Montage

ഒരു കൂട്ടുകാരിയുടെ കത്ത്…

ഒരു കൂട്ടുകാരിയുടെ കത്ത്…

By Vishnu K

എഴുതിയ കക്ഷിയുടെ സ്വകാര്യതയെ മാനിക്കാതെയുള്ള എടുത്തുചാട്ടമൊന്നുമല്ലിത്. അനുവാദം ചോദിച്ച് ചെല്ലാന് പാകത്തിലുള്ള ഒരു ദൂരമല്ല നമുക്കിടയിലെന്നതു കൊണ്ടാണ്. ഒരുമിച്ചു സ്വപ്നം കണ്ടിരുന്ന രണ്ടു പേരില് ഒരാളുണര്ന്നപ്പോള് മറ്റെയാള് സ്വപ്നത്തില് തന്നെ കുടുങ്ങിപ്പോയതുപോല്…

ജൂലൈ 2008,

നിതാന്തനിശബ്ദതയാണെന്റെ ലോകത്ത്, ആവശ്യമില്ലാത്ത എന്തെല്ലാമോ ചേര്ത്തുപിടിച്ചതിന്റെ ഫലമായിരിക്കണം ആത്മാര്ത്ഥമായൊന്നു സന്തോഷിച്ചിട്ടില്ല. അങ്ങനെയല്ല അതിനുള്ള സകല അവസരങ്ങളും ഞാന് തള്ളിക്കളഞ്ഞു എന്നതായിരിക്കണം ശരി. വിദ്യ നേടുക എന്നതു മാത്രമായിരുന്നു ഏകലക്ഷ്യം (ആരാണീ വിദ്യ എന്നല്ലേ ഇപ്പോ വന്ന ചോദ്യം ?). ഞാന് 94% മാര്ക്ക് നേടി. ഭൂതകാലത്തില് പക്ഷേ ഈ ഭൂതത്തിന് വര്ണ്ണങ്ങള് നിറഞ്ഞ ഒരു ജീവിതത്തെക്കുറിച്ച് സ്മരണകളേയില്ല. ഈ യാത്രയില് ഞാന് ഏകാന്തപഥിക തന്നെ. താങ്കളെ കണ്ടിടപഴകാന് തുടങ്ങിയതു മുതലാണ് ഞാന് സുഹൃത്തുക്കളോട് ഇടപഴകാന് പഠിച്ചത്. ഞാനൊരു ഫെമിനിസ്റ്റല്ല, പക്ഷേ എനിക്കുള്ള ഒരേയൊരു ആണ്സുഹൃത്ത് താങ്കളാണ്. ഇതുവരെ കണ്ട ചെറുക്കന്മാരില് നമ്മള് വ്യത്യസ്തനാണ്. ഗേള്സിന് ആകെയുള്ള പ്രശ്നം ബോയ്സ് ആണെന്നുള്ള ചിന്താരീതി മാറി. താങ്കളെപ്പൊലൊരു സുഹൃത്തിനെ ലഭിച്ചത് ജീവിതത്തിലുണ്ടായ ചുരുക്കം ചില നല്ല കാര്യങ്ങളില് ഒന്ന്. എനിക്കു വന്ന കല്ല്യാണാലോചന മുടങ്ങിയതില് എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ. നമുക്കനുഭവപ്പെടുന്ന സന്തോഷം മറ്റുള്ളവരുമായ് പങ്കുവെച്ചാല് രണ്ടിരട്ടിയാകും, ദു:ഖമാണെങ്കില് രണ്ടിരട്ടി കുറയും. എന്നോടെപ്പോഴും പറയാറില്ലേ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന് ഓടുന്ന ഓട്ടത്തില് വിഷമിക്കാന് നേരല്ല്യാന്ന്.. ഞാനിനി പറയുന്നതെല്ലാം താങ്കള്ക്ക് വിഷമം തരാതിരിക്കട്ടെ.

ഞാനിപ്പോ പഴയ പോലെയേ അല്ല, ആകെ മാറിയിരിക്കുന്നു (പഠിത്തത്തിലൊഴികെ). ഇനി ഒരിക്കലും പഴയ ആളാവാന് സാധിക്കില്ല എന്നു തോന്നുന്നു. എന്നോട് ക്ഷമിക്കാന് ദയവുണ്ടാകണേ. ആത്മാര്ത്ഥ സൌഹൃദത്തില് കുഴപ്പം വരാന് പോകുകയാണെന്ന് തോന്നുന്നു. ‘ജീവിതത്തിന്റെ’ നേരത്തെ പറഞ്ഞ ഓട്ടത്തിനിടയില് സ്നേഹം തിരിച്ചറിയാനുള്ള കഴിവിന്റെ മേലെ മണ്ണിട്ടു മൂടി വാഴവെച്ചോ ? പെണ്ണിന്റെ പോക്കത്ര ശരിയല്ല എന്നു തോന്നുന്നുണ്ടോ ? കീറിക്കളയല്ലേ.. മുഴുവനും വായിച്ചിട്ടുമതി ആ സാഹസം. ഈ സൌഹൃദം നമുക്കിവിടെ അവസാനിപ്പിച്ചാലോ ? എന്നോടൊരിക്കല് പറഞ്ഞിട്ടുണ്ട് മനസ്സില് വേറൊന്നു വെച്ച് പുറമേ ഫ്രണ്ട്ഷിപ്പ് എന്നു പറയുന്നത് നല്ല കാര്യമല്ല എന്ന്, അതിനാല് ഇതിവിടെ നിര്ത്താനാണ് ഞാനാഗ്രഹിക്കുന്നത്. ഈശ്വരാ എനിക്കിത് എങ്ങനെ പറയാന് സാധിക്കുന്നു !

പറയാന് ശ്രമിച്ചത് ഇതാണ്, ഞാന് വീണിരിക്കുന്നു സഖേ…

ഈ സൌഹൃദത്തില് ഇങ്ങനെയൊരു പ്രശ്നം വന്നതില് അങ്ങെന്നോട് പൊറുക്കുക. ഇതില് നിന്ന് മനസ്സ് പിന്തിരിപ്പിക്കാന് എനിക്ക് ഒരുവഴിയും അറിയില്ല. അതറിയുമെങ്കില് എന്നെ സഹായിക്കാതെ ഇരിക്കരുതെ, എന്നാല് ആ സഹായം ഞാന് നിരസിക്കാനാണ് സാധ്യത…

എന്നും പ്രാര്ത്ഥനകളോടെ
എക്സ്ഫ്രണ്ട്

vishnu.k45@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

one × 3 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top