Montage

കഥ- ഒരു മൂക്കുത്തിയോർമ്മയ്ക്ക്

കഥ- ഒരു മൂക്കുത്തിയോർമ്മയ്ക്ക്

By Priyanka Vinod

ആറുമണിയുടെ അരണ്ടവെളിച്ചമേയുള്ളു മുറിക്കുള്ളിൽ.. ശെരിക്കും കാണുന്നില്ല.. മൂക്കിന്നറ്റം ചാമ്പങ്ങാനിറത്തിൽ അല്പം വീർത്തിട്ടുണ്ട്.. മുഖം വെട്ടിച്ചപ്പോ ഒരു വെളിച്ചസൂചി.. “ആഹാ.. രാവിലെ കണ്ണാടിക്കുമുന്നിൽ കസർത്തുതുടങ്ങിയോ.. ഒരോരോ വട്ടുകൾ.. ഒരു ചായകിട്ടാൻ ഞാനിനിയെന്തഭ്യാസം കാണിക്കണം.?”
ഇന്നലെ വൈകുന്നേരം സതീഷ്‌ വന്നുകയറിയപ്പോഴേ, അതുവരെയുള്ള അവതരണയൊരുക്കങ്ങളെയെല്ലാം വെള്ളത്തിലാക്കി നിധി ബോംബുപൊട്ടിച്ചു.. “അച്ഛേ.. അമ്മേടെ മൂക്കുത്തി കണ്ടോ..? Now she exactly look alike Pattathi paatti.. “അടുത്ത ഫ്ളാറ്റിലെ വൃത്തിപ്പാട്ടി എന്നുകൂടി വിളിപ്പേരുള്ള കാദംബരിയമ്മാളിനെ പോലാണ് ഞാനെന്നവൾ അവൾ പ്രസ്താവിച്ചു കഴിഞ്ഞു..
“നിനക്കെന്താ അനൂ..? നിന്നോട് ഞാൻ പറഞ്ഞതല്ലേ മൂക്ക് തുളച്ചു വൃത്തികേടാക്കരുതെന്ന്.. ഇത് വല്യ ഭംഗിയാണെന്നാണോ വിചാരം ? അതെങ്ങനെ.. മറ്റുള്ളോരെന്തെകിലും പറഞ്ഞാൽ അനുസരിക്കുന്ന സ്വഭാവമില്ലല്ലോ..
സതീഷിന്റെ വിചാരണയ്ക്ക് നിന്നുകൊടുക്കാതെ അടുക്കളത്തിരക്കിലേക്കു രക്ഷപ്പെട്ടൂർന്നുപോയി..
നിധിയെ സ്കൂളിൽ വിട്ടു, സതീഷിനെ ഓഫീസിലേക്കയച്ചു, വണ്ടിയെടുത്തിറങ്ങി.. തേക്കിലകൾ വീണുകിടക്കുന്ന മുറ്റത്തേക്കെത്തിയപ്പോഴേ കേട്ടു അകത്തൂന്ന് ചന്ദനമഴയിലെ അമൃതേടെ തേങ്ങൽ..പുന:സംപ്രേക്ഷണം കൂടി കീറിമുറിച്ചു കണ്ടാലെ അമ്മയ്ക്ക് മതിയാവുള്ളൂ..
“ഇന്നെന്താ നീ പോയില്ലേ അനൂ.. ?ആഹാ.. പറഞ്ഞതു കേൾക്കാതെ പോയി മൂക്കുകുത്തിയോ..? കാക്കാത്തിയെ പോലുണ്ട് കാണാൻ..
സതീഷിനിഷ്ടമല്ലെന്ന് നീതന്നല്ലെ പറഞ്ഞെ.. ? ചായ തരട്ടെ.. ?”
അമ്മയുടെ കലപിലപറച്ചിലിനെ കാറ്റിനുകൊടുത്തു അടുക്കളവാതിലിലൂടെ പുറത്തിറങ്ങി.. പാവൽ പന്തലിനു മണ്ണൊതിക്കിക്കൊണ്ട് നില്പ്പുണ്ട് അച്ഛൻ.. വിയർപ്പു തുടച്ചു നിവർന്നുനോക്കി.. അടുത്തേക്ക് ചെന്നു.. മുഖത്തേക്ക് സൂക്ഷിച്ചൊന്നുനോക്കി.. അച്ഛൻ ചിരിച്ചു.. ഇരുപതു വർഷം മുൻപ് അച്ഛന്റെ നാട്ടിലെ ഓണംകൂടാൻ ചെന്ന പത്തുവയസുകാരിയെ, എന്റെ മോളാണെന്നു പരിചയപ്പെടുത്തി ഒരു മൂക്കുത്തിച്ചിരിയുടെ മുന്നിലേക്ക്‌ നീക്കിനിർത്തിയപ്പോ കണ്ട അതേ നിലാച്ചിരി.. അത് അച്ഛന്റെ കൂട്ടുകാരിയായിരുന്നുവെന്ന് വളർച്ചയുടെ പല പടവുകളിൽ നാട്ടിലേക്കുള്ള അവധിക്കാലയാത്രകളിൽ അറിഞ്ഞു.. എന്തോ കാരണങ്ങളാൽ വഴിപിരിഞ്ഞുപോയവർ.. അത്രേം ഭംഗിയുള്ള ചിരി പിന്നൊരിക്കലും ഞാൻ അഛനിൽ കണ്ടിട്ടില്ല.. ആ നക്ഷത്രമൂക്കുത്തിതിളക്കം മനസ്സീന്നുപോയില്ല.. അച്ഛന്റെ ചിരിതിളക്കവും..
“വേദനയുണ്ടോ അനൂ.. ?” ഇല്ലാന്ന് തലയാട്ടി.. ഇത്രേ വേണ്ടിയിരുന്നുള്ളു.. എനിക്കും എന്റെ മൂക്കുത്തിക്കും..

priyankavinod0364@gmail.com

2

2 thoughts on “കഥ- ഒരു മൂക്കുത്തിയോർമ്മയ്ക്ക്”

  1. നന്ദി.. എഴുത്തുമേശയിലേക്കു തിരിച്ചു പോകാനൊരു തുടക്കം..

Leave a Reply

Your email address will not be published. Required fields are marked *

thirteen − two =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top