Montage

കഥ- ഒരിഷ്ടവും കുറേ കവിതകളും

കഥ- ഒരിഷ്ടവും കുറേ കവിതകളും

By Vishnu K

10-15 വര്ഷത്തിനിടയ്ക്ക് ഒരു ബാച്ചിനൊപ്പവും ടൂര് പ്രോഗ്രാമില് പങ്കെടുത്തിട്ടില്ല കുട്ടികള് ഞാനൊപ്പം വേണമെന്ന് ഇത്രയും അപേക്ഷിക്കുന്ന സാഹചര്യത്തില് ഒരുപേക്ഷ പറയാന് വയ്യ ഇങ്ങനെ ആത്മബന്ധം തോന്നിയ ഒരു ബാച്ച് ഈ അടുത്തകാലത്തൊന്നും ഉണ്ടായിട്ടുമില്ല. അധ്യാപികയെന്ന നിലയിലല്ല അവര്ക്കെന്നോടും എനിക്കവരോടും ഉണ്ടായിരുന്ന അടുപ്പം. വിനോദയാത്രക്ക് ഏര്പ്പാടാക്കിയ ബസ്സ് 2 മണിക്കൂര് വൈകുമെന്ന് വിവരം കിട്ടിയപ്പോഴാണ് ഒന്നും ചെയ്യാതെ സമയം കഴിക്കേണ്ടതിന്റെ ബുദ്ധിമുട്ട് വീണ്ടും മനസ്സിലാകുന്നത്. മഞ്ഞുകാലം എനിക്കത്ര പഥ്യമല്ല. കാലു നിലത്തുവെച്ചു കുറേ നേരം ഇരിക്കാന് പാടാണ്. കോളെജിന്റെ ഇടത്തുവശത്തെ വരാന്തയുടെ തുടക്കത്തില് ജനലിനിപ്പുറം ഒരു കസേരയും ബെഞ്ചും ഇരിക്കുന്നത് കാണാനുണ്ട്. കാലതില് കയറ്റിവെച്ച് ഇരിപ്പുറപ്പിക്കാം. ഞാനവിടെ ചെന്നിരുന്നു. ഒന്നു കണ്ണടച്ചു.
വാനപ്രസ്ഥം !
ജനലിനപ്പുറത്തു നിന്ന്-കണ്മിഴിച്ചത് ആ ശബ്ദത്തിന്റെ ഉടമയെ എനിക്കറിയാവുന്നത് കൊണ്ടാണെന്നത് ശരി.
എന്താ ?
മറുപടി ശബ്ദവും എനിക്കു ചിരപരിചിതം. 3 ജനല്പ്പാളികളില് ഏതോ വിപ്ലവ സമരത്തിന്റെ തിരുശേഷിപ്പായ ഏറുകൊണ്ട് തകര്ന്ന ചില്ലുള്ള ഒന്നാണ് 2പേരുടേയും ശബ്ദം എനിക്കിത്ര വ്യക്തമാക്കി തരുന്നത്. എനിക്കേറ്റം പ്രിയപ്പെട്ട ശിഷ്യനും ശിഷ്യയും. പേരുവെളിപ്പെടുത്താന് വയ്യ. നായികയെ ലീലയെന്നു വിളിക്കാം, നായകനെ മദനന്… അല്ലെങ്കിലതു വേണ്ട മനു.. അതുമതി. നായകനപ്പോ സംഭാഷണം തുടര്ന്നു.
“വാനപ്രസ്ഥം സിനിമയില് സുഹാസിനിയും മോഹന്ലാലും പരസ്പരം മുദ്ര കാണിച്ച് സംസാരിക്കുന്ന ഒരു രംഗം ഉണ്ട്. എനിക്കു മുദ്രയൊന്നും അറിഞ്ഞുകൂടാ.. സംസാരിച്ചുകൂടെ നമുക്ക് ?
നായിക കൃത്യമായ ഉത്തരം പറഞ്ഞു.
“എനിക്കെന്റെ മേലെ ഒരു വിശ്വാസം ഇപ്പഴും വന്നിട്ടില്ല.
എനിക്കും.
പിന്നെങ്ങെനെയാ ?
സ്വയം ഒരു വിശ്വാസം ഇല്ലെന്നിരിക്കിലും, പരസ്പരം ഒരു വിശ്വാസം ഉണ്ട്.. ഇല്ലേ ?
ഉവ്വ്.
ആരോഗ്യപരമായ ഒരു അടുപ്പം നമുക്കിടയില് ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്- യാതൊരു മാനസികസംഘര്ഷത്തിലേക്കും തള്ളിവിടാത്ത..
എനിക്കും അതുണ്ടെന്നറിയുക. എങ്കിലും അത്രയ്ക്ക് ശക്തയല്ല ഞാന്.
ഞാന് സഹായിക്കാം.
മനു ആ പറഞ്ഞതിന് മറുപടിയെന്നോണം ലീല ചിരിക്കുന്നത് എനിക്കു കേള്ക്കാം
എന്താ ചിരിച്ചേ ?
എന്നെ സഹായിക്കാന് വേറെയാരും.. ഒന്നൂല്ല്യ, നമുക്ക് സംസാരിക്കാം.. ഒരു വ്യവസ്ഥ.
എന്താ?
കഥകളി മുദ്ര അറിയില്ല എനിക്ക് പക്ഷേ കവിതകളറിയാം. പരിമിതമായ അറിവു വെച്ച് ഞാനൊന്ന് ശ്രമിയ്ക്കട്ടെ ?
കവിതകളിലൂടെ സംസാരിക്കാന് ?
അതെ,
വാക്കുകള്ക്ക് തന്നെയും ചിലപ്പോഴെല്ലാം ശരിയായ ഇമോഷന്സ് പറഞ്ഞ് ഫലിപ്പിക്കാന് കഴിയില്ല, അപ്പഴാ കവിത?
അതിന് സാധാരണ വാക്കുകള് ചേര്ക്കുന്നതാണോ കവിതകള് ?
ലീലയുടെ ആ പ്രസ്താവന സ്പര്ശിച്ചു.വ്യക്തിപരമായ കാര്യങ്ങള് ഒരുമ്പെടുന്ന ഇവരുടെ സംഭാഷണം കേള്ക്കുന്നത് ശരിയല്ല എന്നുള്ളത് കൊണ്ട് എഴുന്നേല്ക്കാന് ഒരുങ്ങിയ ഞാന് പക്ഷേ കവിതകളിലൂടെ സംസാരിക്കുന്നത് എങ്ങനെയെന്നറിയാനവിടെ തന്നെ ഇരുന്നു.
സമ്മതിച്ചു, ആദ്യം ഇയാളു തന്നെ തുടങ്ങ്വാ.. തീരെ പരിമിതമായ അറിവു വെച്ച് ഞാനും ശ്രമിക്കാം.

ലീല തന്നെയാണാരംഭിച്ചത്

“നിന്റെ സ്വപ്നങ്ങളുടെ വര്ണ്ണ ശബളിമയില്
എന്റെ നിദ്ര നരയ്ക്കുന്നതും
നിന്റെ പുഞ്ചിരിയില്
എന്റെ കണ്ണീരുറയുന്നതും
നിന്റെ നിര്വ്വികാരതയില് ഞാന് തളരുന്നതും
എന്റെ അറിവോടുകൂടി തന്നെയായിരുന്നു..
എനിക്കു രക്ഷപ്പെടണമെന്നുണ്ടായിരുന്നു പക്ഷേ ഞാന് തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ
-തടവുകാരി, നന്ദിത

നന്ദിതയുടെ കവിതകള് വായിച്ചിട്ടുള്ളതാണ്.സാഹചര്യത്തിന് അനുസരിച്ച് ആലോചിക്കുമ്പോള് ലീല മനസ്സു വെളിപ്പെടുത്തിയതായ് കാണാം. അര്ത്ഥസമ്പൂര്ണ്ണം, തീവ്രം.

ഞാന് മനുവിന്റെ മറുപടിക്കവിത കാത്തു.

എല്ലാം മറന്നൊന്നുറങ്ങിയ യാമങ്ങള്
എന്നേക്കുമായസ്തമിച്ചു പോയ്, ഇന്നിനി-
നമ്മളിലൊരാളിന്റെ നിദ്രയ്ക്കു മറ്റെയാള്
കണ്ണിമ ചിമ്മാതെ കാവല് നിന്നീടണം
ഇനി ഞാനുണര്ന്നിരിക്കാം നീയുറങ്ങുക
-ശാര്ങ്ഗപക്ഷികള്, ഒ.എന്.വി

എന്തു നല്ല മറുപടി.ഇതിനേക്കാള് നന്നായി സ്നേഹിക്കുന്നയാളെ എങ്ങനെ സമാധാനപ്പടുത്തും

കഥയുടെ അവസാനം നായകനും നായികയും ഒന്നിക്കണം എന്നാഗ്രഹിച്ചു പോകുന്ന സാധാരണവായനക്കാരിയെ പോലെ ഞാനും ആഗ്രഹിച്ചു.

അടുത്ത കവിതാ ശകലവും അവനാണല്ലോ ചൊല്ലുന്നത്.

ഓര്മ്മകള് എന്നെക്കുറിച്ച് ചോദിച്ചാല്
നീ അവയ്ക്കെന്ത് ശിക്ഷ കൊടുക്കും
നേരമായ് തീരുമാനിക്കുവാന് എന്നെയന്വേഷിച്ചിറങ്ങിയിട്ടുണ്ടവ
നാലുവഴിക്കും
വീടുവീടാന്തരം കേറുന്ന കൂട്ടത്തില്
നിന്റടുത്തും വരാതിരിക്കില്ല
-ഓര്മ്മകള്, പി.രാമന്

മനു ചോദിച്ചത് ന്യായമായ സംശയം.ലീലയുടെ മാനസികാവസ്ഥ ഊഹിക്കാന് ധൈര്യം പോരെനിക്ക്. അമ്മു എന്റടുത്തേക്ക് വരുന്നതപ്പോഴാണ് കണ്ടത്. അവളെന്നെ നോക്കി ചിരിച്ചു. ഞാന് ശബ്ദം ഉണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചു.അവളു പതുക്കെ എന്റെ അടുത്ത് നിലത്തു വന്നിരുന്നു. ഞാനവളൊട് കാര്യം പറഞ്ഞു.

അപ്പോ ലീല,

നിന്നെക്കുറിച്ചെഴുതണമെന്നു പറഞ്ഞിരുന്നു
ഒരുപന്യാസത്തിന് വിഷയമാക്കിയാല് നീ കോപിക്കും
കഥയാക്കിയാലോ
ഞാനതിലെ ദുരന്തകഥാപാത്രമാകും
കവിതയാക്കിയാലോ ഞാനതിലെ ചത്തുവീര്ത്ത ഒരു ബിംബമാകും
അങ്ങനെയങ്ങനെ നിന്നെക്കുറിച്ചെഴുതി എന്നെക്കുറിച്ചാവുക
സ്വാഭാവികം
-യോഗം, ദേശമംഗലം രാമകൃഷ്ണന്

സ്വന്തം നിസ്സഹായവസ്ഥ തന്നെ ലീല പറഞ്ഞിരിക്കുന്നു. അമ്മുവിന്റെ മുഖത്ത് സങ്കടവും അത്ഭുതവും കാണാനായി. അടുത്ത കവിതയും ലീല ചൊല്ലുമെന്നുറപ്പായി. അമ്മു പതുക്കെ എഴുന്നേറ്റു തിരിച്ചു വന്നപ്പോഴവള്ക്കൊപ്പം അച്ചുവും ആമിയും രേവുവും ഉണ്ടായിരുന്നു. അവരുടെ വിളിപ്പേരുകള് ഒരു സുഹൃത്തിനെ പോലെയെന്നവണ്ണം ഞാനുമപയോഗിക്കുന്നതില് യാതൊരു അതിശയോക്തിയും ഇല്ല. അറിയാതെ എപ്പോഴോ ഞാനും ഈ സംഘത്തിലൊരാളായി മാറിയിരുന്നുവോ ?

ലീല,

കാണണമെന്നില്ലങ്ങു ചിരിക്കണമെന്നില്ല
കാഞ്ചനക്കതിര്ക്കൈയ്യാല് പുണരേണമെന്നില്ല
അങ്ങുണ്ടെന്നൊരു കഥ വല്ല ഭാഷയിലുമിങ്ങറിഞ്ഞാല്
മതിയെനിക്കതുതാന് പ്രതിപ്രേമം
-പ്രേമഗീതി, പി.കുഞ്ഞിരാമന് നായര്

നേരത്തെ അമ്മുവിന്റെ മുഖത്തു കണ്ട ഭാവങ്ങള് എല്ലാവരിലും. ലീല ഇപ്പോള് പറഞ്ഞത് സത്യമല്ല എങ്കിലും അവള്ക്കതേ പറ്റൂ, അതാണവളുടെ വിശ്വാസം എന്നെല്ലാം പറഞ്ഞു തന്നിരിക്കുന്നു.

കണ്ണുനീര് ഗ്രന്ഥികളില്ലാത്ത പെണ്കുട്ടി
എപ്പൊഴും പൊട്ടിച്ചിരിക്കുന്നതു കൊണ്ട് പ്രണയെത്തെ ഉച്ഛരിക്കാന് മറന്നു പോയവള്
-ലജ്ജയുടെ പൂമരം, A.J മുഹമ്മദ് കബീര്

മനുവിനെ കണ്വിന്സ് ചെയ്യാനുള്ള ലീലയുടെ ശ്രമം പരാജയപ്പെട്ടിരിക്കുന്നു. എനിക്കൊരസ്വസ്ഥത പിടയാന് തുടങ്ങി. ഒപ്പമിരിക്കുന്ന കുട്ടികളുടെ വിഷാദഛായ. അവര്ക്കേറ്റം പ്രിയപ്പെട്ടവാരണല്ലോ ഈ രണ്ടു പേര്.

കരിങ്കല്ലായിരുന്നു നിന്റെ ഹൃദയം
ഉടച്ചു കളഞ്ഞല്ലോ പ്രണയം
ഇന്നിപ്പോള് എല്ലാ പാതകളിലും പൊട്ടിയടര്ന്ന്
കാലുകളെ നോവിച്ച്കൊണ്ട്
-കരിങ്കല്ല്, രാജന് C.H

മനസ്സിനെ നോവിപ്പിക്കുന്ന സ്നേഹത്തെ കുറ്റപ്പെടുത്തുകയാണ് ലീല ചെയ്തത്.

ദു:ഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദു:ഖമന്താനന്ദമാണെനിക്കോമനേ
എന്നെന്നുമെന് പാനപാത്രം നിറയ്ക്കട്ടെ
നിന്നസാനിദ്ധ്യം പകരുന്ന വേദന
-ആനന്ദധാര, ബാലചന്ദ്രന് ചുള്ളിക്കാട്

തന്റെ സ്നേഹത്തിന്റെ വീക്ഷണം കൊണ്ട് അവളുടെ കുറ്റപ്പെടുത്തല് നിഷ്പ്രഭമാക്കിക്കളഞ്ഞു അവന്.

കവിതകളിലൂടെ സംസാരിക്കുന്ന ശിഷ്യരെനിക്ക് കൂടുതല് പ്രിയപ്പെട്ടവരാകുന്നു

പിറക്കാതിരുന്നെങ്കില്
പ്പാരില് നാം, സ്നേഹിക്കുവാന്
വെറുക്കാന്,തമ്മില് കണ്ടു
മുട്ടാതെയിരുന്നെങ്കില്
-വൈലോപ്പിള്ളി

വിധിയെപ്പഴിച്ചതിനൊപ്പം സ്നേഹം നഷ്ടപ്പെടാന് പോകുന്നതിന്റെ ഉത്ക്കടമായ നിരാശയും ലീല വ്യക്തമാക്കി.

മനു എന്തു പറയും ഇതിന് ?

ആ വിശുദ്ധമാം മുഗ്ദ
പുഷ്പത്തെ കാണാതിരുന്നെങ്കില്
ആ വിധം പരസ്പരം
സ്നേഹിക്കാതിരുന്നുങ്കില്
-ജി.ശങ്കരക്കുറുപ്പ്

അതേ നാണയത്തില് മറുപടി. കുട്ടികള് ശബ്ദമുണ്ടാക്കാതെ കൈയ്യടിക്കുന്നതുപോലെ കാണിക്കുന്നത് കണ്ട് ഞാനും സന്തോഷിച്ചു.

ലീല നിശബ്ദയായി നിന്നു കുറച്ചു നേരം, പിന്നെ…

മാമകസ്നേഹം നിത്യമൂകമായിരിക്കട്ടെ
കോമളനവിടുന്നതൂഹിച്ചാലൂഹിക്കട്ടെ
-ജി.

എല്ലാവരിലും പ്രതീക്ഷയുടെ രശ്മികള് കാണാനായി.

മനു അതു സമ്മതിക്കുമോ ?

ഞാന് നിന്നെ അറിയുന്നു
നീയെന്നില് നിറയുന്നു
നിസ്സംഗമൊഴുകുന്നു പുഴ, നിശബ്ദം നീന്തും മത്സ്യങ്ങള്
തീരത്തെങ്ങോ പൊന്മ കാത്തിരിക്കുന്നു

ലീലയുടെ വിതുമ്പലാണ് ഞങ്ങള് കേട്ടത്. അമ്മുവിന്റെയും അച്ചുവിന്റെയും കണ്ണു നിറഞ്ഞിരിക്കുന്നു. ആര്ക്കാണിതില് കൂടുതല് സ്നേഹമെന്ന് പറയാന് വയ്യ. ഇനി സ്വയം ഏര്പ്പെടുത്തിയ വിലക്കുകള് തകര്ക്കപ്പെടാന് പോകുന്ന സന്ദര്ഭമാണോ ഇത് ? അങ്ങനെയാവട്ടെ എന്നു ഞാനാശിക്കുന്നു.

ലീല എന്റെ ചിന്ത ദൃഢപ്പെടുത്തി.

നമുക്കറിയാം ഉള്ളില് ഒഴുക്കുണ്ട്
ദൈവത്തിന്റെ ഉത്സവങ്ങളും
എങ്കിലും പുറമേ അതു
പുഴയാകാതെ പോയല്ലോ കണ്ണാ… ,
-ഗീതാ ഹിരണ്യന്

എടുത്ത തീരുമാനത്തില് ഉറച്ചു നില്ക്കാന് ലീലയ്ക്കാകുമെന്നു കരുതാന് വയ്യ. അവളെ ധൈര്യപ്പെടുത്തും വിധം മനു എന്തെങ്കിലും പറഞ്ഞെങ്കില്.

സ്വയം വിശ്വാസം ഇല്ലെങ്കിലും മനുവിന്റെ മേലെ അവള്ക്ക് വിശ്വാസമുണ്ട്. എന്തു വന്നാലും ഒപ്പമുണ്ട് എന്നുറപ്പിക്കും വിധം അവനെന്താണ് അവളോട് പറയാന് പോണത്…?

ദിവ്യാത്മബന്ധം ലോകം മറ്റൊന്നായ് വ്യാഖ്യാനിക്കാം
ദൈവത്തിന് മുന്നില് പക്ഷേ തെറ്റുകാരല്ലല്ലോ നാം
അതിനാലധീരമല്ലെന് മനമൊട്ടും ലോക-
ഗതികണ്ടിടയ്ക്കിടയ്ക്കല്ലലിലടിഞ്ഞാലും

ലീലയെ സമാധാനപ്പെടുത്തുകയും ധൈര്യപ്പെടുത്തുകയും ആണവന് ചെയ്തത്. വികാരനിര്ഭരരായ ഒരു കൂട്ടം കേള്വിക്കാരെനിക്കൊപ്പം ഉണ്ട്. അവരുടെയൊക്കെ മനസ്സ് വിങ്ങുന്നത് എനിക്കറിയുന്നുണ്ട്. ഇനിയുള്ള കവിതകള് പ്രധാനമാണ്…

ലീല,

ഒരു പുതുമഴ നനയാന്
നീ കൂടി ഉണ്ടായിരുന്നെങ്കില്
ഓരോ തുള്ളിയേയും
ഞാന് നിന്റെ പേരിട്ടു വിളിക്കുന്നു
ഓരോ തുള്ളിയായി
നിന്നില് ഞാന് പെയ്തുകൊണ്ടിരിക്കുന്നു
ഒടുവില് നാം ഒരു മഴയാകും വരെ
-ഡി.വിനയചന്ദ്രന്

അദൃശ്യമായ വിലക്കുകള് എല്ലാം ഇല്ലാതാകുന്നത് ഇവിടെയാണ്. ഇതില് നിന്ന് ഇനി മടക്കയാത്ര ഇല്ലെന്ന് ലീല വ്യക്തമാക്കിയിട്ടുണ്ട്. ഒരാളില്ലെങ്കില് മറ്റെയാള് ഒന്നുമല്ല എന്ന് പറയാതെ പറയുന്നു രണ്ടു പേരും…

ഭൂവില് ഞാന് നിന്നെ കണ്ടുമുട്ടാതെയിരുന്നെങ്കില്
ജീവിത സൌന്ദര്യം ഞാനറിയാതിരുന്നേനെ
നിസ്വാര്ത്ഥ സ്നേഹാമൃതമാധുര്യം നീയാണാദ്യം
നിസ്വനാമെന്നെയാസ്വദിപ്പിച്ചതീ പ്രപഞ്ചത്തില്
-ചങ്ങമ്പുഴ

ഇവര്ക്കു സംസാരിക്കാന്, പരസ്പരം മനസ്സിലാക്കിക്കൊടുക്കാന് ഉള്ളതായിക്കഴിഞ്ഞല്ലോ ഈ വരികള്.. അവര്ക്കുവേണ്ടി മാത്രം എഴുതപ്പെട്ടവ. എന്താണിപ്പോ ചെയ്യേണ്ടേ ?

ലീലയുടെ വിതുമ്പലിനൊപ്പം ഒരു കവിത കൂടി പുറത്തുവന്നു.

സ്നേഹിച്ചുപോയി പരസ്പരം മാംസിക-
ദാഹമില്ലാതെ രണ്ടാത്മക്കളെന്തിനോ
ഏകാന്തതയില് കരളിന്റെ ചുണ്ടുകള്
മൂകാനുരാഗമടുത്തുപോയ് തങ്ങളില്
-വയലാര്

ഇതില് കൂടുതല് ഇനിയെന്തു വെളിപ്പെടാന്,

മനു പറയുന്നതാണിനി…

പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകും വഴി വേറെയാക്കിടാം
കഴിയുമവ മനസ്സ്വിമാര് മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാല്
-ആശാന്

ടീച്ചര് എന്നു പറഞ്ഞ് ആമിയെന്റെ കൈയ്യമര്ത്തി. ലീലയുടെ കരച്ചില് കേള്ക്കാനില്ല- നിശബ്ദയാണ്… അവളുടെ നിഴല് എനിക്കു കാണാം.. നിശ്ചലയാണ് മനുവിന്റെ മുഖത്തേക്ക് നോക്കുകയാണെന്ന് വ്യക്തം. അവളവന്റെ കാല്ക്കലേക്ക് ഇരുന്നു. കുട്ടികളെല്ലാപേരും എഴുന്നേറ്റു… അവരെ കൈ കൊണ്ട് വിലക്കി ഞാനും..
ടീച്ചര്,. !

എല്ലാം അതിശയകരമായ രീതിയില് പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു കുട്ട്യോളെ… വിങ്ങലിനി കുറഞ്ഞുകൊള്ളും, കാരണം ആ ഹൃദയം ഭൂമിയിലേറ്റം സുരക്ഷിതമായ കൈകളിലാണ്.. എനിക്കത്രയേ പറയാനായൊള്ളു..

vishnu.k45@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

twelve − eleven =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top