Montage

കഥ- AD 2050

കഥ- AD 2050

By വി. ഷിനിലാല്‍

ആകാശചാരിയായ ഒരു കൃത്രിമോപഗ്രഹം ഫ്ളാറ്റിനടിയില്‍ ജലസാന്നിധ്യം കണ്ടെത്തിയ ദിവസം മുതല്‍ ഞങ്ങളുടെ സ്വസ്ഥത തകര്‍ന്നു. ലോകത്തിന്‍റെ പല കോണുകളില്‍ നിന്നും ഗവേഷകരും ശാസ്ത്രജ്ഞരും വന്നു. ഘനയന്ത്രങ്ങള്‍ വന്നു.
താമസിയാതെ ഫ്ളാറ്റ് നിലം പൊത്തി.
യന്ത്രക്കൈകള്‍ ഭൂമിയുടെ വാര്‍ഷീക വലയങ്ങള്‍ ഒന്നൊന്നായി തകര്‍ത്ത് ജലം തേടിയാഴ്ന്നു. ആദ്യ പാളികളില്‍ തകര്‍ന്നകോണ്‍ക്രീറ്റായിരുന്നു. അതിനു താഴെ പ്ളാസ്റ്റിക്കിന്‍റെ വലിയ അട്ടികള്‍.
പിന്നെയും കുഴിച്ചു ചെന്നപ്പോള്‍ പണ്ടെങ്ങോ സംഭവിച്ച കലാപത്തിന്‍റെ തിരുശേഷിപ്പ് പോലെ കുറെ തലയോട്ടികളും അസ്ഥികൂടങ്ങളും. ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി നിന്നു.
അംബരചുംബിയായ ഒരു ഫ്ളാറ്റ് എന്തെല്ലാം മറക്കുന്നു.

ഒടുവില്‍ ശീതളിച്ച ഒരു പാടത്ത് ഘനയന്ത്രങ്ങള്‍ പൂഴ്ന്നു നിന്നു.

അവിടം ജീവനുള്ള ഒരു ഗ്രാമമായിരുന്നു. കണ്ണീര്‍ പോലെ തെളിവെള്ളമൊഴുകുന്ന ഒരു കൈത്തോടിന്‍റെ കരയിലിരുന്ന് ചൂണ്ടയിടുന്ന ഒരു വൃദ്ധന്‍. നിലത്ത് ചടഞ്ഞിരുന്ന് അമ്മിക്കല്ലില്‍ ചമ്മന്തിയരക്കുന്ന ഒരമ്മുമ്മ. കുലച്ചു നില്‍ക്കുന്ന കദളിവാഴ. ഒടിഞ്ഞു വീഴാനൊരുങ്ങുന്ന വാഴക്കൈയില്‍ ഒരു കാക്ക. പാണ്ടി കളിക്കുന്ന പെണ്‍കുട്ടി.

‘കൊക്കൊക്കൊക്കൊ…കോ..കോ…’ അതാ നോക്കൂ, ഉമ്മറത്തൊരു പൂവന്‍കോഴി.

shinilal@gmail.com

5

5 thoughts on “കഥ- AD 2050”

  1. തകർന്ന കോൺക്രീറ്റ്, പ്ലാസ്റ്റിക് അട്ടികൾ,കലാപത്തിന്റെ ശേഷിപ്പ്
    അവിടെ നിന്നുകൊണ്ട് കുലച്ച കദളിവാഴയും,പാണ്ടി കളിക്കുന്ന പെൺകുട്ടിയേയും എത്ര കുളിരുന്ന കാഴ്ചയല്ലേ.എല്ലാം ഞങ്ങൾ മൂടിവച്ചിരിക്കുകയായിരുന്നു.കണ്ടല്ലേ?

Leave a Reply

Your email address will not be published. Required fields are marked *

17 − four =

Supported by:

skgf
skgf

Editor's Picks

Archive

Select a month to view the archive.

Back to Top