,,നേരം വെളുത്താൽ ഡ്യുട്ടിയുള്ളതാ.
പോകുമ്പോൾ പറയണേ ..ഞാൻ നിനക്കൊരു കുപ്പി നറുനിലാവ്‌ തരാം,ഭൂമിയിലെത്തുമ്പോൾ നിന്റെ പ്രണയിനിക്ക് സമ്മാനമായി കൊടുക്കാം.
വളരെ സന്തോഷം അമ്പിളി മാമാ….

നിലാവിനോളം നല്ലൊരു സമ്മാനമുണ്ടോ പ്രണയിനിക്ക് കൊടുക്കാൻ?
ഒരിക്കലുമില്ല മാമാ..പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ എന്റെ നാട്ടിലെ സ്ത്രീകൾ നിലാവ് നഷ്ട്ടപെട്ടവരാണ് !!

ങ്ങേ ? അതെന്താ?
എന്റെ നാട്ടിലെ സ്ത്രീകൾക്ക് നേരം ഇരുട്ടിയാൽ പുറത്തിറങ്ങാൻ പറ്റില്ല.ഒരുപാട് പേർ അവരെ ശല്യം ചെയ്യും..

എന്ത് ? രാത്രി നിഷേധിക്കപെട്ട സ്ത്രീകളും ഭൂമിയിൽ ഉണ്ടെന്നോ?
അതെ അമ്പിളി മാമാ..പകല് പോലും അവർ സുരക്ഷിതരല്ല.പിന്നല്ലേ രാത്രി..

നിലാവിൽ പ്രണയിച്ചു നടക്കുന്നവരെയും ആളുകൾ ഉപദ്രവികുമെന്നൊ? പ്രണയിതാക്കളെ ആരെങ്കിലും ഉപദ്രവിക്കുമോ?

പിതാവിന്റെ കൂടെയുള്ള സ്ത്രീയെ പോലും ഉപദ്രവിക്കും ..പിന്നല്ലേ കാമുകന്റെ കൂടെയുള്ള സ്ത്രീയെ വെറുതെ വിടുന്നത്?

കഷ്ട്ടം കഷ്ട്ടം.. ഏതു രാജ്യത്തെ കുറിച്ചാ നീ ഈ പറയുന്നത്.
അങ്ങ് താഴേക്കു നോക്കൂ..ഭൂമിയിൽ നൃത്തം ചെയ്യുന്ന രൂപത്തിൽ ഉള്ള രാജ്യമാണ് എന്റെ ഇന്ത്യ,അതിന്റെ ചേർത്ത് വെച്ച കാൽപാദങ്ങളിൽ വലതു വശത്ത്‌ ഒരു പാവക്ക കിടത്തി വെച്ച പോലുള്ള സ്ഥലമാണ്‌ കേരളം..

അപ്പൊ താഴെ ഇന്ത്യ അപ്പിയിട്ടതു പോലുള്ള സ്ഥലമോ?
അത് ശ്രീലങ്ക.വേറെ രാജ്യമാണ്..
ഓ..ശരി ..എനിക്കറിയാം നിന്റെ കേരളത്തെ കുറിച്ചു ..നിന്റെ ലുങ്കി കണ്ടപ്പോഴേ മനസ്സിലായിരുന്നു നീ മലയാളി ആണെന്ന്..

സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടക്ക് ഒരു നക്ഷത്ര പെണ്ണെന്നെ മാടി വിളിച്ചു,ഞാൻ അങ്ങോട്ട്‌ നീങ്ങി.അവൾ മനോഹരമായി ചിരിക്കുന്നു..
ഞാൻ അവളേം നോക്കി ചിരിച്ചു..

പെട്ടെന്ന് ഒരു ധൂമകേതു വന്നെന്നെ തോണ്ടി വിളിച്ചു..ഞാൻ കണ്ണ് തുറന്നു നോക്കി..റൂം മേറ്റ്‌ നാട്ടിൽ പോയത് കൊണ്ട് എന്നെ എന്നും കാലത്ത് വിളിച്ചുണ ർത്താൻ ഏൽപിച്ച കമ്പനി നാതൂർ സൈദ്‌ ഭായ് ( സെക്യുരിറ്റികാരൻ )

ഇനി എന്നേലും ആ ഏണി വീണ്ടും കിട്ടുകയാണേൽ നക്ഷത്രത്തെ കണ്ടു സംസാരിച്ചു വിവരങ്ങൾ അറിയിക്കാം..
ശുഭരാത്രി …

abbasom1980@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

5 − 1 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top