Montage

കഥ- മഴപ്പാറ്റ

കഥ- മഴപ്പാറ്റ

By മുയ്യം രാജന്‍, Nagpur

ലൈറ്റ് ഓണ്‍ ചെയ്ത് അമ്മ പാലെടുക്കാന്‍ അടുക്കളയിലേക്ക് പോയപ്പോഴേക്കും ഇത്രയധികം ഈയാംപാറ്റകള്‍ എവിടെ നിന്നാണ് പറന്നു വന്നതെന്ന് ക്ലിന്റ് അതിശയിച്ചു.

ഒന്ന്, രണ്ട്, മൂന്ന്‌… അവന് ഇടയ്ക്ക് എണ്ണം പിഴച്ചു. പാറ്റകളുടെ ആക്കം  കണ്ണില്‍ പെരുകി.  എവിടെ നിന്നോ പാഞ്ഞെത്തിയ രണ്ട് പല്ലികള്‍ അവയെ പിന്തുടര്‍ന്ന്‍ ഒളിഞ്ഞും പതുങ്ങിയും ജാഗരൂകരായി. ചുമരിന്റെ മൂലയില്‍ ഒരു എട്ടുകാലി വലവീശാന്‍ തക്കം നോക്കി.

“ മോനെന്താ ഇങ്ങനെ തുറിച്ച് നോക്ക്ന്ന്‍…”

തലയ്ക്ക് മുകളിലെ ലൈറ്റിനു നേരെ അവനപ്പോള്‍ മെല്ലെ പുരികമുയർത്തി.

“ഈയാംപാറ്റകളാ…ഇവറ്റകള്‍ക്ക് നിമിഷനേരത്തെ ആയുസ്സേയുള്ളൂ മോനേ..”

പെട്ടെന്ന് അങ്ങനെ പറഞ്ഞു പോയതില്‍  പാതി നൊന്ത മുഖവുമായി  അമ്മ മകന് മുന്നില്‍ ക്ഷമാപണത്തിനായി ഉരുകി.

“മഴയുടെ മുന്നോടിയാ..അടുത്ത് തന്നെ മഴയെത്തും …”

മഴയായിരുന്നു ക്ലിന്റിന്റെ ദൌര്‍ബല്യം. തന്‍റെ പ്രായത്തിലുള്ള കുട്ടികളോടൊപ്പം കുളിര്‍മഴയില്‍ കൂത്താടാന്‍ ദുര്‍ബലമായ ആ മനസ്സ് കൊതിച്ചു.

ചൂടാറിയ പാല്‍ സ്പൂണ്‍ കൊണ്ട് വായിലേക്ക് അമ്മ മെല്ലെ പകര്‍ന്നു. രണ്ടു സ്പൂണ്‍ കഴിച്ചപ്പോഴേക്കും വയര്‍ വീര്‍ക്കുന്നത് മാതിരി. മതിയെന്നവന്‍ തലയനക്കി.

കറന്റ് പോയി.

“ക്ലാരക്കുഞ്ഞേ കറന്റ് കട്ടിന്റെ നേരമല്ലല്ലോയിത്…”

ഇരുളില്‍ അമ്മയുടെ ഒച്ച ഏതോ ഗുഹാമുഖത്ത്‌ നിന്നോണം ക്ലിന്റിന്റെ കാതിലലയടിച്ചു.

പ്ലസ് ടുവില്‍ പഠിക്കുന്ന ഇച്ചേച്ചി മോബൈല്‍ മിന്നിച്ച് ഓടിയെത്തി. അപ്പന്‍ ഈയിടെ പണി കേറി വരുമ്പം അര്‍ദ്ധരാത്രിയോടടുക്കുന്നു. ചികിത്സയുടെ ചെലവ് ഭാരിച്ചിരിക്കുന്നു. മയങ്ങുന്ന മകന്‍റെ നെറ്റിയില്‍ പതിയെ ചുംബിച്ചതിനുശേഷം  അപ്പനെന്നും നിർമമ നായി മടങ്ങുന്നു.

തൊണ്ട വല്ലാതെ വരണ്ടു. ഒരു സ്പൂണ്‍ പാല്‍ നുണഞ്ഞപ്പോഴേക്കും മതിയായി. സാരിത്തലപ്പ് കൊണ്ട് ചുണ്ടുകള്‍ അമ്മ ഒപ്പി.

ഇരുള്‍ മുറിയില്‍ കണ്ണുകളെ ചുഴറ്റി ഈയാംപാറ്റകളെ ക്ലിന്റ് വീണ്ടും പരതി. ക്രൂശിതനായ യേശുനാഥന്റെ ചിത്രത്തിന് മറവില്‍ ഒളിച്ചിരുന്ന പല്ലി അവശേഷിച്ച അവസാനത്തെ അത്താഴം അകത്താക്കാനുള്ള പടപ്പുറപ്പാടില്‍. പമ്മിയിരുന്ന്‍ ഏതു നേരവും  ചാടി വീണ് അക്രമിച്ചേക്കാവുന്ന ഒരു ഭീകര ജീവിയുടെ ചിത്രം ക്ലിന്റ് സ്വന്തം മനസ്സിന്റെ ക്യാന്‍വാസിലും അന്നേരം കോറിയിട്ടു.

“എന്താ മോനെ..ഇപ്പം വല്ലാത്ത വേദന തോന്നുന്നുണ്ടോ..”

നെറ്റിയില്‍ അമ്മയുടെ കരലാളനം. അവന് അല്പനേരത്തേക്ക് ലേശം ആശ്വാസം അനുഭവപ്പെട്ടു. ലൈറ്റ് വന്നപ്പോള്‍  ഇരുട്ടായിരുന്നു നല്ലതെന്നും.

ഉല്‍ക്കടമായ വേദന തല്‍ക്കാലം കടിച്ചമര്‍ത്തി. തനിക്ക് “ഒന്നുമില്ലെന്ന്‍” മനസ്സിനെ സാവകാശം പരുവപ്പെടുത്തി. എന്നിട്ട്, പ്രിയപ്പെട്ടവരുടെ മുഖത്ത് വിടരുന്ന സന്തോഷത്തിന്റെ അടരുകളെ അവസാനമായി ഒരുനോക്ക് കാണാന്‍ ക്ലിന്റ് അടയുന്ന കണ്ണുകളെ വളരെ ആയാസപ്പെട്ട്‌ വെളിച്ചത്തിലേക്ക്  എന്നെന്നേക്കുമായി തുറന്നു വെച്ചു.
muyyamrajan@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

five × 3 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top