Montage

കഥ- സംവരണവിവാഹം!

കഥ- സംവരണവിവാഹം!

By ലിജിഷ എ.ടി

ശ്യാമമേഘങ്ങൾ ചാലിച്ച് കണ്ണെഴുതണമെന്നും സന്ധ്യാകാശത്തിൽ നിന്നും കുങ്കുമം തൊട്ട് പൊട്ടിടണമെന്നും മോഹിച്ചിരുന്ന രാപ്പകലുകൾ മരണപ്പെടുകയും, അവയ്ക്കു മീതെ വെള്ളപ്പുതപ്പ് വീഴുകയും ചെയ്തിരിക്കുന്നു .! നിറകണ്ണുകളോടെ ജയലക്ഷ്മി ക്യാന്റീനിൽ നിന്നിറങ്ങി. ജയലക്ഷ്മി മിസിന്റേയും അർജുനൻ സാറിന്റേയും പ്രണയത്തിന്റെ വാമൊഴിക്കഥകൾക്ക് ക്യാമ്പസിൽ നാളെ മുതൽ സംഭവിക്കാനിടയുള്ള വൈവിധ്യങ്ങളോർത്ത് ജയലക്ഷ്മിയുടെ ഉള്ളം പിടഞ്ഞു. ഹാഫ് ലീവെടുത്ത് റോഡിലേക്കിറങ്ങിയപ്പോൾ പെട്ടന്നവൾക്ക് അമ്മ രാവിലെ പറഞ്ഞ കാര്യം ഓർമ വന്നു.
പുതുതായി വാങ്ങിയ മേശയിലിരുന്ന്, ഒരുമിച്ച് ചായ കുടിക്കുമ്പോൾ, ഇത്തിരി കൂടി തക്കാളിച്ചമ്മന്തി പാത്രത്തിലേക്കിട്ടു കൊടുത്ത് അമ്മ മടിച്ചു മടിച്ചാണ്പറഞ്ഞത്. ” എനിക്കൊരു സ്വർണവള വേണം ജയേ…” സ്വർണത്തിന്റെ പൊളിറ്റിക്സിനെക്കുറിച്ച് പറയാൻ എന്തോ ആ ചോദ്യം കേട്ടപ്പോൾ അവൾക്ക് തോന്നിയില്ല.
” വയസാംകാലത്തെ ഓരോ പൂതികളേയ് !” എന്നു പരിഹസിച്ചു കൊണ്ടിറങ്ങുകയാണ് ചെയ്തത്.
കോളേജു റോഡിൽ നിന്ന് മെയിൻ റോഡിലേക്കിറങ്ങി, ഒരു ചെറിയ ജ്വല്ലറിക്കട തിരഞ്ഞ് അവൾ നടന്നു. സീബ്രാലൈനിലൂടെ ക്രോസു ചെയ്യുമ്പോൾ, തനിക്കു കടന്നു പോകാൻ വേണ്ടി നിർത്തിയ കാർ ഓടിച്ചിരുന്നത് അർജുനന്റെ അമ്മയാണെന്ന് അവൾ കണ്ടു. കോളേജിലേക്കു പോവുകയാവണം. ഇന്ന് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ അലുമ്നിയാണ്. ലീവെടുത്ത് ഇറങ്ങിയത് നന്നായിയെന്ന് അവൾക്കു തോന്നി. അർജുനന്റെ അച്ഛൻ വില്ലേജോഫീസറായിരുന്നു. റിട്ടേർഡായി. അമ്മ ഇതേ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായിരുന്നു. രണ്ടു വർഷം മുൻപാണവർ റിട്ടേർഡായത്. അതേ വർഷം തന്നെയാണ് ജയലക്ഷ്മി സുവോളജി ഡിപ്പാർട്ട്മെന്റിൽ അസി: പ്രൊഫസറായി ജോയിൻ ചെയ്യുന്നത്. അർജുനൻ അതേ ഡിപ്പാർട്ട്മെന്റിൽ അവളേക്കാൾ ഒരു വർഷം സീനിയറായിരുന്നു അപ്പോൾ.
ഇന്ന് പതിവുപോലെ ചായ കുടിക്കാൻ പോകുമ്പോഴും അർജുനന്റെ മുഖത്ത് പതിവിനു വിപരീതമായൊന്നും ജയലക്ഷ്മി കണ്ടിരുന്നില്ല.പക്ഷേ സംഭാഷണം തുടങ്ങിയപ്പോൾ ജയലക്ഷ്മി ഞെട്ടിപ്പോയി. ” അസിസ്റ്റന്റ് പ്രൊഫസറാണെങ്കിലും സംവരണ സീറ്റിൽ കയറിയതാണ് അമ്മേടെ പ്രോബ്ലം ജയേ… അമ്മ സമ്മതിക്കുന്നേയില്ല.. അമ്മയെ വേദനിപ്പിക്കാൻ എനിക്കാവില്ല. ഒറ്റ മോനല്ലേ ഞാൻ … ” അർജുനന്റെ തൊണ്ടയിടറി. അഞ്ചാറുസെക്കന്റ് നേരത്തെ മരവിപ്പിനു ശേഷം അവൾ ശബ്ദം വീണ്ടെടുത്തു.” അമ്മയോട് ചോദിച്ചിട്ട് പ്രേമിച്ചാൽ പോരായിരുന്നോ നിനക്ക്..” ക്യാന്റീനിലെ ശാന്തേച്ചി അർജുനനുള്ള പാൽവെള്ളവും ജയലക്ഷ്മിക്കുള്ള കടുപ്പം കുറഞ്ഞ കട്ടൻചായയും മേശപ്പുറത്ത് വെച്ചിട്ട് പോയി.
“സോറി ജയേ. .സോറി… എന്തു വേണേലും പറഞ്ഞോളൂ ….” അയാൾ തല കുനിച്ചിരുന്നു. വീണ്ടും ജയലക്ഷ്മിക്ക് വാക്കുകൾ നഷ്ടപ്പെട്ടു. അഗ്നിപർവതം പോലെ പൊട്ടിത്തെറിച്ച് അയാളെ ഉരുക്കാൻ അവൾ മോഹിച്ചു. അയാൾക്കു മുന്നിലെ പാൽഗ്ലാസ് കണ്ടപ്പോൾ, അവൾ തണുത്തു. “അമ്മയിവിടെ ഏത് ഡിപ്പാർട്ട്മെന്റിന്റെ എച്ച്.ഒ.ഡി ആയിരുന്നു?” അവൾ ചോദിച്ചു.
” ഹിസ്റ്ററി ” അവന്റെ ശബ്ദം തണുത്തിരുന്നു.
“റിട്ടേർഡായി വീട്ടിലിരിപ്പല്ലേ, ചരിത്രം ഒന്നൂടി വായിച്ച് പഠിക്കാൻ പറയൂ അമ്മയോട് .” എന്നു പറഞ്ഞിട്ടാണവൾ ക്യാന്റീനിൽ നിന്നിറങ്ങിയത്.
ഒരുപക്ഷേ അർജുനന്റെ അമ്മ, തന്നെ കോളേജിൽ വെച്ച് കണ്ടിരുന്നെങ്കിൽ ‘വിവാഹത്തിലെന്ത് സംവരണം’ എന്നു വരെ ചോദിച്ചേക്കാമെന്ന് അവൾ ഞെട്ടലോടെ ഓർത്തു.
ഒരു ചെറിയ ജ്വല്ലറിക്കട ജയലക്ഷ്മി കണ്ടെത്തിക്കഴിഞ്ഞിരുന്നു. ആദ്യമായാണവളൊരു ജ്വല്ലറിയിലേക്കു കയറുന്നത്. സ്വർണത്തിനോടൊരു തരത്തിലുള്ള ആകർഷണവും അവൾക്കിതുവരെ തോന്നിയിട്ടില്ല. കുടിയൻഭർത്താവിന്റെ അടിയേറ്റു കേൾവി പോയ ഒരു ചെവിക്കും കൂട്ടു ചെവിക്കും, അനേകവർഷങ്ങൾ ആശുപത്രിമാലിന്യം വാരിക്കളഞ്ഞ കൈകൾക്കും അണിയാൻ കമ്മലുകളും വളകളും അവൾ തിരഞ്ഞെടുത്തു. എല്ലാം അണിയിക്കുമ്പോൾ, ഇരുണ്ട ഇടനാഴികളിൽ തെളിയുന്ന വൈദ്യുത വെളിച്ചം പോലെ, ആ കണ്ണുകളിൽ തെളിയുന്ന വെളിച്ചത്തെക്കുറിച്ചോർത്തപ്പോൾ ജയലക്ഷ്മിയുടെ ഉളളത്തിൽ ഓളങ്ങളൊടുങ്ങിത്തുടങ്ങി.

atlijisha@gmail.com

2

2 thoughts on “കഥ- സംവരണവിവാഹം!”

Leave a Reply

Your email address will not be published. Required fields are marked *

eleven + 20 =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top