Montage

കഥ- നോട്ടിക്കൽ മൈൽസ്

കഥ- നോട്ടിക്കൽ മൈൽസ്

By റോബിൻ ജോർജ്

ആഴക്കടലിനു നടുക്ക്, ആടുന്ന കപ്പലിലിരുന്നു വാവി കരഞ്ഞു.   കാമുകി അവളുടെ ചതിവറിയിച്ച കത്ത്  അവന്റെ കയ്യിൽ നിന്ന് വീണു നിലത്ത് കിടന്നിരുന്നു.  അവസാനം നങ്കൂരമിട്ട പോർട്ടിൽ നിന്നുമവൻ ആർത്തിയോടെ നെഞ്ചോടു ചേർത്ത കത്തായിരുന്നത്!

കപ്പലിന്റെ ഡക്കിൽ, വാവി വെള്ളത്തിലേക്ക് നോക്കി നിന്നു..നിമിഷങ്ങളോളം… കൊറിയൻ കൂട്ടുകാരൻ ലീജൻ വന്നു വിളിയ്ക്കുന്നത് വരെ!  ഒരു നിമിഷം കൂടി അവിടെ നിന്നിരുന്നുവെങ്കിൽ താൻ കടലിലേയ്ക്ക് കുതിച്ചേനെ എന്ന് ലീജനോടൊപ്പം എൻജിൻ റൂമിലേയ്ക്ക് നടക്കവേ ചിന്തിച്ച  വാവിയുടെ ശരീരം വിറച്ചു.

വർഷങ്ങൾ നടന്നും ഓടിയും പറന്നും കടന്നു പോയി.

കുവൈറ്റ് യുദ്ധം മൂർദ്ധന്യത്തിൽ!!

പ്രവാസികളെ നാട്ടിലെത്തിയ്ക്കാൻ കരയ്ക്കടുത്ത കപ്പലിൽ പ്രാണൻ വാരിപ്പിടിച്ചു കയറിയവരുടെ കൂട്ടത്തിൽ അവശയായ ഒരു സ്ത്രീയുണ്ടായിരുന്നു. കൂടെ അവളുടെ ഭർത്താവും 5-6 വയസ്സ് പ്രായം തോന്നിയ്ക്കുന്ന അവരുടെ  കുഞ്ഞും.

യാത്രയിലുടനീളം ഭക്ഷണത്തിനും ശുദ്ധ ജലത്തിനും ബുദ്ധിമുട്ടുണ്ടായി . കപ്പലിൽ കയറിപ്പറ്റിയവരുടെ എണ്ണം നിയന്ത്രിയ്ക്കുവാൻ പ്രായോഗികമായി നേരിട്ട ബുദ്ധിമുട്ടായിരുന്നു കാരണം. ഡെക്കിൽ  കിടന്നിരുന്ന ജനങ്ങളുടെ ഇടയിലൂടെ കടന്നു വന്ന നാവികൻ,  ഭർത്താവിനും കുഞ്ഞിനുമൊപ്പം അവശയായി ഇരുന്ന  സ്ത്രീയുടെ അടുത്തെത്തി. തന്റെ കയ്യിൽ കരുതിയിരുന്ന കുടിവെള്ളം അയാൾ അവരുടെ നേർക്ക് നീട്ടി. തലയുയർത്തി നോക്കിയ ആ സ്ത്രീയുടെ ഹൃദയം ഒന്നു പിടഞ്ഞു .  രണ്ട് തുള്ളി കണ്ണീരിനകമ്പടിയോടെ അവരാ വെള്ളം ഏറ്റു വാങ്ങി നെഞ്ചോടു ചേർത്തു .

ഡ്യൂട്ടി റൂമിലെത്തിയ  നാവികൻ, താനറിയാതെ നിറഞ്ഞ കണ്ണുകളിൽ  ദൂരക്കാഴ്ച മറയുന്നതറിഞ്ഞ് കണ്ണുകൾ തുടച്ചു.  ശേഷം ക്യാപ്റ്റൻ വാവി, മറൈൻ ട്രാഫിക് ചെക്ക് ചെയ്യുന്നതിനുള്ള നിർദ്ദേശം കീഴുദ്യോഗസ്ഥർക്കു കൊടുക്കുന്നതിനായി ഇന്റർകോം കയ്യിലെടുത്തു.  അറബിക്കടലിലൂടെ ആ കപ്പൽ ശാന്തമായി നീങ്ങിക്കൊണ്ടിരുന്നു!!

jonathanuae2004@gmail.com

2

2 thoughts on “കഥ- നോട്ടിക്കൽ മൈൽസ്”

Leave a Reply

Your email address will not be published. Required fields are marked *

eighteen + sixteen =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top