Montage

ബ്രത്ത്…. !

ബ്രത്ത്…. !

സചിന്ത് പ്രഭ. പി

എങ്ങനെ അകത്തു കടന്നു എന്നതിൽ അയാൾക്കും വ്യക്തത ഇല്ലായിരുന്നു. ഓരോ മുറികളിലും വെളിച്ചം അണയുന്നതിന് അനുക്രമമായി വെട്ടമുള്ളിടത്തേക്ക് ഈയാംപാറ്റയെ പോലെ ചേക്കേറി ചേക്കേറി ഒടുക്കം അവസാന വെട്ടവുമണഞ്ഞപ്പോൾ, ചാരി നിന്ന ടെറസ് വാതിൽ – ഒരു പെരുമ്പാമ്പ് ഇരയെയെന്ന പോലെ വായ് മലർക്കെ തുറന്ന്- അയാളെ അകത്തേക്ക് വിഴുങ്ങുകയായിരുന്നു ! ജനൽ പാളികൾ ഇളക്കി മാറ്റാനോ സാക്ഷകൾ അടർത്താനോ ഉള്ള സാമാനങ്ങൾ ഒന്നും തന്നെ അയാൾ കയ്യിൽ കരുതിയിരുന്നില്ല. വിശപ്പ് മുറ്റിയ ഏതെങ്കിലും ഒരു മാത്രയിൽ ആ ഭീമാകാരമായ അന്നനാളം തന്നെയകത്തേക്കാവാഹിക്കുമെന്ന് മുമ്പേ ഉറപ്പുണ്ടായിരുന്ന പോലെ..!

അകത്തും പുറത്തും ഇരുട്ടിന് ഒരേ കനമാണ്. ജനാലപ്പുറം തുളച്ചെത്തിയ നേരിയ നിലാവെട്ടത്തിനു സമാന്തരമായി അയാൾ ലക്ഷ്യങ്ങൾ ചിട്ടപ്പെടുത്തി. അത്രമേൽ തന്നിലേക്കൊതുങ്ങി ഏറ്റം സാവധാനം -ഇരുട്ടിനിടയിലെ കനപ്പെട്ട ഇരുട്ടായി- അയാൾ മുന്നോട്ട് നടന്നു. മുകളിലെ നിലയിൽ ആകെ ഒറ്റ മുറിയാണ്. പാതി ചാരിയ മുറി..! അയാൾ പതിയെ അതിനടുത്തേക്ക് നടന്നു… ഗോവണിപ്പടി തിരഞ്ഞു പിടിച്ച് താഴെ നിലയിലേക്ക് പതുങ്ങി പതുകി ഇറങ്ങുക എന്നതാണ് പൊതു രീതി എങ്കിലും തികച്ചും അസ്വസ്ഥാവഹമായ ഒരു ശബ്ദം ആ മുറിക്കരികിലേക്ക് അയാളെ നയിച്ചു എന്നതാണ് ഒന്ന് കൂടി കൃത്യം..! എന്താണത് എന്നറിയാനുള്ള വ്യഗ്രത അയാളെ അക്ഷരാർഥത്തിൽ ഭരിച്ചു. താനാരാണ് എന്നത് ഒരു നിമിഷം വിസ്മരിച്ച് കയ്യിൽ കരുതിയ മെഴുകുതിരി കൊളുത്തി അയാൾ മുറിയിലേക്ക് നീട്ടി.

ഒരു പെൺകുട്ടി…ആറോ ഏഴോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി, ശ്വാസം കിട്ടാതെ പിടയുകയാണ് ! ശ്വാസകോശത്തിനും നാസികാഗ്രത്തിനും ഇടയിലുള്ള ഏതോ ഒരിടത്ത് ശ്വാസം സമരസങ്ങൾ ഇല്ലാത്ത സമരത്തിലാണ്. കടലാഴങ്ങളെക്കാൾ ആഗാധമായ ഉള്ളാഴങ്ങളിൽ ശ്വാസം ഒളിച്ചു പൊത്തുകയാണ്..!
അയാൾക്ക് അലറി വിളിക്കണമെന്ന് തോന്നി. “ഓടി വരണേ…” എന്നും “കുഞ്ഞിന് ശ്വാസം കിട്ടുന്നില്ല…” എന്നുമൊക്കെ വിളിച്ചു കൂവണം എന്ന് തോന്നി. തൊട്ടടുത്ത മാത്ര താനാരാണെന്നും എവിടെയാണെന്നുമുള്ള ബോധം കൊള്ളിയാനെന്ന പോലെ ആഞ്ഞടിച്ച് ആ ചിന്തകളെ കരിച്ചെറിഞ്ഞു..! എങ്കിലും മറ്റാരോ നയിക്കുന്നുവെന്ന പോലെ അയാൾ ആ മുറിയിലേക്ക് കടന്നു. മെഴുകുതിരി വെട്ടത്തിന്റെ പ്രഭയിൽ അലമാരയുടെ പടിഞ്ഞാറേ മൂലയിൽ പതുങ്ങിയ ഇൻഹേലർ തിരഞ്ഞു പിടിച്ചു. വെട്ടം ഓരത്ത് തറച്ച് , മുറിയുടെ ചുമരിൽ തൂങ്ങുന്ന “പിയേത്താ”യിൽ എന്ന പോലെ അവളെ ചേർത്തു വച്ച് ഇൻഹേലർ അഗ്രം മുലക്കണ്ണെന്ന പോലെ അവളിലേക്ക് അമർത്തി..!

പിടച്ചിൽ പതിയെ പതിയെ അടങ്ങി. കാറ്റടങ്ങിയ കടൽത്തീരം പോലെ അവളുടെ ഉൾത്തിരകൾ ഭ്രാന്തതാളം ത്യജിച്ചു. നിമിഷാർദ്ധത്തിൽ ഉച്ഛ്വാസവും നിശ്വാസവും പഴയ ഈണം തേടി..!

സ്വബോധത്തിന്റെ തൊട്ടടുത്ത മാത്രയിൽ അവൾ അയാളെ ആഴത്തിൽ നോക്കി…! ആ ആശ്ചര്യം അടുത്ത നിമിഷം നിലവിളിയിലേക്ക് പരിണമിക്കുമെന്ന ബോധം അയാളെ ജാഗരൂകനാക്കി…!

“…അപ്പയുടെ …ഫ്രണ്ട്…!!!മോളൂന്…മോളൂന് അങ്കിളിനെ ഓർമ ഇല്ലേ …”

ചോദ്യത്തിനും മുമ്പ് അയാൾ ഉത്തരം എറിഞ്ഞു…അറിയുമെന്നോ അറിയില്ലയെന്നോ ഉറപ്പിക്കുവാനാകാതെ അവൾ ഓർമ്മചിത്രങ്ങളിൽ ഉഴുതു മറിഞ്ഞു…

“…അങ്കിൾ ദാ ഇപ്പോഴാണ് എത്തിയത്..ട്രെയിൻ കൊറേ രാത്രി ആയി എത്താൻ.. മോളൂസ് ഉറങ്ങി എന്ന് അപ്പ പറഞ്ഞപ്പോ ഒന്ന് പൊറത്തൂന്ന് കണ്ടിട്ട് പോകാൻ വന്നതാ.അങ്ങനെ വന്നതാ…അതെ…!

ഉറപ്പുകളില്ലാത്ത ചില ഉറപ്പുകൾ സ്വയം പറഞ്ഞു വിശ്വസിപ്പിക്കുവാൻ എന്ന പോലെ അയാൾ വാക്കുകൾ ആവർത്തിച്ചു. അവൾ വളരെ സാവധാനം ചിരിച്ചു..!

“..അങ്കിൾ ന്റെ പേര്..!?”

“പേര്..!”

ആ ചുറ്റുവട്ടത്തെവിടെയോ പണ്ടൊരിക്കൽ പേര് നഷ്ടപ്പെട്ടവനെ പോലെ അയാൾ ഒരു നിമിഷം അവിടമെല്ലാം കണ്ണോടിച്ചു…

“ബ്രത്ത്…!!! പേര്… ബ്രത്ത്…”

അവൾ ചിരിച്ചു…അയാളും…!

“കഴിച്ചതാണോ…? ദൂരെ ന്ന് വന്നതല്ലേ …!”

“ഇല്ല. കൊറേ രാത്രിയായില്ലേ മോളൂ …എല്ലാരും ഉറക്ക ചടപ്പിൽ …!! ബുദ്ധിമുട്ടിക്കേണ്ടന്നു വച്ചു..”

“ദേ..ഈടെ എനക്ക് കഴിക്കാൻ കൊണ്ട് വച്ച ഫ്രൂട്സ് ഒക്കെ ഉണ്ട്. ഞാൻ വയ്യാത്തോണ്ട് ഒന്നും തിന്നാണ്ട് കെടന്നു..! ദാ.. എടുത്തോ…!!”

അയാൾ ഒരു നിമിഷം സ്തബ്ധനായി…അവൾ വച്ചു നീട്ടിയ പാത്രത്തിലെ പഴങ്ങൾ ഓരോന്നായി അയാൾ കഴിച്ചു…അയാളുടെ ഒട്ടിയ കവിളുകൾക്കിടയിൽ പഴച്ചീളുകൾ നിറഞ്ഞു വണ്ണം കൂടുന്നത് അവൾ കൗതുകത്തോടെ നോക്കി നോക്കി നിന്നു..!

ഭക്ഷണം മുഴുവനും തീർത്ത് അയാൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു… അയാളുടെ കണ്ണുകളിൽ ഈറൻ പാട കെട്ടിയിരുന്നു..!

“മോളു കെടന്നോളൂ. അങ്കിൾ താഴത്തെ മുറീല് പൊക്കോളാം.”

മുറിയുടെ ഓരത്ത് കുത്തി വച്ച മെഴുകുതിരി ഇളക്കിയെടുത്ത് അയാൾ പുറത്തേക്ക് നടന്നു.എന്തോ മറന്നു വച്ചവനെ പോലെ അയാൾ തിരിഞ്ഞു.

“മോൾടെ പേര്…മറന്നു. മറന്നു ഞാൻ.ഇവിടെ തുമ്പത്തുണ്ട്.എന്താ പ്പാ ??”

അയാൾ മറന്നവന്റെ ചേഷ്ടകൾ മുഖത്തു നിറയ്ക്കാൻ ആവതും ശ്രമിച്ചു.

“ഫുഡ്…”

“എന്ത്…??”

“പേര്…ഫുഡ്…!”

അവൾ ഗൂഢമായി ചിരിച്ചു..!

മുറിയുടെ വെളിയിൽ ടെറസിനോട് ചേർന്ന ഡൈനിങ് ടേബിളിനു പിറകിലെ ചുമരിൽ, “അവസാന അത്താഴത്തിന്റെ” ഛായചിത്രത്തിലെ ഈശോ അപ്പോഴും ശിഷ്യർക്കായി തന്റെ ശരീരവും രക്തവും പകുക്കുകയായിരുന്നു ..!

70

സചിന്ത് പ്രഭ. പി

സചിന്ത് – കണ്ണൂർ ആണ് സ്വദേശം. ഇപ്പോൾ IIT മദ്രാസ് ഇൽ രസതന്ത്രം ഗവേഷണ വിദ്യാർത്ഥി ആണ്.

View All Authors >>

70 thoughts on “ബ്രത്ത്…. !”

  1. കാലം കവരാനിരുന്ന ശ്വാസം പകുത്തു നൽകിയ കള്ളൻ.. കള്ളൻ കവരാനിരുന്ന ഭക്ഷണം തിരിച്ചു നൽകിയ കാലം..

  2. കയ്യടക്കം വന്ന എഴുത്ത്.. വളരെ ചുരുങ്ങിയ പ്രതലത്തിൽ വലിയ ആശയങ്ങളുടെ ആകാശം തീർത്തു..

  3. ജീവൻ പകർന്നപ്പോൾ ജീവിതം തിരികെ നൽകിയ പ്രകൃതി.. 🥰

Leave a Reply

Your email address will not be published. Required fields are marked *

5 × five =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top