Montage

വിശപ്പ്; ഒരു ഓർമച്ചിത്രം

വിശപ്പ്; ഒരു ഓർമച്ചിത്രം

By Riju Devasathil

ചൈനീസ് ഫ്രൈഡ് റൈസും പഴനിമല മുരുകനും തമ്മിൽ എന്താണ് ബന്ധം. പ്രത്യക്ഷത്തിൽ ഒന്നുമില്ല. വിശപ്പും ഭക്തിയും തമ്മിലോ?
അതിലേക്കു വരാം, അതിനുമുൻപ് ഒരു നേരനുഭവം പറയാം.

എന്റെ പ്രിയ ഭക്ഷണലിസ്റ്റിൽ, ഫ്രൈഡ് റൈസിന് സവിശേഷസ്ഥാനമുണ്ട്. ഞാൻ അത്‌ മാത്രമേ കഴിക്കൂ എന്ന് പോസുപറയുകയല്ല. ചൈനീസ് ഡിഷുകൾ മയക്കുമരുന്നുപോലെ എന്നെയും കൂട്ടുകാരെയും കീഴടക്കിയ ഒരു കാലമുണ്ടായിരുന്നു. മാവൂർറോഡിൽ, മിതമായ വിലയിൽ ഇവ ലഭ്യമാകുന്ന ചൈനീസ് കോർണർ എന്ന കട ഞങ്ങളുടെ ആവാസവ്യവസ്ഥയുടെ ഭാഗമായിരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും അവിടം സന്ദർശിച്ചു സായൂജ്യമടയാൻ ഞങ്ങൾ മറന്നിരുന്നില്ല.

വേനൽ അതിന്റെ ഉഗ്രപ്രതാപം കാട്ടുന്ന ഒരു ഉച്ചനേരത്ത് പെട്ടന്ന് ഒരു ഉൾവിളി. എന്താ, ഫ്രൈഡ് റൈസ് കഴിക്കണം. ജോലി സ്ഥാപനത്തിൽ നിന്നും വിശിഷ്ട അനുവാദം വാങ്ങി നേരെ ഭക്ഷണശാലയിലേക്ക് കുതിച്ചു. അതൊരു കൊച്ചു കടയാണ്. അന്നേരം വല്യ തിരക്കുമുണ്ടായിരുന്നില്ല. സാധാരണ അവിടേക്ക് ഞാൻ ഒറ്റക്ക് പോകാറില്ല. എന്റെ തീറ്റപ്രാന്ത് പകർന്നുകിട്ടിയ ഒരു കൂട്ടുകാരനും ഒപ്പമുണ്ടാകാറുണ്ട്. സാമ്പത്തികം ഇന്നത്തേക്കാൾ രൂക്ഷമായ കാലമായിരുന്നു അന്ന്. അപ്പോൾ ഞങ്ങൾ ഒരു മുഴുവനെ പാതിയാക്കുന്ന വൺ ബൈ ടു സംവിധാനമാണ് ഉപയോഗിക്കാറ്. അന്ന് കൂട്ടുകാരൻ ഒപ്പമില്ലാതിരുന്നിട്ടും, ഞാൻ ഓർഡർ പറഞ്ഞപ്പോൾ ചിക്കൻ ഫ്രൈഡ് റൈസ് വൺ ബൈ ടു എന്ന് ഓർക്കാതെ പറഞ്ഞുപോയി. ഓർഡർ എടുത്ത ആൾ കരുതിയത് ആരെങ്കിലും വരാനുണ്ടാവും എന്നാണ്. ഭക്ഷണത്തിനായി ഓർഡർ ചെയ്ത് വിശപ്പോടെ കാത്തിരിക്കുന്നതിനോളം വൃത്തികെട്ട ഒരേർപ്പാട് വേറെയില്ല. പുറത്ത് നിരത്തിലൂടെ പോകുന്ന വ്യക്തികളെ ചുമ്മാ നിരീക്ഷിക്കുക എന്ന പ്രക്രിയ മാത്രമേ സമയം കൊല്ലാനായി മുന്നിലുണ്ടായിരുന്നുള്ളൂ.

അപ്പോഴാണ് ഞാൻ അവനെ കണ്ടത്. പത്തുപന്ത്രണ്ടുവയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി. കൈയിൽ ഒരു ഭസ്മത്തട്ട്, അതിൽ മുരുകന്റെ കൊച്ചു പടം. മുഷിഞ്ഞ കാവി മുണ്ടും കഴുത്തിൽ ചുറ്റിയ അതേ നിറത്തിലുള്ള ഒരു കുഞ്ഞിതോർത്തുമാണ് വേഷം. മുരുകന്റെ ലോക്കറ്റുള്ള ഒരു മാല, ഭസ്മം പൂശി നിറച്ച അവന്റെ നെഞ്ചികൂടിൽ അവലക്ഷണംകെട്ട് കിടന്നു. ദൈന്യംവഴിയുന്ന അവൻ ധർമ്മം ചോദിച്ചു. അവന് ഞാൻ ഒരു പത്തുരൂപാനോട്ട് കൊടുത്തു. ഈ സമയത്താണ് സപ്ലയർ രണ്ട് പ്ലേറ്റ് ഫ്രൈഡ് റൈസ് കൊണ്ടുവരുന്നത്. അവന്റെ കൊച്ചു കണ്ണുകൾ കൊതിയോടെ പ്ലേറ്റിലേയ്ക്ക് പറന്നുവന്നു. വിശപ്പിന്റെ അഗ്നിനാളങ്ങൾ ഞാൻ അവയിൽ കണ്ടു. അവനെ ഭക്ഷണത്തിനു ക്ഷണിച്ചാലോ എന്ന് ആലോചിച്ചു. പക്ഷെ, പഴനിക്ക് പോകുന്നവൻ മാംസാഹാരം കഴിക്കുമോ. ശങ്ക തോന്നി. രണ്ടും കല്പിച്ച് അവനെ ഞാൻ കഴിക്കാൻ വിളിച്ചു. ഒരു മടിയും കൂടാതെ ഭസ്മത്തട്ട് സൈഡിലേക്ക് ഒതുക്കിവച്ച് അവൻ കഴിക്കാനിരുന്നു. തല ഉയർത്താൻ പോലും മുതിരാതെ ഫ്രൈഡ് റൈസ് അവൻ അക്ഷരാർത്ഥത്തിൽ വിഴുങ്ങി. അവന്റെ കഴിക്കൽ കണ്ട് ഞാൻ എന്റെ പാതിയും അവന് നീക്കി വച്ചുകൊടുത്തു. ലജ്‌ജാലേശമില്ലാതെ അവൻ അതും കഴിക്കുന്നത്‌ നോക്കി നിൽക്കെ, എനിക്കെന്റെ കാഴ്ച മങ്ങിയതായി തോന്നി. അതെ, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

ഭക്ഷണശേഷം സംഭാഷണമധ്യെ അവന്റെ ചരിത്രം വെളിപ്പെട്ടുകിട്ടി. ആൾ പഴനിക്കൊന്നും പോകുന്നില്ല. ഭസ്മത്തട്ടും സന്യാസിവേഷവും എന്തെങ്കിലും ധർമ്മം തടയാനുള്ള പ്രകടനം മാത്രം. അച്ഛനും അമ്മയും ഇല്ല. അമ്മായിയെന്ന് പറഞ്ഞ ഒരു സ്ത്രീയാണ് അവനെ വളർത്തുന്നത്. രാവിലെ വേഷംകെട്ടിയിറങ്ങണം. കാലിവയറുമായാണ് അവൻ തെണ്ടാനിറങ്ങുക. ആരെങ്കിലും കൊടുക്കുന്ന തുട്ടുകൾ അമ്മായിയെ ഏൽപ്പിച്ചാൽ ഒരു കോപ്പ കഞ്ഞി കിട്ടും. ആദ്യമായാണത്രെ ആരെങ്കിലും അവനെ ഒപ്പമിരുത്തി എന്തെങ്കിലും തിന്നാൻ വാങ്ങിക്കൊടുക്കുന്നത്. പോകാൻ നേരം അവൻ എന്നെ തൊഴുതു. ഞാൻ വല്ലാതെ ചെറുതായതായി തോന്നി. എന്റെ പക്കലുണ്ടായിരുന്ന ബാക്കി മുഴുവൻ പണവും, കഷ്ടി ഒരു ഇരുനൂറ്റമ്പത് രൂപ കാണണം, അവന്റെ കയ്യിൽ തിരുകിക്കൊടുത്തു. നിറകണ്ണോടെ അവൻ എന്നെയും നോക്കി നിൽക്കെ ഞാൻ പതിയെ തിരിഞ്ഞുനടന്നു. എന്റെ വയർ എപ്പോഴോ നിറഞ്ഞുകഴിഞ്ഞിരുന്നു. മനസ്സിൽ പറഞ്ഞു, കുഞ്ഞേ മാപ്പ്. ഇത്രയൊക്കെ ചെയ്യാനേ എന്നേപ്പോലുള്ളവർക്ക് കഴിയൂ.

ഞാൻ എന്തോ ഒരു മഹാകാര്യം ചെയ്തു എന്നറിയിക്കാനോ എന്റെ മനസ്സിന്റെ വിശാലത വിളിച്ചോതാനോ ഒന്നുമല്ല ഈ അനുഭവം പങ്കുവച്ചത്. ചില തിരിച്ചറിവുകൾ നമ്മെ മാറ്റിമറയ്ക്കുന്നത് ഒന്ന് ചൂണ്ടിക്കാണിക്കാൻ മാത്രം. ഓരോ വറ്റും പാഴാക്കാതെ എന്റെ ഭക്ഷണം കഴിക്കുന്നതിലൂടെ ഞാൻ അവനോടുള്ള കടമ നിറവേറ്റാൻ ശ്രമിക്കുന്നു.

ഇനി ഭക്തിയിലേക്കു തിരികെ വരാം. ഏറ്റവും വലിയ ഭക്തി വിശപ്പാണ്,ഈശ്വരൻ ഭക്ഷണവും. വയറുനിറഞ്ഞപ്പോൾ അവന്റെ കുഞ്ഞിക്കണ്ണിൽ കണ്ട വെളിച്ചത്തിൽ ആ ഈശ്വരസാന്നിധ്യം ഞാൻ കണ്ടറിഞ്ഞു. ആ ഈശ്വരനെ എന്നും നന്ദിയോടെ സ്മരിക്കുക, എവിടെയോ ഇതുപോലെ ഒരു കുഞ്ഞുവയർ എരിഞ്ഞുകരയുന്നത് മറന്നുപോകാതിരിക്കുക.

odiyilriju@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

3 + six =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top