ജിഷ്ണു കെ
ടൗണ്‍ ഹാളും ആര്‍ട്ട് ഗ്യാലറിയും പിന്നിട്ട് റെയില്‍ മുറിച്ചു കടന്ന് പോലീസ് സ്റ്റേഷനിലേക്ക് നടന്നു. കോഴിക്കോട്ടെ കത്തിയമരുന്ന ഉച്ചചൂടില്‍ ഒരുപാട് വിയര്‍ത്തുപോയിട്ടും വല്ലാത്ത ആശങ്കയും ആകാംക്ഷയും ഉള്ളില്‍ വിങ്ങി. റഹ്മത്ത് ഹോട്ടലിന്‍റെ മുന്നിലെത്തിയപ്പോള്‍ മനസ്സൊന്ന് ഇളകി. എത്ര തിന്നാലും തീരാത്ത ബീഫ് ബിരിയാണിക്കൊതി. പക്ഷെ, സ്റ്റേഷന്‍ അടുക്കുന്തോറും കൂടുതല്‍ വിയര്‍ത്തു. നിറഞ്ഞു വീര്‍ത്ത വയറിനെ ഒന്നു മയക്കാനുള്ള പരിപാടിയിലേക്ക് കടക്കുന്നതിനിടയിലാണ് വിളി വന്നത്. പെട്ടെന്ന് എത്തണമെന്ന് മാത്രം പറഞ്ഞു. റൂമില്‍ ഒറ്റയ്ക്കായിരുന്നു. സഹവാസികളില്‍ അരുണ്‍ ബീച്ചില്‍ പോയി (ഈ നട്ടപ്പൊരി വെയിലത്തോ എന്ന് ചോദിക്കരുത്. അവന്‍റെ കാമുകി പാലക്കാട് നിന്നും വന്നിട്ടുണ്ട്). രൂപേഷ് മെഡിക്കല്‍ കോളേജിലും. അവന്‍റെ ഏതോ ഒരു ബന്ധു അവിടെ അഡ്മിറ്റാണ്. കോഴിക്കോട്ടെ വിദ്യാര്‍ത്ഥിജീവിതത്തിന്‍റെ സൗകര്യങ്ങള്‍.
പോലീസ് സ്റ്റേഷനു മുന്നില്‍ എത്തിയപ്പോള്‍ ആകെ ഒരു വരള്‍ച്ച. തിരിച്ചിറങ്ങിയിട്ട് ഒരു കുലുക്കി സര്‍ബത്ത് അടിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. ഈ പരിഭ്രമം ഒന്നുകൊണ്ടു മാത്രമാണ് ഡിഗ്രിക്കാലത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒന്നാം വര്‍ഷത്തിനപ്പുറത്തേക്ക് നീളാതിരുന്നത്. അകത്തു കയറിയതും വിറച്ചു തുടങ്ങി. ആദ്യം കണ്ട പോലീസുകാരനോട് കാര്യം പറഞ്ഞു.
“ഈട ഇര്ന്നോ. ഇപ്പം വിളിക്കാം. “
അയാള്‍ ചൂണ്ടിയ ബെഞ്ചില്‍ ഇരുന്നു. നേരെ മുന്നില്‍ ലോക്ക്അപ്പ്. അപ്പോഴേക്കും ഷര്‍ട്ട് വിയര്‍ത്തൊട്ടി. ഭാഗ്യത്തിന് അധികനേരം ഇരുത്തിപേടിപ്പിക്കാതെ എസ്. ഐ വിളിപ്പിച്ചു.
“ഇയാളെ അറിയില്ലേ?”
ചെറുപ്പക്കാരനായ എസ്.ഐ നീട്ടിയ ഫോണ്‍ വാങ്ങി നോക്കി. എന്‍റെ മൂക്കിന്‍ തുമ്പില്‍ നിന്നും ഒരു വിയര്‍പ്പു തുള്ളി ഒഴുകി വീണു.
“അറിയാം സര്‍ “
“എന്തെങ്കിലും അടയാളം പറയാന്‍ കഴിയുമോ? തിരിച്ചറിഞ്ഞതെങ്ങനെയെന്ന്…”
“തൊണ്ടയിലെ ഈ മുഴ. “
ഒട്ടും ആലോചിക്കാതെ തന്നെ ഞാന്‍ പറഞ്ഞ ആ മറുപടി കേട്ട് എസ്.ഐ പുഞ്ചിരിച്ചു. എന്നാല്‍ എനിക്കൊരു തൃപ്തി ഉണ്ടായില്ല. സത്യത്തില്‍ ഞാന്‍ പറയേണ്ടിയിരുന്ന മറുപടി അതായിരുന്നില്ല. ആ അപരിചിതനെ ഞാന്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞത് മറ്റൊരു അടയാളം വെച്ചാണ്.
“അപരിചിതരെ സംശയാസ്പദമായി പിടികൂടിയാല്‍ ഫോട്ടോകള്‍ സമീപ സ്റ്റേഷനിലേക്കു കൂടി പാസ് ചെയ്യും. അങ്ങനെ നിങ്ങളുടെ സ്റ്റേഷനില്‍ നിന്ന് അയച്ചുതന്നതാണ്. നിങ്ങളുടെ ഫോണ്‍ നമ്പറും തന്നു.”
എസ്.ഐ ഇങ്ങനെ ചിലത് പറഞ്ഞുകൊണ്ടിരിക്കെ എന്‍റെ കൈയിലെ വിയര്‍പ്പ് അയാളുടെ മൊബൈല്‍ ഫോണില്‍ ഒട്ടാന്‍ തുടങ്ങി. അതില്‍ തെളിഞ്ഞുനിന്ന അപരിചിതന്‍റെ ചിത്രത്തിന് ഇപ്പോള്‍ ഒരു ഉപ്പു രസമുണ്ടാവും.
രണ്ടാഴ്ച മുന്‍പ് ഞങ്ങള്‍ വാടകയ്ക്കു താമസിക്കുന്ന റൂമില്‍ വെച്ച് ആ ചിത്രങ്ങള്‍ എടുക്കുന്നതിനിടയിലും പോലീസുകാര്‍ അവനെ തല്ലിക്കൊണ്ടിരുന്നു. അവന്‍ തലയുയര്‍ത്തിപിടിക്കാത്തതായിരുന്നു അവരെ പ്രകോപിപ്പിച്ചത്. ഓണാവധികഴിഞ്ഞ് വീടു വൃത്തിയാക്കേണ്ടതിന്‍റെ മടുപ്പില്‍ കയറിച്ചെന്നപ്പോള്‍ പൊളിഞ്ഞുകിടന്ന വാതില്‍പ്പൂട്ട് കണ്ട് ഞങ്ങള്‍ പരിഭ്രമിച്ചു. അകത്തുകയറി നോക്കിയപ്പോള്‍ എന്‍റെ കട്ടിലില്‍ ഈ അപരിചിതന്‍ കിടക്കുന്നു. ഞങ്ങളെ കണ്ട് ചാടിയെഴുന്നേറ്റതും, രൂപേഷ് അവനെ ചവിട്ടി നിലത്തിട്ടതും ഒരുമിച്ചായിരുന്നു. അവന്‍ കൈകൂപ്പി എഴുന്നേറ്റു. കറുത്തു മെലിഞ്ഞ ശരീരം. തൊണ്ടയില്‍ ഒരു മുഴ. രസം അതല്ല. അവന്‍ എന്‍റെ ഷര്‍ട്ടാണ് ഇട്ടിരുന്നത്. രൂപേഷിന്‍റെ പാന്‍റും. കഴിഞ്ഞ ഓണത്തിന് അമ്മ വാങ്ങിത്തന്ന ഷര്‍ട്ട്. നിലയില്‍ വെള്ള വരകളുള്ള ഷര്‍ട്ട്.
പോലീസ് കുറേ ചോദിച്ചിട്ടും അവന്‍ ഒന്നും പറഞ്ഞില്ല. ഒടുക്കം പറഞ്ഞു വിട്ടു. എന്‍റെ ഫോണ്‍ നമ്പറും വാങ്ങി അവര്‍ പോയി. അവന്‍ കാലുഞൊണ്ടി നടന്നപ്പോള്‍ ഞാന്‍ കൈകൊട്ടി വിളിച്ചു.
“ടാ… അപ്പോള്‍ എന്‍റെ ഷര്‍ട്ടോ?”
തിരിഞ്ഞു നിന്ന അവന്‍ ഒന്നും പറയാതെ കുടുക്കുകള്‍ അഴിക്കാന്‍ തുടങ്ങി.
“വേണ്ട… നീ കൊണ്ട്പൊയ്ക്കോ”
ഒരു നിമിഷം എന്നെ നോക്കി നിന്ന ശേഷം ചെറുതായൊന്ന് ചിരിച്ചു. ഇപ്പോഴാണ് അവന്‍ നേരാംവണ്ണം ഞങ്ങളുടെ മുഖത്തുനോക്കുന്നത്.
“ടാ… ഷഡ്ഢിയോ, അത് ആരുടേതാ?”
അരുണിന്‍റെ ചോദ്യത്തില്‍ ഞങ്ങള്‍ ഉലഞ്ഞു ചിരിക്കുന്നതിനിടെ അവന്‍ തിരിഞ്ഞു നടന്നു. ആ നടത്തവും നോക്കി ഞാന്‍ കുറേ നേരം നിന്നു. ഒരുത്തന്‍ എവിടെ നിന്നോ വന്ന് എന്‍റെ ഷര്‍ട്ടുമിട്ട് എങ്ങോട്ടോപോകുന്നു. ഈ സംഭവമൊന്ന് എഴുതിവെക്കാന്‍ തന്നെ തീരുമാനിച്ചു. കുറച്ചുകാലമായി ഫെയ്സ്ബുക്ക് അക്കൗണ്ട് വരണ്ടുകിടക്കുകയാണ്. പലരും അനുഭവങ്ങളിലൂടെയാണ് ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുന്നത്. പക്ഷെ ഈ സംഭവം വെറുതെ വിവരിച്ചതു കൊണ്ടായില്ല. സമാനസ്വഭാവമുള്ള ഭൂതകാലാനുഭവവുമായി ബന്ധിപ്പിക്കണം. എന്നിട്ട് ഭാവിയിലേക്ക് കൊണ്ടുവരണം. എന്‍റെ ഷര്‍ട്ടുകള്‍ ഇതിനു മുന്‍പ് മറ്റാരെങ്കിലുമൊക്കെ ഇട്ടിട്ടുണ്ടോ? പോയവഴി ശരിയായിരുന്നു. ‘നല്ല സാഹിത്യം’ കൂടിച്ചേര്‍ത്ത് വീശി. ഈ നിമിഷവും ലൈക്കുകള്‍ നിലച്ചിട്ടില്ല.
“മുഴ കണ്ട് മാത്രമാണോ തിരിച്ചറിഞ്ഞത്? മറ്റെന്തെങ്കിലും? രണ്ട് അടയാളങ്ങള്‍ ഉള്ളത് നല്ലതാ.”
എസ്.ഐയുടെ ചോദ്യത്തിന് മറുപടിയായി എന്‍റെ എഫ്.ബി പോസ്റ്റ് കാണിച്ചു കൊടുത്താലോ എന്ന് ആലോചിച്ചു. പക്ഷെ അത്ര ധൈര്യം പോര.
“ഈ ഷര്‍ട്ട് എന്‍റേതാണ്. ഇതുമിട്ടാണ് അവന്‍ അന്ന് പോയത്.”
എസ്.ഐയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അയാള്‍ രണ്ടു ഫോട്ടോകള്‍ എടുത്ത് എന്‍റെ മുന്നിലേക്കിട്ടു.
“നിങ്ങളുടെ ഷര്‍ട്ടുമിട്ട് ചാവാനാ ഓന്‍റെ യോഗം” കൈകള്‍ പിണച്ച് തല മുകളിലേക്കു ചെരിച്ച് ഒരു തത്വചിന്തകനെപ്പോലെ അയാള്‍ പറഞ്ഞു. ഞാന്‍ ഫോട്ടോകളിലേക്ക് നോക്കി. അവന്‍ തന്നെ. കണ്ണു മിഴിച്ച് വായ് തുറന്ന് കിടക്കുന്നു. തൊണ്ടയിലെ മുഴയും എന്‍റെ ഷര്‍ട്ടും അങ്ങനെ തന്നെ.
പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു. തലയിടിച്ച് ചോര വാര്‍ന്ന് ചത്തതാ. മറ്റ് അസ്വാഭാവികതകള്‍ ഒന്നുമില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിസ്സിംഗ് കേസുകളുമായി കണക്ട് ചെയ്യാന്‍ നോക്കുന്നുണ്ട്.
ഇതിനോടകം വിയര്‍പ്പില്‍ നനഞ്ഞ ആ ഫോട്ടോകള്‍ ഞാന്‍ മേശപ്പുറത്ത് വെച്ചു.
“മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോയി നേരില്‍ കണ്ട് തിരിച്ചറിയണം.”
എസ് ഐയെ പിന്തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നിറങ്ങി.ജിവിതത്തില്‍ ആദ്യമായിട്ടായിരുന്നു പോലിസ് ജീപ്പില്‍ കയറുന്നത്.കഴിഞ്ഞ പോസ്റ്റിന്‍റെ തുടര്‍ച്ചയായി ഇന്നത്തെ സംഭവങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് പുതിയൊരു കുറിപ്പ് ഫേസ്ബുക്കില്‍ എഴുതണമെന്ന് മെഡിക്കല്‍ കോളേജ് എത്തുമ്പോഴേക്കും ഞാന്‍ ഉറപ്പിച്ചു.
മോര്‍ച്ചറിക്കു മുന്നില്‍ ജീപ്പിറങ്ങിയപ്പോള്‍ രൂപേഷ് അടുത്തേക്കുവന്നു. കാര്യങ്ങളൊന്നും തിരിച്ചറിയാത്തതിന്‍റെ പകപ്പ് അവന്‍റെ മുഖത്തുണ്ടായിരുന്നു. ഞങ്ങളിരുവരും പോലീസുകാര്‍ക്കൊപ്പം വിയര്‍ത്തൊട്ടി, മോര്‍ച്ചറിക്കുള്ളിലേക്കു കയറി. ശവം കണ്ടു. എന്‍റെ ഷര്‍ട്ടിനുള്ളില്‍ ഒരു ശവം.തിരിച്ചറിഞ്ഞു. ‘ആര്‍ക്കോ വേണ്ടി ആരോ തുന്നുന്ന വസ്ത്രങ്ങള്‍ക്കുള്ളില്‍ കടന്നു കൂടി ജീവിക്കാനും മരിക്കാനുമുള്ള വിധി ആര്‍ക്കൊക്കെയാണ്?’
അപരിചിതന്‍റെ ശവത്തിനു മുന്നില്‍ വെച്ചുതന്നെ, സമീപ ഭാവിയില്‍ എന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ വരാന്‍ പോകുന്ന ഒരു വാക്യം ഞാന്‍ നിര്‍മ്മിച്ചെടുത്തു.
ഞങ്ങളുടെ സ്റ്റേഷന്‍ പരിധിയിലെ പോലീസുകാര്‍ കൂടി ഉണ്ടായിരുന്നതുകൊണ്ട് എഴുത്തുകുത്തുകള്‍ വേഗം കഴിഞ്ഞു. അവനെ തല്ലിയ വടി അവരുടെ കൈയിലുണ്ടായിരുന്നു. അടുത്ത പോസ്റ്റ് ഇതില്‍ നിന്നു തുടങ്ങിയാലോ? വേണ്ട പൊലീസുകാരെ മുഷിപ്പിക്കേണ്ട. നഗരത്തിലെ വിദ്യാര്‍ത്ഥിജീവിതം ഒരു വര്‍ഷം കൂടെ ബാക്കിയുണ്ട്. വിയര്‍ത്തു കൊണ്ടുതന്നെ തിരിച്ചിറങ്ങി.
ടൗണിലേക്കുള്ള ബസ്സ് കയറിയപ്പോള്‍ മുതല്‍ വല്ലാതെ മനം പിരട്ടാന്‍ തുടങ്ങി. പൊറ്റമ്മല്‍ കഴിഞ്ഞതും തലക്കനം കൊണ്ടു തളര്‍ന്നു. നല്ല കാറ്റടിച്ചിട്ടും വിയര്‍ത്തൊഴുകി. പുതിയസ്റ്റാന്‍ഡിന്‍റെ മുന്നില്‍ ബസ്സ് ഇറങ്ങിയതും ഛര്‍ദ്ദിച്ചതും ഒരുമിച്ചായിരുന്നു.
രണ്ടു ദിവസം നീണ്ടു നിന്നു ആ ഛര്‍ദ്ദി. ഭക്ഷണം കണ്ടാല്‍ ഓക്കാനം വരുന്ന അവസ്ഥ.
“നിനക്ക് ശവം കണ്ട് ശീലമില്ലല്ലോ, അതാ”
“ഓ… നീ പിന്നെ ശവത്തിനേം കെട്ടിപിടിച്ചല്ലേ ഉറങ്ങുന്നത് ഒന്ന് പോടാ”
അത് രൂപേഷിന് കൊണ്ടു.
“ഞങ്ങളെ മീത്തലെ ചന്തുകുട്ട്യേട്ടന്‍ തൂങ്ങിയപ്പോ, ഞാനും പ്രകാശേട്ടനും കൂട്യാ ശവം എറക്യേ… തൂങ്ങി കെടക്ക്ന്ന ശവം കണ്ടാപിന്നെ, ബാക്കിയൊക്കെ പുല്ലാ.” ഞാന്‍ ഒന്നും പറഞ്ഞില്ല. എനിക്ക് ഇത്തരം അനുഭവങ്ങള്‍ തീരെയില്ല.
” നീ ഒന്ന് നാട്ടിപ്പോയിവാ. അമ്മന്‍റെ അടുത്ത് രണ്ടീസം നിന്നാ ഒരു ആക്കം കിട്ടും”
അവന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നിയതുകൊണ്ട് ഉച്ച കഴിഞ്ഞുള്ള സൂപ്പര്‍ഫാസ്റ്റിനു കയറി. നേരെ പുല്‍പ്പള്ളിക്കാണ്. ബത്തേരിയും കല്‍പ്പറ്റയും ഒന്നും ഇറങ്ങേണ്ട. പേടിച്ചതു പോലെ ക്ഷീണവും തലക്കനവും പ്രശ്നമുണ്ടാക്കിയില്ല. ചുരംകയറി തുടങ്ങിയപ്പോള്‍ പതിവുപോലെ ഫോണിന്‍റെ റേഞ്ച് പോയി. പുതിയ എഫ്ബി പോസ്റ്റ് ഏത് രീതിയില്‍ വേണമെന്ന് മനസ്സില്‍ കുറിക്കാനുള്ള സമയമുണ്ട്. പഴയതിനെ പുറത്തെടുത്തു. അതിലേക്കുള്ള ലൈക്കുകള്‍ ഏകദേശം നിലച്ചിരുന്നു. ആയിരത്തോളമാളുകള്‍ വായിച്ചു പ്രതികരിച്ച ആ കുറിപ്പ് ചുരത്തിലെ വളവുകളില്‍ വന്നു പോയ്ക്കൊണ്ടിരുന്ന സിഗ്നലുകള്‍ക്കൊപ്പം കയറ്റം കയറി.
” നമ്മുടെ ജീവിതം പലപ്പോഴും മറ്റുപലര്‍ക്കും ഗുണകരമായി ഭവിക്കുന്നതിന് നമ്മള്‍ പ്രത്യേകാനുമതി നല്‍കേണ്ട കാര്യമില്ല. നമ്മുടെ ബോധപൂര്‍വ്വമല്ലാത്ത ജീവിതസാഹചര്യങ്ങളുടെ ഗുണഭോക്താക്കളായി പലരും മാറുന്നു. അല്‍പ്പസമയം മുന്‍പ് ഒരു അപരിചിതന്‍ എനിക്ക് എന്‍റെ അമ്മ കഴിഞ്ഞ ഓണത്തിനു വാങ്ങിത്തന്ന ഷര്‍ട്ടുമിട്ട് എന്‍റെ മുന്നിലൂടെ നടന്നുപോയി. പൂട്ടിക്കിടന്ന വാടകവീട്ടില്‍ അതിക്രമിച്ചു കടന്ന അവനെ ഞങ്ങള്‍ പോലീസില്‍ ഏല്പിച്ചെങ്കിലും അവര്‍ അവനെ പോകാന്‍ അനുവദിക്കുകയായിരുന്നു.
ഇറങ്ങുന്ന സമയത്ത് സമ്മതമില്ലാതെ എടുത്തിട്ട എന്‍റെ ഷര്‍ട്ട് ഞാന്‍ ചോദിക്കാതെ തന്നെ അവന്‍ ഊരാന്‍ തുടങ്ങി.
‘വേണ്ട… താന്‍ എടുത്തോളൂ’
അവന്‍ ഒന്നും മിണ്ടിയില്ല.
എന്‍റെ ഷര്‍ട്ടുമിട്ട് നടന്നു നീങ്ങിയ ആ അപരിചിതനെ നോക്കിനിക്കുന്തോറും എന്തോ ഒന്ന് മനസ്സില്‍ കല്ലിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സ്കൂള്‍ കാലം ഓര്‍ത്തു. ദരിദ്രരായ ആദിവാസിക്കുട്ടികള്‍ എന്‍റെ പഴയ ഷര്‍ട്ടുമിട്ടാണ് അന്ന് സ്കൂളില്‍ വന്നുകൊണ്ടിരുന്നത്. ഞാന്‍ ഇട്ടുമടുക്കുമ്പോള്‍ അമ്മ അതെല്ലാം തോട്ടത്തില്‍ പണിക്കു വരുന്നവര്‍ക്കു കൊടുക്കും. അവര്‍ അത് മക്കളെ ഇടുവിക്കും. എന്‍റെ പഴയ ഉടുപ്പുകള്‍ ഇട്ട് ശ്വാസം മുട്ടിയോ, അയഞ്ഞു മുട്ടോളം തട്ടിയോ നടക്കുന്ന അവരെ ഞാന്‍ നോക്കി നില്‍ക്കും.
രണ്ടു ദൃശ്യങ്ങള്‍. വര്‍ഷങ്ങളുടെ ഇടവേള.
ആ അപരിചിതന് ഒരു ഷര്‍ട്ടു കൂടി കൊടുത്തു വിടാമായിരുന്നു എന്ന് തോന്നി.
പക്ഷെ അവന്‍ നടന്നകന്നിരുന്നു. മിഠായിത്തെരുവിലോ, മാവൂര്‍ റോഡിലോ, ബീച്ചിലോ, മാനാഞ്ചിറയിലോ, അങ്ങനെ നഗരം തുറന്നു വെച്ച ഏതെങ്കിലുമൊരു ഇടത്തില്‍ എന്‍റെ ഷര്‍ട്ടുമിട്ട് അവന്‍ നടക്കുന്നുണ്ടാവണം.
നടക്കട്ടെ. അവന് നല്ലതു വരട്ടെ.”
പോസ്റ്റ് വായിച്ചശേഷം കമന്‍റുകളിലൂടെ ഒന്ന് മണ്ടിപ്പാഞ്ഞു. ആ അഭിപ്രായങ്ങള്‍ തന്ന ആത്മവിശ്വാസത്തില്‍ പുതിയ പോസ്റ്റ് മനസ്സില്‍ രൂപപ്പെടുത്തിക്കഴിഞ്ഞപ്പോഴേക്കും തണുപ്പ് ഇരച്ചുകയറി. ചുരം പിന്നിട്ട് ബസ്സ് ലക്കിടിയില്‍ എത്തിയിരുന്നു.
പുല്‍പ്പള്ളിയില്‍ എത്തിയപ്പോള്‍ ഇരുട്ടി. കുരുമുളക് തോട്ടത്തിലൂടെ എളുപ്പത്തില്‍ നടന്ന് വീട്ടിലേക്കു കയറി.
“പണിക്കാരൊണ്ടെന്ന് പറഞ്ഞിട്ട്, മുളകൊക്കെ തൊടിയില്‍ തന്നെ കെടപ്പുണ്ടല്ലോ”
അമ്മ മുറ്റത്ത് തന്നെയുണ്ട്.
“ഉച്ചവരെ ഒണ്ടാരുന്നെടാ. ആ വെളുത്തീന്‍റെ ചെക്കന്‍ രാജു മരിച്ചെന്നും പറഞ്ഞ് അത്ങ്ങളെല്ലാംകൂടി അങ്ങോട്ട് പോയി “
“എങ്ങനെ മരിച്ചു?”
രാജുവിന്‍റെ മുഖം ഓര്‍ത്തെടുക്കാനായില്ലെങ്കിലും വെറുതെ ചോദിച്ചു.
“അവന് ആ പൗലോച്ചായന്‍റെ തോട്ടത്തിലായിരുന്നു പണി. അവടന്നെന്തോ കള്ളപ്പണിയെടുത്തേന് അതിയാന്‍ ഒന്ന് വീക്കി. അവന്‍ രാത്രി ഓടിപ്പോയി. പിന്നെ പൗലോച്ചായന്‍ തന്നെയാ വെള്ത്തീനെക്കൊണ്ട് പോലീസ്സ്റ്റേഷനീ കടലാസ് കൊടുപ്പിച്ചേ. കാണ്മാനില്ലെന്നും പറഞ്ഞ്. ഇന്ന് സ്റ്റേഷനീന്ന് ആള് വന്ന് പറഞ്ഞ് കോഴിക്കോട് കെടന്ന് ചത്തെന്ന്. എങ്ങാണ്ട് തലയിടിച്ച് ചോരയൊലിച്ചൊ മറ്റോ ആണ്.”
ബാഗിലെ മുഷിഞ്ഞ തുണി പുറത്തേക്കെടുത്തിട്ടു കൊണ്ടിരുന്ന ഞാന്‍ അമ്മയെ നോക്കി.
“നിനക്ക് ഓര്‍മ്മയില്ലേ? അവന്‍ നിന്‍റൊപ്പം പഠിച്ചതാ. കഴുത്തില്‍ ഒരു മൊഴയൊക്കെയായി കറുത്ത് മെല്ലിച്ച് ഒരുത്തന്‍. അന്നൊക്കെ നിന്‍റെ ഷര്‍ട്ട് പാളപോലെ ഇട്ടോണ്ട് നടക്കുവായിരുന്നു. അതും പറഞ്ഞ് നീ അതിനെ ഒത്തിരി കളിയാക്കി കരയിച്ചിട്ടൊണ്ട്”
ചുരം കയറിയപ്പോള്‍ മുതല്‍ കൂടെ കൂടിയ തണുപ്പ് പൊടുന്നനെ എന്നെ വിട്ടുപോയി. മണിക്കൂറുകളുടെ ഇടവേളയ്ക്കുശേഷം ഞാന്‍ വീണ്ടും വിയര്‍ത്തുതുടങ്ങി.
“ടാ ഞാന്‍ വാങ്ങിത്തന്ന ആ നീലഷര്‍ട്ടെന്തിയേ, കഴിഞ്ഞ തവണേം നീ അത് കൊണ്ട് വന്നില്ല”
അമ്മ തുണികള്‍ കൂട്ടിപ്പിടിച്ച് കൊണ്ടു പോകുന്നതിനിടയില്‍ വിളിച്ചു ചോദിച്ചു.
“അത് എനിക്ക് പകമല്ലാതായി. ഒരു കൂട്ടുകാരന് കൊടുത്തു”
“ആ… നന്നായി. ആര്‍ക്കേലും ഉപകാരപ്പെടട്ടെ. ഇതെല്ലാം ഇനി നാളെ നനച്ചിടാം “
ഭക്ഷണം കഴിച്ച് കിടന്നപ്പോള്‍ തണുപ്പ് വീണ്ടും വന്നു. ഞാന്‍ പുതച്ചു ചുരുണ്ടു. രണ്ടാമത്തെ എഫ്.ബി പോസ്റ്റിന്‍റെ പണി നാളെത്തന്നെ തീര്‍ത്ത്, മറ്റന്നാള്‍ പുതിയ പോസ്റ്റിലേക്കുകടക്കണം. ഇന്നിനി ഒന്നും വയ്യ. നാളെ രാവിലെ ആ അപരിചിതന്‍റെ അല്ല രാജുവിന്‍റെ ശവം കാണാന്‍ പോകേണ്ടതാണ്.
അനാവശ്യ കുറ്റബോധമോ, മറ്റ് വൈകാരിക ഭാവങ്ങളോ മനസ്സില്‍ തോന്നരുതേ എന്നു പ്രാര്‍ത്ഥിച്ച്, ഞാന്‍ കണ്ണുകളടച്ചു.
കഥ നന്നായി ജിഷ്ണു, പുതുമയുള്ള ആഖ്യാനം..അപരിചിതമായ വഴികളിലൂടെ കൊണ്ടു പോയി… നമ്മുടെ ഉള്ളിലെ കാപട്യങ്ങൾ, hypocrisy ഇതെല്ലാം sarcastic ആയി അവതരിപ്പിച്ചിരിക്കുന്നു…മനസ്സിനെ തൊടുന്ന കഥ…ഇനിയും എഴുതൂ….ആശംസകൾ🌹
കഥ ആർദ്രമായി, തന്റെ വാടക വീട്ടിൽ അതിക്രമിച്ച് കിടന്നുറങ്ങിയ അപരിചിതൻ
ചോദിക്കാതെ അവനെടുത്തിട്ട നീല ഷർട്ട്,, പിന്നീട് ആ അനാഥ ശവത്തെ തിരിച്ചറിയുന്നത്, യഥാർഥത്തിൽ അവൻ ആരാണെന്നറിയുന്ന കഥാന്ത്യത്തിലെ
ട്വിസ്റ്റ്, കോഴിക്കോട് നഗരം നിറഞ്ഞു നിൽക്കുന്ന കഥ, എന്തിനെയും പെരുപ്പിച്ച്
f bയിൽ ഇട്ട് ലൈക്കും കമൻറും വാങ്ങി
പ്പെരുപ്പിക്കാനുള്ള പുതിയ പ്രവണത,,അതിനുള്ളിൽ പട്ടിണിയും
ഇല്ലായ്മയും നിസ്സഹായമാക്കുന്ന മനുഷ്യജീവിതങ്ങൾ, അഭിനന്ദനങ്ങൾ ജിഷ്ണു
നല്ലെഴുത്ത്. ആശംസകൾ 🌺
അമ്മയുടെ നല്ല പ്രവർത്തിയാണ് രാജുവിന്റെ അവസാന നിമിഷങ്ങളിൽ മകൻ അറിയാതെ എത്തിപ്പെട്ടത് . Really Touched. 👍
ആശംസകൾ …
ഇതു പോലെ ഹൃദയസ്പർശിയായ കഥകൾ അനുഭവങ്ങളാൽ ചാലിച്ച് തൂലികയാൽ ഒരായിരം ചിത്രങ്ങൾ വരയ്ക്കാൻ ആവട്ടെ; ഉറ്റ സുഹൃത്തിന് എല്ലാ ഭാവുകങ്ങളും
🖤
പുതിയ എഴുത്തുകൾ ഒന്നും കാണുന്നില്ലല്ലോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു നന്നായിട്ടുണ്ട് എഴുത്ത് തുടരുക
നല്ല കഥ . ആശംസകൾ
ഗംഭീരം. നല്ല വായനാനുഭവം തരുന്ന എഴുത്ത്.
മികച്ച ആഖ്യാനം… ഇനിയും എഴുതൂ… ആശംസകൾ
ഇനിയും എഴുതണം. ആഖ്യാനം ഗംഭീരം.
ഏതോ ഒരു തണുപ്പ് ഇരച്ചുകയറുന്ന പോലെ …
ആര്‍ക്കോ വേണ്ടി ആരോ തുന്നുന്ന വസ്ത്രങ്ങള്‍ക്കുള്ളില്‍ കടന്നു കൂടി ജീവിക്കാനും മരിക്കാനുമുള്ള വിധി ആര്‍ക്കൊക്കെയാണ്?
എഴുത്ത് തുടരുക… സ്നേഹം
😍👏👏👏
ഷര്ട്ടിസ്ടം
ജീവിക്കുന്ന കഥകൾ…
എന്‍റെ ഷര്‍ട്ടിനുള്ളില്‍ ഒരു ശവം.തിരിച്ചറിഞ്ഞു…. 🖤
ഹൃദ്യം. ആശംസകൾ. ഇനിയും എഴുതുക.
ആഖ്യാനത്തിന്റെ സവിശേഷതയാണ് യുവകഥാകൃത്ത് ജിഷ്ണുവിന്റെ കഥയുടെ ഒരു പ്രത്യേകത. എല്ലാവിധ ആശംസകളും
ഞാനും കൊറേശ്ശേ വിയർത്തു തുടങ്ങുകയായിരുന്നു…..