Montage

കഥ- പരിനീത

കഥ- പരിനീത

By Jyothi Jayakumar

മൂന്നാ‍മത്തെ നിരയിലെ ചുമരിനോടടുത്തുള്ള ബെഞ്ചിലാണ് പരിനീത ഇരിക്കുന്നത്. എല്ലാ ദിവസവും മുന്നിലുള്ളവർ പിന്നിലേക്കും, പിന്നിലുള്ളവര്‍ മുന്നിലേക്കും എന്ന ക്രമത്തില്‍ ഇരിപ്പിടങ്ങള്‍ മാറിക്കൊണ്ടിരിക്കുമെങ്കിലും പരിനീത എപ്പോഴും ചുമരിനോടു അടുത്തായിരിക്കും.

എട്ടാം ക്ലാസ്സില്‍ പതിമൂന്നും പതിനാലും വയസ്സുള്ള ആൺകുട്ടികളും പെൺകുട്ടികളുമാണ്. ആൺകുട്ടികളില്‍ നിന്നും പെൺകുട്ടികള്‍ വളരെ വ്യത്യസ്ഥരാണ്. ആൺകുട്ടികള്‍ മിക്കവാറും ഒരേ ചിന്താഗതിക്കാരാണ്. പുതിയതായി മാർക്കറ്റിൽ വന്ന വീഡിയോ ഗെയിമുകളും ക്രിക്ക്റ്റുമൊക്കെയാണ് അവരുടെ ഇഷ്ടവിഷയങ്ങള്‍. അതില്‍ മുഴുകി ഇരിക്കാനാണ് അവർക്കു താല്പര്യം.

പക്ഷേ പെൺകുട്ടികള്‍ അങ്ങനെയല്ല. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളാണ്,ചിന്തകളാണ്. അതവരുടെ കണ്ണുകളിലും മുഖത്തും നിഴലിച്ചു നില്ക്കും .ബുദ്ധിയും,ഓജസ്സും ദീപ്തമാക്കുന്ന മുഖമുള്ള ഒരു കൂട്ടരുണ്ട്.കണ്ണുകള്‍ എപ്പോഴും പ്രകാശം ചൊരിഞ്ഞു കൊണ്ടേയിരിക്കും.കഴുത്തിന്റെ രണ്ടു സൈഡിലായി റബ്ബർ ബാന്റിട്ടു ഉറപ്പിച്ച മുടിയിഴകള്‍ ഒരേ താളത്തില്‍ മേലോട്ടും കീഴോട്ടും ആടികൊണ്ടിരിക്കും. ഇതില്‍ നിന്നു വ്യത്യസ്ഥമായി,എപ്പോഴും ഒരു ഗൂഢസ്മിതം ഒളിപ്പിച്ചു വെച്ച മുഖഭാവത്തോടു കൂടിയ മറ്റൊരു കൂട്ടരുണ്ട്. അദ്ധ്യാപകരുടെ നോട്ടപുള്ളികള്‍. പക്ഷേ, അദ്ധ്യാപകരുടെ നോട്ടങ്ങളൊന്നും അവർ വകവെക്കാറില്ല. ഞങ്ങള്‍ കൊച്ചു കുഞ്ഞുങ്ങളൊന്നുമല്ല, എല്ലാം ഞങ്ങൾക്കറിയാം എന്നൊരു ഭാ‍വം. പ്രായത്തിനു ചേരാത്ത അംഗചലനങ്ങളും ഭാവങ്ങളുമായി ഒരേസമയം ക്ലാസ്സ് റൂമിനകത്തും പുറത്തും അവര്‍ വിഹരിക്കും. അധികം സംസാരിക്കാത്തവരാണ് വേറൊരു കൂട്ടർ .ഒന്നിനും ഇല്ല.ഒതുങ്ങി കൂടി, ചോദിക്കുന്നതിനെല്ലാം ഒന്നോ രണ്ടോ വാക്കുകളില്‍ ഉത്തരം ഒതുക്കുന്നുവര്‍.

പക്ഷേ,പരിനീത ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥയായിരുന്നു.ആദ്യദിനം മുതലേ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു.അസാമാന്യമായി വിടർ
ന്ന കണ്ണുകളും,ചടുലമായ നോട്ടങ്ങളും ആരേയും കൂസാത്ത പെരുമാറ്റരീതികളും അവളെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിർത്തി. പക്ഷേ, ഒന്നോ രണ്ടോ പ്രാവശ്യം ഞാനവളോട് നീ കുറച്ചു ആദരവോടെ സംസാരിക്കണം എന്നു പറഞ്ഞിട്ടുണ്ട്.അതവള്‍ മുഖവിലക്കെടുത്തിട്ടില്ല എന്നെനിക്കു മനസ്സിലാകുകയും ചെയ്തു. എനിക്കതില്‍ കുറച്ചു നീരസവും തോന്നി.സാധാരണ ഞാന്‍ പറയുന്നതെല്ലാം കുട്ടികള്‍ അനുസരിക്കാറുണ്ട്. ഞാന്‍ കുട്ടികൾക്കെല്ലാം സമ്മതയായൊരു ടീച്ചർ ആണെന്ന എന്റെ സ്വയബോധത്തെയാണ് പരിനീത കാറ്റില്‍ പറത്തിയത്.എങ്കിലും എനിക്കവളോട് എന്തോ ഒരടുപ്പം തോന്നിയിരുന്നു,തിരിച്ചവൾക്കും ഉണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ചില നേരങ്ങളില്‍ അവളുടെ പെരുമാറ്റങ്ങള്‍ എന്നെ അസ്വസ്ഥയുമാക്കിയിരുന്നു.

അപ്പോഴാണ് സ്റ്റാഫ് റൂമില്‍ നിന്നും ഞാനാ വിവരം അറിഞ്ഞത്. പരിനീത ഒരു നോർമല്‍ ആയ കുട്ടിയല്ലത്രെ. ചെറിയൊരു മാനസിക വൈകല്യം അവൾക്കുണ്ടെന്ന്. പക്ഷേ അതംഗീകരിക്കാന്‍ അവളുടെ മാതാപിതാക്കള്‍ തയ്യാറുമല്ല. ഇതറിഞ്ഞതു മുതല്‍ അവളെ ഞാന്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങി.അവളില്‍ ഒരിക്കല്‍ പോലും ഒരു താളഭ്രമം എനിക്കു തോന്നിയില്ല. അവള്‍ എനിക്കു മുന്നില്‍ പ്രകാശത്തിനു നേരേ വെമ്പലോടെ തല നീട്ടി,വിടർന്നു നിൽക്കുന്ന ഒരു സൂര്യകാന്തി പൂവായിരുന്നു.

ഒരു വെള്ളിയാഴ്ച്ച.. അവസാന പിരിയഡിൽ കുട്ടികള്‍ കെമിസ്റ്റ്രിയിലെ രാസസമവാക്യങ്ങള്‍ സമതുലനം ചെയ്യുന്ന തിരക്കിലായിരുന്നു.ടെക്സ്റ്റ് ബുക്കിലെ ചോദ്യങ്ങളിലൂടെ കണ്ണോടിച്ചുകൊണ്ടിരുന്ന ഞാന്‍ യാദൃശ്ചികമായാണ് പരിനീത എഴുന്നേറ്റ് നില്ക്കുന്നതു കണ്ടത്.അവള്‍ വെറുതെ നില്ക്കുകയായിരുന്നില്ല. ആഹ്ലാദം തുളുമ്പുന്ന മുഖത്തോടെ,ഏതോ മനോഹരമായ ചിന്തയില്‍ ഊഴ്ന്നിറങ്ങി,വിടർന്ന കണ്ണുകളില്‍ ഒരു സ്വപ്നസാമ്രാജ്യത്തിനെ മുഴുവന്‍ തുറന്നു വിട്ട്, ആരും കേൾക്കാത്തൊരു പാട്ടിന്റെ താളത്തിനൊപ്പിച്ച പോലെ രണ്ടു വശത്തേക്കും തലയും അവളുടെ ശരീരവും ചലിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഏതോ ഒരു താളം അവളെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന പോലെ. തെല്ലത്ഭുതത്തോടെ അവളെ നോക്കി നില്ക്കുന്ന എന്നെ കണ്ട മാത്രയില്‍ അവള്‍ ഒന്നും സംഭവിക്കാത്ത പോലെ ഇരുന്ന് തുറന്നു വെച്ചിരുന്ന പുസ്തകത്തില്‍ എഴുതാന്‍ തുടങ്ങി. കുറച്ചു സമയത്തിന് ശേഷം വീണ്ടും അവള്‍ എഴുന്നേറ്റ് നിന്നു വീണ്ടും തലയും ശരീരവും ചലിപ്പിക്കാന്‍ തുടങ്ങി.ആരും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനവളെ അരികിലേക്കു വിളിച്ചു. അടുത്തേക്കു വരാന്‍ അവള്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതവള്‍ മുഖഭാ‍വം കൊണ്ട് പ്രകടമാക്കുകയും ചെയ്തു.പക്ഷേ ഒരദ്ധ്യാപികയുടെ എല്ലാ അധികാരങ്ങളോടും കൂടിയുള്ള എന്റെ വിളിയില്‍ അവള്‍ വരാന്‍ നിർബന്ധിതയാകുകയായിരുന്നു.

നീയവിടെ എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിനു വളരെ പരുഷമായൊരു സ്വരത്തില്‍ ഒന്നും ചെയ്യുകയായിരുന്നില്ല എന്ന മറുപടിയാണ് അവള്‍ തന്നത്. ‘പരിനീത,നിനക്കറിയാമോ, നീയെനിക്കു മകളെപ്പോലെയാണ്. നിന്നേക്കാള്‍ വലിയൊരു മകന്‍ എനിക്കുണ്ട്.’ കണ്ണുകള്‍ വിടർത്തി അവള്‍ പെട്ടെന്നു ചോദിച്ചു,’വലിയ മകനാണോ,പത്താം ക്ലാസ്സിലാണോ ..’ അതെ എന്നു ഞാന്‍ വെറുതെ പറഞ്ഞു.
എന്നിട്ട് അദ്ധ്യാപികയുടെ ഭാവങ്ങളെല്ലാം വലിച്ചെറിഞ്ഞ് ഒരമ്മയെ പോലെ ഞാന്‍ എന്റെ ചോദ്യമാവർത്തിച്ചു. ‘ നീയെന്തു ചെയ്യുകയായിരുന്നു.ഞാന്‍ കണ്ടല്ലൊ നീ തലയാട്ടി ആടികൊണ്ടു നില്ക്കുന്നത്.അങ്ങനെ ചെയ്യുമ്പോള്‍ നിനക്കെന്താണു തോന്നിയത്…’ ഒന്നു രണ്ടു നിമിഷം അവളൊന്നും മിണ്ടിയില്ല..പിന്നെ ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തില്‍ അവളുടെ മുഖം കസേരയില്‍ ഇരിക്കുകയായിരുന്ന എന്റെ മുഖത്തോട് ചേർത്ത് അവള്‍ പറഞ്ഞു, എനിക്കു അങ്ങനെ ചെയ്യുന്നത് ഒരുപാടിഷ്ടമാണ്.

പെട്ടെന്നു എന്റെ മനസ്സ് ആർദ്രമായി.ഞാന്‍ ഉരുകി ഒലിച്ചുകൊണ്ടിരിക്കുകയാണെന്നെനിക്കു തോന്നി.എനിക്കു ചുറ്റും ഒരു മഞ്ഞുമലതന്നെ പ്രളയമാകാന്‍ കാത്തുനിന്നു. അപേക്ഷിക്കുന്ന പോലെ അവളോട് ഞാ‍ന്‍ ആരാഞ്ഞു, നിന്റെ ആ ഒരുപാടിഷ്ടത്തിലെ ഒരിഷ്ടം എന്നോടു പറയാമോ.അതിനു അവളില്‍ നിന്നൊരു മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ല.

പക്ഷേ എന്റെ ചെവിയില്‍ ചുണ്ടുകള്‍ ചേർത്ത് , മന്ത്രിക്കുന്ന പോലെ അവള്‍ പറഞ്ഞു,‘ഒന്നെന്നു പറയാനില്ല,എല്ലാം എനിക്കിഷ്ടമാണ്..എല്ലാം’.

jayakumar.jyothi@gmail.com
4

4 thoughts on “കഥ- പരിനീത”

  1. തീർച്ചയായും കഥ നന്നായി ഇരിക്കുന്നു. എനിക്ക് ഇഷ്ടാമായി

  2. എല്ലാം ഇഷ്ടപെടുന്ന പരിനിത. ഇഷ്ടമായി. He says – അറിവ് ഉള്ളവന്റെ പേനക്ക് മഷി ഉണ്ടെങ്കിൽ അതിനു ഒരു ത്യാഗിയുടെ രക്തേത്തേക്കാൾ വിലയുണ്ടായിരിക്കും”. അഭിനന്ദനങ്ങൾ

  3. എന്നത്തേയും പോലെ ഇപ്പോളും പറയുന്നു ഇനിയും എഴുതൂ …. ഇളം നീല കർട്ടനുകൾ ഇട്ട ആ വലിയ വീട്ടിൽ നടന്ന കഥ എഴുതിയ ആ notebook ഞാൻ ഇപ്പോഴും അന്വേഷിച്ചു നടക്കുകയാണ് .. നീ എഴുതിയ ആ വലിയ കഥ . ഇനി ഒരാശ്വാസം ഉണ്ട് . എഴുതിയ കഥകളൊക്കെ internet സൂക്ഷിച്ചോളും . പരിനീ ത എന്ന പേര് പോലെ തന്നെ മധുരതരമായ ഒരു കഥ . നന്നായിട്ടുണ്ട് ,as always

  4. നന്നായി തോന്നി. വായിച്ചു തുടങ്ങുമ്പോൾ മുഴുവനും വായിച്ചു നോക്കാൻ ഒരു പ്രേരണ തീർച്ചയായും ഉണ്ട്. അത് ജ്യോതി എന്റെ സഹപാഠി ആയിരുന്നത് കൊണ്ടല്ല. കുട്ടി അധ്യാപികയുടെ മുഖത്തു മുഖം ചേർത്തു വച്ചു എന്നു വായിച്ചപ്പോൾ എന്തോ ഒരു വേദന. പറയാൻ പറ്റാത്ത പലതും ആ കുഞ്ഞു മനസിൽ വിങ്ങലായി അവശേഷിക്കുന്നു എന്ന തോന്നൽ ഒരു നൊമ്പരമായി എന്റെ മനസിലും. ഞാൻ ഒരു അധ്യാപകൻ അല്ലെങ്കിലും, എനിയ്ക്ക് അറിയാം. I have come accross with these children.

    തീർച്ചയായും ഇത്തരം കുട്ടികളെ വിദ്യാലയങ്ങളിൽ കാണാം. എനിയ്ക്ക് ഉണ്ടായ ഒരു ചെറിയ സംഭവം ഓർത്തുപോയി. എന്നെ വളരെ ബഹുമാനം ഉള്ള കുട്ടി, സ്കൂളിൽ വച്ച കണ്ടാൽ ഓടി വന്നു നമസ്കാരം പറയുകയും കൈ തരികയും ചെയ്യുന്ന പയ്യൻ. മഴ കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു “തും ജാകെ ചാത്ത ലേക്കെ ആ” ഒട്ടും മടി കൂടാതെ അവൻ പറഞ്ഞു, “നഹി”, ഞാൻ വീണ്ടും ആവർത്തിച്ചു, “നഹി”.
    ആദ്യമെല്ലാം എന്നെ കാണുമ്പോൾ ഓടി മാറിയിരുന്ന anudhesh ഇങ്ങനെ പെരുമാറിയത് ഇപ്പോഴും എനിയ്ക്ക് ഉത്തരം കിട്ടാത്ത ചോദ്യം.

    നന്ദി ജ്യോതി.

Leave a Reply

Your email address will not be published. Required fields are marked *

five × 4 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top