Montage

കഥ- സദാചാരം

കഥ- സദാചാരം

By Sheeba E K

ആകാശം ചുവന്നു തുടുത്തൊരു സായംകാലം, കടല്‍ക്കരയില്‍ വച്ചാണവരെ ജനം പിടികൂടിയത്.പെണ്ണിന്റെ മടിയില്‍ തലവച്ചു കിടക്കുകയായിരുന്നു പയ്യന്‍.അവളവന്റെ മുടിയില്‍ തലോടുകയും മുഖത്തേക്കുറ്റു നോക്കി എന്തോ മന്ത്രിക്കുകയും ചെയ്തിരുന്നു.ജനം ചോദ്യം ചെയ്തപ്പോളവള്‍ കയര്‍ത്തു.അപ്പോഴാണേ്രത ആദ്യത്തെ അടി വീണത്.കുറുവടികള്‍ തെരുതെരെപ്പതിച്ചപ്പോള്‍ നിശ്ചലമായ പയ്യന്റെ ശരീരം അസാമാന്യമായവിധത്തില്‍ വിളറിയിരുന്നു.പെണ്ണാവട്ടെ അതുകണ്ട് ഭ്രാന്തിയെപ്പോലെ കടല്‍പ്പാലത്തിലേക്കോടിക്കയറി.കാറ്റ് അവളുടെ മുടിയിഴകളെ  ആകാശത്തിലേക്കുയര്‍ത്തി. അവളപ്പോള്‍ ആര്‍ത്തിരമ്പി വന്നൊരു വെള്ളത്തിരമാലയുടെ പുറത്തേറി അറിയാത്തീരങ്ങളിലേക്ക് യാത്ര പോയി.മണല്‍പ്പരപ്പില്‍ അവള്‍ ബാക്കി വെച്ച തോള്‍സഞ്ചിയില്‍ ജനം കയ്യിട്ടു .പരസ്പരം പുണര്‍ന്നു നില്‍ക്കുന്ന ഫോട്ടോകളുള്ള  മൊബൈല്‍ ഫോണ്‍,ഗര്‍ഭനിരോധന സാമഗ്രികള്‍ എന്നിവയ്കു പകരം മെഡിക്കല്‍ കോളജിന്റെ ഓങ്കോളജി വിഭാഗത്തിലെ കുറേ മരുന്നുകുറിപ്പുകളും അഡ്മിറ്റിന്റെ കടലാസ്സുകളും അവരെ തുറിച്ചു നോക്കി. ഇനി ചെയ്യാനൊന്നുമില്ലെന്ന് അവരോടു പറഞ്ഞിരുന്നെന്ന് ഡോക്ടര്‍ പൊലീസിനോടു പറയുമ്പോള്‍ അവരാ നിശ്ചല ദേഹത്തെ തുറിച്ചു നോക്കി.”അവസാനിക്കും മുമ്പ് എന്നെ കടലുകാണിക്കാന്‍ കൊണ്ടു പോകാമോ ചേച്ചീ” എന്ന് സഹോദരിയോട് അവന്‍ ചോദിക്കുന്നത് കേട്ടുവെന്ന്  ചികിത്സിച്ച നഴ്‌സും പറഞ്ഞു. തിരമാലയിലേക്കവളൂര്‍ന്നു പോയ കടല്‍പ്പാലത്തെ നോക്കി ജനം കുറുവടികള്‍ മണലിലിട്ടുരച്ചു.ആരും അനങ്ങുന്നില്ലെന്നു കണ്ട്, പയ്യന്റെ മരവിച്ച ശരീരത്തില്‍ സന്ധ്യ കരിമ്പടം പുതപ്പിച്ചു.കടലിലേക്കു മുഖം തിരിച്ച് അവന്‍ ശാന്തമായി ഉറങ്ങുകയായിരുന്നു.കുറുവടിയടിയേറ്റു പിളര്‍ന്ന  നെറ്റിത്തടത്തില്‍ ഒരു കടല്‍ഞണ്ട് അന്ത്യചുംബനമര്‍പ്പിച്ചു.കടല്‍ അപ്പോള്‍ “സദാചാരം.സദാചാരം” എന്നു പിറുപിറുത്തു.

ഷീബ ഇ കെ
sheebaek@gmail.com

 

4

4 thoughts on “കഥ- സദാചാരം”

  1. സമകാലീന പ്രസക്തിയുള്ള ഒരു കഥ. അത് നല്ല ഭാവനയോടെ പ്രതിഫലിപ്പിച്ചു. ആശംസകൾ

  2. സമകാലികം. പക്ഷേ, എല്ലാ കാലത്തും ഇതൊക്കെ നടന്നിരുന്നു. ഇത്രയേറെ ശ്രദ്ധ കിട്ടിയത് ഇപ്പോഴാണെന്നു മാത്രം. ചുരുങ്ങിയ വാക്കുകള്‍ കൊണ്ട്, നല്ല ആവിഷ്ക്കാരം.

Leave a Reply

Your email address will not be published. Required fields are marked *

17 − three =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top