Montage

കഥ- നിരഞ്ജൻ എന്ന ക്ലിഷേ

കഥ- നിരഞ്ജൻ എന്ന ക്ലിഷേ

By രതീഷ് രാജു എം ആർ

പ്രിയപ്പെട്ട നിരഞ്ജൻ…..
കുറച്ചുദിവസങ്ങളായി നിന്റെ ഓർമ്മകൾ അനുവാദം ചോദിക്കാതെ എന്നിലേക്ക്‌ കടന്നുവരുകയും ഞാന്‍ പോലും അറിയാതെയിറങ്ങി പോവുകയും ചെയ്യുന്നു..
നിന്നെ പോലെ..!!
ഞാന്‍ കണ്ടു മറന്നതോ വായിച്ചു തീർത്തതോആയ കഥകളിലേ ഏതോ കഥാപാത്രത്തിൻെറ എനിക്കേറെ ഇഷ്ടമുള്ള പേര് ” നിരഞ്ജൻ”. പക്ഷേ മറ്റു പലരേയും പോലെ നിനക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു നിന്റെ പേര് .. ഞാന്‍ പലതവണ ചോദിച്ചിട്ടും നിനക്കാ ഇഷ്ടക്കേടിൻെറ കാരണം അറിയില്ലായിരുന്നു..
നിന്റെ ഇഷ്ടങ്ങളും സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം അല്ലെങ്കിലും എപ്പോഴും കാരണങ്ങള്‍ ഇല്ലാത്തവയായിരുന്നല്ലോ.
നീ പറഞ്ഞിട്ടില്ലേ എന്നോട് ‘ വിവാഹം കഴിച്ച് , നിനക്ക് നല്ലൊരു ജീവിതം ഉണ്ടാകുമ്പോൾ ഞാന്‍ നിന്നെ മറന്നോളും’ എന്ന് ,പക്ഷേ എന്റെ എല്ലാ സന്തോഷങ്ങളിലും ഞാന്‍ അറിയാതെ ഓർമ്മിച്ചത് നിന്നെ മാത്രമാണ് നിരഞ്ജൻ. എനിക്കും ആനന്ദിനും ആദ്യത്തെ കുട്ടി ഉണ്ടായപ്പോൾ എന്റെ ഇഷ്ടത്തിനാണ് ഞങ്ങള്‍ അവള്‍ക്ക് ” നിരഞ്ജന” എന്ന പേരിട്ടത്.
പക്ഷേ ഏഴ് മാസങ്ങള്‍ക്കുശേഷം സന്തോഷത്തിൻെറ കൊടുമുടിയിൽ നിന്നും സങ്കടകടലിലേയ്ക്ക് എത്തിച്ചു ദൈവം ഞങ്ങളെ. നിന്നെ പോലെ നിന്റെ ആ പേരും ഭാഗ്യം ഇല്ലാത്ത ഒന്നാണെന്ന് എനിക്ക് തോന്നുന്നു. അവളുടെ മരണത്തിനു ശേഷം ഞാന്‍ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചു നിന്നെ… പക്ഷേ എവിടെ ചെന്ന് തിരയാൻ ആരോടു ചോദിക്കാന്‍ .- നീ പണ്ട് പറഞ്ഞതുപോലെ ” ആൾക്കൂട്ടത്തിൽ നാം അറിയാതെ തിരയുന്നത്, യാത്ര പറയാതെ പോയ ആരെയാണെന്ന് ” എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അത് നിന്നെയാണെന്ന് പ്രിയപ്പെട്ട നിരഞ്ജൻ.., എനിക്കറിയില്ല അതെന്തിനാണെന്ന് , എങ്കിലും.
നിനക്ക് ഓർമ്മയുണ്ടാവും എനിക്ക് ആദ്യമായും അവസാനമായും നീ പിറന്നാള്‍ സമ്മാനം തന്നത് എന്താണെന്ന്… ഇപ്പോഴും എന്റെ ഷെൽഫിൽ അതുണ്ട് നിരഞ്ജൻ.. ” ancient promises ” എന്ന പുസ്തകം.

ഈ കത്ത് മറ്റാരെങ്കിലും വായിക്കുകയാണെങ്കിൽ തെറ്റിദ്ധരിക്കും ഞാന്‍ ഒരു നിരാശകാമുകി ആണെന്ന്…
എനിക്ക് പൊട്ടി ചിരിക്കാന്‍ തോന്നുന്നു നിരഞ്ജൻ ആ ” നിരാശകാമുകി” എന്ന വാക്കു കേൾക്കുമ്പോൾ.
എനിക്ക് ഒരിക്കലും നിരാശ തോന്നിയിട്ടില്ല നിന്റെ കാര്യത്തില്‍…
അല്ലെങ്കിലും നിന്നെ സ്നേഹിക്കാൻ മാത്രമേ കൊള്ളൂ ഒന്നിച്ചു ജീവിക്കാന്‍ നിന്നെ കൊള്ളില്ല എന്ന് മറ്റാരെക്കാൾ എനിക്ക് നന്നായി അറിയാമായിരുന്നു. ഞാന്‍ ഇഷ്ടപ്പെട്ടത് സ്നേഹിച്ചത് ഒരിക്കലും നിന്നെ അല്ല നിരഞ്ജൻ,
നിന്റെ ഭ്രാന്തുകളെയാണ് … നീ ഒരിക്കലും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത നിന്റെ മാത്രം ഭ്രാന്തുകളെ.. നിന്നെപ്പോലെ ഒരു വട്ടനെ എനിക്ക് ഇഷ്ടമായിരുന്നു പക്ഷേ എനിക്ക് നിന്നെ ഒരിക്കലും വിശ്വാസം ഇല്ലായിരുന്നു, അതാണ് സത്യം.
നീ സഞ്ചരിച്ച വഴികൾഎല്ലാം അവസാനം എത്തിചേർന്നത് നിന്റെ ഭ്രാന്തുകളുടെ താഴ് വരകളിൽ ആയിരുന്നു.
അടുത്ത തവണ എവിടെയോ നീലകുറിഞ്ഞികൾ പൂക്കുമ്പോൾ എന്നെയും കൊണ്ടുപോകാം എന്ന് നീ പറഞ്ഞത് … ഈ കത്ത് കിട്ടുമ്പോൾ നീ വീണ്ടും ഓർമ്മിക്കും എനിക്കറിയാം.
ഞാന്‍ ഇതില്‍ അനാവശ്യമായി ഒരുപാട് തവണ നിന്റെ പേര് വിളിച്ചു .. വായിക്കുമ്പോള്‍ നിനക്ക് ദേഷ്യം വരും എനിക്കറിയാം എങ്കിലും പ്രിയപ്പെട്ട നിരഞ്ജൻ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്‌ നിന്റെ പേര്.. അതുകൊണ്ട് മാത്രം.
എന്റെ ഉള്ളില്‍ മുളച്ച നീ എന്ന വൻമരത്തെ ഞാന്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട് .. എന്റെ ഹൃദയത്തില്‍ …
“ഒരിക്കലും വളരാതെ അനുദിനം മുരടിച്ചു മുരടിച്ചു ഇല്ലാണ്ടാവുന്ന ഒരു ബോൺസായിപോലെ”

ഞാന്‍ ഈ കത്ത് അവസാനിപ്പിക്കുകയാണ് നിരഞ്ജൻ ….
അവസാനമായി നിന്റെ വാക്കുകള്‍ കടമെടുക്കാം നിന്നെക്കുറിച്ചു പറയാന്‍… ” നീ ഒരു ക്ലിഷേയാണ് അടുത്ത ജന്മത്തിൽ കണ്ടുമുട്ടാം എന്ന് പറയുന്ന ഭംഗിയുള്ള നുണപോലൊന്ന്”.
നീ എന്റെ ഒരുതോന്നൽ മാത്രമായിരുന്നെങ്കിൽ എന്ന് ഞാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ല…
ഈ കത്ത് ഞാന്‍ പോസ്റ്റ് ചെയ്യുന്നത് നീ അവസാനം എത്തിച്ചേരും എന്ന് എന്നോട് പറഞ്ഞ ഹിമാലയത്തിനോട് ചേര്‍ന്ന് കിടക്കുന്ന കുമയൂൺ താഴ് വരയിലെ ഒരു വിലാസത്തിൽ ആണ് . ഞാന്‍ എന്റെ വിലാസം ഇതില്‍ എഴുതാത്തത് ഇത് ഒരിക്കലും മടങ്ങിവരരുത് എന്ന് എനിക്ക് നിർബന്ധം ഉള്ളതുകൊണ്ടാണ്. !!
നിനക്ക് ഇത് ഒരിക്കലും കിട്ടില്ല എന്ന് എനിക്കറിയാം , പക്ഷേ പ്രിയപ്പെട്ട നിരഞ്ജൻ എനിക്ക് ഇതുമാത്രമേ ഉള്ളൂ നിനക്കു നൽകുവാൻ…
മൂന്ന് വർഷങ്ങൾക്കുമുമ്പ് നീ ഈ ലോകത്തോട് വിടപറഞ്ഞു എന്ന സത്യം വിശ്വസിക്കാൻ എനിക്കൊരിക്കലും സാധിക്കില്ല… , അതുകൊണ്ടുതന്നെ ഈ വിലാസത്തിൽ നീ ഈ കത്ത് കൈപ്പറ്റാൻ കാത്തിരിപ്പുണ്ടാവും എന്ന് വിശ്വസിച്ചുകൊണ്ട്
നിന്റെ പ്രിയപ്പെട്ട
മായ.
To,
NIRANJAN
GOLU TEMPLE
ALAMORA DISTRICT
UTTARAKHAND

rmrkadumeni@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

five × 4 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top