അർച്ചന പി.വി
1. ഭൂമി
വെയിൽ ചൂര്കേറി
ഉറവ പൊട്ടി
ചോന്നൊരു തോട്
ഓളീന്ന് പൊറത്തോട്ടൊഴുകി.
തോട് പാഞ്ഞ് വരമ്പ് കേറി
കുളം നെറഞ്ഞ് മുങ്ങി നിവർന്നപ്പോ
വെള്ളത്തിനോൾടെ മൂത്രത്തിൻ്റെ നാറ്റം.
മഴ ഇരുട്ടി
മാറ് കീഞ്ഞ്
പൂ കുതിർന്ന്
വെയില് വീണ്
മണ്ണ് പൂത്തു.
കുതിര് വെട്ടി
നാട്ടി നട്ട്
വെളവെടുത്ത്
കള പറിച്ചു.
കൈയിമലൊരു കറ്റ രോമം.
നെല്ല് കേറ്റി തലേലിട്ട്
കോന്തല അരേലിറുക്കി
വട്ടി കുലുക്കി
കാട് പൂത്ത്
ഓള് നടന്നു.
നെല്ല് പാറ്റി
കറ്റ മാറ്റി
ചേറിടിഞ്ഞ്
ചോര വാർന്ന്
കതിര് വീണു.
ഓള് പെറ്റ് ഭൂമി
വിതച്ചു.
2. കടൽ
ചെമ്പ്രാനത്തെ മത്തി ചെല്ലി
മത്തിയേ കൂക്കി
കടലു കേറി,
നാവിനറ്റം ചെതുമ്പലോട്ടി.
വാലാട്ടി
മേലെളക്കി ഓള് വെരുമ്പോ
ചട്ടിയെല്ലാം വാ പൊളിച്ചു.
വരണ്ട ചട്ടീൽ നൂണ്ടിറങ്ങി
കടല് തപ്പി
കരിഞ്ഞൊണങ്ങി
മത്തി കെടന്നു.
കൊട്ട കെട്ടി
നെവർന്നു നിക്കുമ്പോ
നടു പൊറം വലവിരിച്ച്
ചൂണ്ട കൊളുത്തി.
വിറ്റു കിട്ടിയ കാലുറുപ്യ
അരേ തിരുകുമ്പോ
പൊക്കിളിന്നൊരു
മത്തി ചാടി തിരയിളക്കി .
മത്തീം കൊണ്ടോടുമ്പോ
ഓൾടെ,
തോളീന്ന് ഉപ്പു കുറുകും
തൊടയൊരഞ്ഞ് ചെതു-
മ്പലു പാറും.
മുള്ളാൻ മുട്ടും.
എറുമുള്ളാൻ്റെ വായീന്ന്
ചാലൊഴുകി
കണ്ണിൽ കരിമീൻ കുരുക്കും.
ചെല്ലി
പായണ വഴീലൊക്കെ
മത്തി നാറി
കേറണ പൊരേലൊക്കെ
മത്തി നീറി.
ഓൾക്ക് മത്തീൻ്റെ നാറ്റം.
മഴയിരുണ്ട രാത്രീല്
കടല് പാഞ്ഞ്
കരകേറി.
പിന്നങ്ങോട്ട്
ചെല്ലി മത്തിയേന്ന്
കൂക്കീല്ല.
കടലേലെ
മത്തിക്ക് മുഴുവൻ
ചെല്ലീനെ മണത്തു.
മത്തിക്കും
കടലിനും
ചെല്ലീൻ്റെ നാറ്റം.
3. മണ്ണ്
തേയില തോപ്പിലൊരാ-
റുസെൻ്റ് മണ്ണ് വാങ്ങി
കുടില് കെട്ടി
പഞ്ചാരേം പാലും
കൂട്ടാണ്ട്
കരിഞ്ചായ കുടിക്കാ
നോൾക്ക് പൂതി കേറി.
എട്ടര ഒറക്കത്തിലോള്
മൂടും മൊലേം നോക്കാണ്ട്
വീടളക്കണ ആളെ കൂട്ടി.
കല്ല് വെട്ടി ഓടെറക്കി
ചായ കുടുക്ക പോലൊരു
വീട് വച്ചു.
മരമറുത്ത് ജനല് വച്ച്
ഇരുമ്പൊറപ്പില് കൊളുത്ത്
പണിത്
പാട്ട്പാടണ പെട്ടി കേട്ട്
പൊകയില്ലാത്തടുപ്പ്
വാങ്ങി
ചൂട് ചെരുവത്തിൽ
വെള്ളം തെളച്ചു.
വെള്ളമെളകി മഴ ഇരുണ്ടു
ഒലിച്ചുകേറി മണ്ണടർന്നു
ഭൂമി പൊട്ടി പാറ വീണു
വീടൊലിച്ചു
നാടൊലിച്ചു.
കുടില് മായ്ച്ച് പാറ വീണു.
തലയടർത്തി മണ്ണ് കേറി.
ഒട്ടിയ ചായ കോപ്പയ്ക്കരി
ലോള്
ചപ്പിയ തേയില പോലെ
വാ പൊളർന്നു.
പെൺജീവിതത്തിന്റെ വൈവിധ്യങ്ങളെ യഥാതഥമായി ചിത്രീകരിക്കുന്നു. ഇടം മാറുമ്പോഴും അവർ ഒരുമിക്കുന്ന അവസ്ഥകളെയും കവിത തുറന്നിടുന്നു.
Its Beutifull. All the best🤝💓
മനോഹരമായ വരികൾ . എല്ലാ ആശംസകളും🤝💓
മനോഹരമായ കവിത. എല്ലാ ആശംസകളും🤝💓
It is very meaningful poem. I loved it 👏👏
Keep writting.
Wonderful poem