Montage

കഥ- മഴയുടെ കാമുകൻ

കഥ- മഴയുടെ കാമുകൻ

By Vineeth Vijayan

“ആ, ഹലോ. ഞാനാണ്. ഉം,ഞാനിപ്പോൾ ഗുരുവായൂർ സ്റ്റേഷനിൽ ഉണ്ട്. ആ പോലീസ് സ്റ്റേഷൻ തന്നെ. എന്നേം ഒരുവളേം കൂടി പോലീസ് പിടിച്ചു. അല്ല. ലോഡ്ജിൽ നിന്ന്. നീ വേഗം ഇങ്ങോട്ട് വരണം.നിന്നെ അറിയാതിരിക്കിലല്ലോ. ഇറക്കണം. പേര് അറിയൂല. അല്ലെന്ന്,ഞാൻ ചോദിച്ചു .സാറിന് ഇഷ്ടമുള്ളത് വിളിച്ചോളാൻ പറഞ്ഞു. ഞാൻ അപ്പൊ മഴയെന്ന് വിളിച്ചു. ബൈക്ക് പോരാ. കാറ് വേണം. പിന്നെ അപ്പൊ മഴയോ. ആ എന്നെ മാത്രം ഇറക്കാനായി നീ വരണ്ട. ശരി. ഞാൻ വെക്കാണ്.”

ഹോ! മാന്യൻ…

“ടാ ഞാനാ. ഞാനിപ്പോ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ ഉണ്ട്. ഒരു പെണ്ണും ഉണ്ട്. അത് മഴ.ആ അതെ.ഞാനിട്ട പേരാണ്. ലോഡ്ജിൽ നിന്ന്. നീ വാ. ഞങ്ങളെ ഇറക്കണം .ഉം. നീ അറിയുമെന്നെ. രമേശ് തന്നെ. ഓക്കേ. വേഗം വാ”

“വരും ഒരുത്തൻ.നമുക്ക് പോവാം.പേടിക്കണ്ട”

“എനിക്ക് പേടിയൊന്നുമില്ല സാറേ. ഇതൊക്കെ ശീലാണ് .സാറിനെ കുറിച്ചാലോചിക്കുമ്പോഴാണ്. സാറ് ആദ്യായിട്ടാകും ലേ.”

“ഹഹ. ഞാനോ .അല്ല .പക്ഷെ പെണ്ണിന്റെ ഒപ്പം ആദ്യമായിട്ടാണ്. എന്തായാലും അനുഭവം കൊള്ളാം ”

“വീട്ടിലാറിഞ്ഞാലോ സാറേ?”

“അതിന് ഞാൻ ഇവിടെ അല്ലേ .ഇപ്പോ അത് പൂട്ടി കിടക്കുന്ന കെട്ടിടം മാത്രം അല്ലേ. ഇനി ഞാൻ ചെന്നാലെ വീട് ആവൂ. അതോണ്ട് വീട്ടിൽ ഞാൻ ചെന്നാലെ അറിയൂ .”

“ഓ. അപ്പൊ ആരും ഇല്ലെന്ന്.”

“ആരും ഇല്ലെന്നോ. അപ്പൊ എനിക്ക് മഴ ഇല്ലേ?”

“സാറേ. കളിയാക്കാതെ.”

“ഏയ്. ഇപ്പോ എനിക്ക് മഴ ഇല്ലേ കൂടെ.ഇനി അവൻ വന്നാൽ അവനും ആയി .പോരേ?”

“ഉം.മതി. എന്നാലും”

“മഴക്ക് ആരാ ഉള്ളേ?”

“എനിക്കിപ്പോൾ സാർ ഉണ്ടല്ലോ. ഹഹ.”

“അതാണ്. അങ്ങിനെ പറ.ബുള്ളെറ്റിന്റെ സൗണ്ട് കേൾക്കുന്നുണ്ട്. അവനാകും. അവന്റെ ബുള്ളെറ്റിന് ഇതുപോലത്തെ സൗണ്ട് ആണ്”

****************************************

“നിനക്ക് നല്ല വല്ല ലോഡ്‌ജും എടുക്കാർന്നില്ലേ?. ഒരു കൂതറ സാധനത്തിൽ കൊണ്ട് പോയിരിക്കുന്നു.”

“ആ അല്ലേലേ നാല് കാലിൽ ആയിരുന്നു. പിന്നെ ആണ് ലോഡ്ജ് നോക്കി നടക്കണത്.”

“വാ പോകാം. അതിന് , നിന്റെ മഴക്ക് എന്തേലും കൊടുത്ത് വിട് . ഞാൻ വീട്ടിൽ ആക്കി തരാം.”

“എന്നെ മാത്രമല്ല. ഇത്ര നേരായില്ലേ. അവള് ഇനി എങ്ങിനെ ഒറ്റക്ക് പോകും. അവളേം ആക്കണം.”

“അവളൊക്കെ ഒറ്റക്ക് പോകാതിരിക്കോ.
ഈ നേരത്ത് ആകും അവര് ഇറങ്ങുന്നത് തന്നെ പഹയാ. നീ വന്നേ. അവളോട് പറഞ്ഞിട്ട് വാ. അതോ ഇനി കാര്യം നടത്തണോ?”

“ഞാൻ അവളോട് ചോദിക്കട്ടെ”

“ഉം . ചോയ്ക്ക്”

“മഴയെ ഞാൻ വീട്ടിൽ ആക്കി തരാം ഈ നേരമായില്ലേ?”

“സാറ് പോവാണോ.?”

“വേണ്ടേ?”

“വേണ്ട എന്നാണ് എനിക്ക്. കുറച്ച് കഴിഞ്ഞ് പോകാം. നമ്മുക്ക് എവിടേലും പോകാം. എന്നൊക്കെ”

“ഹഹ. ഞാൻ ഈ കാണുന്ന പൊക്കവും തടിയുമൊക്കെ ഉണ്ടെന്ന് ഉള്ളൂ. ആ കാര്യത്തിൽ ഒട്ടും കൊള്ളൂല്ല. അതാ അവള് തന്നെ എന്നെ ഇട്ടേച്ച് പോയത്.”

“എന്തോന്ന് സാറെ. അതിനല്ല. എന്തോ സാറിനോട് മിണ്ടാൻ തോന്നുന്നു. അതാ.”

“ആഹാ. എന്നാ കൊള്ളാം.
അതെനിക്കിഷ്ടായി. ഞാൻ അവനെ പറഞ്ഞ് വിട്ടിട്ട് വരാം.”

**************************************

“നമ്മള് എങ്ങോട്ട് നടക്കും?”

“സാറേ നമുക്ക് അമ്പലത്തിന്റെ അങ്ങോട്ട് നടന്നാലോ ?”

“എന്നാ അങ്ങനെ ആകാം. വാ”

“എന്നെ അറിയുന്നവർ ഉണ്ടാകും. സാറിന് പ്രശ്നമുണ്ടോ?”

“എനിക്കെന്ത് പ്രശ്നം?മഴക്ക് പ്രശ്നമുണ്ടോ?”

“എനിക്കില്ല. സാറ് എന്തിനാ മഴയെന്ന് വിളിച്ചേ?”

“അതോ. നിന്നെ ആദ്യം കണ്ടപ്പോൾ മഴ കൊണ്ട പോലെ നനഞ്ഞു ഞാൻ. പിന്നെ എന്തും വിളിച്ചോളാൻ പറഞ്ഞപ്പോൾ മഴ എന്ന് വിളിച്ചു ”

“സാറ് എന്തൊക്കെയോ പറയുന്നു. എഴുത്തുകാരൻ ആണല്ലേ?”

“ഞാനോ. ഞാൻ ഒന്നുമല്ല. ഞാൻ വെറും ഒരു ഞാൻ .എനിക്ക് തന്നെ അറിയില്ല ആരാണെന്ന് .”

“എനിക്കറിയാം”

“ആരാ?”

“സാറ് ബുദ്ധി കൂടി വട്ടായി പോയ ഒരാൾ. ഹഹ”

“ഹഹ അത് കലക്കി. വട്ട്. ശരിയാ. വട്ടൻ. കേട്ടിട്ടുണ്ട്”

“നമ്മുക്ക് ആ ഓഡിറ്റോറിയതിന്റെ അവിടെ ഇരിക്കാം?”

“ഇരിക്കാം. മഴ പറയുന്ന പോലെ. മഴയുടെ ഇഷ്ടം”

“എന്റെ ഇഷ്ടം? എനിക്ക് ഇഷ്ടമൊക്കെ ഉണ്ടോ. ആ..”

“എന്നെ ഇഷ്ടായോ മഴക്ക്?”

“ആയല്ലോ.”

“അപ്പൊ മഴക്കും ഇഷ്ടങ്ങൾ വന്ന് തുടങ്ങിയിലേ. അത് മതി ഇന്ന്, ഇപ്പൊ. ബാക്കി നാളെ അല്ലേ”

****************************************

“അവരെന്തിന് സാറിനെ വിട്ട് പോയേ?”

“അതോ. എനിക്ക് ഒന്നിനും സമയം ഉണ്ടായിരുന്നില്ല പെണ്ണെ. ഒന്നിനും. സ്നേഹിക്കാൻ , യാത്ര പോകാൻ, ഷോപ്പിംഗിനു പോകാൻ, സിനിമക്ക് പോകാൻ, കെട്ടിപിടിക്കാൻ, ഐ ലവ് യൂ പറയാൻ, തീയതികൾ ഓർത്ത് വെച്ച് വിഷ് ചെയ്യാൻ, ഇഷ്ടങ്ങൾ ചോദിയ്ക്കാൻ,നല്ലത് കണ്ടാൽ നല്ലത് എന്ന് പറയാൻ, സപ്പോർട്ട് ചെയ്യാൻ, ഒന്നിനും നേരം ഉണ്ടായില്ല. പിന്നെ ബെഡിലും നേരം ഉണ്ടായില്ല. ഇപ്പോ വേണ്ടുവോളം സമയം ഉണ്ട്. അതാണല്ലോ മഴ ചോദിച്ചപ്പോൾ കൂടെ വന്നത്.”

“ഉം.”

“പെണ്ണിന് വേണ്ട സ്‌നേഹം ,കരുതൽ ,സാമിപ്യം ഒന്നും കൊടുത്തില്ല. കുറെ പണം ഉണ്ടാക്കി. അവൾക്കല്ലെ എന്നൊക്കെ പറഞ്ഞിട്ട്. ഇപ്പോ അതും ഇല്ല കൈയിൽ. അതല്ലെ ഞാൻ മഴയോട് ആദ്യമേ പറഞ്ഞത് എന്റെൽ ഒന്നുമില്ല. മുറി വാടക പോലും മഴ കൊടുക്കണമെന്ന്. എന്നിട്ടും മഴ എന്തിനാ വന്നേ?”

“ഞാൻ , ഞാൻ സാറിന്റെ കണ്ണിൽ എന്നെ കണ്ടു സാറെ. കൊല്ലങ്ങൾക്ക് ശേഷം എന്നെ ഒരാളുടെ കണ്ണിൽ കണ്ടു. മുന്നേ കണ്ടിട്ടുണ്ട്. ഒറ്റ തവണ. പക്ഷെ അയാളാ ഇങ്ങനെ ആക്കിയതും.”

“അതെന്തേ മഴേ?”

“ബിസിനസ് ആവശ്യങ്ങൾക്കായി കൊണ്ട് നടന്ന് സാറെ. നാട്ടിലും പുറത്തും. എത്ര ഹോട്ടലുകൾ,വീടുകൾ. എന്നിട്ടോ! ബിസിനസ് പൊട്ടിയപ്പോൾ മൂപ്പര് തൂങ്ങി ചത്ത്. എല്ലാം കൊണ്ടോവണ്ടോര് കൊണ്ട് പോയി. ഇവിടെ തന്നെ ഒടുവിൽ തല ചായ്ക്കാൻ ഇടം തേടി വന്നത്. എന്തോ മരിക്കാൻ തോന്നുന്നില്ല സാറേ. അമ്മ ഉണ്ട് മൂപ്പരുടെ. വയ്യ. പിന്നെ വയ്യാത്ത ഒരു പെങ്ങളും. അങ്ങിനെ ഗുരുവായൂരപ്പൻ തന്നെ ഈ വഴി കാട്ടി തന്നത്. പിന്നെ എന്നെ കാണാൻ സൂപ്പർ അല്ലെ. അതോണ്ട് മാർക്കറ്റിൽ ആൾക്കാർക്ക് ക്ഷാമം ഇല്ല.ഹഹ”

“ഉം. അപ്പൊ ഗുരുവായൂരപ്പനോട് ആണ് നന്ദി ലെ.”

“പിന്നല്ലാതെ. പക്ഷെ ഞാൻ കേറൂല.”

“അതെന്ത്?”

“മൂപ്പർക്ക് ഇനി എന്തേലും തോന്നിട്ട് ഇറങ്ങി വരണ്ട . ഹഹ.”

“ഉം. അതും ശരിയാ. ഹഹ. തോന്നും. മഴ സുന്ദരിയാണ് . ഈ കണ്ണും ചിരിയും . എല്ലാം”

“ഹഹ. എല്ലാം എന്ന് പറയാൻ സാറ് വേറൊന്നും കണ്ടില്ലലോ. ”

“എല്ലാം ഞാൻ കണ്ടു. മഴ അറിഞ്ഞില്ലെന്നേ ഉള്ളൂ ”

“ഉം.ഞാൻ അറിയുന്നുണ്ട്.
എന്നെ സെക്യൂരിറ്റിക്കാര് കടത്തി വിടില്ല. അതാണ്. എന്നാ രാത്രി അവർക്ക് വരാണെന് കുഴപ്പമില്ല. മാന്യന്മാർ .”

“അതെ. അവര് മനുഷ്യർ അല്ലേ”

“അപ്പോ നമ്മളോ!!”

“നമ്മൾ ആണോ?”

“അല്ലേ??”

“അല്ല . നീ മഴ അല്ലേ”

“ഈ സാറ്. ഹും”

“എനിക്ക് വിശക്കുന്നു. പണ്ട് ചെറുതിൽ വരുമ്പോളൊക്കെ ഒരു മസാലദോശയും ഒരു വടയും കഴിക്കും ഇവിടുന്ന്. ഗുരുവായൂർ വരുന്നത് മസാല ദോശക്ക് വേണ്ടി വരുന്ന പോലെ ആയിരുന്നു. കഴിക്കാൻ തോന്നുന്നു.”

“വായോ. കഴിക്കാലോ.”

“അതിന് എന്റേൽ ഒന്നുമില്ല”

“എന്റേൽ ഉണ്ടല്ലോ. ഞാൻ വാങ്ങി തന്നാൽ കഴിക്കില്ലേ?”

“കഴിക്കും. ഭക്ഷണം അല്ലേ. മഴ വാങ്ങിയാലും കഴിക്കും. മഴ വാങ്ങിയാൽ ഭക്ഷണം ഭക്ഷണം ആകാതെ ആവോ. വിശപ്പ് മാറാതെ ഇരിക്കോ. പക്ഷെ മഴയുടെ കൈയിൽ വല്ലതും ഉണ്ടോ?”

“വാ സാറേ. എന്റേൽ ഉണ്ടെന്ന്. സാറ് വാ.”

“എന്നാ എനിക്ക് രണ്ട് വട വേണം.”

“രണ്ടോ മൂന്നോ വാങ്ങി തരും. സാറ് വാ.”

*****************************************

“ഇതാരാടി? നീയിപ്പോ ആളേം കൊണ്ട് ഹോട്ടലിൽ ഒക്കെ കേറി തുടങ്ങിയോ ?”

“ഇതോ, ഇത് മഴയുടെ കാമുകൻ. താൻ തന്റെ കാര്യം നോക്ക്.”

“ആ പറഞ്ഞത് എനിക്കിഷ്ടായി. മഴയുടെ കാമുകൻ. കൊള്ളാം. ശരിക്കും?”

“ഉം. സോറി സാറെ. ഞാൻ വെറുതെ.”

“എന്തിന് സോറി. എനിക്കിഷ്ടായി. സന്തോഷോം ഉള്ളൂ. മഴയുടെ കാമുകനാവാൻ. പക്ഷെ കാമുകി ഇങ്ങനെ അകന്ന് ഇരിക്കാതെ ചേർന്ന് ഇരിക്ക്.”

“അയ്യോ, വേണ്ട സാറെ. സാറിന് ഇനിം ഇവിടൊക്കെ വരേണ്ടി വരും. ആരേലൊക്കെ
കാണും.”

“അതിനെന്താ. ഇനിം വരുമ്പോൾ ഓർക്കാലോ ഇതൊക്കെ.”

“ഉം. എന്നാലും”

“ഇരിക്ക്. എന്നിട്ട് ഇതിൽ നിന്നും കഴിക്ക്.”

“അയ്യോ”

“എന്ത് അയ്യോ. ഞാൻ വായിൽ വെച്ച് തരണോ ഇനി?”

“അയ്യോ വേണ്ട. അല്ലേൽ വേണം.”

“ഉം. അങ്ങനെ പറ. വാ തുറന്നെ. അ ആ.”

“ഇനിം വേണം”

“ആവാലോ. അതിനെന്തിന് കാരയുന്നേ?”

“അത് പിന്നെ. വെറുതെ.”

“ഉം. കരയണ്ട . ഇത് ചിരിക്കാനുള്ള രാത്രിയാണ്.”

“ഉം. കരയുന്നില്ല.”

“ഉം. ചിരിക്ക്. ഇതൊക്കെ ചിരിച്ചോണ്ട് ചിരിച്ചോണ്ട് കഴിയാനുള്ള നിമിഷങ്ങളാണ്.”

“ഈ രാത്രി കഴിയതിരുന്നെങ്കിൽ.”

“കഴിയണം. എന്നാലേ ഈ രാത്രി ഈ രാത്രിയാകൂ മഴ”

“ഉം.”

**************************************

“ആറ് മണിയായി. പോവേണ്ടേ മഴേ?
ഓഡിറ്റോറിയത്തിൽ നമ്മൾ മാത്രം
ഉള്ളൂലോ”

“ഉം. നമ്മള് ഇനി കാണോ സാറേ?”

“കാണണോ?”

“വേണ്ട .അതെ വേണ്ട . പക്ഷെ ഇനി, ഞാൻ സാറിനോളം ആരേം ഇഷ്ടപ്പെടില്ലെന്ന് എന്നും ഓർക്കണം. പക്ഷെ സാറ് എന്നെ മറക്കും.”

“ഇല്ല. മഴ പെയുമ്പോളൊക്കെ ഓർക്കും.”

“എന്നും പെയ്യട്ടെ. ഹഹ.”

“ഇല്ലേലും ഓർക്കും. ഈ രാത്രി എങ്ങനെ മറക്കും. എന്റെ കാമുകി.”

*****************************************

“ബസ് ഇപ്പോ എടുക്കും. സാറ് പൊക്കോ. ചിരിച്ചോണ്ട്.”

“ഉം. ”

“ഞാൻ സാറിന് ഒന്നും തന്നില്ല.”

“വിശപ്പ് മാറ്റിയില്ലേ. കാമുകി ആയില്ലേ. ഞാനാ ഒന്നും തരാഞ്ഞത്.”

“സാറ് തന്നല്ലോ.”

“എന്ത്‌?”

“രണ്ട് കാതുകൾ. സമയം. പിന്നെ. ഒരു പേരും.
മഴ!!!.എനിക്ക് പേരുണ്ടായിരുന്നില്ല. എന്നോ പോയതായിരുന്നു എന്റെ പേര് .മറന്നു. ഇന്ന് എനിക്ക് പേരായി. മഴ!!!
പോയിക്കോ മഴയുടെ കാമുകാ. ഞാൻ കരയുന്നത് ഇനി കാണണ്ട”

cvineethvijayan@gmail.com

0

Leave a Reply

Your email address will not be published. Required fields are marked *

ten − 8 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top