Montage

അനുഭവം- യാത്ര

അനുഭവം- യാത്ര

By Silpa Viswam

ഒരു കുഞ്ഞു യാത്ര. ഒന്നര മണിക്കൂറിൽ തീർന്ന യാത്ര. യാത്രയിലുടനീളം കണ്ട കാഴ്ചകളും അറിഞ്ഞ കാര്യങ്ങളും പുതിയതായിരുന്നു എന്നു മാത്രം.

കേരളത്തിന് പുറത്തുള്ള ഈ അതിർത്തി ഗ്രാമത്തിൽ എത്തപ്പെട്ടിട്ട് വർഷം ഒന്നു പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ പിണറായി സർക്കാർ അധികാരമേല്ക്കുന്നതിന് രണ്ട് നാൾ മുൻപ് ! ഋതുക്കൾക്കൊപ്പം നിറവും മണവും രുചിയും മാറുന്ന നാട്. അന്നാദ്യമായി ചുരം ഇറങ്ങി എത്തിയപ്പോൾ ഈ നാട് വാകപ്പൂക്കളാൽ തീപിടിച്ചിരുന്നു. കാണെ കാണെ നിറം മാറി, ഇളം പച്ചയും ഓറഞ്ചും തൂവെള്ളയും മാറി മാറി പ്രകൃതിയെ കുളിപ്പിച്ചുണർത്തി.

സഹ്യന്റെ താഴ് വര, മേലെ മലമുകളിൽ മഴ തിമിർത്താടിയ ഒരു ദിവസം, ഇന്ന്, മേഘാവൃതമായ ഉച്ചനേരത്ത് സഹപ്രവർത്തകയുടെ ക്ഷണം സ്വീകരിച്ച് “കോവിലിലേയ്ക്ക് ” തിരിച്ചു. ദേശീയപാത 183ൽ നിന്ന് പതിയെ വാഹനം മൺപാതയിലേയ്ക്ക് കടന്നു. മഴ ലഭിക്കാതെ നഷ്ടമായിത്തുടങ്ങിയ പച്ചപ്പോടെ ഇരുവശവും വരണ്ടു കിടന്നു. കൂടുതൽ ദൂരം താണ്ടുന്തോറും ഇരുവശവും വീശീയിടിക്കുന്ന കാറ്റിൽ തലയെടുപ്പോടെ നൂറുകണക്കിന് ഭീമൻ കാറ്റാടി യന്ത്രങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്റെ കാല്പനിക ലോകത്തിലെ അന്തേവാസികളിൽ ഒരാളാണ് ഭീമൻ കാറ്റാടികൾ. അവർ എന്നും എന്നെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

യാത്രയ്ക്കൊടുവിൽ ഞങ്ങൾ കാളിയമ്മൻ കോവിലിൽ എത്തി. എന്തു ചോദിച്ചാലും സാധിച്ചു തരുന്ന ആൾ. അത്ഭുതങ്ങൾ വരാതിരിക്കുന്നതേയുള്ളു. നമ്മുടെ ക്ഷേത്രങ്ങളിലെ അന്നദാനത്തിന് സമമായി വെറും നിലത്ത് വരിയായി കുറച്ച് ആളുകൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. വെള്ളയരിച്ചോറും ആട്ടിറച്ചിക്കറിയും. അത്ഭുതം അധികനേരം നീണ്ടുനിന്നില്ല, ഞങ്ങളും ആ നിരയിൽ സ്ഥാനം പിടിച്ചു, അന്ന് അതിരാവിലെ കളിയമ്മനു മുന്നിൽ കുരുതി കൊടുത്ത ആടിനെ കറിവച്ചത് കൂട്ടി നിലത്തിരുന്ന് വാഴയിലയിൽ വെള്ളയരിച്ചോറുണ്ണാൻ !

 

silpaviswam@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

7 − one =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top